06 July Wednesday
ഇന്ന്‌ അന്തർദേശീയ
 യോഗദിനം

യോഗ കായിക സംസ്കാരമാകണം

കെ ടി കൃഷ്ണദാസ്Updated: Tuesday Jun 21, 2022

മതനിരപേക്ഷ കാഴ്ചപ്പാടും മാനവിക മൂല്യവും ഉയർത്തിപ്പിടിക്കുന്ന യോഗ ശാസ്‌ത്രത്തിന്റെ  സംഭാവനകൾ ലോകത്തെമ്പാടും പ്രചാരം നേടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ‘യോഗ‐മനുഷ്യത്വത്തിന് വേണ്ടി’ എന്ന സന്ദേശമുയർത്തി എട്ടാമത് അന്തർദേശീയ യോഗദിനം ആചരിക്കുന്നത്. യോഗ ശാസ്ത്രം മുന്നോട്ട് വയ്‌ക്കുന്ന ആശയ പദ്ധതികളിൽ പ്രധാനപ്പെട്ടതാണ് അഹിംസയും ദയയും. അഹിംസയുടെ വേരിന്റെ അറ്റം ചെന്നെത്തിച്ചേരുന്നത് മനുഷ്യത്വത്തിലേക്കാണ്.  മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുകയും കൊന്നൊടുക്കുകയും ചെയ്യുന്ന ആശയങ്ങൾക്കെതിരെയുള്ള ബദൽ സന്ദേശങ്ങളാണ് യോഗ ശാസ്ത്രത്തിലൂടെ മനുഷ്യമനസ്സിൽ ഉരുത്തിരിയുന്നത്.

കാരുണ്യത്തിന്റെ സാന്ത്വന സ്പർശമായി മാറുന്നതിനും സമൂഹ മനഃസാക്ഷിയെ തൊട്ടുണർത്തുന്നതിനും യോഗവഴി സാധിക്കും.  മാനസിക,ശാരീരിക ആരോഗ്യത്തിനുതകുന്ന അഭ്യാസമുറകളാണ്  ഋഷിമാർ രൂപകൽപ്പന ചെയ്തതെങ്കിൽ സാമൂഹ്യ സ്വാസ്ഥ്യത്തിനാവശ്യമായ  ഇടപെടലുകളാണ്  നിലവിൽ ലക്ഷ്യമിടുന്നത്. ഫാസിസ്റ്റ് ചട്ടക്കൂടുകൾക്കുള്ളിൽ യോഗയെ വളർത്തിയെടുക്കുന്നതിനുള്ള ബോധപൂർവമായ ശ്രമങ്ങൾ ഒരു ഭാഗത്ത് നടക്കുമ്പോൾ മറുഭാഗത്ത് യോഗയെ മതനിരപേക്ഷമാക്കാനും ജനകീയവൽക്കരിക്കുന്നതിനുമുള്ള നീക്കങ്ങൾ സംഘടിതമായി നടക്കുന്നു എന്നത്‌ ആശാവഹമാണ്.

മനുഷ്യ സമൂഹത്തിന്റെ ആരോഗ്യവും ക്ഷേമവും ഉറപ്പു വരുത്തുന്ന ബൃഹത് സൈദ്ധാന്തിക പദ്ധതികൾ ഉൾക്കൊള്ളുന്ന യോഗവിജ്ഞാന സമ്പത്ത് ഭാരതത്തിന്റെ അമൂല്യ സംഭാവനകളിൽ ഒന്നാണ്. കമ്യൂണിസംതൊട്ട് ഗാന്ധിസം വരെയുള്ള എല്ലാ വൈയക്തിക ആശയങ്ങളുടെയും  സമഞ്‌ജസ സമ്മേളനത്തിനുതകുന്ന  ആശയ പിൻബലമാണ് യോഗയിലൂടെ സമൂഹത്തിന് ലഭിക്കുന്നത്.

സാമൂഹ്യ അച്ചടക്കത്തിന് വേണ്ടിയുള്ള മനുഷ്യ കുലത്തിന്റെ നിരന്തര ശ്രമത്തിന്റെ ഉൽപ്പന്നമാണ് യോഗാഭ്യാസ മുറകൾ. മനസ്സിന്റെയും ശരീരത്തിന്റെയും അസ്വസ്ഥതകൾക്കുള്ള പരിഹാരം തേടിയാണ് ജനങ്ങൾ യോഗയെ പ്രാപിക്കുന്നത്. യോഗ ഒരനുഭവ പദ്ധതിയാണ്. അത് സുഖകരമായ ഒരു നീന്തൽ പോലെയാണ്. വെള്ളത്തിലിറങ്ങി പരിശീലിക്കുന്നവനേ ആ സുഖം അനുഭവിക്കാനാകൂ. കരയിൽനിന്ന് നോക്കി ആ അനുഭവം ആസ്വദിക്കാനാകില്ല എന്നുപറയുന്നത് പോലെയാണത്. അഭ്യാസം ചെയ്യാത്ത ഒരുവന് അതിന്റെ ഗുണദോഷങ്ങളെ ചൂണ്ടിക്കാണിക്കാനാകില്ല.

ശ്വാസോച്ഛ്വാസത്തിന്റെ വേഗത് കുറച്ച് ശാരീരിക അവയവങ്ങളെ വിവിധ ദിശകളിലേക്ക് സാവധാനം ചലിപ്പിക്കുന്ന യോഗാഭ്യാസരീതികൾ മനുഷ്യന്റെ ശ്വസന ‐ രക്ത ചംക്രമണ വ്യവസ്ഥകളെ കാര്യക്ഷമമാക്കുമെന്നും അതുവഴി മറ്റ് ശാരീരിക വ്യവസ്ഥകളെ പുഷ്ടിപ്പെടുത്തുമെന്നുമുള്ള ഋഷിമാരുടെ കണ്ടെത്തലുകളാണ് യോഗ ശാസ്ത്രത്തെ  സ്വീകാര്യമാക്കുന്നത്. മനുഷ്യൻ അമിതമായ മാനസിക പിരിമുറുക്കം അനുഭവിക്കുന്ന സമയത്ത്  ശ്വാസത്തിന്റെ വേഗത ക്രമാതീതമായി ഉയരുമെന്ന് കണ്ടെത്തിയ ഋഷിമാർ ശ്വാസോച്ഛ്വാസത്തിലെ വേഗത കുറയ്‌ക്കുന്നതിലൂടെ മാനസിക പിരിമുറുക്കം കുറയ്‌ക്കാം എന്ന പ്രായോഗിക ആശയം മുന്നോട്ട് വയ്‌ക്കുകയാണുണ്ടായത്. യോഗ ഹൃദയത്തിന്റെയും രക്തവാഹിനികളുടെയും സുഗമമായ പ്രവർത്തനത്തിന് സഹായകരമാണെന്ന് അമേരിക്കയിലെ ഡോക്ടർ ഡേവിഡ് കൗട്ലർ തന്റെ ഗവേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.

ഓക്സിജന്റെ അളവ്  ശ്വാസകോശത്തിൽ  വർധിക്കുന്നതിനനുസരിച്ച് രക്തചംക്രമണ വ്യവസ്ഥയും  സജീവമാകുന്നതിനും കൂടുതൽ  കാർബൺഡൈ ഓക്സൈഡിനെ പുറന്തള്ളുന്നതിനുള്ള പ്രാപ്തി ശരീരത്തിന്  ലഭിക്കുകയും ശാരീരിക ശുദ്ധീകരണം എളുപ്പമാവുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ശാരീരിക മാലിന്യങ്ങളുടെ ബഹിഷ്കരണത്തിനുള്ള നിരവധി പദ്ധതികളാണ് യോഗശാസ്‌ത്രം മുന്നോട്ടുവച്ചിട്ടുള്ളത്. മനസ്സിനെയും ശരീരത്തെയും അച്ചടക്കത്തിലേക്ക്  നയിക്കുന്നതിനും കൂടുതൽ കാര്യക്ഷമതയോടെ ഉൽപ്പാദനപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും  സാധിക്കുകയും ചെയ്യുന്നു.

തന്റെ ചുറ്റുപാടുകളെ ശുചിത്വത്തിലേക്ക് നയിക്കുന്നതിന്റെ ആദ്യപടിയായാണ് ശരീരത്തെയും മനസ്സിനെയും മാലിന്യമുക്തമാക്കുന്ന രീതി യോഗ അവലംബിക്കുന്നത്. സാമൂഹ്യ അരാജകത്വവും ഹിംസാത്മകവുമായ അന്തരീക്ഷവും സമൂഹത്തെ പിറകോട്ട്‌ നയിക്കുമ്പോൾ മനുഷ്യൻ മനുഷ്യനെ സ്നേഹിക്കാൻ പഠിപ്പിക്കുന്ന മനുഷ്യത്വത്തിന്റെ ഉദാത്തമായ ചിന്തകളാണ് മനുഷ്യരിൽ ഉടലെടുക്കേണ്ടതെന്ന് യോഗ ശാസ്ത്രം വിഭാവനംചെയ്യുന്നു.

ഇളംതലമുറകളിൽ വളർന്നുവരുന്ന മൃഗീയ വാസനകളും അമിതാസക്തിയും അരാജകത്വ ജീവിത രീതികളും കുറച്ചുകൊണ്ടുവരുന്നതിന് യോഗവഴി കഴിയും. യോഗയെ കായിക സംസ്കാരമായി വളർത്തിയെടുത്ത് ഇത്തരം തമസ്കരണ രീതികളിൽനിന്ന് വിദ്യാർഥികളെയും യുവജനങ്ങളെയും മോചിപ്പിക്കുന്നതിന് സാധിക്കേണ്ടതുണ്ട്.

(യോഗ ടീച്ചേഴ്സ് അസോസിയേഷൻ കേരള സംസ്ഥാന പ്രസിഡന്റ് ആണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top