30 May Saturday

പണപ്പെരുപ്പവും അഴിയാക്കുരുക്കുകളും

ജോർജ്‌ ജോസഫ്‌Updated: Wednesday Feb 5, 2020

ഏറെ സങ്കീർണവും വിഷമകരവുമായ ഒരു ഘട്ടത്തിലേക്ക് സാമ്പത്തിക മാന്ദ്യത്തിലമർന്ന ഇന്ത്യ നീങ്ങുകയാണ്.  സാമ്പത്തിക ചരിത്രത്തിൽ അപൂർവമായി പ്രകടമാകുന്ന സ്റ്റാഗ്ഫ്ളേഷൻ എന്ന പ്രതിസന്ധിയിലേക്ക് ഇന്ത്യ കടക്കുന്നുവെന്ന ആശങ്ക പ്രമുഖ സാമ്പത്തിക വിദഗ്ധരും  സാമ്പത്തികവിശകലന  ഏജൻസികളും പങ്കുവയ്‌ക്കുകയാണ്. ചില്ലറവിലയെ ആധാരമാക്കിയുള്ള പണപ്പെരുപ്പനിരക്ക് 7.35 ശതമാനം എന്ന വളരെ ഉയർന്ന നിരക്കിലെത്തിയതോടെയാണ്  ഈ ഗുരുതര പ്രതിസന്ധി നേരിടുന്നത്. സാമ്പത്തിക പ്രവർത്തനങ്ങൾ പ്രത്യേകിച്ച്,  ഡിമാൻഡ് മരവിക്കുകയും പണപ്പെരുപ്പവും വിലക്കയറ്റവും രൂക്ഷമാകുകയും ചെയ്യുന്ന  ഇത്തരം ഒരു അവസ്ഥയെക്കുറിച്ച് നവംബറിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് മുന്നറിയിപ്പ് നൽകിയിരുന്നു. മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് 2.59 ശതമാനത്തിലേക്ക് ഉയർന്നിട്ടുണ്ട്. 2019 മേയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

സാമ്പത്തികാവസ്ഥയുടെ നേർചിത്രം
എന്നാൽ പണപ്പെരുപ്പനിരക്ക് ഉയർന്നത് താൽക്കാലികമാണെന്നും സ്റ്റാഗ്ഫ്ളേഷൻ എന്ന അവസ്ഥയിലേക്ക് ഇന്ത്യ കടക്കില്ലെന്ന് വാദിക്കുന്ന വിദഗ്ധരുമുണ്ട്. പക്ഷേ പ്രശ്നം പണപ്പെരുപ്പനിരക്ക് കൂടുന്നത് ഒരു താൽക്കാലിക അവസ്ഥയല്ല എന്നതാണ്. ഈ വർഷത്തിന്റെ തുടക്കത്തിൽ, ജനുവരിയിൽ,  ചില്ലറവില നിരക്ക് 1 .97ശതമാനം മാത്രമായിരുന്നു. ഓരോ മാസവും ഇത് ക്രമമായി വർധിക്കുന്നത് പട്ടികയിൽനിന്ന് വ്യക്തമാണ്. സമീപകാലത്തെ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം പണപ്പെരുപ്പം   രൂക്ഷമാക്കിയെന്ന് വാദിക്കാമെങ്കിലും  സാമ്പത്തിക സ്ഥിതി നേരിടുന്ന ദുർഘടാവസ്ഥയുടെ നേർചിത്രം ഇത് വ്യക്തമാക്കുന്നുണ്ട്.

നിലവിലെ സാമ്പത്തികമാന്ദ്യം മറികടക്കുന്നതിന് വളരെ പ്രതികൂലമാണ് ഉയർന്ന പണപ്പെരുപ്പം എന്നതാണ് പ്രധാന വസ്തുത. നടപ്പ് സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പനിരക്ക് രണ്ട്‌ ശതമാനത്തിനും ആറ് ശതമാനത്തിനും ഇടയിൽ ക്രമീകരിക്കണമെന്നതാണ് റിസർവ്ബാങ്കിന്റെ ലക്ഷ്യം. നാല്‌ ശതമാനമാണ് നിലവിലെ സാമ്പത്തികസാഹചര്യത്തിൽ ഏറ്റവും കരണീയമായത് എന്നും കണക്കുകൂട്ടുന്നു. എന്നാൽ ഇതിന്റെ ഏതാണ്ട് ഇരട്ടിയോളമാണ് ഇപ്പോൾ പണപ്പെരുപ്പം എന്നതാണ് പരിഹാര പ്രക്രിയകളെ സങ്കീർണമാക്കുന്നത്.

ചെറുകിട -ഇടത്തരം വ്യവസായനിക്ഷേപം ഉയരേണ്ടതും വായ്പയായി പണം മാർക്കറ്റുകളിലേക്ക് ഒഴുകേണ്ടതും ഡിമാന്റിനെ ത്വരിതപ്പെടുത്തുന്നതിന് സഹായകമാണ്. അതുകൊണ്ട് സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കുന്നതിന് പലിശ നിരക്കുകൾ കുറഞ്ഞു നിൽക്കേണ്ടത് ഏറെ അത്യാവശ്യവുമാണ്. സമീപകാലത്തെ വായ്പാനയ അവലോകനങ്ങളിൽ പലിശ കുറച്ചുകൊണ്ട് വരുന്നതിനാണ് റിസർവ്ബാങ്ക് കൂടുതൽ ഊന്നൽ നൽകിയിരുന്നത്. എന്നാൽ പണപ്പെരുപ്പനിരക്കിലെ പ്രകടമായ വർധനമൂലം ഡിസംബറിലെ വായ്പാനയത്തിൽ അടിസ്ഥാന പലിശ നിരക്കുകളായ റിപോ, റിവേഴ്‌സ് റിപോ നിരക്കുകളിൽ മാറ്റം വരുത്താൻ ധനനയസമിതി തയ്യാറായില്ല.  അതിനുമുമ്പ്‌ തുടർച്ചയായ അഞ്ചുതവണകളിൽ റിപോ നിരക്ക് 1.35 ശതമാനംകണ്ട് കുറച്ചിരുന്നു. ഇപ്പോൾ രണ്ടുരീതിയിലുള്ള പണപ്പെരുപ്പവും കൂടുതൽ  ഉയർന്ന സാഹചര്യത്തിൽ പലിശനിരക്കുകൾ കുറയ്ക്കാനുള്ള റൂം റിസർവ് ബാങ്കിന് മുന്നിൽ ഇല്ല എന്നതാണ് വസ്തുത. അതുകൊണ്ട് അടുത്ത അവലോകനത്തിലും ആർബിഐ ‘ന്യൂട്രൽ’ എന്ന നിലപാടിലേക്ക് പോകും എന്നാണ് സാമ്പത്തികമേഖലയിൽനിന്ന് ലഭിക്കുന്ന സൂചനകൾ. പലിശനിരക്കുകൾ കുറയില്ല എന്നർഥം.  ഇതാണ് സാമ്പത്തികമാന്ദ്യത്തെ കൂടുതൽ രൂക്ഷമാക്കുന്നതും സ്റ്റാഗ്ഫ്ളേഷന്റെ നിഴലിലേക്ക് നീങ്ങുന്നതിനും വഴിതുറക്കുന്ന ഒരു നിർണായക ഘടകം.

നീങ്ങുന്നത്‌ അതിസങ്കീർണതകളിലേക്ക്
ഈ മാസം നാലുമുതൽ നടന്നുവരുന്ന വായ്പാനയ അവലോകന യോഗത്തിൽ പലിശനിരക്കിൽ മാറ്റമില്ലെന്ന് തീരുമാനിക്കാനാണ് കൂടുതൽ സാധ്യത. വായ്പാനയത്തിന്റെ ഭാഗമായുള്ള തീരുമാനങ്ങൾ റിസർവ്ബാങ്ക് വ്യാഴാഴ്ച പ്രഖ്യാപിക്കുകയാണ്. ജിഡിപി വളർച്ചനിരക്ക് താഴുന്നതും വിപണികൾ ശുഷ്കമാകുന്നതുംമൂലം മറിച്ചൊരു തീരുമാനത്തിന് സാധ്യത കുറവാണ്. എന്നാൽ പ്രശ്നം അതല്ല, പണപ്പെരുപ്പനിരക്ക് ഇനിയും ഉയരുന്നതായാൽ ആർബിഐ കൂടുതൽ സമ്മർദത്തിലാകും. അത് എട്ടുശതമാനത്തിന് മുകളിലേക്ക് കയറിയാൽ പലിശനിരക്ക് കൂട്ടേണ്ട സന്ദിഗ്‌ധാവസ്ഥ സംജാതമാകും. കാരണം, പണപ്പെരുപ്പം കൂടുന്ന അവസ്ഥയിൽ പലിശ നിരക്ക് ഉയർത്താതെ തരമില്ല. ഇത്തരം ഘട്ടത്തിൽ വിപണിയിലേക്കുള്ള പണത്തിന്റെ ഒഴുക്ക് കുറയ്ക്കുക എന്നതാണ് കേന്ദ്രബാങ്കിന് ചെയ്യാനുള്ള ഏക കർത്തവ്യം.

അതല്ലെങ്കിൽ രൂപയുടെ മൂല്യശോഷണം, കൂടുതൽ വിലക്കയറ്റം, പണപ്പെരുപ്പം തുടങ്ങിയ അതിസങ്കീർണതകളിലേക്ക് കാര്യങ്ങൾ നീങ്ങും. അതുകൊണ്ട് നിലവിലെ സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിന്  പലിശ നിരക്ക് താഴ്‌ത്തി സാമ്പത്തിക വ്യവസ്ഥയ്‌ക്ക് ഉത്തേജനം പകരാനുള്ള ശ്രമങ്ങൾക്ക് താൽക്കാലികമായെങ്കിലും വിരാമം വേണ്ടി വരും. ഇത് എട്ടുകാലി വലയിൽപ്പെട്ടത് പോലുള്ള ഒരു സ്ഥിതിയാണ് ഉണ്ടാക്കുക. പലിശനിരക്ക് കുറച്ചാൽ മാത്രമേ വ്യവസായ , വാണിജ്യ മേഖലകളിലെ  നിക്ഷേപം ഉയർത്താൻ കഴിയുകയുള്ളു.  ഇതാണ് നിലവിൽ ഇന്ത്യൻ സാമ്പത്തികരംഗം നേരിടുന്ന വൈതരണി. അതുകൊണ്ടാണ് പ്രതിസന്ധി സ്റ്റാഗ്ഫ്ലേഷനായി മാറുന്നുവെന്ന് ഒരു വിഭാഗം വിദഗ്‌ധർ വിലയിരുത്തുന്നതിന്റെ അടിസ്ഥാനകാരണം . 

ഡിമാൻഡിലെ മരവിപ്പ്മൂലം ബാങ്കുകളിൽനിന്നും വായ്പയെടുക്കുന്നതിന്റെ തോത് കുറയുന്ന പ്രവണതയാണ് ഏതാനും വർഷങ്ങളായി കാണുന്നത്. വൻകിട വ്യവസായങ്ങളുടെയും  ഇടത്തരം വ്യവസായങ്ങളുടെയും കാര്യത്തിൽ ക്രെഡിറ്റ് ഓഫ് ടേക്കിലെ വളർച്ച അഞ്ചുശതമാനത്തിൽ താഴെയാണ്. മൈക്രോ, സ്‌മോൾ യൂണിറ്റുകളുടെ കാര്യത്തിൽ നെഗറ്റീവ് വളർച്ചയാണ് കഴിഞ്ഞവർഷം പ്രകടമായത്. സർവീസ്‌ മേഖലയിലാണ് അഞ്ചുശതമാനത്തിന് മുകളിൽ വളർച്ച രേഖപ്പെടുത്തിയത്. 2019  ഒക്ടോബറിൽ 6.5 ശതമാനമാണ് ഈ മേഖലയുടെ വായ്പാതോതിൽ രേഖപ്പെടുത്തിയ വളർച്ച. 2018 ഒക്ടോബറിൽ ഇത് 27 .4 ശതമാനമായിരുന്നു എന്നോർക്കണം.  റീട്ടെയിൽ വായ്പ ഉൾപ്പെടെ  എല്ലാ മേഖലയിലും വായ്പയെടുക്കുന്നതിൽ വലിയ തോതിലുള്ള ഇടിവുണ്ട്. പ്രതികൂലസാമ്പത്തിക സാഹചര്യമാണ് ഇതിന് കാരണം. കൂടുതൽ വായ്പയെടുത്ത് സംരംഭങ്ങൾ തുടങ്ങാനോ  ഉള്ളത് വിപുലീകരിക്കാനോ കഴിയാത്ത സാഹചര്യം, പൊതുവെ ഭയം നിറയുന്ന സ്ഥിതി - ഇതെല്ലാം നിക്ഷേപകരെ പണം മുടക്കുന്നതിൽനിന്ന്  അകറ്റുന്നു. അതുകൊണ്ടാണ് പലിശ കാര്യമായി കുറച്ചിട്ടും സ്ഥിതി മെച്ചപ്പെടാതിരിക്കുന്നത്.

ഫണ്ട് സമാഹരണത്തിന് വൻകിട കോർപറേറ്റുകൾ മൂലധന വിപണിയെ, പ്രത്യേകിച്ച് നോൺ കൺവെർട്ടിബിൾ ഡിബഞ്ചറുകളെയാണ്  കൂടുതൽ ആശ്രയിച്ചതെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ഈ അവസ്ഥയിലാണ് പലിശ കുറയ്ക്കാൻ  ഒട്ടും അനുകൂലമല്ലാത്ത വിധത്തിൽ പണപ്പെരുപ്പം രൂക്ഷമായിരിക്കുന്നത്. അതുകൊണ്ട്  സാമ്പത്തികസ്ഥിതിയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ കൂടുതൽ സങ്കീർണവും ദുർഘടവുമാവുകയാണ്. അഴിക്കുന്തോറും കൂടുതൽ കുരുക്കാകുന്ന ഒരു  ഏടാകൂടം എന്ന് വിശേഷിപ്പിക്കാം. പലിശ നിരക്കുകൾ കൂട്ടേണ്ട വിധത്തിൽ പണപ്പെരുപ്പം പെരുകിയാൽ   സാമ്പത്തികമാന്ദ്യം സ്റ്റാഗ്ഫ്ളേഷൻ എന്ന അവസ്ഥയിലേക്ക് വഴിമാറുമെന്നത് ഉറപ്പാണ്. മറിച്ചാവട്ടെ എന്ന് ആശിക്കാം എന്ന് മാത്രം.


പ്രധാന വാർത്തകൾ
 Top