28 February Sunday

തുടർഭരണത്തിനുള്ള അംഗീകാരമാകും ‌ജനവിധി

വെബ് ഡെസ്‌ക്‌Updated: Saturday Dec 5, 2020


നാലരവർഷംകൊണ്ട്‌ സംസ്ഥാന സർക്കാരിന്‌ വലിയ അംഗീകാരവും സ്വാധീനവും ജനങ്ങളിലുണ്ടാക്കാനായി‌. പിണറായി സർക്കാരിന്റെ വികസനപദ്ധതിയുടെ ഗുണഭോക്താവല്ലാത്ത ഒരു ജനവിഭാഗവും ഈ നാട്ടിലില്ല. അതിനാൽ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ വലിയ മുന്നേറ്റം കൈവരിക്കും. തുടർഭരണത്തിനുള്ള ജനമനസ്സിന്റെ ആഗ്രഹപ്രകടനമാകും പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ ഫലം–-എൽജെഡി സംസ്ഥാനപ്രസിഡന്റ്‌  എം വി ശ്രേയാംസ്‌കുമാർ എംപിക്ക്‌ തികഞ്ഞ ആത്മവിശ്വാസം. ദുർബലമായ പ്രതിപക്ഷ മുന്നണിമുതൽ വികസനം ജനജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾവരെ വിശകലനം ചെയ്‌താണ്‌ ശ്രേയാംസ്‌കുമാർ തന്റെ വാദങ്ങൾ അവതരിപ്പിക്കുന്നത്‌. അഭിമുഖത്തിൽനിന്ന്‌:

വിവാദങ്ങളും തെറ്റായ ആരോപണങ്ങളുമുയർത്തുന്ന പ്രതിപക്ഷത്തിന്‌ കടുത്ത നിരാശയും തിരിച്ചടിയുമേകുന്ന വിധിയെഴുത്താണ്‌ വരാൻ പോകുന്നത്‌. ഇക്കാര്യം പ്രതിപക്ഷമേ തിരിച്ചറിയാതുള്ളൂ. അവർ പുകമറ സൃഷ്‌ടിക്കുകയാണ്‌. ജനങ്ങളിൽ അതൊന്നും ഒരു ചലനവും സൃഷ്‌ടിക്കുന്നില്ല. കേരളം കണ്ട മികച്ച സർക്കാരുകളിൽ മുൻനിരയിലാണ്‌ പിണറായി വിജയൻ സർക്കാർ. സാമൂഹ്യക്ഷേമപെൻഷൻ, ദുർബല വിഭാഗങ്ങൾക്കുള്ള പരിഗണന, വികസനപദ്ധതികളുടെ കാര്യക്ഷമമായ നടപ്പാക്കൽ ഇവയിലെല്ലാം ഒരു പടി മുന്നിലാണീ സർക്കാർ. സർവമേഖലയിലുമുള്ള ജനവിഭാഗത്തിന്റെ പെൻഷൻ വർധിപ്പിച്ച്‌ ‌ കൃത്യമായി വീടുകളിൽ ലഭ്യമാക്കുന്നു.

കർഷകർക്ക്‌ റോയൽറ്റി നടപ്പാക്കി. ഒപ്പം 15 ഇനം പച്ചക്കറിക്ക്‌ അടിസ്ഥാനവില ഉറപ്പാക്കി. രാജ്യത്താദ്യമായാണിത്‌. നമ്മുടെ ഗ്രാമങ്ങളിലെ സ്‌കൂളുകൾ പറയും ഈ സർക്കാർ എന്തു ചെയ്‌തുവെന്ന്‌. നിപായും പ്രളയവും കോവിഡുമായി പ്രതിസന്ധികളിലൂടെയാണീ സർക്കാർ മുന്നോട്ടുപോയത്‌. എന്നാൽ, കിഫ്‌ബി വഴി സഹായമേകി അടിസ്ഥാനസൗകര്യവികസനത്തിൽ വലിയ മാറ്റമുണ്ടാക്കി. ‌ഇപ്പോൾ അതിനെതിരായും കല്ലെറിയുകയാണ്‌ പ്രതിപക്ഷം. യുഡിഎഫ്‌ ചരിത്രത്തിലില്ലാത്ത വിധം ക്ഷീണിച്ചു‌. ആദ്യം ഞങ്ങൾ (എൽജെഡി) പടിയിറങ്ങി. ഇപ്പോളിതാ കേരള കോൺഗ്രസ്‌(മാണി)വിഭാഗവും. രാഷ്‌ട്രീയമായ ഈ ക്ഷീണം ജനങ്ങൾ മറക്കാനാണ്‌ നിരന്തരമായ വിവാദവും ആരോപണങ്ങളും. യുഡിഎഫിന്‌ ബിജെപിയാണോ ബിജെപിക്ക്‌ തിരിച്ചാണോ കൂട്ട്‌ എന്ന്‌ പറയാനാകാത്തവിധം യോജിച്ചാണിതിലെ നീക്കങ്ങൾ.

ആരോപണങ്ങളുടെ പുകമറയല്ലാതെ ഏതെങ്കിലും മന്ത്രിക്കെതിരെ അഴിമതി തെളിയിക്കാനായോ? ഈ രാഷ്‌ട്രീയശൈലി പ്രതിപക്ഷത്തിനെ രക്ഷിക്കില്ല. ജനം ഇതെല്ലാം ശരിയായി നോക്കിക്കാണുമെന്നതിലും സംശയമില്ല. നമ്മുടെ മാധ്യമങ്ങളിൽ ഏറിയ പങ്കും ഈ തെറ്റായ പ്രചാരണങ്ങൾക്കൊപ്പമാണ്‌. പോസിറ്റീവായ വിഷയങ്ങളല്ല നെഗറ്റീവിസത്തിലാണവയ്‌ക്ക്‌ താൽപ്പര്യം. ഇത്‌ മാറേണ്ട മാധ്യമശൈലിയാണ്‌.കേന്ദ്ര ഏജൻസികളെ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നത്‌ പല സംസ്ഥാനങ്ങളിലും നാം കണ്ടതാണ്‌. അതിന്റെ ഏറ്റവും വലിയ ഇരയുമാണ്‌ കോൺഗ്രസ്‌. എന്നിട്ടും കേരളത്തിൽ കോൺഗ്രസ്‌ ഇരട്ടത്താപ്പ്‌ കാട്ടുന്നു. താൽക്കാലിക നേട്ടത്തിനായി സ്വീകരിക്കുന്ന ഈ നയം അവർക്ക്‌ തിരിച്ചടിയാകും.

തയ്യാറാക്കിയത്‌: പി വി ജീജോ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top