29 February Saturday

വെല്ലുവിളി നേരിടുന്ന 70-ാം വാര്‍ഷികം

ഡോ. എ സമ്പത്ത്‌Updated: Monday Jan 20, 2020


ഇന്ത്യൻ ഭരണഘടന  നിലവിൽ വന്നതിന്റെ 70–--ാമത് വാർഷികമാണ് ജനുവരി 26.  22 ഭാഗത്തിലായി 395 അനുച്ഛേദവും എട്ട്‌ ഷെഡ്യൂളുമായിട്ടാണ് ഭരണഘടന നിലവിൽ വന്നത്. ഭരണഘടന എഴുതിയുണ്ടാക്കാനുള്ള ഡ്രാഫ്റ്റിങ്‌ കമ്മിറ്റിയുടെ ചെയർമാൻ ഡോ. ബി ആർ അംബേദ്കർ ആയിരുന്നു.  1930 ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ "പൂർണ സ്വരാജ്' പ്രഖ്യാപനത്തെ അനുസ്‌മരിക്കുന്നതിനുവേണ്ടിയാണ് ഇന്ത്യൻ ഭരണഘടന 1950 ജനുവരി 26 മുതൽ പ്രാബല്യം നൽകിയത്. 1919 ലെയും 1935ലെയും  ഗവൺമെന്റ്‌ ഓഫ് ഇന്ത്യാ ആക്‌ടും  ഭരണഘടനയെ സ്വാധീനിച്ചിട്ടുണ്ട്. പ്രായപൂർത്തി വോട്ടവകാശം ഇന്ത്യയിലെ ജനങ്ങളെ വോട്ടവകാശത്തിന്റെ കാര്യത്തിലെങ്കിലും തുല്യരാക്കുന്നു. സാമ്പത്തികവും സാമൂഹ്യവുമായ നീതി ഇപ്പോഴും സ്വപ്‌നം മാത്രമായി അവശേഷിക്കുന്ന ബഹുഭൂരിപക്ഷമാണ് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ എഴുപതാമത് വർഷത്തിലും.

എത്രമാത്രം വ്യത്യസ്‌തവും വൈരുധ്യവും നിറഞ്ഞതാണ് ഇന്ത്യയെന്ന രാഷ്ട്രമെന്ന്‌ ഭരണഘടന  നമ്മെ പഠിപ്പിക്കുന്നു. ഭരണഘടനയുടെ ഒന്നാം ഷെഡ്യൂൾ (പട്ടിക) സംസ്ഥാനങ്ങളെയും യൂണിയൻ പ്രദേശങ്ങളെയും അക്കമിട്ടു നിരത്തുന്നു. അഞ്ചാം ഷെഡ്യൂൾ, പട്ടിക പ്രദേശങ്ങളുടെയും പട്ടിക ഗോത്രവർഗങ്ങളുടെയും ഭരണവും നിയന്ത്രണവും സംബന്ധിച്ച വ്യവസ്ഥകളാണ്. ഏഴാം ഷെഡ്യൂളിലാണ് ഒന്നാം ലിസ്റ്റായി യൂണിയൻ ലിസ്റ്റും രണ്ടാം ലിസ്റ്റായി സംസ്ഥാന ലിസ്റ്റും മൂന്നാം ലിസ്റ്റായി കൺകറന്റ്‌ ലിസ്റ്റും ഉൾക്കൊള്ളിച്ചിട്ടുള്ളത്. എട്ടാം ഷെഡ്യൂൾ ഇന്ത്യയിലെ 22 ഭാഷയെ ലിസ്റ്റ് ചെയ്‌തിരിക്കുന്നു. (ലിപിയുള്ളതും ഇല്ലാത്തതുമായി, 1652 മാതൃഭാഷ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്). പത്താം ഷെഡ്യൂൾ കൂറുമാറ്റക്കാരണത്തിന്മേലുള്ള അയോഗ്യത സംബന്ധിച്ച വ്യവസ്ഥകൾ, പതിനൊന്നാം ഷെഡ്യൂൾ പഞ്ചായത്തുകളുടെ അധികാരങ്ങളും അധികാര ശക്തിയും ഉത്തരവാദിത്തങ്ങളും സംബന്ധിച്ചും പന്ത്രണ്ടാം ഷെഡ്യൂൾ മുനിസിപ്പാലിറ്റികളുടെയും മറ്റും അധികാരങ്ങളും അധികാര ശക്തിയും ഉത്തരവാദിത്തങ്ങളും സംബന്ധിച്ചും വ്യവസ്ഥ ചെയ്യുന്നു.

ഭരണഘടനയുടെ അനുച്ഛേദം ഒന്ന്, ഇന്ത്യ സംസ്ഥാനങ്ങളുടെ യൂണിയനാണെന്ന് പ്രഖ്യാപിക്കുന്നു. അതായത് ഒരു യൂണിറ്ററി രാഷ്ട്രത്തെപ്പോലെ ഭരണപരമായ സൗകര്യത്തിനായി ഭൂപ്രദേശത്തെ സംസ്ഥാനങ്ങളായി വിഭജിക്കുകയല്ല ഉണ്ടായതെന്ന് അർഥം. എന്നാൽ, സംസ്ഥാനങ്ങളുടെ അധികാരങ്ങൾ- രാഷ്ട്രീയവും സാമ്പത്തികവും നിയമപരവുമായി ഭരണഘടന അനുശാസിക്കുന്നവതന്നെ- യൂണിയൻ ഗവൺമെന്റ്‌ കവർന്നെടുത്തുകൊണ്ടിരിക്കുന്ന പ്രവണത പതിറ്റാണ്ടുകളായി തുടരുകയാണ്; ഇപ്പോൾ രൂക്ഷവുമാണ്. യൂണിയൻ ഗവൺമെന്റ്‌ ‘കേന്ദ്ര ഗവൺമെന്റ്‌' എന്ന വ്യാഖ്യാനത്തിന് കൊതിക്കുന്ന നിലയിലേയ്ക്ക് എത്തിച്ചേർന്നത് യാദൃച്ഛികമല്ല. അധികാരങ്ങൾ കേന്ദ്രീകരിക്കപ്പെടുന്ന ഇടം എന്ന അർഥത്തിലാണെങ്കിൽ ഭരണഘടന വിഭാവനംചെയ്യുന്ന പാർലമെന്ററി ജനാധിപത്യത്തിന് അപകടകരമാണ്.

ചരിത്രപരമായ കാരണങ്ങളാൽ ഭരണഘടനാപരമായി പ്രത്യേക പദവിയുണ്ടായിരുന്ന  ഒരു സംസ്ഥാനം പൊടുന്നനെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി മാറാൻ ആഭ്യന്തരമന്ത്രിയുടെ കീശയിൽനിന്ന് പാർലമെന്റ്‌ സമ്മേളനത്തിൽ വലിച്ചെടുത്ത ഒരു കുറിപ്പ്മാത്രം മതിയായിരുന്നു! അങ്ങനെ രൂപീകരിക്കപ്പെട്ട കേന്ദ്രഭരണ പ്രദേശങ്ങളിലൊന്നിന് ജനങ്ങളുടെ ശബ്ദം പ്രതിധ്വനിപ്പിക്കാനുള്ള തെരഞ്ഞെടുക്കപ്പെട്ട നിയമസഭപോലും നഷ്ടമായി. ആശയങ്ങൾ, അഭിപ്രായങ്ങൾ, ചർച്ചകൾ, സംവാദങ്ങൾ, വിമർശനങ്ങൾ, വിശകലനങ്ങൾ, സമന്വയങ്ങൾ തുടങ്ങിയവ ജനാധിപത്യത്തിന്റെ അനിവാര്യ ഘടകങ്ങളാണ്. ലോക്‌സഭയിൽ അവതരിപ്പിക്കുന്ന ബജറ്റുകളിൽ ഉള്ളതിനേക്കാൾ വലിയ ബജറ്റിതര പ്രഖ്യാപനങ്ങൾ വൻകിട കോർപറേറ്റുകൾക്കുള്ള പാക്കേജുകളായി പുറത്തുവരുന്നു.

ഇന്ത്യയുടെ രാഷ്ട്രീയ- സ്വാതന്ത്ര്യ പ്രക്ഷോഭവുമായോ ഭരണഘടനാ നിർമാണവുമായോ യാതൊരു ബന്ധവുമില്ലാത്തവരുടെ പിന്മുറക്കാരിൽ ചിലരെങ്കിലും ഇപ്പോൾ പറയുന്നത് ‘‘ഞങ്ങൾ പുതിയ കീഴ്‌വഴക്കങ്ങൾ സൃഷ്ടിക്കുകയാണ്'' എന്നാണ്. രാജ്യംതന്നെ വിൽപ്പനയ്‌ക്ക്‌ വച്ചിരിക്കുന്ന, അഴിമതി വ്യവസ്ഥാപിതമാക്കാൻ, രാഷ്ട്രീയ അധികാരം വിലയ്‌ക്കുവാങ്ങാൻ ആർത്തിപൂണ്ട കഴുകൻ കണ്ണുകൾ ലോകത്തിലെ ഏറ്റവും വലിയ ബഹുകക്ഷി ജനാധിപത്യ വ്യവസ്ഥയുടെ പരിശുദ്ധ ഗ്രന്ഥമായ നമ്മുടെ ഭരണഘടന കൊത്തിവലിക്കാൻ കാത്തിരിക്കുകയാണ്.

സംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട വിഷയങ്ങളിൽപ്പോലും കൂടിയാലോചനകൾ നടക്കാറില്ല. സ്റ്റേറ്റ് ലിസ്റ്റിൽപ്പെട്ട വിഷയങ്ങളിൽ അന്തർദേശീയ കരാറുകൾ മുഖാന്തരം ‘യൂണിയൻ ഗവൺമെന്റ്‌' കൈകടത്തിയതിന്റെ ഒരു ഉദാഹരണമാണ് സംസ്ഥാനത്തിന് ഈ വർഷംമാത്രം റബർ മേഖലയിൽ 7600 കോടിരൂപയുടെ നഷ്ടം സംഭവിച്ചത്. വികസിത രാഷ്ട്രങ്ങളിൽ കനത്ത തോതിൽ ‘ഫാം സബ്സിഡി'കൾ മറ്റു പല പേരുകളിലായി അനുവദിക്കപ്പെടുമ്പോഴാണ് ലോകവാണിജ്യ സംഘടനയിൽ അംഗമായ ഇന്ത്യപോലുള്ള രാഷ്ട്രങ്ങൾക്ക്‌ ഭീകരമായ തിരിച്ചടികൾ നേരിടുന്നത്.

16–--ാം ലോക്‌സഭയുടെ കാലത്ത് പാർലമെന്റ്‌ പാസാക്കിയ ഭരണഘടനാ ഭേദഗതിയും തുടർന്ന് നിലവിൽ വന്ന ജിഎസ്‌ടി കൗൺസിലും വിഭാവനംചെയ്‌തിട്ടുള്ള വ്യവസ്ഥകൾ മറികടക്കാൻ ഇപ്പോൾ ഇന്ത്യാ ഗവൺമെന്റ്‌ ധനകമീഷനെ ഉപയോഗിക്കാൻ ശ്രമിക്കുകയാണ്. ജിഎസ്‌ടി നടപ്പാക്കിയതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്ക് യഥാസമയം നൽകേണ്ടതായ തുക നൽകാതിരിക്കുകയും കടമെടുക്കാനുള്ള പരിധി വെട്ടിച്ചുരുക്കുകയും മാത്രമല്ല, കേന്ദ്ര സർക്കാർ വിവിധ നികുതിയിളവുകൾ മുഖാന്തരം വൻകിട കോർപറേറ്റുകൾക്ക് 2019 മേയ് മാസത്തിനുശേഷം പലപ്പോഴായി പ്രഖ്യാപിച്ച നികുതിയിളവുകൾമൂലം സംസ്ഥാനങ്ങൾക്ക് ഉണ്ടായിട്ടുള്ള വരുമാന നഷ്ടം നികത്താനും തയ്യാറായിട്ടില്ല.

ജാഗ്രത പുലർത്താം
ഇന്ത്യൻ ജുഡീഷ്യറിയുടെ സ്വതന്ത്രവും നിഷ്‌പക്ഷവുമായ ഭരണഘടനാ സ്വത്വം ചോദ്യംചെയ്യപ്പെടുന്ന ഒരു കാലം ഇതിനുമുമ്പുണ്ടായിട്ടില്ല. 1975-–-77 ലെ ആഭ്യന്തര അടിയന്തരാവസ്ഥ മൗലികാവകാശങ്ങളെ മരവിപ്പിക്കുകയും കോടതികൾ നോക്കുകുത്തികളാക്കുകയും ചെയ്‌തുവെങ്കിൽ ഇപ്പോൾ "അപ്രഖ്യാപിത അടിയന്തരാവസ്ഥ'യുടെ ദിനരാത്രങ്ങളിലേക്ക്‌ രാഷ്ട്രം വഴുതിവീഴുകയാണോയെന്ന സംശയം പലരും പ്രകടിപ്പിക്കുന്നുണ്ട്.

‘‘നിങ്ങൾ എന്നെ വെറുത്തോളൂ, ജർമനിയെ വെറുക്കരുത്...’’ എന്ന് 90 വർഷംമുമ്പ് ഹിറ്റ്‌ലർ പറഞ്ഞത് ഇന്ന് പ്രധാനമന്ത്രി മോഡിയുടെ പ്രസംഗങ്ങളിൽ മാറ്റൊലി കൊള്ളുന്നുവെങ്കിൽ ഗീബൽസും മരിക്കുന്നില്ലായെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ നമ്മെ ഓർമിപ്പിക്കുന്നു. ഹിറ്റ്‌ലർ ജർമനിയുടെ ചാൻസലറായ 1937ൽ ഇങ്ങനെ പ്രഖ്യാപിക്കുകയുണ്ടായി. എല്ലാ പ്രശ്നങ്ങൾക്കും കാരണം നിലവിലുള്ള ഭരണഘടനയും അതിന്റെ കീഴിലുള്ള സംവിധാനങ്ങളുമാണ്. തുടർന്ന് അനുച്ഛേദം 114 (ഹേബിയസ് കോർപ്പസ്), അനുച്ഛേദം 115 (നിയമപ്രകാരമല്ലാതെ ഭവനങ്ങൾ പരിശോധിക്കരുത്), അനുച്ഛേദം117 (കത്തിടപാടുകളിലെ സ്വകാര്യത), അനുച്ഛേദം 118 (അഭിപ്രായ പ്രകടന സ്വാതന്ത്ര്യം), അനുച്ഛേദം 123 (സംഘം ചേരാനുള്ള സ്വാതന്ത്ര്യം), അനുച്ഛേദം 124 (സംഘടനാ സ്വാതന്ത്ര്യം) എന്നിവ റദ്ദാക്കി.

ലോകചരിത്രത്തിലെ ഏറ്റവും മനുഷ്യത്വരഹിതമായ പീഡനമുറകളും പൗരാവകാശ നിഷേധവും നടമാടിയത് വംശീയ വിദ്വോഷത്തിലേക്കും വർഗീയവാദത്തിലേക്കും ചെന്നെത്തിയ തീവ്ര ദേശീയവികാരവും വലതുപക്ഷ രാഷ്ട്രീയവും യുദ്ധവെറിയും "സമഞ്ജസമായി' സമ്മേളിച്ചപ്പോഴാണെന്ന് മറക്കാതിരിക്കാം

പാർലമെന്റിലല്ലാതെ സർക്കാരിന്‌ നിയമനിർമാണമാകാമെന്ന് ഭരണഘടന ഭേദഗതി ചെയ്‌തു. പൊലീസിന്റെ സമ്പൂർണ നിയന്ത്രണം നാസി പാർടിക്ക്‌ വിട്ടുകൊടുത്തു. ചെറുതും വലുതുമായ 42,500ഓളം കോൺസൺട്രേഷൻ ക്യാമ്പുകളും സബ് ക്യാമ്പുകളും ജർമനിയിലും ആര്യൻ രക്ത മേൽക്കോയ്മ ഉറപ്പിക്കാനായി അധിനിവേശം നടത്തിയ ഭൂപ്രദേശങ്ങളിലാകെ സ്ഥാപിച്ചു. ‘അനഭിമതർ' എന്ന്‌ മുദ്രകുത്തപ്പെട്ട ജൂതന്മാർ, കമ്യൂണിസ്റ്റുകാർ, ട്രേഡ് യൂണിയൻ പ്രവർത്തകർ, സോഷ്യലിസ്റ്റുകൾ, സോഷ്യൽ ഡെമോക്രാറ്റുകൾ, റൊമാനികൾ, സോവിയറ്റ് യുദ്ധ തടവുകാർ, പോളിഷ് വംശജർ, അംഗപരിമിതരായവർ, യഹോവാ സാക്ഷികൾ, ന്യൂനപക്ഷ വിഭാഗങ്ങൾ, ഭരണകൂടത്തിന് വഴങ്ങാത്ത മതപുരോഹിതന്മാർ തുടങ്ങി രണ്ട്‌ കോടിയോളം പേരാണ് വിവിധ ക്യാമ്പുകളിലായി 1933 മുതൽ 1945 വരെയുള്ള കാലത്ത് തടവിലടയ്ക്കപ്പെടുകയോ കൊല ചെയ്യപ്പെടുകയോ ഉണ്ടായത്.  പല തടങ്കൽപ്പാളയങ്ങളിലേക്കും ട്രെയിനുകളിലും ട്രക്കുകളിലുമായി കുത്തിനിറച്ച്‌ കൊണ്ടുപോയ കുട്ടികളും സ്ത്രീകളുമുൾപ്പെടെയുള്ള തടവുകാർ പിന്നീടൊരിക്കലും പുറത്തുവന്നില്ല.  തടവുകാരായ സ്ത്രീകളെ ജർമൻ പട്ടാളക്കാരുടെ ‘വിനോദോപാധികളാ'ക്കി മരണംവരെ ഉപയോഗിച്ചു. ചിലരെ രാസ പരീക്ഷണങ്ങൾക്കുപയോഗിച്ചു. ശവശരീരങ്ങൾ കൃഷിയിടങ്ങളിൽ വളമാക്കി മാറ്റി. ലോകചരിത്രത്തിലെ ഏറ്റവും മനുഷ്യത്വരഹിതമായ പീഡനമുറകളും പൗരാവകാശ നിഷേധവും നടമാടിയത് വംശീയ വിദ്വോഷത്തിലേക്കും വർഗീയവാദത്തിലേക്കും ചെന്നെത്തിയ തീവ്ര ദേശീയവികാരവും വലതുപക്ഷ രാഷ്ട്രീയവും യുദ്ധവെറിയും "സമഞ്ജസമായി' സമ്മേളിച്ചപ്പോഴാണെന്ന് മറക്കാതിരിക്കാം.

ഭരണഘടനാ അവകാശങ്ങളുടെ സംരക്ഷകനാണ് ജുഡീഷ്യറി. ഭരണഘടനയെന്നത് ചില്ലിട്ട അലമാരകളിൽ മാലയിട്ടുവച്ച്‌ പൂജിക്കാനുള്ളതല്ല. അതിന്റെ സത്ത ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും അറിയാനും അനുഭവിക്കാനുമുള്ള അവകാശമുണ്ട്. ഭരണഘടനാ മൂല്യങ്ങൾ വെല്ലുവിളിക്കപ്പെടുന്ന, അവ നിഷേധിക്കുന്നതിന് ന്യായീകരണങ്ങൾ കണ്ടെത്തുന്ന വിരോധാഭാസങ്ങളുടെ വിളനിലമായി നമ്മുടെ രാഷ്ട്രം മാറാതിരിക്കട്ടെ.ഭരണഘടനാ സാക്ഷരതയെന്നത് സാക്ഷരതയുടെ ഉദാത്ത രൂപമാണ്‌ എന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം; ജാഗ്രത പുലർത്താം.


പ്രധാന വാർത്തകൾ
 Top