15 January Friday

അതിർത്തിയിൽ സംഭവിക്കുന്നത്‌

ഡോ. പ്രമോദ്‌ സി ആർUpdated: Saturday Jul 4, 2020

ഇന്ത്യ–-ചൈന അതിർത്തിയിലെ പ്രശ്‌നങ്ങളെ ഇന്ത്യയിൽ ചർച്ച ചെയ്യുന്നതിൽ ‘മനസ്സിലാക്കാൻ സാധിക്കാത്ത’ ചൈനീസ്‌ രീതികൾ; എപ്പോൾ വേണമെങ്കിലും ‘ചതിക്കാൻ’ സാധ്യതയുള്ള ചൈന എന്നിവയിൽ ഒതുങ്ങുന്നു. ഇതിനായി 1962ലെ യുദ്ധം ഒരു പ്രധാന സംഭവമായി പരാമർശിക്കപ്പെടുന്നു.1962ലെ ചരിത്രസംഭവത്തിന്റെയും അതിന്റെ മുന്നോടിയായിട്ടുള്ള ചൈനീസ്‌ നയതന്ത്ര ശ്രമങ്ങളുടെയും രേഖകൾ നമുക്ക്‌ ഇന്ന്‌ ലഭ്യമാണ്‌. ഇതിൽ അതിർത്തി പ്രശ്‌നത്തെ എങ്ങനെ കാണുന്നുവെന്ന്‌ മനസ്സ്‌ തുറക്കുന്ന ചൈനയെ നമുക്ക്‌ കാണാം‌. യഥാർഥ നിയന്ത്രണരേഖയെന്ന ആശയത്തോട്‌ നയതന്ത്രപരമായി കൃത്യമായി പ്രതികരിക്കാൻ നെഹ്‌റുവിന്‌ സാധിച്ചിട്ടുണ്ടോ എന്ന്‌ സംശയം നിലനിൽക്കുന്നുണ്ട്‌. പിന്നീട്‌ 1990കളിലാണ്‌ എൽഎസി ഇന്ത്യ–-ചൈന അതിർത്തിത്തർക്കത്തിൽ ഒരു യുക്‌തിസഹമായ‌ ആശയമായി മാറുന്നത്‌. ചരിത്രം ആവർത്തിക്കുന്ന രീതിയായിട്ടാണ്‌ ലഡാക്കുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളെ ഇന്ന്‌ നമുക്ക്‌ കാണാൻ സാധിക്കുന്നത്‌.

രാഷ്‌ട്രീയ നേതൃത്വത്തിൽ ഇന്ത്യയിൽ വലിയ മാറ്റങ്ങൾ വന്നെങ്കിലും ചൈനയുമായി നയതന്ത്രപരമായി ഇടപെടാൻ നമ്മുടെ നേതൃത്വത്തിന്‌ സാധിക്കുന്നുണ്ടോ എന്നത്‌ സംശയകരമാണ്‌. ‘മനസ്സിലാക്കാൻ സാധിക്കാത്ത’ എന്നതിൽനിന്നും ‘മനസ്സിലാക്കാൻ ശ്രമിക്കാത്ത’ എന്നതിലേക്ക്‌ കാര്യങ്ങൾ മാറുന്നുണ്ടോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.ഇന്ത്യ–-ചൈന അതിർത്തികൾ മൂന്ന്‌ മേഖലയായി തിരിച്ച്‌ ചർച്ചകൾ തുടങ്ങിയിട്ട്‌ വർഷങ്ങളായി. ഇതിൽ പടിഞ്ഞാറൻ മേഖലയിലാണ്‌‌ ലഡാക്ക്‌. എൽഎസിയുമായി ബന്ധപ്പെട്ട്‌ തിബത്തിനെയും ലഡാക്കിനെയും വേർതിരിക്കുന്ന പ്രദേശം. 1962 മുമ്പേ ചർച്ചയ്‌ക്കു വരികയും 1962ൽ യുദ്ധത്തിനുശേഷം നിശ്ചയിക്കപ്പെടുകയും 1993ൽ രണ്ടു രാജ്യവും തമ്മിലുള്ള കരാറിലൂടെ എൽഎസി വ്യക്‌തമാക്കുകയും ചെയ്‌തിട്ടുള്ളതുമാണ്‌.


 

തുടർചർച്ചകൾ പ്രധാനം
പഴയ കരാർ‌ നിലനിൽക്കുമ്പോഴും രണ്ടു രാജ്യവും ചരിത്രപരമായ വ്യത്യസ്‌ത വാദമുഖങ്ങൾ അതിർത്തിയുമായി ബന്ധപ്പെട്ട്‌ നിലനിർത്തിയിരുന്നു. ഇന്ത്യൻ വാദം 1865ലെ ജോൺസൻ ലൈൻ ആണെങ്കിൽ ചൈനയുടെ വാദം 1899ലെ മക്കാർട്ട്‌നി–-മക്‌ ഡൊണാൾഡ്‌ ലൈൻ  ആയിരുന്നു. എൽഎസി കൂടുതൽ സ്വീകാര്യതയും യുക്‌തിഭദ്രതയും ലഭിക്കുന്നത്‌ 1993നുശേഷം, 1996ലെ ഇന്ത്യ–-ചൈന കരാറിലൂടെയാണ്‌. എന്നാൽ, ചരിത്രത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ടുള്ളതാണ്‌ ഈ കരാറെന്ന്‌ ഇരുകൂട്ടരും കരുതുന്നുമുണ്ട്‌. അതിനാൽ അവസാന അതിർത്തി പരിഹാരത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്നും കരുതുന്നു. അതുകൊണ്ടുതന്നെ തുടർ ചർച്ചകളിൽ ഏർപ്പെടുക എന്നതാണ്‌ അതിർത്തി പ്രശ്‌നം പരിഹരിക്കാനുള്ള ഏകമാർഗമെന്നും കരുതപ്പെടുന്നുണ്ടായിരുന്നു.

ഇത്തരം ചർച്ചയ്‌ക്കായി ഇന്ത്യയും ചൈനയും തുടങ്ങിവച്ച സംരംഭമാണ്‌ ‘പ്രത്യേക സ്ഥിരം പ്രതിനിധികളുടെ ചർച്ച.’ ചൈനീസ്‌ വിദേശ ഉപമന്ത്രിയും ഇന്ത്യയുടെ ഭാഗത്തുനിന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവും പങ്കെടുക്കുന്ന ചർച്ചയാണ്‌ അന്തിമ  പ്രശ്‌നപരിഹാരത്തിനായി ഇന്ന്‌ നിലനിൽക്കുന്ന സംവിധാനം. ഈ ചർച്ചകൾ വെറുമൊരു സാങ്കേതികത സംസാരിക്കാനുള്ള വേദി അല്ല. രാഷ്‌ട്രീയ നേതൃത്വവുമായി ചർച്ച ചെയ്‌ത്‌ പ്രശ്‌ന പരിഹാരം തയ്യാറാക്കാനുള്ള സാധ്യതകൾ ഉണ്ടെന്നും മനസ്സിലാക്കുന്നതിനാൽ ഈ ചർച്ചകൾ വളരെ പതുക്കെയാണ്‌ മുന്നോട്ടുപോകുന്നത്‌. എന്നാൽ, ‘പ്രത്യേക പ്രതിനിധികളുടെ ചർച്ച’യുടെ വലിയ വിജയമാണ്‌ 2005ലെ  കരാർ.

രണ്ടു രാജ്യത്തിന്റെയും പിന്നോട്ടുപോക്കാണ്‌  ഈ അതിർത്തി ചർച്ചയ്‌ക്ക്‌ അർഥമില്ലാതാക്കുന്നത്‌. വർധിച്ചുവരുന്ന അതിർത്തിപ്രശ്‌നങ്ങൾക്കും കാരണമിതാണ്‌. എൽഎസിക്ക്‌ വിലകൽപ്പിക്കേണ്ടതില്ലെന്നും 1865ൽ പരാമർശിക്കുന്ന പ്രദേശം പൂർണമായി ഇന്ത്യ പിടിച്ചടക്കുമെന്ന്‌ ഇന്ത്യൻ രാഷ്‌ട്രീയനേതൃത്വം 2019ൽ തെരഞ്ഞെടുപ്പു സമയത്ത്‌ ഉദ്‌ഘോഷിക്കുകയുണ്ടായി. ഇത്‌ നെഹ്‌റുവിന്‌ 1962ൽ പറ്റിയ പോലെയുള്ള ‘നയതന്ത്ര അബദ്ധ’മാണ്‌. ഈ രീതിയിൽ ഇന്ത്യക്ക്‌ അതിർത്തിപ്രശ്‌നം പരിഹരിക്കാൻ സാധിക്കുകയില്ല. ഇതിനു ബദലായി ചൈന 1899ലെ മക്കാർട്ട്‌നി–-മക്‌ ഡൊണാൾഡ്‌ ലൈൻവരെയുള്ള പ്രദേശം പിടിച്ചടക്കുമെന്ന്‌ പ്രഖ്യാപിക്കുന്നതോടെ, പ്രശ്‌നങ്ങൾ ഉണ്ടാകുക തന്നെ ചെയ്യും.


 

നേരത്തെയുള്ള മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ ആകാതിരിക്കാനുള്ള കാരണങ്ങളാണ്‌ യഥാർഥത്തിൽ ഇന്ന്‌ ചർച്ച ചെയ്യേണ്ടത്‌. ഇവയെ പ്രാധാന്യത്തോടെ തിരിച്ചു കൊണ്ടുവരാൻ സാധിക്കുന്നെങ്കിൽ മാത്രമേ അതിർത്തി പ്രശ്‌നത്തിന്‌ ശാശ്വതപരിഹാരം ഉണ്ടാകുകയുള്ളൂ.ചൈനയിൽ ഷി ജിൻപിങ്ങിന്റെ കമ്യൂണിസ്റ്റ്‌ പാർടിയിലെ നിയന്ത്രണവും ഭരണഘടന ഭേദഗതി ചെയ്‌ത്‌ പ്രസിഡന്റിന്റെ രണ്ട്‌ ടേമെന്ന നിബന്ധന എടുത്തുമാറ്റി ആജീവനാന്തം നേതൃത്വത്തിൽ തുടരാനുള്ള സാധ്യതയുണ്ടാക്കിയതും ചർച്ചയായിട്ടുണ്ട്‌.  ഇന്ത്യയുടെ കാര്യത്തിൽ വലതുപക്ഷ മതാധിഷ്‌ഠിത പ്രത്യയശാസ്‌ത്രത്തോടെ, ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പിന്റെ രാഷ്‌ട്രീയം വളർത്തിക്കൊണ്ടുവന്ന്‌ ഭരണം ഉറപ്പിച്ചു നിർത്തുന്ന‌  ഒരു രാഷ്‌ട്രീയനേതൃത്വം അധികാരത്തിൽ വരുന്നു. എൽഎസി യെ അംഗീകരിക്കുന്നില്ലെന്നും 1865ലെ സ്ഥിതി പുനഃസ്ഥാപിക്കുമെന്ന്‌ ബിജെപി നേതൃത്വം പ്രഖ്യാപിച്ചു. പിന്നീട്‌ ആർട്ടിക്കിൾ 370 വേണ്ടെന്ന്‌ വയ്‌ക്കുന്നതിന്റെ ഭാഗമായി ലഡാക്കിന്‌ കേന്ദ്രഭരണപ്രദേശത്തിന്റെ സ്വഭാവം കൊണ്ടുവരികയും ചെയ്യുന്നതോടെ അതിർത്തിപ്രശ്‌നത്തിൽ ഇന്ത്യ ഇതുവരെയുള്ള ധാരണകളെ അട്ടിമറിച്ചെന്ന്‌ ചൈന കരുതി.

സാമ്പത്തികമേഖലയുമായുള്ള ബന്ധം
എൽഎസി അംഗീകരിക്കാതെ പഴയ ചർച്ചകളിലേക്ക്‌ കൊണ്ടുവരിക വഴി ഇപ്പോഴുള്ള ഇന്ത്യൻ നേതൃത്വം, നിലനിൽക്കുന്ന നയതന്ത്രത്തിൽനിന്നും പിൻവാങ്ങുന്നുവെന്നാണ്‌ മനസ്സിലാക്കപ്പെടുക. ഇതുവഴി ‘പ്രത്യേക സ്ഥിരം പ്രതിനിധികളുടെ ചർച്ച’ അർഥമില്ലാതെയായി. മറ്റൊരു പ്രധാന പ്രശ്‌നം, ഇന്ത്യയുടെ കാലങ്ങളായുള്ള വിദേശനയത്തിന്റെ സവിശേഷത നഷ്ടപ്പെടുന്നുവെന്നതും അത്‌ മാർഗനിർദേശങ്ങൾ തിരസ്‌കരിക്കാൻ ഇന്ത്യക്ക്‌ പ്രേരണയാകുന്നുവെന്നതുമാണ്‌. മറ്റൊന്ന്‌ അതിർത്തിത്തർക്കത്തെ സാമ്പത്തികമേഖലയുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളാണ്‌. ചൈനയെ മാറ്റിനിർത്തി ഇന്ത്യക്ക്‌ സാമ്പത്തികശക്തിയായി വളരാമെന്നു കരുതുന്നത്‌ ഇന്നത്തെ കാലഘട്ടത്തിൽ അബദ്ധമാകാനാണ്‌ സാധ്യത.ചൈനയുടെ സാമ്പത്തിക തളർച്ച, ചൈനയിലെ കോവിഡ്‌ പ്രതിസന്ധി എന്നിവയിൽ ചർച്ചകളെ ഒതുക്കിനിർത്തരുത്‌. എൽഎസി നിരസിക്കൽ, ആർട്ടിക്കിൾ 370 നീക്കൽ, ലഡാക്കിന്‌ പുതിയ പദവി  എന്നിവയിലൂടെ അതിർത്തിപ്രശ്‌ന പരിഹാരത്തിന്‌  കൂടുതൽ സങ്കുചിതത്വം വന്നിട്ടുണ്ടോ എന്നും പരിശോധിക്കണം. പ്രത്യേക സ്ഥിരം പ്രതിനിധികളുടെ ചർച്ച ഇന്ത്യയുടെ പ്രത്യയശാസ്‌ത്ര സമ്മർദങ്ങളെ തകർക്കുന്നതിനെക്കുറിച്ചും തർക്കം ഇന്ത്യക്ക്‌ സാമ്പത്തികമായി ഗുണം ചെയ്യില്ലെന്ന ഘടകത്തെപ്പറ്റിയും ചർച്ച ചെയ്‌തിട്ടില്ലെങ്കിൽ കാര്യമില്ല.

(തൃശൂർ കേരള വർമ കോളേജിലെ പൊളിറ്റിക്കൽ സയൻസ്‌ വിഭാഗത്തിൽ അസി. പ്രൊഫസറാണ്‌ ലേഖകൻ )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top