19 September Sunday
ഇന്ന് ലോക ലഹരിവിരുദ്ധ ദിനം

കരംകോർക്കാം ലഹരിക്കെതിരെ

എം വി ഗോവിന്ദൻUpdated: Saturday Jun 26, 2021

സമൂഹത്തിന്റെ ആരോഗ്യകരമായ ജീവിതത്തിന് ഭീഷണി ഉയർത്തിക്കൊണ്ട് ലഹരി എന്ന മഹാവിപത്ത് പടരുകയാണ്. ആധുനിക സമൂഹത്തെ കാർന്നുതിന്നുന്ന ഈ അപകടത്തിനെതിരെ ലോക ജനതയ്ക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്  ജൂൺ 26 ലഹരിവിരുദ്ധദിനമായി ആചരിക്കുന്നത്. ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിനും അനധികൃത കൈമാറ്റങ്ങൾക്കുമെതിരെ ജനങ്ങൾക്കിടയിൽ ശരിയായ അവബോധം സൃഷ്ടിക്കുന്നതിനാണ് ഐക്യരാഷ്ട്ര സംഘ ടനയുടെ ആഭിമുഖ്യത്തിൽ ലോകമെമ്പാടും ഈ ദിനാചരണം നടത്തുന്നത്.  "ലഹരിക്കെതിരായ വസ്തുതകൾ പങ്കുവയ്ക്കുക, ജീവൻ രക്ഷിക്കുക' എന്നതാണ് ഈ വർഷം ഐക്യരാഷ്ട്രസംഘടന ഉയർത്തുന്ന മുദ്രാവാക്യം. ആളുകൾക്കിടയിൽ ലഹരി ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തേണ്ടതിന്റ പ്രാധാന്യമാണ് ഈ മുദ്രാവാക്യം സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് പുരോഗമന പ്രസ്ഥാനങ്ങൾ ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നുണ്ട്. യുവജന - വിദ്യാർഥി പ്രസ്ഥാനങ്ങളും കുട്ടികളുടെ സംഘടനകളും വിപുലമായ പ്രചാരണങ്ങൾ ഉയർത്തിക്കൊണ്ടുവരണം. ജനങ്ങളുടെയും സർക്കാർ സംവിധാനങ്ങളുടെയും ഏകോപനത്തിലൂടെ ലോകത്തിനുതന്നെ മാതൃകയാകുന്ന രീതിയിൽ ഈ മുന്നേറ്റത്തെയും കേരളം അടയാളപ്പെടുത്തണം.

സംസ്ഥാനത്ത് എക്സൈസ് വകുപ്പ് ലഹരി വസ്തുക്കളുടെ ദൂഷ്യവശങ്ങളെക്കുറിച്ച്  അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നുണ്ട്. യുവാക്കളും കുട്ടികളുമാണ് മയക്കുമരുന്നിന്റെ ഉപയോഗത്തിൽ എളുപ്പത്തിൽ വഴുതിവീഴാൻ സാധ്യതയുള്ളത്. ഇത് മുന്നിൽക്കണ്ട് പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ച് സർക്കാർ നടപ്പാക്കി വരുന്നുണ്ട്.

സ്കൂൾ, കോളേജ് ലഹരിവിരുദ്ധ ക്ലബ്ബുകൾ വഴി വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നതിനൊപ്പം സൈക്കോളജിസ്റ്റുകൾ, ഡോക്ടർമാർ, സമൂഹത്തിലെ മറ്റ് പ്രമുഖ വ്യക്തികൾ തുടങ്ങിയവരെ ഉൾപ്പെടുത്തി വെബിനാറുകളും ലഹരിക്കെതിരായ അവബോധം ഉണർത്തുന്ന മറ്റ് പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഇതിലൂടെ വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും മയക്കുമരുന്നിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് മനസ്സിലാക്കാനും മാറി നടക്കാനും സാധിക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ എക്സൈസ് വകുപ്പ് ഓൺലൈൻ മുഖേന വെബിനാറുകൾ ഉൾപ്പെടെയുള്ള പരിപാടികൾ ബോധവൽക്കരണത്തിനായി  ഒരുക്കുന്നുണ്ട്. കൂടാതെ, വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഒട്ടേറെ പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ട്.  വിക്ടേഴ്സ് ചാനലിൽക്കൂടി വിവിധ പരിപാടികൾ സംപ്രേഷണം ചെയ്യുന്നത് ഇതിന്റെ  ഭാഗമായാണ്. കുട്ടികളോടൊപ്പം രക്ഷിതാക്കളും ഇവ കാണണം.

പ്രായഭേദമെന്യേ ലഹരിയുടെ പിടിയിൽ ആളുകൾ അകപ്പെടുന്നുണ്ട്. കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം ഉണ്ടാക്കുന്ന സാമൂഹ്യ പ്രത്യാഘാതം വളരെ വലുതാണ്. കേവലം ക്ഷണികമായ കൗതുകത്തിൽ തുടങ്ങി തിരിച്ചുകയറാനാകാത്ത ദുരിതഗർത്തങ്ങളിലേക്ക് പതിക്കുകയും ജീവിതംതന്നെ ഇല്ലാതാകുകയും ചെയ്യുന്ന സന്ദർഭങ്ങൾ ഉണ്ടാകരുത്. ആഗോളതലത്തിൽത്തന്നെ നിരവധി പ്രതിഷേധങ്ങളും ബോധവൽക്കരണവും നടക്കുമ്പോഴും ലഹരി എന്ന വൻ വിപത്ത് പുതിയ രൂപങ്ങളും രീതികളും സ്വീകരിച്ച് സമൂഹത്തെ അപകടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അതിനെ മറികടക്കാനാകണം.

ലഹരി ഉപയോഗത്തിനെതിരായുള്ള പ്രവർത്തനങ്ങൾ ഫലവത്താകണമെങ്കിൽ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ആവശ്യമാണ്.  ഒരു സാമൂഹ്യ പ്രതിരോധനിര ഉയർന്നുവന്നാലേ ലഹരിമുക്തമായ സമൂഹം കെട്ടിപ്പടുക്കാൻ കഴിയൂ. ഇതിനായി വാർഡ്തലത്തിൽ വിമുക്തി ജാഗ്രതാ സമിതികൾ രൂപീകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ എല്ലാ വാർഡിലും കൗൺസിലർമാരുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന ജാഗ്രതാ സമിതികൾ ലഹരിവിരുദ്ധ ജനകീയ കൂട്ടായ്മയായി മാറണം. അതത് വാർഡ് പ്രദേശത്തെ ഒഴിഞ്ഞ പുരയിടങ്ങളിലും കെട്ടിടങ്ങളിലും മറ്റും തമ്പടിച്ച് ലഹരി ഉപയോഗിക്കുന്ന സംഘങ്ങളുണ്ടെങ്കിൽ അവരെ കണ്ടെത്തുകയും അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പുവരുത്താനുള്ള ഇടപെടലുകൾ വളർത്തിക്കൊണ്ടുവരും.

ലഹരി ഉപയോഗത്തിനെതിരായ അന്തിമ വിജയം ശ്രമകരമായ ദൗത്യമാണ്. എന്നാൽ, നാം അതിനായി ഓരോ നിമിഷവും പ്രവർത്തിക്കേണ്ടതുണ്ട്. സംഘടിതമായ ഇടപെടലിലൂടെ മാത്രമേ നമുക്ക് അത് സാധ്യമാകുകയുള്ളൂ. ലഹരിവിമുക്തമായ സമൂഹത്തിനായി പോരാടുകയും ലഹരി സൃഷ്ടിക്കുന്ന ശാരീരികവും മാനസികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് നിരന്തമായ ബോധവൽക്കരണം നടത്തുകയുമാണ് നാം ഏവരുടെയും ഏറ്റവും അടിയന്തരമായ കർത്തവ്യം.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top