21 August Wednesday

സമൂഹത്തിന് വേണ്ടത് സ്ത്രീപക്ഷമുഖം

എം സി ജോസഫൈൻUpdated: Friday Mar 8, 2019

ലോകത്താകെയുള്ള സമൂഹങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികൾക്ക‌് എന്നും സമാനതകളുണ്ട്. ഇതിനുള്ള അടിസ്ഥാന കാരണം എല്ലായിടത്തും ഏറെക്കുറേ ഒന്നാണ്. പുരുഷപക്ഷമാണ് സാമൂഹ്യവ്യവസ്ഥകളെ നിശ്ചയിക്കുന്നത്. മതാചാരങ്ങളും നാട്ടുനടപ്പുകളും നിയമങ്ങളും വ്യവസ്ഥകളും സ്ത്രീകളുടെ വ്യക്തിത്വത്തെ ഇനിയും അറിഞ്ഞ‌് അംഗീകരിച്ചിട്ടില്ല. മാറേണ്ടതും മാറ്റപ്പെടേണ്ടതുമായി നിരവധി കാര്യങ്ങളുണ്ട്. ആദ്യം മാറേണ്ടത‌് കാഴ്ചപ്പാടാണ്. മേധാവിത്വം പുലർത്തുന്നത‌് ഏതൊക്കെ മണ്ഡലങ്ങളിലുള്ളവരാണോ അവരുടെയെല്ലാം മനോഭാവങ്ങളിലും ചിന്തകളിലും മാറ്റത്തിന്റെ കാറ്റ് വീശണം.

സർവ മണ്ഡലങ്ങളിലും ലോകത്ത‌് പുരോഗതിയുണ്ടായി എന്നാണ് കാണപ്പെടുന്നത്. എന്നാൽ, സ്ത്രീകളോടുള്ള സമീപനമാണ് വളർച്ചയുടെ മാനദണ്ഡമായി നിശ്ചയിക്കുന്നതെങ്കിൽ നാം ലജ്ജിച്ച് തലതാഴ്ത്തേണ്ടി വരും. പുരുഷാധിപത്യത്തിന്റെ ആഹ്വാനങ്ങൾക്ക‌് അനുസൃതമായി ചലിക്കേണ്ടവരായി ഇന്നും സ്ത്രീസമൂഹം നിലനിൽക്കുന്നു. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള ചർച്ച ആരംഭിക്കുന്നതും അവസാനിക്കുന്നതും അവളുടെനേരെ ഉയരുന്ന പീഡനങ്ങളെക്കുറിച്ചാണ‌്. സ‌്ത്രീ അവളെക്കുറിച്ചും  ലോകത്തെക്കുറിച്ചും ചിന്തിക്കുകയും അഭിപ്രായം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന അന്തരീക്ഷത്തിൽമാത്രമേ അവൾക്കെതിരായ ഏതൊരു നീക്കവും തടയപ്പെടുകയുള്ളൂ. അതുവരെ അവൾ നിസ്സഹായയും ദുർബലയുമായി തുടരും.

 

സധൈര്യം മുന്നോട്ട‌്
നമ്മുടെ രാജ്യത്ത് സ്ത്രീയെയും പുരുഷനെയും തുല്യതയോടെ കാണുന്ന ഭരണഘടനയാണുള്ളത്. എന്നാൽ, രാജ്യത്തെ മുഴുവൻ അധികാരഘടനയും നിയമങ്ങളും ചട്ടങ്ങളും ഇതിന് അനുസൃതമായി രൂപപ്പെട്ടിട്ടുണ്ടെന്ന് ആർക്കും പറയാനാകില്ല. സ്ത്രീകളുടെ കണ്ണുനീർ തുടയ്ക്കാനുള്ള ചട്ടപ്പടിസംവിധാനങ്ങളിൽ മാത്രം തൃപ‌്തരായി ഇനിയും മുന്നോട്ട് പോകാൻ കഴിയില്ല. സ്ത്രീവാദങ്ങളെ നിശ്ശബ്ദമാക്കാനുള്ള നീക്കങ്ങളെ കാര്യക്ഷമമായി ചെറുത്തുതോൽപ്പിക്കാനാകുന്നില്ല. ശാരീരികപീഡനങ്ങളും അവൾക്ക‌് ഏറ്റുവാങ്ങേണ്ടിവരുന്നു. വാക്കിലും നോക്കിലും ചേഷ്ടകളിലൂടെയും അപമാനങ്ങൾ തുടരുന്നു. സൈബർ ഇടങ്ങളിൽ പതിയിരിക്കുന്നത് സ്ത്രീവിരുദ്ധതയുടെ ആൾരൂപങ്ങളാണ്. സൈബർ സുരക്ഷാ നിയമങ്ങൾപോലും സ്ത്രീകൾക്ക‌് പൂർണപിന്തുണ നൽകാൻ പ്രാപ‌്തമല്ല. അതിനുള്ള തെളിവുകൾ നമ്മുടെ ഇടയിൽ ധാരാളമുണ്ട്. പൊതുമണ്ഡലങ്ങളിൽ സ്ത്രീശബ്ദങ്ങളെയും സ്ത്രീപക്ഷവാദങ്ങളെയും ഒളിഞ്ഞും തെളിഞ്ഞും പ്രഹരിക്കുന്ന ശക്തികൾ ഇവിടെയുണ്ട്.

ലോകത്തെ പുരുഷനോളംതന്നെ അവകാശവും സ്വാതന്ത്ര്യവും സ്ത്രീകൾക്കുമുണ്ടെന്ന ശബ്ദമുയർത്തി അത് നേടിയെടുക്കുകമാത്രമാണ് മുന്നിലേക്കുള്ള വഴി. അത്തരം വീക്ഷണമുള്ള സ്ത്രീസമൂഹം വളർന്നുവരികയും സാമൂഹ്യവിഷയങ്ങളിൽ ഇടപെടുകയും ഇടപഴകുകയും വേണമെന്ന സന്ദേശമാണ് കേരള വനിതാ കമീഷൻ ഈ വേളയിൽ ഉയർത്താൻ ആഗ്രഹിക്കുന്നത്. എല്ലാ രംഗത്തും സ്ത്രീകൾക്ക‌് അവസരസമത്വം ലഭിക്കുമ്പോഴാണ് സമൂഹം സ്ത്രീപക്ഷമുഖം സ്വീകരിക്കുക. കുടുംബഘടനയെയും സാമൂഹ്യഘടനയെയും ആ രീതിയിൽ പരിവർത്തനപ്പെടുത്തണം. നവോത്ഥാനനീക്കങ്ങൾ സ്ത്രീതുല്യതയ്ക്കുവേണ്ടി തുടർന്നുകൊണ്ടേയിരിക്കണം. സധൈര്യം സ്ത്രീകൾ മുന്നോട്ട് നീങ്ങട്ടെ.

(കേരള വനിതാ കമീഷൻ അധ്യക്ഷയാണ് ലേഖിക)

 


പ്രധാന വാർത്തകൾ
 Top