29 September Thursday

രാഷ്‌ട്രപതി തെരഞ്ഞെടുപ്പും
 വോട്ട്‌ ബാങ്ക്‌ രാഷ്‌ട്രീയവും

സാജൻ എവുജിൻUpdated: Saturday Jul 16, 2022

പതിനെട്ടിനു നടക്കുന്ന രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ നാടകീയഫലം ഉണ്ടാകാൻ സാധ്യത ഇല്ലാതായിരിക്കയാണ്‌. സ്വന്തമായി സ്ഥാനാർഥിയെ വിജയിപ്പിക്കാൻ ഭൂരിപക്ഷമില്ലാത്ത ബിജെപി സ്വത്വരാഷ്‌ട്രീയം തുറുപ്പുചീട്ടാക്കി  ദ്രൗപദി മുർമുവിനെ അവതരിപ്പിച്ചത്‌ വിജയകരമായ നീക്കമായി. മതനിരപേക്ഷ ജനാധിപത്യ ഭരണഘടനാ റിപ്പബ്ലിക്കിന്‌ ഭീഷണിയുയർത്തുന്ന ബിജെപി ഭരണത്തിന്റെ പ്രതിനിധിക്ക്‌ ബിജെപിയെ എതിർക്കുന്നതായി അവകാശപ്പെടുന്ന രാഷ്‌ട്രീയ പാർടികളിൽനിന്നടക്കം പിന്തുണ ലഭിക്കുന്നു. ഹിന്ദുത്വ വർഗീയ രാഷ്‌ട്രീയത്തെ ദൃഢനിശ്ചയത്തോടെ എതിർക്കുന്നതിൽ പല മതനിരപേക്ഷ, പ്രാദേശിക രാഷ്‌ട്രീയ കക്ഷികളിലും പ്രകടമാകുന്ന ദൗർബല്യമാണ്‌ ആവർത്തിച്ച്‌ അനുഭവപ്പെടുന്നത്‌. ഏറ്റവും വലിയ മതനിരപേക്ഷ കക്ഷിയെന്ന്‌ അവകാശപ്പെടുന്ന കോൺഗ്രസാകട്ടെ ഒട്ടും ഉത്സാഹം കാണിക്കാതെ നിരാശാഭരിതരായി കഴിയുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ്‌ പ്രതിപക്ഷത്തിന്‌ ഒറ്റക്കെട്ടായി സർക്കാരിനെ വെല്ലുവിളിക്കാൻ കഴിയുമായിരുന്ന സന്ദർഭമാണ്‌ യാന്ത്രികമായി കൈകാര്യം ചെയ്‌തത്‌.

കഴിഞ്ഞ  രാഷ്‌ട്രപതി തെരഞ്ഞെടുപ്പിലും ബിജെപി സ്വത്വരാഷ്‌ട്രീയമാണ്‌  പ്രയോജനപ്പെടുത്തിയത്‌.  ദളിത്‌ ശാക്തീകരണത്തിന്റെ പ്രതിനിധിയെന്നനിലയിൽ കൊണ്ടുവന്ന രാംനാഥ്‌ കോവിന്ദിനെ രാഷ്‌ട്രപതി ഭവനിലിരുത്തിയാണ്‌ ബിജെപി കോർപറേറ്റുകൾക്കും വൻകിട മുതലാളിമാർക്കുംവേണ്ടി ഭരിച്ചത്‌. വിദ്യാഭ്യാസമേഖലയിൽ വിപുലമായ സ്വകാര്യവൽക്കരണവും കോർപറേറ്റുവൽക്കരണവുംവഴി പാർശ്വവൽക്കൃത വിഭാഗങ്ങളുടെ ഉന്നമനത്തിനുള്ള വഴിയടച്ചു. ഇപ്പോൾ ആദിവാസിസമൂഹം മുഖ്യധാരയിൽ എത്തുന്നതിന്റെ പ്രതീകമെന്ന വിധത്തിൽ മുർമുവിനെ ഉയർത്തിക്കാണിച്ചപ്പോൾ പല രാഷ്‌ട്രീയ പാർടികളും വോട്ട്‌ ബാങ്ക്‌ രാഷ്‌ട്രീയത്തിൽ കണ്ണുടക്കി വീണു. ബിജു ജനതാദൾ (ബിജെഡി), ജെഎംഎം,  ബിഎസ്‌പി, ശിരോമണി അകാലിദൾ, ശിവസേന,  വൈഎസ്‌ആർ കോൺഗ്രസ്‌, ജെഡിയു, എൽജെപി, എഐഎഡിഎംകെ,  നിഷാദ്‌ പാർടി, അപ്‌നദൾ,  അസം ഗണപരിഷത്ത്‌ എന്നിവയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രാദേശിക പാർടികളും മുർമുവിനു പിന്തുണ പ്രഖ്യാപിച്ചു.  മഹാരാഷ്‌ട്രയിലെ  മഹാസഖ്യസർക്കാർ നിലംപതിച്ചതിനു പിന്നാലെയാണ്‌ ശിവസേന  മുർമുവിനു പിന്തുണ പ്രഖ്യാപിച്ചത്‌. ആദിവാസി വനിതയെന്ന പരിഗണനയിലാണ്‌ അവർക്ക്‌ പിന്തുണ നൽകുന്നതെന്ന്‌ ശിവസേന അവകാശപ്പെടുന്നു.  മുർമുവിനു നൽകുന്ന പിന്തുണയുടെ അർഥം ബിജെപിയെ പിന്തുണയ്‌ക്കുന്നുവെന്നല്ലെന്നും ശിവസേനാ വക്താവ്‌ സഞ്‌ജയ്‌ റാവത്ത്‌ പറയുന്നു.

കോൺഗ്രസ്‌,  ഇടതുപക്ഷ പാർടികൾ, ആർജെഡി, ഡിഎംകെ, സമാജ്‌വാദി പാർടി എന്നിവയാണ്‌ പ്രതിപക്ഷത്തിന്റെ സ്ഥാനാർഥി യശ്വന്ത്‌ സിൻഹയെ പിന്തുണയ്‌ക്കുന്നത്‌. സിൻഹയെ പിന്തുണയ്‌ക്കുന്നതായി പറയുമ്പോഴും തൃണമൂൽ കോൺഗ്രസിന്റെ നിലപാട്‌ സംശയകരമാണ്‌. മുർമുവിന്റെ സ്ഥാനാർഥിത്വത്തെക്കുറിച്ച്‌ മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ അവർക്ക്‌ പിന്തുണ നൽകിയേനെ എന്നാണ്‌ തൃണമൂൽ കോൺഗ്രസ്‌ അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി പ്രതികരിച്ചത്‌. അടുത്തവർഷം പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നതിനാൽ പുരുളിയ, ബാങ്കുര, ജംഗൽമഹൽ മേഖലകളിലെ ആദിവാസി വോട്ടുകൾ മുന്നിൽക്കണ്ടാണ്‌ മമതയുടെ ഈ രാഷ്‌ട്രീയ അഭ്യാസം.  ബീർഭൂമിലെ കൽക്കരിഖനന പദ്ധതിക്കെതിരെ സംസ്ഥാന വ്യാപകമായി  ആദിവാസികൾ ശക്തമായ പ്രക്ഷോഭത്തിലുമാണ്‌. ഈ സാഹചര്യത്തിൽ ആദിവാസി സംഘടനകളെ അനുനയിപ്പിക്കാനുള്ള തന്ത്രമാണ്‌ ബംഗാൾ മുഖ്യമന്ത്രി പയറ്റുന്നത്‌.


 

ബിജെപിയിതര സ്ഥാനാർഥിയെ രംഗത്തിറക്കാനെന്നപേരിൽ തുടക്കത്തിൽ പര്യടനങ്ങൾ നടത്തിയ ടിആർഎസ്‌ തലവനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവു ഇപ്പോൾ നിശ്ശബ്ദനാണ്‌.  തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം വരുംമുമ്പ്‌ ചന്ദ്രശേഖര റാവു മമത ബാനർജി, എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ്‌ കെജ്‌രിവാൾ എന്നിവരുമായി ചർച്ചകൾ നടത്തിയിരുന്നു. പഞ്ചാബിൽ എഎപി സംഘടിപ്പിച്ച ചടങ്ങിൽ ചന്ദ്രശേഖര റാവു പങ്കെടുക്കുകയും ചെയ്‌തു. രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ നിലപാട്‌ പ്രഖ്യാപിക്കാതെ എഎപിയും ഒളിച്ചുകളിക്കുകയാണ്‌. നിർണായക സന്ദർഭങ്ങളിൽ ബിജെപിയെ രാഷ്‌ട്രീയമായി പ്രയാസപ്പെടുത്താൻ എഎപി ഒരിക്കലും തയ്യാറായിട്ടില്ല.
പലവിധ  സമ്മർദത്തിനും നാടകീയ നീക്കങ്ങൾക്കുംശേഷമാണ്‌  മുർമുവിനെ പിന്തുണയ്‌ക്കുമെന്ന്‌  ജാർഖണ്ഡിലെ ഭരണസഖ്യത്തെ നയിക്കുന്ന ജെഎംഎം പ്രഖ്യാപിച്ചത്‌.  ഖനന ലൈസൻസ്‌ അഴിമതിക്കേസുകളിലെ അന്വേഷണവുമായി ബന്ധപ്പെടുത്തി ജാർഖണ്ഡ്‌ മുഖ്യമന്ത്രി ഹേമന്ത്‌ സോറനെ രാഷ്‌ട്രീയമായി സ്വാധീനിക്കാൻ  ബിജെപി ശ്രമിച്ചുവരികയാണ്‌. ഇതിനിടെയാണ്‌ ബിജെപി രാഷ്‌ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്‌.

ജാർഖണ്ഡ്‌ ജനസംഖ്യയിൽ 26 ശതമാനത്തിലേറെ ആദിവാസികളാണ്‌.  അതിനാൽ ജാർഖണ്ഡ്‌ മുൻ ഗവർണർകൂടിയായ മുർമുവിനെ ജെഎംഎം പിന്തുണയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌  ചില കേന്ദ്രങ്ങൾ ചർച്ചകൾ ഉയർത്തിവിട്ടു. ജെഎംഎം നേതൃയോഗം ചേർന്നെങ്കിലും തീരുമാനത്തിൽ എത്താനായില്ല. അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം ജെഎഎം പ്രസിഡന്റ്‌  ഷിബു സോറനു നൽകിയതിനു പിന്നാലെ  അദ്ദേഹത്തിന്റെ മകൻകൂടിയായ മുഖ്യമന്ത്രി  ഡൽഹിയിലെത്തി ആഭ്യന്തര മന്ത്രി അമിത്‌ ഷായെ കാണുകയും ചെയ്‌തു.  സംസ്ഥാനത്ത്‌  2019ൽ ജെഎംഎം–-ആർജെഡി–-കോൺഗ്രസ്‌ സഖ്യം അധികാരം പിടിച്ചെടുത്തശേഷം ബിജെപി തക്കംപാർത്തിരിക്കയാണ്‌. ആദിവാസികളുടെ രോഷമാണ്‌ കഴിഞ്ഞതവണ ബിജെപിയുടെ പരാജയത്തിനു മുഖ്യകാരണമായത്‌. ആദിവാസി മേഖലയിലെ 28 സീറ്റിൽ രണ്ടു സീറ്റ്‌ മാത്രമാണ്‌  ബിജെപിക്ക്‌ ലഭിച്ചത്‌. 2014ൽ 11 സീറ്റിൽ ജയിക്കാൻ കഴിഞ്ഞു. ഖനനത്തിനായി വനമേഖല വൻതോതിൽ കോർപറേറ്റുകൾക്ക്‌ വിട്ടുകൊടുക്കാനുള്ള ബിജെപി സർക്കാരിന്റെ ശ്രമത്തിനെതിരെ നടന്ന പോരാട്ടമാണ്‌ 2019ലെ വിധിയെഴുത്തിൽ നിർണായകമായത്‌. ഈ ജനവിധിയെ അട്ടിമറിക്കാനുള്ള നീക്കങ്ങളാണ്‌ രാഷ്‌ട്രപതി തെരഞ്ഞെടുപ്പിന്റെ മറവിൽ നടക്കുന്നത്‌.

സ്ഥാനാർഥിയായശേഷം മുർമു ഇതുവരെ വാർത്താസമ്മേളനം നടത്തുകയോ പ്രസ്‌താവന ഇറക്കുകയോ ചെയ്‌തിട്ടില്ല.  നിർണായക വിഷയങ്ങളിൽ നിലപാടു സംബന്ധിച്ച ചോദ്യങ്ങളിൽനിന്ന്‌ ഒഴിഞ്ഞുനിൽക്കാനാണ്‌ അവർ ശ്രമിക്കുന്നതെന്ന്‌ ആരോപണമുയർന്നിട്ടുണ്ട്‌. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ സംവാദത്തിന്‌ യശ്വന്ത്‌ സിൻഹ വെല്ലുവിളിച്ചെങ്കിലും അവർ ഏറ്റെടുത്തിട്ടില്ല. റബർ സ്റ്റാമ്പ്‌ രാഷ്‌ട്രപതിയായിരിക്കില്ലെന്ന്‌ പ്രതിജ്ഞ ചെയ്യാനും മുർമുവിനെ  സിൻഹ വെല്ലുവിളിച്ചു.  രാജ്യത്ത്‌ തീവ്രമാകുന്ന വർഗീയ ധ്രുവീകരണത്തിനെതിരായി പ്രതികരിക്കാൻ തയ്യാറുണ്ടോ? രാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടാൽ ഭരണഘടനയുടെ നിഷ്‌പക്ഷ സംരക്ഷകനായിരിക്കുമെന്ന്‌ സിൻഹ പ്രതിജ്ഞ ചെയ്‌തു. അഭിപ്രായസ്വാതന്ത്ര്യമടക്കം പൗരൻമാരുടെ അവകാശങ്ങൾ സംരക്ഷിക്കും. റബർ സ്റ്റാമ്പ്‌ രാഷ്ട്രപതിയായിരിക്കില്ല. ബഹുസ്വര സമൂഹമെന്നനിലയിൽ ഇന്ത്യയുടെ വൈവിധ്യം സംരക്ഷിക്കും. ഇതേ പ്രതിജ്ഞയെടുക്കാൻ ബിജെപിയുടെ സ്ഥാനാർഥിയെ സിൻഹ വെല്ലുവിളിച്ചു. കഴിവുതെളിയിച്ച  ആദിവാസി സ്‌ത്രീയെയാണ്‌ സിൻഹ അവഹേളിക്കാൻ ശ്രമിക്കുന്നതെന്ന്‌ ബിജെപി ജനറൽ സെക്രട്ടറി സി ടി രവി പ്രതികരിച്ചു. സ്വത്വരാഷ്‌ട്രീയം പയറ്റി രാഷ്‌ട്രീയ മുതലെടുപ്പിനാണ്‌ ബിജെപി ശ്രമിക്കുന്നതെന്ന്‌ വ്യക്തം.

പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർഥിയായി സിൻഹയെ പ്രഖ്യാപിച്ചശേഷം പ്രചാരണത്തിന്‌ സംയുക്ത വേദിയൊരുക്കാൻ കോൺഗ്രസ്‌ മുൻകൈയെടുത്തിട്ടില്ല. പ്രാദേശിക കക്ഷികളുമായി ചർച്ചകൾ നടത്താനോ ബിജെപിയുടെ തന്ത്രങ്ങൾ പ്രതിരോധിക്കാനോ കോൺഗ്രസ്‌ തയ്യാറാകുന്നില്ല. രാഹുൽ ഗാന്ധിയെ ഇഡി ചോദ്യംചെയ്‌തതിന്റെ പേരിൽ കോലാഹലം സൃഷ്ടിച്ച കോൺഗ്രസ്‌ നേതൃത്വം രാഷ്‌ട്രപതി തെരഞ്ഞെടുപ്പുപ്രചാരണം കാര്യഗൗരവത്തോടെ എടുക്കാത്തത്‌ രാജ്യം നേരിടുന്ന ഭീഷണികളോട്‌  അവർ പുലർത്തുന്ന ഉദാസീന മനോഭാവത്തിന്‌ തെളിവാണ്‌. ജയപരാജയങ്ങളേക്കാൾ ബിജെപിയെ തുറന്നുകാണിക്കാനുള്ള അവസരമാണ്‌ നഷ്ടപ്പെടുത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top