20 October Tuesday

വിദ്യാഭ്യാസ സാങ്കേതികവിദ്യയും സാധ്യതകളും - ഡോ. വിവേക്‌ പി എഴുതുന്നു

ഡോ. വിവേക്‌ പിUpdated: Saturday Aug 22, 2020

വിദ്യാഭ്യാസത്തിന്റെ ക്രിയാത്മകമായ വളർച്ചയ്ക്ക് സാങ്കേതികവിദ്യയെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന അന്വേഷണത്തിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ഇന്റർനെറ്റ് കടന്നുവരുന്നത് ഈ അന്വേഷണത്തെ ത്വരിതപ്പെടുത്തുകയും ഒരു പ്രത്യേക പഠനശാഖയായി വിദ്യാഭ്യാസ സാങ്കേതികവിദ്യ വളർന്നുവരികയുംചെയ്തു. ലോകത്താകമാനവും ഇന്ത്യയിലെ പല പ്രമുഖ സ്ഥാപനങ്ങളും ഈ വിഷയത്തിൽ പഠനഗവേഷണ പ്രവർത്തനങ്ങൾ ഊർജിതമായി നടത്തിവരുന്നു.

അധ്യാപന പഠനപ്രക്രിയയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കാനും സാങ്കേതികവിദ്യയെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നുള്ള പഠനവും അതിനുതകുന്ന ഹാർഡ്‌വെയർ –-സോഫ്റ്റ്‌വെയർ ഉൽപ്പന്നങ്ങളുടെ നിർമാണവുമാണ് ഈ മേഖല കൈകാര്യം ചെയ്യുന്നത്. കണക്കുകൂട്ടലുകൾക്ക് സഹായിക്കുന്ന അബാക്കസിൽ തുടങ്ങി സ്ലൈഡ് പ്രൊജക്ടർ, ഇ ലേർണിങ് പ്ലാറ്റ്ഫോമുകൾ, ടൂളുകൾ തുടങ്ങി നിർമിതബുദ്ധിയിൽ അധിഷ്ഠിതമായ ഇ ലേണിങ് പ്ലാറ്റ്ഫോമുകളിൽ എത്തിനിൽക്കുന്നു എഡ്യൂക്കേഷൻ ടെക്നോളജിയുടെ വളർച്ച. എഡ്യൂക്കേഷൻ, സൈക്കോളജി, സോഷ്യോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കംപ്യൂട്ടർസയൻസ്‌ തുടങ്ങി വ്യത്യസ്ത ധാരയിലുള്ളവർ ഈ മേഖലയിൽ ഒരുമിച്ച് പ്രവർത്തിക്കുന്നു.

ഇ ലേണിങ്
ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പ്രത്യേകിച്ച് ഇന്റർനെറ്റിന്റെ സഹായത്തോടെയുള്ള പഠനമാണ് ഇ ലേണിങ്. ഇത്തരം സാങ്കേതികവിദ്യകൾ കേരളത്തിൽ നേരത്തേ ഉപയോഗത്തിൽ ഉണ്ടായിരുന്നെങ്കിലും കോവിഡ്മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഇതിന്റെ ഉപയോഗം വ്യാപകമാകുകയും സാധ്യതകൾ വലിയ രൂപത്തിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നത്. റേഡിയോകൾ, ടെലിവിഷനുകൾ, യൂ ട്യൂബും വാട്സാപ്പും പോലുള്ള സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ, വെബ്പോർട്ടലുകൾ തുടങ്ങിയവയാണ് ഭൂരിഭാഗം രാജ്യങ്ങളും ഉപയോഗിക്കുന്നത്. എന്നാൽ, ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇതുമാത്രം മതിയാകില്ല. പഠനത്തോടൊപ്പംതന്നെ വിദ്യാർഥിയെ വിലയിരുത്തിപ്പോകുന്ന രീതിയും  ഇന്റേണൽ മാർക്കുമുണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയിൽ. ഇത്തരം സാഹചര്യത്തെ കൈകാര്യംചെയ്യാൻ സഹായിക്കുന്ന സാങ്കേതിക ഉപാധിയാണ്‌ ലേണിങ് മാനേജ്മെന്റ്‌ സിസ്റ്റങ്ങൾ.


 

ലേണിങ് മാനേജ്മെന്റ്‌ സിസ്റ്റം
1990കളോടുകൂടി ഇ ലേണിങ്ങിൽനിന്ന് ഉരുത്തിരിഞ്ഞുവന്ന ആശയമാണ്‌  ലേണിങ് മാനേജ്മെന്റ്‌ സിസ്റ്റം.  വ്യത്യസ്തങ്ങളായ പഠന സാമഗ്രികൾ ചിട്ടയായി പഠിതാക്കൾക്ക്‌ ലഭ്യമാക്കുന്നതിനൊപ്പം അവരുടെ പ്രകടനം വിലയിരുത്തുന്നതിനും അത് റിപ്പോർട്ട്ചെയ്യുകയും ചെയ്യുന്നതിന് സഹായിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് എൽഎംഎസുകൾ.

ഇ ബുക്കുകൾ, ടെക്സ്റ്റുകൾ, ഓഡിയോ വീഡിയോ ഫയലുകൾ, സംവേദനാത്മകമായ ഉള്ളടക്കങ്ങൾ (ഇന്ററാക്റ്റീവ് കണ്ടന്റ്‌) തുടങ്ങി ഡിജിറ്റൽ രൂപത്തിലുള്ള ഏത് പഠന സാമഗ്രികളും ഇതിലൂടെ ലഭ്യമാക്കാൻ കഴിയും. ഒറ്റയ്ക്കും കൂട്ടമായും ചെയ്യേണ്ട അസൈൻമെന്റുകൾ, ഓൺലൈൻ എക്സാമുകൾ, സർവേ, വർക്ക്ഷോപ് തുടങ്ങി വ്യത്യസ്ത പ്രായോഗിക പ്രവർത്തനങ്ങൾ ഈ പ്ലാറ്റ്ഫോമുകളിൽ ചെയ്യാൻ സാധിക്കും. ഓരോ വിദ്യാർഥിയും എത്ര പ്രവർത്തനങ്ങൾ പൂർത്തീകരിച്ചുവെന്നും അതിൽ ഓരോന്നിലും എത്രസമയം ചെലവഴിച്ചു എന്നതടക്കമുള്ള വ്യത്യസ്ത വിവരങ്ങൾ അധ്യാപകന് ലഭ്യമാകും. മൂണ്ടിൽ, ഓപ്പൺ എഡെക്സ്, ക്യാൻവാസ്‌ തുടങ്ങി ധാരാളം സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ലഭ്യമാണ്. അവയിൽ ചില സർവകലാശാലകളുടെ ഗവേഷണ പദ്ധതികളുടെ ഉൽപ്പന്നങ്ങളുമാണ്. ക്ലൗഡ്‌ സാങ്കേതികവിദ്യ ഉപയോഗിച്ചും അല്ലാതെയും എൽഎംഎസുകൾ പ്രവർത്തന യോഗ്യമാണ്.


 

ദ്രുതഗതിയിലുള്ള വളർച്ചയാണ് ഈ മേഖലയിൽ ലോകത്താകമാനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതു മുന്നിൽക്കണ്ട് ധാരാളം വ്യവസായസംരംഭങ്ങൾ ആരംഭിച്ചുകഴിഞ്ഞു. സംയോജിത പഠനപ്രവർത്തനങ്ങൾ സാധ്യമാക്കുന്ന കൊളാബറേറ്റീവ് പ്ലാറ്റ്ഫോമുകൾ, വെർച്വൽ റിയാലിറ്റി ക്ലാസ് മുറികൾ, നിർമിത ബുദ്ധിയിലധിഷ്ഠിതമായ സംവേദനാത്മക ടൂളുകൾ, ഡാറ്റ മാനേജ്മെന്റ്‌ ആൻഡ്‌ അനലറ്റിക്സ് തുടങ്ങിയവ ഈ പഠനശാഖയിലെ സജീവ ഗവേഷണമേഖലകളാണ്.

ലോകവിപണിയിലെ സാധ്യതകൾ മുന്നിൽക്കണ്ട് ധാരാളം സംരംഭകർ വരുന്നുണ്ട്‌. മലയാളത്തിലടക്കം ലളിതമായി കണ്ടന്റുകൾ നിർമിക്കാൻ സഹായിക്കുന്ന ഒരു സംവിധാനം അധ്യാപകർക്ക്‌ ലഭ്യമാക്കണം. അതുപോലെ ചില ഉള്ളടക്കങ്ങൾ കൂട്ടായ പ്രവർത്തനത്തിലൂടെ നിർമിക്കപ്പെട്ടു വരേണ്ടതാണ്. ഇത്തരം പ്രവർത്തനങ്ങളെ സുഗമമാക്കുന്ന പ്ലാറ്റ്ഫോമുകൾ ഇതിനൊപ്പം ലഭ്യമാക്കണം.

അധ്യാപകന് ബദലാകാനല്ല സഹായിയാണ് സാങ്കേതികവിദ്യ. അധ്യാപകനെ കേന്ദ്ര സ്ഥാനത്തുനിർത്തി അധ്യയനത്തെ കൂടുതൽ സർഗാത്മകവും ക്രിയാത്മകവുമാക്കി മാറ്റുകയെന്ന രീതിശാസ്ത്രമാണ് വിദ്യാഭ്യാസ സാങ്കേതികവിദ്യകൾ പിന്തുടരുന്നത്.

(കലിക്കറ്റ് സർവകലാശാല കംപ്യൂട്ടർസയൻസ് വിഭാഗം അസിസ്റ്റന്റ്‌ പ്രൊഫസറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top