24 January Friday

വീണവായിച്ചു രസിക്കുന്ന ഇന്ത്യൻ നീറോമാർ

ഡോ. ടി എം തോമസ്‌ ഐസക്‌Updated: Wednesday Sep 18, 2019


രാജ്യം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.  ഇത്‌ മറികടക്കണമെങ്കിൽ  പ്രതിസന്ധിയുണ്ടെന്ന് ആദ്യം കേന്ദ്രസർക്കാർ അംഗീകരിക്കണം. അതിനവർ തയ്യാറാകുന്നില്ല. പകരം നിലവാരമില്ലാത്ത തമാശപറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കുകയാണ് കേന്ദ്ര ധനമന്ത്രിയടക്കം. ഇതൊക്കെ ആസ്വദിക്കാവുന്ന മാനസികാവസ്ഥയിലല്ല ജനങ്ങളെന്ന് അവർ മനസ്സിലാക്കിയേ തീരൂ.

കാര്യങ്ങൾ കൈവിട്ടുപോകുകയാണെന്ന് തിരിച്ചറിയുമ്പോഴും എന്തൊക്കെയാണ് പറഞ്ഞുകൊണ്ടിരുന്നത്?  കാർ വിൽപ്പന ഇടിയാൻ കാരണം  ഊബർ, ഒല ടാക്‌സി കമ്പനികളാണെന്ന് ഒരു ദിവസം പറഞ്ഞു. 1980കളിലും 90കളിലും ജനിച്ചവരാണ് പ്രതിസന്ധിയുടെ സ്രഷ്ടാക്കൾ എന്ന് വേറൊരു ദിവസം.  "ഗുരുത്വാകർഷണം ഐൻസ്റ്റീൻ കണ്ടുപിടിച്ചത് കണക്കുകൂട്ടിയിട്ടല്ല, ആപ്പിൾ തലയിൽ വീണപ്പോഴാണല്ലോ, അതുകൊണ്ട് കണക്കിലും മറ്റും വലിയ കാര്യമില്ല’ തുടങ്ങിയ വിടുവായത്തവുമായി വേറൊരു മന്ത്രി. ഏതായാലും ഉത്തേജനത്തിനുള്ള കുറിപ്പടികളുമായി മൂന്നാംവട്ടം പത്രക്കാരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടതിൽനിന്ന്‌ ഒരു കാര്യം മനസ്സിലാക്കാം. പ്രതിസന്ധിയുടെ ചൂടിൽ കേന്ദ്രധനമന്ത്രി വിയർത്തു തുടങ്ങി.

ഈ കുറിപ്പടികൾ പ്രശ്നപരിഹാരത്തിന്‌ സഹായകമാണോ? അതാണ് നമ്മുടെ മുന്നിലുള്ള അടുത്ത ചോദ്യം. നിർഭാഗ്യകരമെന്നു പറയട്ടെ, അവസാന പ്രഖ്യാപനങ്ങൾപോലും പ്രശ്നപരിഹാരത്തിന്റെ നാലയലത്തു വരികയില്ല.

സാമ്പത്തികവളർച്ച ഇടിയുന്നു
സാമ്പത്തികവർഷത്തിന്റെ ആദ്യ പാദത്തിൽ അഞ്ച്‌ ശതമാനമാണ് സമ്പദ്ഘടന വളർന്നത്. ഈ കണക്കുകൾപോലും ഊതിപ്പെരുപ്പിച്ചതാകാമെന്ന സംശയം പ്രബലമാണ്. എന്തുകൊണ്ടാണ് സാമ്പത്തിക വളർച്ച ഇടിയുന്നത്?   വ്യവസായികളും മറ്റും ഉൽപ്പാദിപ്പിച്ച ചരക്കുകൾ വാങ്ങാനാളില്ല.  കാറുമുതൽ ബിസ്‌കറ്റ്‌ വരെ.  ഉപഭോക്താക്കളുടെ വാങ്ങൽകഴിവുകൾ ശുഷ്‌കിച്ചു. തൊഴിലില്ലായ്‌മപെരുകുന്നു.  സമീപകാലത്ത് കൂലിയിലും വർധനയില്ല. കാറും മറ്റും വാങ്ങാൻ പണ്ടത്തെപ്പോലെ വായ്‌പയും മറ്റും ലഭ്യമല്ല.  ഉപഭോക്തൃ ഉൽപ്പന്നങ്ങളൊക്കെ വിറ്റഴിക്കാതെ കെട്ടിക്കിടക്കുമ്പോൾ അവ നിർമിക്കാൻ ആവശ്യമായ പുതിയ യന്ത്രങ്ങൾ മുതലാളിമാർ വാങ്ങുമോ?  മുൻവർഷത്തെ അപേക്ഷിച്ച് ജൂലൈയിൽ യന്ത്രനിർമാണ മേഖലയിലെ ഉൽപ്പാദനം ഏഴ്‌ ശതമാനം കുറഞ്ഞിരിക്കുന്നു എന്നാണ് അവസാനകണക്കുകളുടെ സൂചന.

മേൽപ്പറഞ്ഞതുപോലെ സാധനങ്ങൾ വാങ്ങാൻ സാധാരണക്കാരുടെ കൈവശം പണമില്ല. പണമുള്ള മുതലാളിമാർക്ക് വാങ്ങാൻ താൽപ്പര്യവുമില്ല. ഇത്തരമൊരു ഘട്ടത്തിൽ ഉൽപ്പാദനവും വരുമാനവും ഇടിയാതിരിക്കാൻ എന്തുവേണം?  സർക്കാർ ചെലവ്‌ ഗണ്യമായി വർധിപ്പിക്കണം. സ്വകാര്യ മേഖലയിലുണ്ടായ ഡിമാന്റ് ഇടിവിനെ സർക്കാർ നികത്തണം.  ഇതാണ് കെയ്ൻസ് പഠിപ്പിച്ചത്.  ഇതാണ് 2010ൽ ലോകരാജ്യങ്ങൾ മുഴുവൻ ചെയ്‌തത്‌. അന്ന്  മൻമോഹൻസിങ്ങും ഇതുതന്നെയാണ് ചെയ്‌തത്‌. ഇടയ്‌ക്കു പറയട്ടെ. അദ്ദേഹവും  ഇക്കാര്യം മറന്ന മട്ടാണ്. 2010 ലെ പോലുള്ള ഉത്തേജക പാക്കേജ് വേണം എന്ന് തെളിച്ചുപറയാൻ മൻമോഹൻസിങ്ങും തയ്യാറല്ല. പ്രതിസന്ധി പരിഹരിക്കാൻ വേറെന്തോ അഞ്ചിനപരിപാടിയാണ് അദ്ദേഹം മുന്നോട്ടുവയ്‌ക്കുന്നത്. അതും പ്രതിസന്ധി പരിഹരിക്കാൻ പര്യാപ്തമല്ല.

 

യാഥാർഥ്യബോധമില്ലാത്ത  ഭരണാധികാരികൾ അടിച്ചേൽപ്പിച്ച മാന്ദ്യം
ഇടതുപക്ഷ പാർടികളുടെ നിലപാട് വ്യക്തമാണ്. അത് ജനങ്ങൾക്കിടയിൽ ചർച്ചചെയ്യാൻ  ദേശവ്യാപക പ്രചാരണത്തിന് ഇറങ്ങുകയാണ്.  ആദ്യം വേണ്ടത് ജനങ്ങളുടെ വാങ്ങൽകഴിവ് വർധിപ്പിക്കുകയാണ്.  അതിനുള്ള ഏറ്റവും നല്ല മാർഗം തൊഴിലുറപ്പുപദ്ധതി  വിപുലീകരിക്കലാണ്.  ഇത് നഗരമേഖലയിലേക്കും വ്യാപിപ്പിക്കണം.  തൊഴിൽദിനങ്ങൾ 150 ആക്കണം.  കൂലി വർധിപ്പിക്കണം.  ഇപ്പോൾ 70,000 കോടിയാണ് തൊഴിലുറപ്പിന് വകയിരുത്തിയിരിക്കുന്നത്.  ഇതിന്റെ അടങ്കൽ ഇരട്ടിയെങ്കിലുമാക്കി വർധിപ്പിക്കണം.

വീട് നിർമാതാക്കൾക്ക് ധനസഹായ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.  അതു പോര. വീടു വാങ്ങുന്നവർക്കും ധനസഹായം നൽകണം.  കാർ അടക്കമുള്ള ഉപഭോക്തൃ ഉൽപ്പന്നങ്ങൾ വാങ്ങാൻ കൂടുതൽ വായ്‌പ ലഭ്യമാക്കണം.  അടുത്ത ആറ്‌ മാസത്തേയ്‌ക്ക്‌ എങ്കിലും ഇവർക്ക് പലിശ ഇളവ് നൽകണം.  അങ്ങനെയെങ്കിൽ  ഉപഭോക്താക്കൾ ഇപ്പോൾത്തന്നെ കൂടുതൽ ചരക്കു വാങ്ങാൻ തയ്യാറാകും.  അത്രത്തോളം മാന്ദ്യവും കുറയും.  എല്ലാ ട്രാൻസ്പോർട്ട് കോർപറേഷനുകൾക്കും ആവശ്യമായ ബസുകൾ വായ്‌പയായി നൽകണം.
ഇതോടൊപ്പം ഒരു ഭീമൻ പശ്ചാത്തല നിർമാണപദ്ധതിക്ക് കേന്ദ്ര സർക്കാർ മുൻകൈ എടുക്കണം.  ഇതൊക്കെ കഷണം കഷണമായി ചെയ്യാതെ ഒറ്റയടിക്ക് ചെയ്യുകയാണെങ്കിൽ കമ്പോളം ഉത്തേജിതമാകും. ഇത്തരമൊരു നിക്ഷേപപദ്ധതിക്ക് പൊതുമേഖലാ സ്ഥാപനങ്ങളും ഏജൻസികളും മുൻകൈ എടുക്കണം.

കമ്മി കൂടുമെന്ന് പരിഭ്രമിച്ച് സാമ്പത്തികം കണ്ടെത്താൻ അറച്ചുനിൽക്കേണ്ടതില്ല. കൂടുതൽ വായ്‌പ വാങ്ങാൻ സർക്കാർ തയ്യാറാകണം. റിസർവ് ബാങ്കിൽനിന്ന് കടമെടുക്കാം. എന്നാൽ,  മാന്ദ്യം കരകയറിക്കഴിഞ്ഞാൽ കമ്മി കുറയ്‌ക്കുന്നതിനുള്ള സമയബന്ധിത പരിപാടി ഇപ്പോൾത്തന്നെ പ്രഖ്യാപിക്കാനും  തയ്യാറാകണം.

സംസ്ഥാനങ്ങളെയും വിശ്വാസത്തിലെടുക്കണം.  എല്ലാ സംസ്ഥാനങ്ങളുടെയും ചെലവ് ഒരുമിച്ചെടുത്താൽ അത് കേന്ദ്രസർക്കാരിന്റെ ചെലവിനേക്കാൾ അധികം വരും.  കേന്ദ്ര സർക്കാർ ചെലവ് വർധിപ്പിക്കുന്നതുപോലെ സംസ്ഥാന സർക്കാരുകൾക്കും ചെലവ് വർധിപ്പിക്കാൻ അധികവായ്‌പ അനുവദിക്കണം. എന്നാൽ, നേരെ തിരിച്ചാണ് കേന്ദ്രം ഇപ്പോൾ ചിന്തിക്കുന്നത്. സംസ്ഥാനങ്ങളുടെ വായ്‌പയെടുപ്പ് കൂടുതൽ കർക്കശമാക്കാനാണ് നീക്കം.

സാധാരണ ഗതിയിലുള്ള വായ്‌പയ്‌ക്ക്‌ പുറമേയായിരിക്കണം പ്രളയശേഷ- പുനർനിർമാണത്തിനുമുള്ള വായ്‌പയെന്നത് ജിഎസ്ടി കൗൺസിൽപോലും ശുപാർശ ചെയ്‌തതാണ്. പക്ഷേ, ചെവിക്കൊള്ളാൻ കേന്ദ്ര സർക്കാർ തയ്യാറല്ല.

കേരളത്തിന്റെ കാര്യമെടുക്കാം. ഈ വർഷം 24,000 കോടിരൂപ വായ്‌പ അനുവദിച്ചതിൽ ഏഴായിരത്തിൽപ്പരം കോടിരൂപ ഈ മാന്ദ്യവർഷത്തിൽ വെട്ടിക്കുറച്ചിരിക്കുകയാണ്.  2016-–-17 ൽ നമ്മുടെ ട്രഷറി ഡിപ്പോസിറ്റുകളിൽ ഇത്രയും തുകയുടെ വർധന ഉണ്ടായി എന്നാണ് കേന്ദ്രം പറയുന്നത്.  ഇതിൽ നല്ല പങ്കും ജീവനക്കാരുടെ ശമ്പള കുടിശ്ശികയാണെന്നും, ഡിപ്പാർട്ട്മെന്റിന്റെ ഡിപ്പോസിറ്റുകളാണെന്നും മറ്റുമുള്ള നമ്മുടെ വാദം അംഗീകരിച്ചില്ല. യാഥാർഥ്യബോധമില്ലാത്ത കാർക്കശ്യം കൊണ്ടെന്തുകാര്യം? മാന്ദ്യവർഷത്തിൽ വായ്‌പ വെട്ടിക്കുറയ്‌ക്കുന്നത്‌ എന്തു തലതിരിഞ്ഞ നയമാണ് ?

തീർന്നില്ല, പ്രളയശേഷ -പുനർനിർമാണത്തിനുവേണ്ടി കേരളത്തിന് അധികം വേണ്ടത് 31,000 കോടി രൂപയാണ്.  ഇതിനായി ലോകബാങ്കിൽനിന്നും മറ്റും 7,000 കോടിരൂപ ഏതാണ്ട് ലഭിക്കുമെന്ന്‌ ഉറപ്പുവരുത്തിയിട്ടുണ്ട്‌.  ഇതും നമ്മുടെ വായ്‌പാപരിധിയായ 24,000 കോടിരൂപയിൽ ഉൾപ്പെടുത്തിപ്പോകണം എന്നാണ് ഇണ്ടാസ്.  സാധാരണ ഗതിയിലുള്ള വായ്‌പയ്‌ക്ക്‌ പുറമേയായിരിക്കണം പ്രളയശേഷ- പുനർനിർമാണത്തിനുമുള്ള വായ്‌പയെന്നത് ജിഎസ്ടി കൗൺസിൽപോലും ശുപാർശ ചെയ്‌തതാണ്. പക്ഷേ, ചെവിക്കൊള്ളാൻ കേന്ദ്ര സർക്കാർ തയ്യാറല്ല.

എന്നാൽ,  കൈയും കെട്ടിയിരിക്കാനല്ല തീരുമാനം.  കിഫ്ബിയിലൂടെ ബജറ്റിനു പുറമെയെടുക്കുന്ന വായ്‌പകളും, അവയുപയോഗപ്പെടുത്തി ഈവർഷം ആരംഭിക്കാൻപോകുന്ന നിർമാണ പ്രവൃത്തികളും കേരളത്തിന്റെ ഉത്തേജക പാക്കേജാണ്.  ബജറ്റിലൂടെ ചെയ്യാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്നില്ലെങ്കിൽ ബജറ്റിന് പുറത്തുനിന്ന്‌ ചെയ്യാനുള്ള ചുമതല കേരള സർക്കാർ ഏറ്റെടുക്കുകയാണ്.  മാന്ദ്യം കേരളത്തെ ഗ്രസിക്കുന്നത് തടയാൻ എന്തൊക്കെ ചെയ്യാനാകുമോ അതൊക്കെ കേരളം ചെയ്യും. അതിന്‌ തുനിഞ്ഞിറങ്ങുകയാണ് നാം.

യാഥാർഥ്യബോധമില്ലാത്ത  ഭരണാധികാരികൾ അടിച്ചേൽപ്പിച്ച മാന്ദ്യമാണിത്. അതിനുമുന്നിൽ പകച്ചുനിൽക്കുമ്പോഴും അധികാരത്തിന്റെ ഹുങ്കും ധാർഷ്ട്യവും കൈവെടിയാൻ അവർ തയ്യാറാകുന്നില്ല. രാജ്യം കത്തിയെരിഞ്ഞപ്പോൾ വീണവായിച്ചു തകർത്ത ചക്രവർത്തിയുടേത് കെട്ടുകഥയല്ലെന്നും നീറോയെ വെല്ലുന്ന കഥാപാത്രങ്ങളുടെ കൈയിലാണ് ഇന്ത്യയുടെ ഭരണമെന്നുംമാത്രം മനസ്സിലാക്കാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top