07 October Monday

സ്വാതന്ത്ര്യദിനം ഓർമിപ്പിക്കുന്നത് - എം വി ഗോവിന്ദൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024

 

രാജ്യം ഇന്ന് 78–--ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. വയനാട് ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾക്കിടയിലാണ് കേരളം ഈ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന 11–-ാമത് സ്വാതന്ത്ര്യദിനപ്രസംഗത്തിൽ വയനാട്‌ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച്, കേന്ദ്രം സഹായഹസ്തം നീട്ടുമെന്ന പ്രതീക്ഷയാണ് സംസ്ഥാനത്തെ ജനങ്ങൾക്കുള്ളത്. അതിന് തയ്യാറാകാതെ സംസ്ഥാനത്തെയാകെ പ്രധാനമന്ത്രി നിരാശയിലാഴ്ത്തുന്നപക്ഷം ഒറ്റക്കെട്ടായിനിന്ന് ഈ പ്രതിസന്ധിയെയും അതിജീവിക്കുമെന്ന സന്ദേശം ജനങ്ങൾക്ക് നൽകാൻ നമുക്ക് കഴിയണം. സിപിഐ എമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും പിണറായി സർക്കാരും അതിജീവന ശ്രമങ്ങൾ ശക്തമാക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയെക്കുറിച്ച് പറയുമ്പോൾ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ കമ്യൂണിസ്റ്റുകാർ വഹിച്ച പങ്ക് എടുത്തുപറയേണ്ടതുണ്ട്. സിപിഐ എമ്മിന്റെ പരിപാടി തുടങ്ങുന്നത് ഇങ്ങനെയാണ്. "ഇന്ത്യൻ ജനതയുടെ പുരോഗമനപരവും സാമ്രാജ്യത്വവിരുദ്ധവും വിപ്ലവകരവുമായ പാരമ്പര്യമാണ് കമ്യൂണിസ്റ്റ് പാർടിക്കുള്ളത്’. പൂർണ സ്വാതന്ത്ര്യമെന്ന ആവശ്യം ആദ്യമായി ഒരു പ്രമേയത്തിലൂടെ ഉന്നയിക്കുന്നത് കമ്യൂണിസ്റ്റുകാരായിരുന്നു (1921ൽ അഹമ്മദാബാദിൽ ചേർന്ന കോൺഗ്രസ്‌ സമ്മേളനത്തിൽ). എന്നാൽ, സ്വാതന്ത്ര്യസമരവുമായി ഒരുബന്ധവുമില്ലാത്ത, അതിൽ പങ്കെടുക്കുന്നതിൽനിന്നും ജനങ്ങളെ പിന്തിരിപ്പിച്ച, ഭരണഘടനയും ദേശീയ പതാകയും ദേശീയഗാനവും അംഗീകരിക്കാത്ത, പ്രഥമ സ്വാതന്ത്ര്യദിനം ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തവരുടെ പിന്മുറക്കാരാണ് ഇന്ത്യ ഭരിക്കുന്നത്. അവരാണ്‌ ഇപ്പോൾ എല്ലാ വീട്ടിലും ദേശീയപതാക ഉയർത്തണമെന്ന് ആഹ്വാനംചെയ്യുന്നത്. രാഷ്ട്രപിതാവ് ഗാന്ധിജിയെ വധിച്ചതും ഇതേ വിഭാഗത്തിന്റെ ആശയം സ്വീകരിച്ചവരാണ്. അവരിന്നും സ്വാതന്ത്ര്യസമരം മുന്നോട്ടുവച്ച ജനാധിപത്യം, മതനിരപേക്ഷത, സമത്വം എന്നീ ആശയങ്ങൾക്കെതിരെയാണ് നിലകൊള്ളുന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടെങ്കിലും തങ്ങളുടെ നയത്തിൽ ഒരുമാറ്റവുമില്ലെന്ന സന്ദേശമാണ് മോദി സർക്കാർ നൽകുന്നത്. മന്ത്രിസഭയിൽ ഭൂരിപക്ഷവും പഴയ മുഖങ്ങളാണ്. സ്പീക്കർക്കും മാറ്റമില്ല. ബിജെപിക്ക് തനിച്ച് ഭൂരിപക്ഷമില്ലെങ്കിലും സ്വേച്ഛാധിപത്യത്തിലും വർഗീയതയിലും അധിഷ്ഠിതമായ നയമാണ് മോദി സർക്കാർ മുന്നോട്ടുവയ്‌ക്കുന്നത്. കേന്ദ്രത്തിൽ ബിജെപി ന്യൂനപക്ഷമാണെങ്കിലും ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളിൽ, വർഗീയ ധ്രുവീകരണം ശക്തമാക്കാനുള്ള നയങ്ങളുമായാണ് അവർ നീങ്ങുന്നത്. ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ചും മുസ്ലിങ്ങളെ ലക്ഷ്യമാക്കിയുള്ളതാണ് ഈ നടപടികൾ. കാവടിയാത്രയുമായി ബന്ധപ്പെട്ട് യുപിയിലെ മുസഫർനഗറിലും ഉത്തരാഖണ്ഡിലും ഹോട്ടലുകളും മറ്റു കച്ചവടസ്ഥാപനങ്ങളും നടത്തുന്നവർ ഉടമകളുടെ പേരും ഫോൺ നമ്പരും പതിച്ച ബോർഡുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടത് മതധ്രുവീകരണം ശക്തമാക്കാനായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി ലഭിച്ച ഉത്തർപ്രദേശിൽ മതംമാറ്റം നിയമവിരുദ്ധമാക്കുന്ന ഭേദഗതി നിയമം കൊണ്ടുവന്നിരിക്കുകയാണ്. രണ്ടു മതത്തിൽപ്പെട്ടവർ തമ്മിലുള്ള വിവാഹം നിരുത്സാഹപ്പെടുത്തുക ലക്ഷ്യമാക്കിയാണ് ഈ നിയമനിർമാണം. സമാനമായ നിയമം അസമിലും കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഹിമന്തബിശ്വ സർമ പ്രഖ്യാപിച്ചിരിക്കുകയാണ്. മാത്രമല്ല, ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള സ്വത്തുകൈമാറ്റം തടയുന്ന ബിൽ അസം സർക്കാർ പാസാക്കി. മുഖ്യമന്ത്രിയുടെ മുൻകൂട്ടിയുള്ള അനുമതി ലഭിച്ചാൽ മാത്രമേ ഹിന്ദു–- മുസ്ലിം സ്വത്തിടപാട് നടത്താനാകൂവെന്നാണ് നിയമം അനുശാസിക്കുന്നത്. ‘ലാൻഡ് ജിഹാദ്’ തടയാനാണത്രെ ഈ നടപടി. പ്രധാനമന്ത്രി പരസ്യമായി വർഗീയധ്രുവീകരണത്തിനു ശ്രമിച്ച് പ്രതീക്ഷിച്ച നേട്ടം നേടാനാകാത്ത ലോക്‌സഭാ തെരഞ്ഞെടുപ്പാണ് കടന്നുപോയത്. എന്നിട്ടും അതേ വർഗീയധ്രുവീകരണ ശ്രമങ്ങളുമായാണ് ബിജെപി മുന്നോട്ടുപോകുന്നത്. ഇത് വ്യക്തമാക്കുന്നത് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യംമുതൽ തുടരുന്ന വർഗീയത മാത്രമാണ് ഇപ്പോഴും അധികാരം നേടാൻ ഇവർക്കുമുന്നിലുള്ള തുറുപ്പുചീട്ട് എന്നാണ്. മതവും ജാതിയും പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുകയെന്ന അജൻഡയാണ് പ്രധാനമായും അവർ പുറത്തെടുക്കുന്നത്. തീർത്തും പ്രതിലോമകരമായ ഈ നയത്തെ പരാജയപ്പെടുത്തിയാണ് നാം സ്വാതന്ത്ര്യം നേടിയത്. ബ്രിട്ടനെ പരാജയപ്പെടുത്താൻ എല്ലാവിഭാഗം ജനങ്ങളെയും ജാതിയുടെയോ മതത്തിന്റെയോ ഭാഷയുടെയോ വ്യത്യാസമില്ലാതെ ഒരു ചരടിൽ കോർത്തിണക്കിയാണ് ഇന്ത്യൻ ജനത പൊരുതിയത്. ബഹുസ്വരതയും മതനിരപേക്ഷതയും ഈ പോരാട്ടത്തിൽ അന്തർലീനമായിരുന്നു. ഇതിനെ തകർക്കാനുള്ള ശ്രമങ്ങളാണ് മോദിസർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്നത്. അതിനാൽ സ്വാതന്ത്ര്യത്തിന്റെ സംരക്ഷണമെന്നാൽ ഹിന്ദുത്വ വർഗീയതയ്‌ക്കെതിരായ പോരാട്ടം എന്നുകൂടിയാണ്. അത് ഇനിയും ശക്തമായി തുടരണമെന്ന സന്ദേശമാണ് ഈ സ്വാതന്ത്ര്യദിനവും നമ്മെ ജാഗ്രതപ്പെടുത്തുന്നത്.

ജനാധിപത്യം എന്നാൽ രാഷ്ട്രീയ ജനാധിപത്യം മാത്രമല്ല, സാമൂഹ്യവും സാമ്പത്തികവുമായ ജനാധിപത്യവും അതിലുൾപ്പെടും. ബ്രിട്ടനിൽനിന്ന്‌ രാഷ്ട്രീയാധികാരം ഇന്ത്യക്കാർക്ക് ലഭിച്ചെങ്കിലും സാമ്പത്തിക, സാമൂഹ്യ സ്വാതന്ത്ര്യം പൗരന്മാർക്ക് പ്രദാനം ചെയ്യുന്നതിൽ കേന്ദ്രത്തിൽ അധികാരമേറിയ ഭരണാധികാരികൾ പരാജയപ്പെട്ടുവെന്നതാണ് വാസ്തവം. സിപിഐ എം പരിപാടിയിൽ 3.1ൽ ഇക്കാര്യം വിശദീകരിക്കുന്നത് നോക്കുക: "ഇന്ത്യൻ ജനതയുടെ വിപുലമായ വിഭാഗങ്ങൾ സ്വാതന്ത്ര്യസമരത്തിൽ അത്യുൽസാഹത്തോടെ പങ്കാളികളാകുകയും അത് വിജയകരമാക്കുകയുംചെയ്തു. ദേശസ്നേഹത്തിൽ ജ്വലിച്ച അവർ സ്വതന്ത്രഭാരതത്തിലേക്കും ഒരു പുതിയ ജനജീവിതത്തിലേക്കും ഉറ്റുനോക്കി. ദാരിദ്ര്യത്തിന്റേതും ചൂഷണത്തിന്റേതുമായ പരിതാപകരമായ പരിസ്ഥിതിയുടെ അന്ത്യം അവർ പ്രതീക്ഷിച്ചു. അവരെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യം എന്നതിനർഥം ഭൂമി, ആഹാരം, ന്യായമായ കൂലി, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യരക്ഷ, തൊഴിലവസരം എന്നിവയായിരുന്നു’. വിശാലമായ അർഥത്തിൽ ഇന്ത്യൻ ജനത സ്വാതന്ത്ര്യംകൊണ്ട് അർഥമാക്കിയ മേൽപ്പറഞ്ഞ ലക്ഷ്യങ്ങൾ 77 വർഷത്തിനിടയിലും നേടാനായില്ലെന്നതാണ് യാഥാർഥ്യം. 14 കോടിയോളം ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന രാജ്യമാണ് നമ്മുടേത്. സാമ്പത്തിക അസമത്വം ഏറ്റവും രൂക്ഷമായി നിലനിൽക്കുന്ന രാജ്യത്തിലൊന്നാണ് ഇന്ത്യ. സാമ്പത്തികമായി ഏറ്റവും മുകളിലുള്ള 10 ശതമാനംപേർ ദേശീയ സമ്പത്തിന്റെ 45 ശതമാനവും കൈയാളുന്ന രാജ്യമാണ് നമ്മുടേത്. ഏറ്റവും താഴെത്തട്ടിലുള്ള 50 ശതമാനം ഇന്ത്യക്കാരുടെ സ്വത്തുവിഹിതം മൂന്നു ശതമാനംമാത്രമാണ്. ഓക്സ്ഫാമിന്റെ റിപ്പോർട്ട്‌ അനുസരിച്ച് ഏറ്റവും മുകളിലുള്ള ഒരു ശതമാനത്തിന്റെ കൈവശമാണ് രാജ്യത്തിന്റെ 40.5 ശതമാനം സമ്പത്തുമുള്ളത്. താഴെത്തട്ടിലുള്ള 60 ശതമാനത്തിന്റെ കൈവശം ദേശീയ സമ്പത്തിന്റെ 4.5 ശതമാനംമാത്രമാണ്‌ ഉള്ളത്.

ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ അമേരിക്കയിൽ 770 ശതകോടീശ്വരന്മാരാണ്‌ ഉള്ളതെങ്കിൽ ഇന്ത്യയിൽ നൂറ്റമ്പതോളം ശതകോടീശ്വരന്മാരുണ്ട്. ഇതിൽ 100 ശതകോടീശ്വരന്മാരുടെ സഞ്ചിത സമ്പത്ത് 62 ലക്ഷം കോടി രൂപയാണ്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അടുത്തിടെ അവതരിപ്പിച്ച വാർഷിക ബജറ്റ് 45 ലക്ഷം കോടി രൂപയുടേതാണ്. ഏതാനും വ്യക്തികളിൽ സമ്പത്തിന്റെ കേന്ദ്രീകരണം നടക്കുന്നുവെന്നതാണ് ബൂർഷ്വ–- ഭൂപ്രഭു വർഗഭരണത്തിന്റെ ഫലം. അടുത്തിടെ മുകേഷ് അംബാനിയുടെ മകന്റെ വിവാഹത്തിന് ചെലവാക്കിയത് 5000 കോടി രൂപയാണത്രെ (മൂന്നുകോടിയിലധികം പേർക്ക് ഒരുമാസത്തെ ക്ഷേമപെൻഷൻ നൽകാൻ വേണ്ടിവരുന്ന തുക). ഈ അതിസമ്പന്ന വിഭാഗമെടുത്ത 14.56 ലക്ഷം കോടി രൂപയുടെ വായ്പയാണ് കഴിഞ്ഞ 10 വർഷത്തിനിടയിൽ മോദിസർക്കാർ എഴുതിത്തള്ളിയത്. കോർപറേറ്റ് നികുതി 10 ശതമാനം കുറച്ചതുവഴി 1.45 ലക്ഷം കോടിയുടെ സൗജന്യവും അനുവദിച്ചു. ഒരുവശത്ത് വർഗീയതയിലൂടെ ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നിലനിർത്തുക. മറുഭാഗത്ത് രാജ്യത്തെ കൊള്ളയടിക്കാൻ (നേരത്തേ ബ്രിട്ടനാണ് കൊള്ളയടിച്ചത്) കോർപറേറ്റുകൾക്ക് എല്ലാ സൗകര്യവും ചെയ്തുകൊടുക്കുക. ഇത്‌ രണ്ടും സ്വാതന്ത്ര്യസമരം മുന്നോട്ടുവച്ച ലക്ഷ്യങ്ങൾക്കും മൂല്യങ്ങൾക്കും എതിരാണ്. സ്വാതന്ത്ര്യത്തിന്റെ അർഥം സാമ്പത്തിക സ്വാതന്ത്ര്യവുംകൂടിയാണ്. അത് സ്വായത്തമാക്കാനുള്ള പോരാട്ടം ഇനിയും ശക്തമാക്കേണ്ടിയിരുന്നു. പാർടി പരിപാടിയിൽ പറയുന്നതുപോലെ "ഓരോ പൗരനും മതിയായ ഉപജീവനോപാധിയും തൊഴിലെടുക്കാനുള്ള അവകാശവും സമ്പത്തിന്റെ കേന്ദ്രീകരണത്തിന് ഇടയാക്കാത്ത സമ്പദ്‌വ്യവസ്ഥയും’ ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു. സൗജന്യ വിദ്യാഭ്യാസവും മെച്ചപ്പെട്ട ആരോഗ്യസേവനവും ഭൂരിപക്ഷം ഇന്ത്യക്കാർക്കും ഇന്നും അപ്രാപ്യമാണ്. സാമൂഹ്യ അസമത്വങ്ങളും ഭീതിദമാംവിധം തുടരുകയാണ്. സ്വാതന്ത്ര്യസമരം മുന്നോട്ടുവച്ച ലക്ഷ്യങ്ങളും ഭരണഘടനയിലെ കാഴ്ചപ്പാടും നിലവിലുള്ള ഭരണാധികാരികളുടെ പ്രയോഗവും തമ്മിലുള്ള അന്തരം പ്രകടമാണ്. ഇതിനെതിരെ നിരന്തരം പോരാടുക മാത്രമാണ് നമുക്ക് മുന്നിലുള്ള മാർഗം. അതിനായി പ്രവർത്തിക്കുമെന്ന് ഈ സ്വാതന്ത്ര്യദിനത്തിൽ നമുക്ക് പ്രതിജ്ഞയെടുക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top