23 March Saturday

എസ്എസ്എ വിഹിതം വെട്ടിക്കുറച്ചത്‌ അനീതി

സി രവീന്ദ്രനാഥ് (വിദ്യാഭ്യാസ മന്ത്രി)Updated: Friday Aug 10, 2018


സ്കൂൾവിദ്യാഭ്യാസ രംഗത്തെ സർവശിക്ഷാ അഭിയാൻ (എസ്എസ്എ), രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (ആർഎംഎസ്എ) എന്നീ പ്രോജക്ടുകൾ ഏകോപിപ്പിച്ച്, പ്രീപ്രൈമറിമുതൽ 12 വരെയുള്ള ക്ലാസുകളെ ലക്ഷ്യംവച്ച് സമഗ്ര ശിക്ഷാ പദ്ധതിയാണ് കേന്ദ്രസർക്കാർ ഈ ഏപ്രിൽമുതൽ നടപ്പാക്കുന്നത്. കേന്ദ്ര മാനവവിഭവശേഷിവകുപ്പിന്റെ അറിയിപ്പുപ്രകാരം കേരളത്തിന് അനുവദിച്ചിരിക്കുന്നത് 206.06 കോടി രൂപയാണ്. ഏതാണ്ട് 31,000 കോടി രൂപ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്ക് വീതിച്ചുനല്കിയപ്പോൾ പ്രസ്തുത തുകയുടെ 0.67 ശതമാനം തുകമാത്രമാണ് കേരളത്തിന് അനുവദിച്ചത്‌. കേരളത്തിലെ കുട്ടികളോടും വിദ്യാസമ്പന്നസമൂഹത്തോടും കേന്ദ്രസർക്കാർ കാട്ടുന്ന അവജ്ഞയുടെയും അവഗണനയുടെയും തുടർച്ചയാണിത്.

2018 മാർച്ചിൽ പ്രൈമറിമുതൽ ഹയർ സെക്കൻഡറിവരെ ഏകോപിതമായി അധ്യാപകപരിശീലനമടക്കം ഉൾച്ചേർത്തുള്ള പദ്ധതി സമർപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ, സംസ്ഥാന സർക്കാർ 1941 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചിരുന്നു. ഇങ്ങനെ അംഗീകരിക്കപ്പെടുന്ന പദ്ധതിയുടെ 60 ശതമാനം കേന്ദ്രസർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരും വഹിക്കണമെന്നതാണ് വ്യവസ്ഥ. അതിനിടെ സംസ്ഥാനങ്ങൾക്ക് അനുവദിക്കാവുന്ന തുകസംബന്ധിച്ച് കേന്ദ്രസർക്കാർ അയച്ച കത്തുപ്രകാരം കേരളത്തിന്റെ വിഹിതം 413.43 കോടി രൂപയായിരുന്നു. കേരളത്തിൽനിന്ന‌് വിദ്യാഭ്യാസവകുപ്പ്  ഇതുസംബന്ധിച്ച് നിവേദനം നല്കിയതിന്റെ ഫലമായി അനുവദിച്ച വിഹിതത്തിൽ നാമമാത്ര വർധന വരുത്താൻ തയ്യാറായി. തുടർന്ന് പ്രോജക്ട് അപ്രൂവൽ ബോർഡ് 437.64 കോടി രൂപയുടെ പദ്ധതി തത്വത്തിൽ അംഗീകരിക്കുകയും അതിൻപ്രകാരം കേരളത്തിന്റെ ആകെ പദ്ധതി 729.40 കോടി രൂപയുടേതായി നിജപ്പെടുത്തുകയും ചെയ്തു.

സാമ്പത്തിക വിതരണത്തിന്റെ മാനദണ്ഡം ജനസംഖ്യ അടിസ്ഥാനപ്പെടുത്തിയാണെങ്കിൽ കേരളത്തിന് 900 കോടി രൂപയുടെ കേന്ദ്രവിഹിതം ലഭിക്കേണ്ടതായിരുന്നു. സംസ്ഥാനവിഹിതമടക്കം 1500 കോടിയിലധികം അടങ്കൽ വരുന്ന തുക ഉപയോഗിച്ച് നമുക്ക് അർഹതപ്പെട്ട പദ്ധതി നടപ്പാക്കാമായിരുന്നു. ഇതാണ് കേന്ദ്രവിഹിതം 206 കോടി രൂപമാത്രം നല്കുകവഴി 343.34 കോടി രൂപയുടെ പദ്ധതിയായി പരിമിതപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രവിഹിതത്തിന് കാത്തിരിക്കാതെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷയുടെ നേതൃത്വത്തിൽ അധ്യാപകപരിശീലനങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. ഹലോ ഇംഗ്ലീഷ് പദ്ധതി ആരംഭിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള റിസോഴ്സ് ടീച്ചർമാരെ നിയമിച്ചു.

കഴിഞ്ഞവർഷങ്ങളിൽ കലാകായിക പ്രവൃത്തിപരിചയ വിഭാഗത്തിലെ സ്പെഷ്യലിസ്റ്റ് അധ്യാപകർക്ക് 25,200 രൂപ പ്രതിമാസവേതനം നല്കിയപ്പോൾ ഈ വർഷം അത് കേവലം 7000 രൂപയായി വെട്ടിക്കുറച്ചു. അതിൽതന്നെ കേന്ദ്രവിഹിതം 4200 രൂപമാത്രമാണ്. എങ്കിലും സംസ്ഥാന സർക്കാർ വിഹിതമായ 2800നോടൊപ്പം, 7000 രൂപകൂടി അധികമായി അനുവദിച്ച് വേതനം 14,000 രൂപയായി വർധിപ്പിച്ചിരിക്കുകയാണ്. അതായത് ഓരോ സ്പെഷ്യലിസ്റ്റ് അധ്യാപകനും കേന്ദ്രം 4200 രൂപമാത്രം അനുവദിക്കുമ്പോൾ, സംസ്ഥാനം 9800 രൂപയാണ് അധികമായി വഹിക്കുന്നത്. അങ്ങനെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്ന ഘട്ടത്തിലാണ് കേവലം രാഷ്ട്രീയകാരണങ്ങളാൽ തുക വെട്ടിക്കുറച്ചത്. ബിഹാർ, അസം, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് അനുവദിച്ചതിലധികം തുക അവർക്ക് നല്കുകയും തമിഴ്നാട്, ഉത്തർപ്രദേശ് തുടങ്ങി കേന്ദ്രസർക്കാരിന് താൽപ്പര്യമുള്ള സംസ്ഥാനങ്ങൾക്ക് നാമമാത്രമായ കുറവുവരുത്തിയപ്പോൾ കേരളത്തിന്റെ പദ്ധതിത്തുക പകുതിയിലേറെ വെട്ടിക്കുറച്ചു.

പ്രാഥമികവിദ്യാഭ്യാസം സാർവത്രികമാക്കാൻ ദേശീയതലത്തിൽ ഇപ്പോഴും ശ്രമിക്കുമ്പോൾ 12‐ാംക്ലാസുവരെ സാർവത്രിക വിദ്യാഭ്യാസം എന്ന നേട്ടത്തിന്റെ പടിവാതില്ക്കൽ നില്ക്കുന്ന കേരളത്തിന്റെ നേട്ടങ്ങളെ കേന്ദ്രസർക്കാർ ബോധപൂർവം തമസ്കരിക്കുകയാണ്. ആസൂത്രണം ചെയ്ത പ്രവർത്തനങ്ങളെല്ലാം നടപ്പാക്കി. നീതിയും തുല്യതയും ജനാധിപത്യവും മതനിരപേക്ഷതയും ഉറപ്പാക്കുന്ന ഗുണമേന്മാവിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും പ്രദാനം ചെയ്യാൻ നാം ഏറ്റെടുത്ത പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഫലപ്രാപ്തിയിലെത്തിക്കുന്നതിന് കേന്ദ്രസർക്കാരിന്റെ ഇത്തരം തെറ്റായ നടപടികൾ തടസ്സം സൃഷ്ടിക്കും.

 

പ്രധാന വാർത്തകൾ
 Top