29 July Thursday

പ്രതിരോധശേഷിയും യോഗയിലെ സാധ്യതയും

കെ ടി കൃഷ്ണദാസ്Updated: Monday Jun 21, 2021

 

മനുഷ്യശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഭയാശങ്കകൾ അകറ്റുന്നതിനും വേണ്ടി ഭാരതീയ ഋഷിമാർ രൂപംകൊടുത്ത അമൂല്യവിജ്ഞാന സമ്പത്തായ യോഗയെ കോവിഡ് പ്രതിസന്ധിയുടെ കാലത്ത് ഫലപ്രദമായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് ലോകം ഏഴാമത് അന്തർദേശീയ യോഗദിനവും സംഗീതദിനവും ആചരിക്കുന്നത്. 1950കളിൽ പ്രശസ്ത റോമൻ സാമ്പത്തിക വിദഗ്‌‌ധൻ പ്രൊഫ. ഇ ജെ മിഷാൻ വളർച്ച നിശ്ചലാവസ്ഥയെപ്പറ്റി ഓർമിപ്പിക്കുന്നുണ്ട്.  പ്രകൃതി ചൂഷണവും മലിനീകരണവും മരുന്നുകളുടെ അമിതമായ ഉപയോഗവും മനുഷ്യരാശിയുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്നും വളർച്ചാശൂന്യമായി സമ്പദ്‌വ്യവസ്ഥകളെല്ലാം തകരുമെന്നും കടുത്ത ആരോഗ്യപ്രതിസന്ധി നേരിടുമെന്നും തന്റെ പ്രബന്ധത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ചൂഷണരഹിതമായ ഒരു സമൂഹത്തി ൽ മാത്രമേ ഉയർന്ന പ്രതിരോധശേഷിയും ആരോഗ്യസന്തുലിതാവസ്ഥയും നിലനിൽക്കൂവെന്ന് സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ പ്രാധാന്യത്തെ ഉയർത്തിക്കാണിച്ച് മിഷാൻ പ്രതിപാദിക്കുന്നുണ്ട്. യോഗയുടെ പിതാവായ പതഞ്ജലി മഹർഷിയുടെ അഷ്ടാംഗയോഗ ദർശനങ്ങളിലെ മൂന്നാമത്തെ വിഭാഗമായ യോഗാസനങ്ങൾ  മാനസിക, ശാരീരിക സുസ്ഥിതിക്ക്‌ ഉപകരിക്കുന്നവയാണ്.

യോഗാസനങ്ങൾ പ്രചുരപ്രചാരം നേടാനുള്ള കാരണം ഇതര കായികാഭ്യാസങ്ങളെപ്പോലെ ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും രക്തസമ്മർദവും വർധിപ്പിക്കാതെ യോഗാഭ്യാസം അനായാസമായി തീരുന്നുവെന്നതാണ്.  കലോറി നാമമാത്രമായി വിനിയോഗിക്കുന്ന യോഗാഭ്യാസത്തിൽ ശരീരത്തിന്റെ മേദസ്സ്‌ കുറയുകയും ഹൃദയത്തിൽനിന്ന് രക്തചംക്രമണം മെച്ചപ്പെടുകയും ചെയ്യുമെന്നതാണ് നേട്ടം. മനസ്സിന്റെ ചപലതകളും ദുശ്ശീലങ്ങളും മാറ്റാൻ യോഗയിലെ ചിട്ടകൾ ഏറെ സഹായകരമാണ്. ഉൾക്കരുത്തും ഊർജസ്വലതയും കർമകുശലതയും കർത്തവ്യനിഷ്ഠയും മനോനിയന്ത്രണവും യോഗാ പരിശീലനംകൊണ്ട് നേടാവുന്ന ഉപായങ്ങളാണെന്ന് സംഹിതകളിൽ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്.

മനുഷ്യശക്തി ദുർവ്യയം ചെയ്യാതെ ശരീരാന്തർഭാഗത്തുള്ള സകല അവയവങ്ങൾക്കും ഇന്ദ്രിയങ്ങൾക്കും നാഡിവ്യൂഹങ്ങൾക്കും വേണ്ടത്ര പോഷകരക്തവും ജീവവായുവും നൽകി  അവയുടെ ക്രമീകൃത പ്രവർത്തനങ്ങളും കാര്യക്ഷമതയും വർധിപ്പിക്കുന്നതിന് ചുരുങ്ങിയ സമയംകൊണ്ട് ചെയ്യാവുന്ന യോഗയോട് തുല്യമായ മറ്റൊരു വ്യായാമ പദ്ധതിയെയും കാണാൻ കഴിയില്ല. ശരീരത്തിന്റെ സുഖപ്രദമായ നിലനിൽപ്പ് ചില വ്യവസ്ഥകളുടെ ക്രമീകൃതമായ സഹവർത്തിത്വത്തിൽ അധിഷ്ഠിതമാണ്. വ്യവസ്ഥകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് അന്തർസ്രാവ ഗ്രന്ഥികളുടെ സഹായം അത്യാവശ്യമാണെന്നതിനാൽ ഗ്രന്ഥികളുടെയും ഹോർമോണുകളുടെയും ആരോഗ്യകരമായ പ്രവർത്തനം യോഗയിലൂടെ സാധ്യമാകുന്നു. സർവാംഗാസനം പോലുള്ള ആസനങ്ങളും വിപരീത കരണിപോലുള്ള മുദ്രകളും ഗ്രന്ധികൾ ഉൽപ്പാദിപ്പിക്കുന്ന ഹോർമോണുകളെ  സമതുലിതമാക്കുന്നവയാണ്. ശ്വസന‐രക്തചംക്രമണ വ്യവസ്ഥകളെ കാര്യക്ഷമമാക്കുന്നതിന് യോഗയിലെ പ്രാണായാമങ്ങളും മുദ്രകളും വലിയ പങ്കുവഹിക്കുന്നുണ്ട്. ഓക്സിജൻ സംഭരിക്കാനുള്ള ശ്വാസകോശത്തിന്റെ കഴിവ് വർധിപ്പിക്കുകയും കോശങ്ങളിലും രക്തത്തിലും കെട്ടിക്കിടക്കുന്ന കാർബൺഡൈ ഓക്സൈഡിനെ പുറന്തള്ളുന്നതിനുള്ള ശ്വസന നിയന്ത്രണരീതികൾ ഇത്തരം വ്യവസ്ഥകളെ ശക്തിപ്പെടുത്തുമെന്നതിൽ സംശയമില്ല.  മനുഷ്യശരീരത്തെ വൈറസുകൾ ആദ്യമായി ആക്രമിക്കുന്നത് ശ്വസന വ്യവസ്ഥയാണെന്നിരിക്കെ പ്രാണായാമ ശ്വസനരീതികൾ ഇവയുടെയെല്ലാം കാര്യക്ഷമത വർധിപ്പിക്കുന്നവയാണ്‌. യോഗാസനങ്ങളോടൊപ്പം നിശ്ചിത സമയം ബോധപൂർവം ചെയ്യാവുന്ന പ്രാണായാമ‐ശ്വസനരീതികൾ ശരീരത്തിന്റെ പ്രതിരോധശേഷിയോടൊപ്പം മനശ്ശാക്തീകരണത്തിനും സഹായകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

അയൽസംസ്ഥാനമായ തമിഴ്നാട്ടിലെ സിദ്ധ മുദ്രാരീതികൾ കോവിഡ്കാലത്ത് അതിജീവനരക്ഷാ ഉപായങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ലിംഗമുദ്ര, പ്രാണവ്യാനമുദ്ര, പൃഥ്വിമുദ്ര തുടങ്ങിയ മുദ്രശാസ്ത്ര രീതികളും അനുലോമ‐വിലോമ പ്രാണായാമ രീതികളും ആരോഗ്യപ്രതിസന്ധി ഘട്ടങ്ങളിലെ അത്താണികളാണ്. മനസ്സിനെയും ശരീരത്തിനെയും സുശക്തമാക്കുന്നതിനുവേണ്ടിയും പലവിധ ആരോഗ്യപ്രശ്നങ്ങളിൽനിന്ന് രക്ഷ നേടുന്നതിനും ആവിഷ്കരിച്ച യോഗ രീതിയാണ് ഹഠയോഗം. ശരീരത്തിലെ ആയിരക്കണക്കിനു വരുന്ന നാഡിയിൽ പ്രധാനിയായ സുഷുമ്ന നാഡിയുടെ പ്രവർത്തനം സുഗമമാക്കാനും അതിനെ സ്വാധീനിക്കുന്ന അപാന വായുവിനെയും പ്രാണ വായുവിനെയും സംയോജിപ്പിക്കുകയുമാണ് യോഗവഴി ചെയ്യുന്നത്. നാഡികളെയും ഗ്രന്ഥികളെയും നിയന്ത്രിക്കാനുള്ള രീതികളാണ് ഹഠയോഗ പ്രദീപികയിൽ ഗ്രന്ഥകർത്താവ് സ്വാത്മാരാമ യോഗി വിസ്തരിക്കുന്നത്. ഹഠയോഗ പരിശീലനം ശരീരത്തിൽ ദുർമേദസ്സ് വരാതെ സൂക്ഷിക്കുമെന്നും മുഖപ്രസന്നതയും ശബ്ദസൗകുമാര്യവും കാഴ്ചശക്തിയും ആകാരവടിവും രോഗപ്രതിരോധശേഷിയും രോഗശമനശക്തിയും തുടങ്ങി ശരീര രക്ഷയ്ക്ക് ഉപയുക്തമായ പരിഹാരങ്ങളുമാണ് ഹഠയോഗപ്രദീപിക.

മനുഷ്യനെ സ്വസ്ഥ ചിത്തനാക്കുന്നതിനുവേണ്ടി ഋഷിമാർ ആവിഷ്കരിച്ച ആരോഗ്യശാസ്ത്ര പദ്ധതിയിൽ വർത്തമാനസമൂഹം അഭിമാനം കൊള്ളുകയാണ്. അതുകൊണ്ടാണ് യുണെസ്കോ യോഗയുടെ സാംസ്കാരിക ആസ്ഥാനമായി ഇന്ത്യയെ തെരഞ്ഞെടുത്തതും ലോകാരോഗ്യ സംഘടന ജീവിതശൈലി രോഗങ്ങൾക്കെതിരായുള്ള ആയുധമായി യോഗയെ തെരഞ്ഞെടുത്തതും. യോഗ എന്ന അച്ചടക്ക ആരോഗ്യ സാംസ്കാരികപദ്ധതി സമൂഹത്തിന്റെ വളർച്ചയ്ക്കും ആരോഗ്യ ഉന്നമനത്തിനുംവേണ്ടി ഉപയോഗിക്കുന്നതിനു പകരം സ്വത്വബോധങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും അടിമപ്പെടുത്തുന്നതുകൊണ്ടാണ് സാധാരണക്കാരനിൽനിന്ന് അന്യംനിന്നുപോകുന്നത്. യുക്തിരഹിതമായ എല്ലാ കാണാചരടുകളെയും തകർത്തെറിയുന്നതിനും ജനകീയ ആരോഗ്യത്തിനുവേണ്ടി യോഗയെ ഉപയോഗപ്പെടുത്തുന്നതിനും ആധുനികസമൂഹം തയ്യാറാകേണ്ടതുണ്ട്. അനുഭവത്തിന്റെ അടിസ്ഥാനത്തിൽ സ്വയം ബോധ്യപ്പെടേണ്ടതും തിരിച്ചറിവിലൂടെ പ്രായോഗിക പരിജ്ഞാനം വർധിപ്പിച്ച് തലമുറയ്ക്കുവേണ്ടി കൈമാറേണ്ടതുമായ യോഗശാസ്ത്രത്തെ ആരോഗ്യപ്രതിസന്ധി കാലത്ത് വ്യാപകമായി ഉപയോഗിക്കുന്നതിന് ലോകം നമ്മോട്‌ ആവശ്യപ്പെടുകയാണ്.

(കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ
 യോഗ കോച്ചാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top