19 September Sunday

കർഷകരെ സംരംഭകരാക്കും - കൃഷിമന്ത്രി പി പ്രസാദ്‌ ദേശാഭിമാനിയോട്‌ 
സംസാരിക്കുന്നു

തയ്യാറാക്കിയത്‌: സുമേഷ്‌ കെ ബാലൻUpdated: Tuesday Jul 27, 2021

നമുക്ക്‌ അന്നം തരുന്നവരാണ്‌ കർഷകർ. നമ്മുടെ വിശപ്പകറ്റാൻ മണ്ണിൽ വിയർപ്പു ചാലൊഴുക്കി പാടത്തും പറമ്പിലും ഉരുകിത്തീരുന്നവർ. കർഷകന് 
തണലൊരുക്കേണ്ടവർ കോർപറേറ്റുകൾക്ക്‌ കുടപിടിച്ച്‌ കർഷകർക്ക്‌ 
മരണക്കുരുക്ക്‌ തീർക്കുകയാണ്‌. കർഷകവിരുദ്ധ കരിനിയമങ്ങളുമായി 
കേന്ദ്രം മുന്നോട്ട്‌ പോകുമ്പോഴും പ്രാഥമിക കാർഷികവായ്‌പാ സഹകരണ 
സംഘങ്ങളെ ശക്തിപ്പെടുത്തി വിത്തുമുതൽ വിപണിവരെ എല്ലാ മേഖലയിലും 
ശക്തമായി ഇടപെടുകയാണ്‌ സംസ്ഥാന സർക്കാർ. അതേക്കുറിച്ച്‌ 
കർഷകൻകൂടിയായ കൃഷിമന്ത്രി പി പ്രസാദ്‌ ദേശാഭിമാനിയോട്‌ 
സംസാരിക്കുന്നു.

കൃഷി വകുപ്പിന്റെ പൊതുപരിപാടികളുടെ വേദികളിൽ പ്രദേശത്തെ മുതിർന്ന കർഷകനെ പങ്കെടുപ്പിക്കാൻ നിർദേശിച്ച്‌ ഉത്തരവിറക്കിയിരുന്നു. കർഷകർക്ക്‌ പൊതുസമൂഹത്തിൽ വേണ്ടത്ര ആദരം ലഭിക്കുന്നുണ്ടോ?
ഒരു മനുഷ്യൻ എല്ലാ ദിവസവും ആശ്രയിക്കേണ്ടി വരുന്ന ഒരു വിഭാഗമാണ്‌ കർഷകർ. ഡോക്‌ടർമാർ, എൻജിനിയർമാർ, അധ്യാപകർ ഇങ്ങനെ ഏത്‌ തൊഴിൽമേഖലയിലുള്ളവരെയും ജീവിതത്തിന്റെ ചില ഘട്ടങ്ങളിലേ നമുക്ക്‌ ആശ്രയിക്കേണ്ടി വരുന്നുള്ളൂ. എന്നാൽ, കർഷകനെ ആശ്രയിക്കാതെ ഒരു നിമിഷവും നമുക്ക്‌ മുന്നോട്ട്‌ പോകാനാകില്ല. പക്ഷേ, ഈ പരിഗണനയും അംഗീകാരവും കർഷകന്‌ പൊതുസമൂഹത്തിൽനിന്ന്‌ ലഭിക്കുന്നില്ല. ഇത്തരം ചിന്താഗതിക്ക്‌ മാറ്റം വരണം. അതിന്റെ ഭാഗമായിക്കൂടിയാണ്‌ കൃഷി വകുപ്പിന്റെ ഔദ്യോഗിക പരിപാടികളിൽ പ്രദേശത്തെ ഒരു മുതിർന്ന കർഷകന്‌ മുൻനിരയിൽ ഇടം നൽകണമെന്നുപറഞ്ഞ്‌ ഉത്തരവിറക്കിയത്‌. അന്നമൂട്ടുന്ന കർഷകർക്ക് അർഹിക്കുന്ന വരുമാനവും മാന്യതയും ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്‌. സംസ്ഥാനത്തെ കർഷകരുടെ വരുമാനത്തിൽ 50 ശതമാനം വർധന വരുത്തുമെന്ന്‌ ബജറ്റിൽ പ്രഖ്യാപിച്ചതും അതിന്റെ ഭാഗമായാണ്‌.

കാർഷികോൽപ്പാദനത്തിൽ വർധനയുണ്ടെങ്കിലും ഉൽപ്പന്നങ്ങൾക്ക്‌ വേണ്ടത്ര വിപണിയും വിലയും കിട്ടാത്തത്‌ പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്‌. എന്താണ്‌ പരിഹാരം?
കാർഷികോൽപ്പാദനം കൂടിയതോടെ സംഭരണത്തിലും വിപണനത്തിലും ചില പ്രതിസന്ധികൾ സൃഷ്‌ടിച്ചിട്ടുണ്ട്‌. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി പല ഉൽപ്പന്നങ്ങളുടെയും ഉൽപ്പാദനം കൂടി. കോവിഡ് പശ്ചാത്തലത്തിൽ പല ഉൽപ്പന്നങ്ങളും അയൽ സംസ്ഥാനങ്ങളിലേക്കും മറ്റും കയറ്റി അയക്കുന്നതിന് താൽക്കാലികമായി പ്രതിസന്ധി നേരിട്ടു. പൈനാപ്പിൾപോലുള്ളവ കയറ്റി അയക്കാൻ പ്രയാസം നേരിട്ടപ്പോൾ ഉൽപ്പന്നങ്ങൾ ഹോർട്ടികോർപ് വഴി സംഭരിച്ചു. ഉൽപ്പാദനം കൂടിയതോടെ വില കുറഞ്ഞ സാഹചര്യത്തിൽ മരച്ചീനി കർഷകരെ സഹായിക്കാനും ഇടപെടൽ നടത്തി. ഹോർട്ടികോർപ്‌ കർഷകരിൽനിന്ന്‌ സംഭരിച്ച കപ്പ വാട്ടുകപ്പയാക്കി വിപണിയിലെത്തിച്ചു.

കാർഷികോൽപ്പന്നങ്ങൾ അഴുകിപ്പോകാതെ ശാസ്‌ത്രീയമായി സംഭരിക്കാൻ സംവിധാനങ്ങൾ ഒരുക്കും. മൂല്യവർധിത ഉൽപ്പന്നങ്ങൾക്ക്‌ കൂടുതൽ പ്രോത്സാഹനം നൽകും. ഒരു കാർഷികവിള കൂടുതലായി കൃഷി ചെയ്യുന്ന പ്രദേശങ്ങളിൽത്തന്നെ മൂല്യവർധിത ഉൽപ്പന്ന നിർമാണത്തിനായി യൂണിറ്റുകൾ തുടങ്ങും. ഇതിന്‌ പ്രാഥമിക കാർഷിക വായ്‌പാ സഹകരണ സംഘങ്ങളുടെ സഹായം ലഭ്യമാക്കും. കാർഷികോൽപ്പന്നങ്ങളുടെ മൂല്യവർധനയ്‌ക്കും വിപണനത്തിനും സാങ്കേതിക, സാമ്പത്തിക സംവിധാനം ഒരുക്കാൻ ലക്ഷ്യമിട്ട്‌ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എഫ്‌പിഒ) ആരംഭിക്കും. നൂറ്‌ ദിവസത്തിനകം 150 എഫ്‌പിഒ രൂപീകരിക്കും. കർഷകനെ, സ്വന്തം ഉൽപ്പന്നങ്ങളുടെ വിപണിയും വിലയും നിശ്ചയിക്കുന്നതിന് പ്രാപ്തനാക്കി, ഒരു കാർഷിക സംരംഭകനാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളാണ്‌ പുരോഗമിക്കുന്നത്‌.

പഴം–-പച്ചക്കറികൾക്ക്‌ പ്രഖ്യാപിച്ച താങ്ങുവില സമയബന്ധിതമായി വിതരണം ചെയ്യുമോ? താങ്ങുവില കാലോചിതമായി പരിഷ്‌കരിക്കുമോ?
കാർഷികോൽപ്പന്നങ്ങളുടെ താങ്ങുവില സമയബന്ധിതമായി ലഭ്യമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്‌. പദ്ധതിക്കായി ഈ സാമ്പത്തികവർഷം പത്ത്‌ കോടി രൂപ വകയിരുത്തിയിട്ടുണ്ട്‌. കൃഷി വകുപ്പിന്റെ എയിംസ്‌ പോർട്ടലിൽ രജിസ്റ്റർ ചെയ്ത എല്ലാ അർഹരായ കർഷകർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ജില്ലകളിൽ അടിസ്ഥാനവില പ്രഖ്യാപിച്ച വിളയുടെ വില താഴുമ്പോൾ ജില്ലാ വില മേൽനോട്ടസമിതിയുടെ ശുപാർശപ്രകാരം കൃഷി ഡയറക്ടർ ജില്ലയിൽ അടിസ്ഥാനവില പ്രഖ്യാപിക്കും. കർഷകന്റെ അക്കൗണ്ടിലേക്ക് നേരിട്ടാണ്‌ പണം നൽകുക. നിലവിൽ നിശ്‌ചയിച്ച തുക കാലോചിതമായി പരിഷ്‌കരിക്കാനും നടപടിയുണ്ടാകും.

വിവിധ കാർഷികവിളകളുടെയും നടീൽവസ്തുക്കളുടെയും ഗുണനിലവാരം ഉറപ്പാക്കാൻ നടപടിയുണ്ടാകുമോ?
വിവിധ കാർഷികവിളകളുടെയും നടീൽവസ്തുക്കളുടെയും ഗുണനിലവാരം ഉറപ്പാക്കാൻ സംസ്ഥാനത്ത് നിയമം കൊണ്ടുവരുന്നത്‌ സർക്കാരിന്റെ പരിഗണനയിലാണ്‌. വിവിധ കേന്ദ്രങ്ങളിൽനിന്ന്‌ നടീൽ വസ്തുക്കൾ ശേഖരിക്കുന്ന കർഷകർക്ക് പലപ്പോഴും ഗുണനിലവാരമില്ലാത്തവ ലഭിക്കുന്നത് വിളവിനെ സാരമായി ബാധിക്കും. നേഴ്‌സറികളിൽനിന്ന്‌ വിൽക്കുന്ന തൈകൾ വാങ്ങി നട്ടുപിടിപ്പിക്കുന്നവർ പലപ്പോഴും കബളിപ്പിക്കപ്പെടുന്ന സാഹചര്യമുണ്ട്. മെച്ചപ്പെട്ട വിളവ് ലഭിക്കുന്ന ഇനമെന്നു പറയുന്ന തൈകൾ വളർന്നുകഴിയുമ്പോൾ വിളവ് നൽകാതിരിക്കുക, ഇനം മാറ്റി നൽകുക, സങ്കരയിനമെന്ന പേരിൽ നാടൻ ഇനങ്ങൾ നൽകുക തുടങ്ങിയ പരാതികളാണ് നിരന്തരമായി ഉണ്ടാകുന്നത്. ഇത്തരം പരാതികൾ ഒഴിവാക്കി നടപടികൾ നിയമപരമാക്കുന്നതിനായി നേഴ്‌സറി ആക്ട് കൊണ്ടുവരും.

കൃഷി ഭവനുകളുടെ സേവനം കൂടുതൽ ഫലപ്രദമാക്കാൻ ഇടപെടൽ ഉണ്ടാകുമോ?
കൃഷി ഭവനുകളെ സ്‌മാർട്ടാക്കാനും കർഷകർക്ക്‌ എപ്പോഴും ആശ്രയിക്കാവുന്ന കേന്ദ്രങ്ങളാക്കാനുമാണ്‌ ലക്ഷ്യമിടുന്നത്‌. കൃഷി ഓഫീസർമാരെ കൃഷി സ്ഥലങ്ങളിലെത്തിക്കും. കൃഷി ഓഫീസർമാർ കാർഷികവിളകളുടെ ഡോക്‌ടർമാരാണ്‌. കൃഷി സ്ഥലങ്ങളിൽ നേരിട്ടെത്തിയാലേ വിളകൾ പരിശോധിച്ച്‌ പ്രതിവിധി നിർദേശിക്കാനാകൂ. അതിനുള്ള സാഹചര്യമൊരുക്കും. കൃഷി ഭവനുകളിൽ എത്തുന്ന വിത്തും ചെടികളും വളവും സംബന്ധിച്ച വിവരങ്ങൾ കർഷകരെ യഥാസമയം അറിയിക്കാനും ഫലപ്രദമായ സംവിധാനമൊരുക്കും.

പ്രകൃതിക്ഷോഭംമൂലം വിളനാശം സംഭവിക്കുന്നത്‌ പതിവാണ്‌. ഇതിനെ അതിജീവിക്കാനും കർഷകരുടെ സാമ്പത്തിക അടിത്തറ നിലനിർത്താനും എന്താണ്‌ മാർഗം?
എത്ര കുറഞ്ഞ അളവിലാണെങ്കിലും കൃഷി ചെയ്യുന്ന വിളകൾ ഇൻഷുർ ചെയ്യാൻ കർഷകർ തയ്യാറാകണം. തുച്ഛമായ തുകയ്ക്ക് 27 തരം കാർഷികവിള ഇൻഷുർ ചെയ്യാൻ സൗകര്യമുണ്ട്‌. സംസ്ഥാന വിള ഇൻഷുറൻസ്‌ പദ്ധതി, കേന്ദ്രവുമായി ചേർന്ന്‌ ഫസൽ ബീമാ യോജന, കാലാവസ്ഥാധിഷ്‌ഠിത വിള ഇൻഷുറൻസ്‌ പദ്ധതി എന്നിങ്ങനെ മൂന്ന്‌ തരത്തിലുള്ള ഇൻഷുറൻസ്‌ സ്‌കീം നിലവിലുണ്ട്‌. www.aims.kerala.gov.in എന്ന വെബ്‌സൈറ്റ്‌ വഴി ഓൺലൈനായി ഇൻഷുറൻസ്‌ പദ്ധതിയിൽ അംഗമാകാൻ അപേക്ഷിക്കാം.

ഭരണഘടനപ്രകാരം കൃഷിയും അനുബന്ധ മേഖലകളും സംസ്ഥാനത്തിന്റെ അധികാരപരിധിയിൽ വരുന്നതാണ്‌. കാർഷിക മേഖലയിൽ കേന്ദ്ര സർക്കാർ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്ന നിയമങ്ങൾ സംസ്ഥാനത്തെ എങ്ങനെയാണ്‌ ബാധിക്കുന്നത്‌?
കർഷകരെ കോർപറേറ്റുകളുടെ അടിമകളാക്കുന്നതാണ്‌ കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ. കാർഷികമേഖലയിൽ കണ്ണുവച്ചിറങ്ങിയ കുത്തകകൾക്കുവേണ്ടിയാണ്‌ എതിർപ്പുകളെ അവഗണിച്ചുള്ള ഈ നിയമനിർമാണം. കർഷകരും തൊഴിലാളികളും മാത്രമല്ല, രാജ്യത്തെ എല്ലാ പൗരൻമാരും കർഷകവിരുദ്ധ നിയമങ്ങൾക്കെതിരെ പ്രതിഷേധമുയർത്തണം. കേന്ദ്രം കർഷകവിരുദ്ധ നിയമങ്ങളുമായി മുന്നോട്ട്‌ പോകുകയാണെങ്കിലും ബദൽനയങ്ങൾ ഉയർത്തിപ്പിടിക്കാനാണ്‌ കേരളം ശ്രമിക്കുന്നത്‌. പ്രാഥമിക കാർഷിക വായ്‌പാ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തി വിത്തുമുതൽ വിപണിവരെ എല്ലാ മേഖലയിലും സർക്കാർ ശക്തമായി ഇടപെടും.

കർഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി സംസ്ഥാനത്ത്‌ കേരള കർഷക ക്ഷേമനിധി ബോർഡിന്‌ രൂപം നൽകിയത്‌ കർഷകരോടുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയാണ്‌ വെളിവാക്കുന്നത്‌. രാജ്യത്ത്‌ ആദ്യമായാണ്‌ ഒരു സംസ്ഥാനം കർഷകർക്കായി ക്ഷേമനിധി ബോർഡ്‌ രൂപീകരിക്കുന്നത്‌. നെൽവയൽ ഉടമകൾക്ക്‌ ആദ്യമായി റോയൽറ്റി ഏർപ്പെടുത്തിയ സംസ്ഥാനവും കേരളമാണ്‌. 16 ഇനം പച്ചക്കറിക്ക്‌ തറവില ഏർപ്പെടുത്തിയും കേരളം മാതൃകയായി. പ്രളയവും പ്രകൃതിദുരന്തങ്ങളുമെല്ലാം ഉണ്ടായിട്ടും പച്ചക്കറി ഉൽപ്പാദനത്തിലും നെൽക്കൃഷിയിലുമെല്ലാം മുന്നേറാനും സംസ്ഥാനത്തിനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top