03 June Wednesday

കോൺഗ്രസിന്റെ കീഴടങ്ങൽ യുഡിഎഫിനെ രക്ഷിക്കില്ല

എ വിജയരാഘവൻUpdated: Tuesday Jun 12, 2018


രാജ്യസഭാ സീറ്റിലേക്കുള്ള  സ്ഥാനാർഥികളുടെ നോമിനേഷൻ പൂർത്തീകരിച്ചെങ്കിലും  അതുയർത്തിയ രാഷ്ട്രീയ പ്രതിഫലനം തുടർന്നും നിലനിൽക്കും. കേരളത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കാതെ ഡൽഹിയിൽ വച്ച്  കോൺഗ്രസ‌്, സ്വന്തം രാജ്യസഭാ സീറ്റ‌്, മുന്നണിയിൽ ഇല്ലാത്ത കെ എം മാണിക്ക് നൽകി. മാണിയുടെ തിരിച്ചുവരവ് നാടകം തിരുവനന്തപുരത്ത് രമേശ് ചെന്നിത്തലയുടെ വസതിയിൽ പൂർത്തീകരിച്ചു. പിരിഞ്ഞുപോയ ഘടക കക്ഷി സാഹ്ലാദം തിരിച്ചുവരുന്ന തരത്തിലല്ല, മറിച്ച് കോൺഗ്രസിനകത്ത്  വൻ പൊട്ടിത്തെറിയുണ്ടാക്കിയ  ഒന്നായി അത് മാറി. വി എം സുധീരൻ, കെ മുരളീധരൻ,  പി ജെ കുര്യൻ, കെ വി തോമസ് തുടങ്ങിയ നീണ്ടനിര കോൺഗ്രസ‌് നേതാക്കൾ, കേരള രാഷ്ട്രീയത്തിൽ ശബ്ദമലിനീകരണം നടത്തുന്ന  യുവ എംഎൽഎമാർ, യൂത്ത് കോൺഗ്രസ‌്, കെഎസ്യു സംഘടനാ നേതാക്കൾ എന്നിവരുടെ പ്രതിഷേധം വാതിലിന് പുറത്തേക്ക് വ്യാപിച്ചു. മലപ്പുറം ഡിസിസി ഓഫീസിന് മുകളിൽ ലീഗ് പതാക കെട്ടി. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, എം എം ഹസ്സൻ  ത്രയങ്ങളുടെ കോലംകത്തിക്കൽ, ശവപ്പെട്ടി സ്ഥാപിക്കൽ തുടങ്ങിയ പരസ്യപ്രകടനങ്ങൾ നടന്നു. യുഡിഎഫ് ഉന്നതാധികാര സമിതി യോഗത്തിൽനിന്നുള്ള വി എം സുധീരന്റെ ഇറങ്ങിപ്പോക്കും വാർത്തയായി.

വാർത്തയിൽ സ്ഥാനംപിടിക്കാനും ഗ്രൂപ്പ് വിരോധത്തിലെ പക തീർക്കാനുമായി തുടങ്ങിയതാണെങ്കിലും  ഈ വിഴുപ്പലക്കൽ, ചില യാഥാർഥ്യങ്ങൾ  പൊതുസമൂഹത്തിലിറക്കി വിട്ടു. ഒന്നാമതായി പ്രധാനപ്പെട്ട രാഷ്ട്രീയ തീരുമാനങ്ങൾ കോൺഗ്രസിൽ ഒന്നോ രണ്ടോ വ്യക്തികൾ മാത്രമാണെടുക്കുന്നത് എന്ന് സമൂഹം തിരിച്ചറിഞ്ഞു. ഉമ്മൻചാണ്ടി, ചെന്നിത്തല, ഇപ്പോൾ കെപിസിസി പ്രസിഡന്റ് ആയതുകൊണ്ടുമാത്രം ഹസ്സൻ എന്നിവരൊഴികെ ബാക്കി കോൺഗ്രസ‌് നേതാക്കൾ, സിനിമാ ഭാഷയിൽ പറഞ്ഞാൽ നായക നടൻ ഡാൻസ് ചെയ്യുമ്പോൾ പിന്നിൽ ചുവടുവയ്ക്കുന്ന മുഖമില്ലാത്ത എക്സ്ട്രാ നടന്മാർ മാത്രമാണ്. രണ്ടാമതായി വിമോചനസമരത്തിൽ ജനിക്കുകയും അറുപതുകളിൽ കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമ പിന്തുണയോടെ ജനറേഷൻ ഗ്യാപ് തിയറി പ്രകാരം ഇ എം എസിനെയും എ കെ ജിയെയും വയസ്സ് അധികമായി എന്നുപറഞ്ഞ് ആക്ഷേപിക്കുകയും ചെയ്ത ആന്റണി, വയലാർ രവി, ഉമ്മൻചാണ്ടി തുടങ്ങിയവർ വയോധികരാകുക മാത്രമല്ല, ഒരു സ്ഥാനവും മറ്റാർക്കും  മാറിക്കൊടുക്കാത്ത വഴിമുടക്കികളാണെന്ന്  നാട്ടുകാരെ കോൺഗ്രസുകാർ അറിയിച്ചു. ഇവർക്കു ശേഷം വന്ന  തലമുറയിൽ കരുണാകരൻ കൈപിടിച്ചുയർത്തിയ ചിലരൊഴികെ  മറ്റാർക്കും ഉയർന്ന ഒരു രാഷ്ട്രീയസ്ഥാനവും കോൺഗ്രസിൽ ലഭിച്ചിരുന്നില്ലെന്ന കാര്യം പരസ്പരം പഴിചാരിയ കോൺഗ്രസുകാരിൽനിന്നും കേരളം അറിഞ്ഞു. യുഡിഎഫിലെ മുഖ്യകക്ഷി കോൺഗ്രസാണെങ്കിലും അധികാരം നിലനിർത്താൻ  ഘടക കക്ഷികൾക്ക്  കീഴ്പ്പെടുന്ന കോൺഗ്രസിന്റെ, നേതൃത്വത്തെ തീരുമാനിക്കുന്നതും  രാഷ്ട്രീയ തീരുമാനമെടുക്കുന്നതും, മുസ്ലിംലീഗാണെന്ന പ്രതീതിയും സൃഷ്ടിക്കപ്പെട്ടു. 1960 മുതൽ നിലനിൽക്കുന്ന  കേരളത്തിലെ പ്രതിലോമ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ഇന്നത്തെ രൂപമായ യുഡിഎഫിന്റെ ജനപിന്തുണയിൽ വന്ന ഇടിവ്  മുറിച്ചുകടക്കാൻ ഏതുതരം കീഴ്പ്പെടലിനും  കേരളത്തിലെ കോൺഗ്രസ‌്  തയ്യാറാണെന്നും വ്യക്തമാക്കപ്പെട്ടു.

എല്ലാവർക്കും അറിവുള്ളതുപോലെ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും രാഷ്ട്രീയ മലക്കംമറിച്ചിലിന്റെയും തിടുക്കപ്പെട്ട തീരുമാനങ്ങളുടെയും  കാരണം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി സജി ചെറിയാൻ വൻഭൂരിപക്ഷത്തിൽ വിജയിച്ചതാണ‌്.  പരമ്പരാഗത ഇടതുപക്ഷവിരുദ്ധ ശക്തികേന്ദ്രങ്ങളിലൊന്നാണ് ചെങ്ങന്നൂർ. അപൂർവമായി മാത്രമാണ് ഇവിടെ ഇടതുപക്ഷം തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. വിവിധ സാമൂഹ്യ സാമുദായിക സംഘടനകൾ  തെരഞ്ഞെടുപ്പ് വിധിയെഴുത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന  ഇവിടെ എല്ലാ വിഭാഗങ്ങളും ഇടതുപക്ഷത്തോടൊപ്പം നിന്നുവെന്നതും യുഡിഎഫിൽ പരിഭ്രാന്തി സൃഷ്ടിച്ചു.

പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ജനോന്മുഖ വികസനസമീപനങ്ങളും സാധാരണക്കാരന്  ആ ഗവൺമെന്റ‌് നൽകുന്ന കരുതലുംതന്നെയാണ്  തെരഞ്ഞെടുപ്പിലെ വർധിച്ച ജനപിന്തുണയ്ക്ക് കാരണം. സംഘപരിവാർ വർഗീയതയോടും കേന്ദ്രനയങ്ങളോടും വിട്ടുവീഴ്ച ചെയ്യാതെ തന്നെ  ജനങ്ങൾക്ക് ഗുണംചെയ്യുന്ന നിലപാടുകൾ സ്വീകരിക്കാമെന്നും ഇതിനകം തെളിയിച്ച സർക്കാരിനൊപ്പമാണ്  ജനം എന്നതും മനസ്സിലായി.  കേരളത്തിൽ തങ്ങളുടെ സ്വീകാര്യത കുറയുന്നത് മുറിച്ചുകടക്കാനുള്ള  കുറുക്കുവഴി കണ്ടെത്താനാണ് ജനവിധിയിൽനിന്ന് പാഠംപഠിക്കാത്ത കോൺഗ്രസ് ‐യുഡിഎഫ് നേതൃത്വങ്ങൾ തയ്യാറായത്.

നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷ വിജയം  യുഡിഎഫ് രാഷ്ട്രീയത്തിലുണ്ടാക്കിയ പ്രത്യാഘാതമായിരുന്നു മാണിയുടെ മുന്നണിയിൽനിന്നുള്ള പുറത്തുപോക്ക്. മുന്നണിയിലെ മുസ്ലിം പാർടിയായ ലീഗ് മലബാറിലെ യുഡിഎഫ് സ്വാധീന സീറ്റുകളെല്ലാം സ്വന്തമാക്കിയപ്പോൾ കോഴിക്കോട് ജില്ലയിൽ  ഒരു കോൺഗ്രസ‌് എംഎൽഎ പോലും തെരഞ്ഞെടുക്കപ്പെട്ടില്ല. കാസർകോട‌് ജില്ലയിലും ഒരു സീറ്റും കോൺഗ്രസിന് കിട്ടിയില്ല. ലീഗ് കേന്ദ്രമായ മലപ്പുറത്ത് ഒരു സീറ്റ് മാത്രമാണ്  കോൺഗ്രസിന് കിട്ടിയത്. 11 സീറ്റ‌് ലീഗ് കൈപ്പിടിയിലൊതുക്കി. കോൺഗ്രസ‌് പിന്തുണയോടെ ലീഗ് മലബാർ മേഖലയിൽനിന്ന‌് 17 സീറ്റിൽ ജയിച്ചപ്പോൾ ലീഗ് പിന്തുണയോടെ  കോൺഗ്രസ് ജയിച്ചത് കേവലം ആറ‌് സീറ്റിൽ മാത്രമാണ്. മലബാറിലെ വിജയസാധ്യതയുള്ള നിയമസഭാ മണ്ഡലങ്ങൾ മുഴുവൻ ലീഗിന് നൽകി, അധികാരം നിലനിർത്താനാകുമെന്ന കേരളത്തിലെ കോൺഗ്രസുകാരുടെ  വ്യാമോഹം കഴിഞ്ഞ തെരഞ്ഞെടുപ്പോടെ തകർന്നു. കുഞ്ഞാലിക്കുട്ടിയുടെ സമ്മർദത്തിന് വഴങ്ങി, ആത്മാഭിമാനം മാണിക്ക് മുമ്പിൽ അടിയറവച്ചപ്പോൾ കോൺഗ്രസ‌് നേതാക്കൾ വിമോചനസമരത്തിനുശേഷമുള്ള  കോൺഗ്രസ‌് ചരിത്രം പഠിച്ചവരും ദേശീയ പ്രസ്ഥാനകാലത്തെ  കോൺഗ്രസിന്റെ ചരിത്രം അറിയാത്തവരുമാണെന്നും മലയാളികളെ അറിയിച്ചു.

തെക്ക് വിരലിലെണ്ണാവുന്ന സീറ്റിൽ ജയിക്കുന്ന പാർടിയായി രൂപീകരണത്തിന്റെ അരനൂറ്റാണ്ട് കഴിഞ്ഞപ്പോൾ മാണി കേരള കോൺഗ്രസ് ചുരുങ്ങി. വളരുന്ന പാർടിയല്ല ഇന്ന‌്കേരള കോൺഗ്രസ‌്. സീറ്റ് കിട്ടിയ മാണിയാകട്ടെ സ്വന്തം മകന്റെ ഭാവി ഉറപ്പാക്കി, രാജ്യസഭയിലേക്കയച്ചു. കോട്ടയത്തുകാർക്ക് ഒരു കൊല്ലത്തോളം എംപി ഉണ്ടാവില്ലെന്നും മാണി ഉറപ്പാക്കി. യുഡിഎഫിന്റെ വാതിൽ തുറന്ന്  ഉമ്മൻചാണ്ടിയും  കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും  അകത്തേക്കാനയിച്ചപ്പോൾ മാണി വിജയിക്കുകയല്ല, അദ്ദേഹത്തിന്റെ പാർടിയിലെ പാളയത്തിൽ പട മൂർച്ഛിക്കുകയാണ്. കഴിഞ്ഞ യുഡിഎഫ് ഭരണം  കേരളീയ സമൂഹത്തിൽ സൃഷ്ടിച്ച അഴിമതിയുടെയും ജീർണതയുടെയും ഓർമകളെ മായ്ച്ചുകളയാൻ ഈ പുതിയ ഒത്തുചേരൽ ഒട്ടും പര്യാപ്തമല്ല.

ചുരുക്കത്തിൽ മാണിയുടെ തിരിച്ചുകയറൽ വഴി അവസാനിക്കുന്ന പ്രതിസന്ധിയല്ല യുഡിഎഫ് നേരിടുന്നത്. മറിച്ച് യുഡിഎഫിന്റെ തകർച്ചയുടെ ആഴം അത് വർധിപ്പിക്കുകയാണ്. കേന്ദ്ര ഭരണം നയിക്കുന്ന  ബിജെപിയും അതിനെ നിയന്ത്രിക്കുന്ന ആർഎസ്എസും ഉയർത്തുന്ന വർഗീയതയോട‌് കീഴ്പ്പെടുന്ന അവസരവാദ രാഷ്ട്രീയമാണ് യുഡിഎഫിന്റേത‌്. ആഗോളവൽക്കരണ നയങ്ങളെ ആപാദചൂഢം അംഗീകരിക്കുന്ന  പ്രസ്ഥാനം അഴിമതിയുൾപ്പെടെ  എല്ലാത്തരം ജീർണതകളിലും അഭിരമിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തിന്റെ എല്ലാ സദ്പാരമ്പര്യങ്ങളുടെയും  മറുപുറത്താണ് അത് നിലയുറപ്പിച്ചിരിക്കുന്നത്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റിന്റെ  കരുതലോടെയുള്ള സമീപനവും ജനങ്ങൾക്ക് നൽകിയ സമാധാനവും സമാശ്വാസവും വഴി യുഡിഎഫിന്റെ പിന്നിൽ അണിനിരന്ന വലിയൊരു വിഭാഗം ഇടതുപക്ഷത്തോടടുക്കാൻ തയ്യാറാകുകയാണ്.

കൂടുതൽ ജനസമ്മിതിയാർജിച്ചും വികസനപ്രവർത്തനങ്ങൾ നടത്തിയും മുന്നേറുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നയങ്ങൾ രാജ്യത്ത് എല്ലാവിഭാഗം ജനങ്ങളും ശ്രദ്ധിക്കുന്നുണ്ട്. കേന്ദ്രനയങ്ങൾക്കെതിരായ ജനകീയ ബദലുയർത്തിയും  വർഗീയതയ്ക്കെതിരായ കാവലാളായും നിലയുറപ്പിച്ച ഈ ഭരണത്തെ അട്ടിമറിക്കാൻ  നടത്തുന്ന ഗൂഢാലോചനയിലെ ഒരു ചുവടുകൂടിയാണ് മാണിയെ തിരിച്ചുപിടിക്കാൻ കുഞ്ഞാലിക്കുട്ടിയുടെ കാർമികത്വത്തിൽ ഉമ്മൻചാണ്ടി‐ചെന്നിത്തല അച്ചുതണ്ട് നടത്തിയ പരിശ്രമം. വേണമെങ്കിൽ ബിജെപിയുമായി ഒരു പാലം പണിയാനും  ഇത് നന്നാകുമെന്നും ഇക്കൂട്ടർ കരുതുന്നുണ്ടാകും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top