16 July Thursday

പ്രതിസന്ധികൾ മറികടക്കും - അഭിമുഖം കെ രാജു / ജെയ്‌സൺ ഫ്രാൻസിസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020


ക്ഷീര, മൃഗസംരക്ഷണ മേഖലയിൽ വളർച്ചയുടെ നാല്‌ വർഷമാണ് കേരളം പിന്നിട്ടത്‌. വനം, വന്യ ജീവി സംരക്ഷണത്തിലും അതുല്യമായ നേട്ടം കൈവരിക്കാൻ എൽഡിഎഫ്‌ സർക്കാരിനായി. എന്നാൽ,കോവിഡ്‌ ക്ഷീര, മൃഗസംരക്ഷണ, വന മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌. ഇതിനെ മറികടക്കാനുള്ള പദ്ധതികൾക്ക്‌ മിന്നൽ വേഗത്തിലാണ്‌ രൂപം നൽകിയത്‌. ഇവ ഉടൻ നടപ്പാക്കും. പാൽ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്‌തത അടക്കമുള്ള നേട്ടങ്ങൾ കൈവരിക്കാൻ കഴിയുംവിധത്തിലാകും വരുംനാളുകളിലെ മുന്നേറ്റമെന്ന്‌ വനം, ക്ഷീരവികസന, മൃഗസംരക്ഷണ മന്ത്രി കെ രാജു ‘ദേശാഭിമാനി’ക്ക്‌ അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു

‘കോവിഡ്‌’ ആഘാതം
വരുമാനത്തിലും ജീവിതോപാധിക്കും കോവിഡ്‌ കനത്ത ആഘാതമേൽപ്പിച്ചു. തടി ഡിപ്പോകളുടെ പ്രവർത്തനം നിലച്ചു. എക്കോ ടൂറിസം സെന്ററുകൾ അടച്ചു. കോവിഡിനുമുമ്പേ വില്ലനായി പക്ഷിപ്പനി എത്തിയിരുന്നു. മൃഗസംരക്ഷണ വകുപ്പിന്റേതടക്കമുള്ള കോഴി ഫാമുകൾ നഷ്ടത്തിലായി. കന്നുകാലി, എരുമ ഇറച്ചി ഉൽപ്പാദനം 15000 ടണ്ണിലധികം കുറഞ്ഞു. ക്ഷീരമേഖലയും പ്രയാസം നേരിട്ടു.

പ്രതിസന്ധിയുടെ നാളുകളിൽ പരമാവധി ആശ്വാസം പകരാൻ സർക്കാരിനായി. സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് ആശ്വാസധന സഹായം നൽകി. ക്ഷേമനിധി അംഗങ്ങളായവരിൽ മാർച്ച് ഒന്നുമുതൽ 20 വരെ സംഘങ്ങളിൽ പാൽ അളന്നവർക്ക്‌ കുറഞ്ഞത് 250 രൂപയും പരമാവധി 1000 രൂപയും നൽകി. ക്ഷേമനിധി അംഗമായ ക്ഷീരകർഷകൻ കോവിഡ് ബാധിതനായാൽ 10000 രൂപയും നിരീക്ഷണത്തിലാണെങ്കിൽ 2000 രൂപയും നൽകാൻ നടപടി സ്വീകരിച്ചു.

ക്ഷീരവകുപ്പിനുകീഴിൽ ഒന്നുമുതൽ 50 പശുക്കൾവരെയുള്ള യൂണിറ്റ്‌ ആരംഭിക്കാനുള്ള പദ്ധതികൾ തയ്യാറാക്കി. രണ്ട്‌ പശുക്കളുള്ള 3000 യൂണിറ്റും ഒരു പശുവുള്ള 5000 യൂണിറ്റും ആദ്യഘട്ടത്തിൽ ആരംഭിക്കും.  മൃഗസംരക്ഷണ വകുപ്പിനുകീഴിൽ 10000 ക്രോസ് ബ്രീഡ് പശു യൂണിറ്റ്‌ തുടങ്ങും. 5000 ശുചിത്വമുള്ള കന്നുകാലി ഷെഡും നിർമിക്കും. മടങ്ങിയെത്തിയ പ്രവാസികളെക്കൂടി ലക്ഷ്യമിട്ട്‌ മിനി ഡെയ്‌റി ഫാം ആരംഭിക്കും. 1000 ആടുവളർത്തൽ ഫാം ആരംഭിക്കും. പാൽപ്പൊടി ഫാക്ടറി ആരംഭിക്കും. മിച്ചംവരുന്ന പാൽ കർണാടകത്തിലും തമിഴ്‌നാട്ടിലും കൊണ്ടുപോയി പാൽപ്പൊടിയാക്കുകയാണ്‌ നിലവിൽ ചെയ്യുന്നത്‌. ഓണാട്ടുകര മോഡൽ പോത്തുകുട്ടി വളർത്തൽ പദ്ധതി മറ്റ്‌ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും. പന്നിവളർത്താനുള്ള സഹായവും നൽകും.

 


 

സ്വയംപര്യാപ്‌തതയിലേക്ക്‌
പാൽ ഉൽപ്പാദനത്തിൽ സംസ്ഥാനം ഉടൻ സ്വയംപര്യാപ്‌തത കൈവരിക്കും. സംസ്ഥാനത്തിനാവശ്യമായ 90 ശതമാനത്തിലധികം പാൽ ഉൽപ്പാദിപ്പിക്കുന്നുണ്ട്‌. സമീപഭാവിൽ നൂറുശതമാനമെന്ന ലക്ഷ്യം നേടും. പുതിയ മൊബൈൽ ടെലിവെറ്ററിനറി യൂണിറ്റുകൾ ആരംഭിക്കും. അടിയന്തരഘട്ടങ്ങളിൽ വീടുകളിലെത്തി മൃഗങ്ങൾക്ക്‌ വിദഗ്‌ധ ചികിത്സ നൽകുന്ന സംവിധാനമാണിത്‌. പാൽവില കൂട്ടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല.

കാടിന്‌ കാവലാളായി
പ്രകൃതി ദുരന്തങ്ങൾകൂടി കണക്കിലെടുത്ത്‌ വനസംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കും. മനുഷ്യ–-വന്യജീവി സംഘർഷങ്ങൾ കുറയ്‌ക്കാനും കാടിന്റെ സ്വാഭാവിക ആവാസവ്യവസ്ഥ നിലനിർത്താനും പ്രത്യേക നടപടികൾ ആരംഭിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top