14 July Tuesday

ഒപ്പം ചേർന്ന്‌ മുന്നോട്ട്‌ - അഭിമുഖം : എ സി മൊയ്‌തീൻ / റഷീദ്‌ ആനപ്പുറം

വെബ് ഡെസ്‌ക്‌Updated: Saturday May 16, 2020

പ്രളയമായാലും മഹാമാരിയായാലും ജനങ്ങൾക്ക്‌ ആത്മവിശ്വാസവും സംരക്ഷണവും നൽകുന്നതിൽ എക്കാലവും തദ്ദേശസ്ഥാപനങ്ങൾ മുന്നിലാണ്‌. 2018ലെ മഹാപ്രളയത്തിലും 2019ലെ പേമാരിയിലും ഉരുൾപൊട്ടലിലും നമ്മളിത്‌ അനുഭവിച്ചറിഞ്ഞതാണ്‌. ജനങ്ങളുടെ സുരക്ഷക്കും ക്ഷേമത്തിനുമായി മുന്നണിപോരാളിയായി തദ്ദേശഭരണ സ്ഥാപനങ്ങൾ. പ്രകൃതി ദുരന്തം സൃഷ്‌ടിച്ച ഈ പ്രതിസന്ധിയിൽനിന്ന്‌ നാട്‌ കരകയറി വരുന്നതിനിടെയാണ്‌ മഹാരോഗം കോവിഡ്‌‐19 ഭീതി വിതച്ചത്‌.

ഓഖിയും നിപയും പ്രളയവും അതിജീവിച്ച കേരളം കോവിഡ്‌ മഹാമാരിയേയും അതിജീവിച്ച്‌ ലോകത്തിന്‌ മാതൃകയാകുകയാണ്‌. ഇതിൽ ആരോഗ്യ വകുപ്പിനൊപ്പം തദ്ദേശഭരണ സ്ഥാപനങ്ങൾക്കും അഭിമാനിക്കാനേറെയുണ്ട്‌. രോഗപ്രതിരോധ പ്രവർത്തനത്തിൽ ആരോഗ്യ പ്രവർത്തകർക്കൊപ്പം കൈകോർത്ത തദ്ദേശസ്ഥാപനങ്ങൾ ഒരാൾപോലും വിശന്നിരിക്കതെയുള്ള കരുതൽകാട്ടി.സർക്കാരിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധതയും രാഷ്‌ട്രീയ ഇച്ഛാശക്തിയുമാണ്‌ ഇതിനുകാരണം. കോവിഡ്‌ തകർത്ത നാടിന്റെ പുനരുജ്ജീവനത്തെക്കുറിച്ച്‌ തദ്ദേശഭരണമന്ത്രി എ സി മൊയ്‌തീൻ ദേശാഭിമാനിക്ക്‌ അനുവദിച്ച അഭിമുഖത്തിൽ വ്യക്‌തമാക്കുന്നു.

എല്ലാം തകർത്ത്‌ മഹാമാരി
2020–-2021 സാമ്പത്തികവർഷത്തെ പദ്ധതി പ്രവർത്തനത്തിനും തെരഞ്ഞെടുപ്പിനുമുള്ള ഒരുക്കത്തിനിടെയാണ്‌ കോവിഡ്‌ മഹാമാരിയെത്തിയത്‌.  1200 തദ്ദേശസ്ഥാപനങ്ങളിൽ 1197 എണ്ണവും വാർഷികപദ്ധതി ഡിസംബറിൽത്തന്നെ ജില്ലാ ആസൂത്രണസമിതിക്ക്‌ സമർപ്പിച്ചിരുന്നു. പ്രളയം അതിജീവിക്കാനായി ‘പ്രാദേശിക ദുരന്തനിവാരണ പദ്ധതികൾ’ ക്ക്‌ മുൻഗണന നൽകിയുള്ള പ്രോജക്ടുകളും സമർപ്പിച്ചവയിലുണ്ടായിരുന്നു. എന്നാൽ, കോവിഡും ലോക്ക്‌ഡൗണും എത്തിയതോടെ പദ്ധതിക്ക്‌ അംഗീകാരം നൽകുന്നതിലും ഗുണഭോക്താക്കളുടെ തെരഞ്ഞെടുക്കലിൽ അടക്കം തടസ്സം നേരിട്ടു. ഇത്‌ മറികടന്ന്‌ പദ്ധതി പ്രവർത്തനം സമയബന്ധിതമാക്കാൻ ആവശ്യമായ നടപടി വകുപ്പ്‌ സ്വീകരിച്ചു. അടിയന്തര സ്വഭാവമുള്ളതും കോവിഡ്‌ പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ടതുമായ പദ്ധതികൾക്ക്‌ പ്രത്യേക അനുമതി നൽകി. ഗുണഭോക്‌താക്കളെ തെരഞ്ഞെടുക്കാൻ ഗ്രാമസഭ എന്നിവയിൽ പദ്ധതി സമർപ്പിക്കുന്നതിന്‌ പകരം സ്‌റ്റിയറിഗ്‌ കമ്മിറ്റിയിൽ സമർപ്പിക്കാൻ അനുമതി നൽകി. തനത്‌ ഫണ്ട്‌, വികസന ഫണ്ട്‌, നോൺറോഡ്‌ മെയിന്റനൻസ്‌ ഫണ്ട്‌ എന്നിവ വിനിയോഗിക്കാൻ അനുമതി നൽകി.


 

തദ്ദേശഭരണ സ്ഥാപനങ്ങൾക്ക്‌ തെരഞ്ഞെടുപ്പുകാലംകൂടിയാണിത്‌. അടുത്ത നവംബറിൽ പുതിയ ഭരണസമിതി ചുമതലയേൽക്കണം. അതിനുമുമ്പ്‌ തെരഞ്ഞെടുപ്പ്‌ നടപടികൾ പൂർത്തിയാക്കണം. 2011ലെ സെൻസസ്‌ പ്രകാരം വാർഡ്‌/ഡിവിഷനുകളുടെ അതിർത്തി പുനർനിർണയിച്ച്‌ ചട്ടപ്രകാരം തെരഞ്ഞെടുപ്പ്‌ നടത്താനായിരുന്നു തീരുമാനം. ഇതിനായി വാർഡുകളുടെ എണ്ണം വർധിപ്പിച്ച്‌ പഞ്ചായത്തീരാജ്‌, മുനിസിപ്പാലിറ്റി നിയമത്തിൽ ഭേദഗതി കൊണ്ടുവന്നു. തുടർന്ന്, വാർഡുകളുടെ എണ്ണം നിശ്‌ചയിച്ച്‌ ഡീലിമിറ്റേഷൻ കമീഷന്‌ കൈമാറി. അതിനിടെ തെരഞ്ഞെടുപ്പ്‌ കമീഷൻ വോട്ടർപട്ടിക അന്തിമമാക്കൽ നടപടിയുമായി മുന്നോട്ടുപോയി. കോവിഡ്‌ രോഗബാധ റിപ്പോർട്ട്‌ ചെയ്‌തതോടെ ഹിയറിങ്ങിന്‌ ഓൺലെൻ സംവിധാനമടക്കം കൊണ്ടുവന്നെങ്കിലും ലോക്ക്‌ഡൗൺ എല്ലാം തകർത്തു.

തുടക്കംമുതൽ ഒരുക്കം
കോവിഡ്‌ പ്രതിരോധത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ തദ്ദേശഭരണവകുപ്പ്‌ ഭരണപരമായ നടപടികൾ പൂർത്തീകരിക്കാൻ ഉത്തരവ്‌ നൽകി. വിശദമായ മാർഗരേഖയുണ്ടാക്കി. വകുപ്പ്‌ മേധാവികളുടെ യോഗവും ജില്ലാ ഉദ്യോഗസ്ഥർ, അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ വീഡിയോ കോൺഫറൻസ്‌, ദൈനംദിന വിവരശേഖരണവും അവലോകനവും ഇടപെടലും നടത്തി. ഐസൊലേഷനുള്ള വീടുകൾ കണ്ടെത്തി. ആവശ്യമുള്ളവർക്ക്‌ കൗൺസലിങ്ങും ഭക്ഷണവും പ്രാഥമിക സൗകര്യവും ഒരുക്കി. 1300 സമൂഹ അടുക്കളവഴി 86.59 ലക്ഷം പേർക്ക്‌ ഭക്ഷണം നൽകി. തെരുവിൽ അലഞ്ഞുതിരിഞ്ഞവരെ പുനരധിവസിപ്പിച്ചു. അവർക്ക്‌ ഭക്ഷണവും ആരോഗ്യപരിരക്ഷയും ഉറപ്പാക്കി. എടുത്തു പറയേണ്ട മറ്റൊരു കാര്യം ആരോഗ്യ വകുപ്പിന്‌ പുറമെ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിൽ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിച്ച 463 ഡോക്ടർമാരാണ്‌. 342 ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരെയും നിയമിച്ചു. 1034 തദ്ദേശ സ്ഥാപനങ്ങളിലായി 3,24,583 സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചു. കോവിഡ്‌ പ്രവർത്തനങ്ങൾക്ക്‌ വികസന ഫണ്ട്‌, മെയിന്റൻസ്‌ ഗ്രാന്റ്‌ എന്നിവ ഉപയോഗിക്കാൻ അനുമതി നൽകി. എല്ലാ അടിയന്തിര പ്രവർത്തനങ്ങൾക്കും അനുമതി നൽകി. വിവിധ നികുതികളും ഫീസുകളും അടയ്‌ക്കുന്നതിനുള്ള കാലയളവും നീട്ടി നൽകി.


 


ഒപ്പം കുടുംബശ്രീയും‐വായ്‌പാ ഹസ്‌തം
കോവിഡ്‌ പ്രതിരോധത്തിൽ കുടുംബശ്രീ വഹിച്ച പങ്ക്‌ വലുതാണ്‌. സാമ്പത്തിക പ്രയാസം നേരിടുന്നതിന്‌ മുഖ്യമന്ത്രി പ്രഖ്യാപിച്ച 2000 കോടിരൂപയുടെ പലിശരഹിത വായ്‌പ ലഭ്യമാക്കുന്നത്‌ കുടുംബശ്രീ വഴിയാണ്‌. 20 രൂപയ്‌ക്ക്‌ ഭക്ഷണം നൽകാൻ 367 ജനകീയ ഹോട്ടൽ ആരംഭിച്ചു. 28.5 ലക്ഷം മാസ്‌കും 4783 ലിറ്റർ സാനിറ്റൈസറും ഉൽപ്പാദിപ്പിച്ചു. 19.65 ലക്ഷം ഫെയ്‌സ്‌ ഷേഡും തുണി സഞ്ചിയും നിർമിച്ചു. കുടുംബശ്രീയുടെ 2200 റിസോഴ്‌സ്‌ പേഴ്‌സൺസും രംഗത്തുണ്ട്‌.

മഴക്കാലപൂർവ ശുചീകരണം
കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം മഴക്കാലപൂർവ ശുചീകരണവും ഏറ്റെടുക്കുകയാണ്‌. ഹരിതകർമസേന, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി തുടങ്ങിയവയുടെ നേതൃത്വത്തിലാകുമിത്‌. കൊതുക്‌ പടരാതിരിക്കാനുള്ള പ്രവർത്തനവും നടക്കുന്നു. അതികഠിന മഴ മുന്നിൽക്കണ്ടുള്ള പ്രവർത്തനമാണ്‌ നടക്കുന്നത്‌.

സ്വയംപര്യാപ്‌തതയിലേക്ക്‌
കോവിഡാനന്തരകാലത്ത്‌ ലോകത്തെ ഗ്രസിക്കാൻപോകുന്നത്‌ കടുത്ത ഭക്ഷ്യക്ഷാമമാകുമെന്ന്‌ വിദഗ്‌ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. അരി ഉൾപ്പെടെ ഭക്ഷ്യധാന്യങ്ങൾക്ക്‌ ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സംസ്ഥാനമാണ്‌ കേരളം. അതിനാൽ ഇനിയുള്ള നാളിൽ നമ്മൾ കരുതലോടെ നീങ്ങണം. ഭക്ഷ്യക്ഷാമം പട്ടിണി മരണത്തിലേക്കടക്കം നയിച്ചേക്കും. അതിനാൽ കേരളത്തെ ഭക്ഷ്യസ്വയംപര്യാപ്‌ത സംസ്ഥാനമാക്കി മാറ്റാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ രൂപം നൽകിയ പദ്ധതിയാണ്‌ ‘സുഭിക്ഷ’. തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലാണ്‌ പദ്ധതി ഏകോപിപ്പിക്കുക. ഇതിനായി പദ്ധതികളിൽ പുനഃക്രമീകരണം ആവശ്യമെങ്കിൽ നടത്താം. നിലവിൽ പ്ലാൻ ഫണ്ടിൽ 1500 കോടി ഉൽപ്പാദനമേഖലയ്‌ക്ക്‌ നീക്കിവച്ചിട്ടുണ്ട്‌.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top