28 September Monday

ഏത്‌ ഭരണഘടനയെക്കുറിച്ചാണ് സംസാരിക്കുന്നത്

പി രാജീവ്‌Updated: Wednesday Jan 8, 2020


തീർത്തും ഭരണഘടനാവിരുദ്ധമായ നിയമം പാസാക്കിയതിനുശേഷം അതിനെതിരെ ഉയർന്ന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്നവരോട് ഭരണഘടന വായിച്ചുനോക്കാൻ പറയുന്നത് എന്തു ദുരന്തമാണ്. പ്രധാനമന്ത്രിയും കേരള ഗവർണറും കേന്ദ്ര നിയമമന്ത്രിയും തുടങ്ങി സാധാരണ ബിജെപിക്കാർവരെ ഇതു പറയുന്നുണ്ട്. യഥാർഥത്തിൽ ഇന്ത്യൻ ഭരണഘടനയെക്കുറിച്ചു തന്നെയാണോ ഇവർ പറയുന്നതെന്ന സംശയം ആർഎസ്എസിന്റെ ചരിത്രം അറിയുന്നവർക്കുണ്ടാകാം. 

ഇന്ത്യൻ ഭരണഘടനാ അസംബ്ലി ഭരണഘടനയ്‌ക്ക് അംഗീകാരം നൽകിയതിന്‌ തൊട്ടുപിന്നാലെ അതിരൂക്ഷമായ വിമർശനമാണ് ആർഎസ്എസ് നടത്തിയത്. അവരുടെ ഔദ്യോഗിക മാധ്യമമായ ഓർഗനൈസർ 1949 നവംബർ 30ന്റെ എഡിറ്റോറിയലിൽ ആർഎസ്എസിന്റെ നിലപാട് വ്യക്തമാക്കി. "നമ്മുടെ ഭരണഘടനയിൽ പൗരാണിക ഭാരതത്തിന്റെ ഭരണഘടനാ വികാസത്തിന്റെ സവിശേഷമായ സ്വഭാവത്തെക്കുറിച്ച് ഒരു പരാമർശവുമില്ല. പേർഷ്യയിലെയും മറ്റും നിയമസംഹിതകൾക്കും വളരെമുമ്പ് എഴുതിയിട്ടുള്ളതാണ് മനുസ്‌മൃതി. ലോകമാകെ ഇത് അംഗീകരിച്ചിട്ടുണ്ടെങ്കിലും നമ്മുടെ ഭരണഘടനാ പണ്ഡിതരെ സംബന്ധിച്ചിടത്തോളം മനുസ്‌മൃതി ഒന്നുമല്ല.’ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം  ഭരണഘടന ഭാരതീയമല്ലെന്ന് ആർഎസ്എസ് സർ സംഘചാലക് ഗോൾവാൾക്കറും വിചാരധാരയിൽ ആവർത്തിക്കുന്നു.

"പാശ്ചാത്യരാജ്യങ്ങളിലെ വിവിധ ഭരണഘടനകളിൽനിന്ന്‌ പല ഭാഗങ്ങൾ കൂട്ടിച്ചേർത്തത് മാത്രമാണ് നമ്മുടെ ഭരണഘടന. നമ്മുടേതാണെന്ന് വിളിക്കാൻ അതിലൊന്നുമില്ല. രാഷ്ട്രത്തിന്റെ ലക്ഷ്യത്തേയും ജീവിതരീതിയേയും നിർണയിക്കുന്ന മാർഗനിർദേശങ്ങളെക്കുറിച്ച് ഒരു പരാമർശം പോലുമില്ല.’  ഇത്‌ കുറെക്കൂടി ശക്തമായി സവർക്കർ മനുസ്‌മൃതിയിലെ സ്ത്രീയെക്കുറിച്ചുള്ള ലേഖനത്തിൽ പരാമർശിക്കുന്നു. "പുതിയ ഭരണഘടനയിലെ ഏറ്റവും മോശമായ കാര്യം അതിലൊന്നുംതന്നെ ഭാരതീയമല്ലെന്നാണ്. വേദങ്ങൾ കഴിഞ്ഞാൽ ഏറ്റവും അധികം ആരാധിക്കപ്പെടുന്ന മനുസ്മൃതിയാണ് പൗരാണിക ഭാരതത്തിന്റെ സംസ്‌കാരത്തിന്റെയും ആചാരത്തിന്റെയും ചിന്തയുടെയും പ്രയോഗത്തിന്റെയും അടിസ്ഥാനം. ഇന്നും കോടിക്കണക്കിന് ഹിന്ദുക്കൾ അവരുടെ ജീവിതത്തിലും പ്രയോഗത്തിലും പിന്തുടരുന്നത് മനുസ്‌മൃതിയാണ്. ഇന്ന് മനുസ്‌മൃതിയാണ് ഹിന്ദുവിന്റെ നിയമം’
(സവർക്കർ തെരഞ്ഞെടുത്ത കൃതികൾ വോള്യം‐4‐ പേജ്‌‐416).

ഭരണഘടനയെ തള്ളിപ്പറയുകയും മനുസ്‌മൃതിയെ ഭരണഘടനയാക്കണമെന്നുമാണ് ഹിന്ദുത്വ ശക്തികൾ അന്നേ ആവശ്യപ്പെട്ടിരുന്നത്.മഹാത്മാഗാന്ധിയുടെ വധത്തിനുശേഷം ആർഎസ്എസ് നിരോധിക്കപ്പെട്ടു. ഗോൾവാൾക്കർ ഉൾപ്പെടെ ജയിലിലടയ്‌ക്കപ്പെട്ടു. അതിനുശേഷം നിരോധനം പിൻവലിക്കുന്നതിനായി ആർഎസ്എസ് അംഗീകരിച്ച വ്യവസ്ഥകൾ അഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.  1949 ജൂലൈ 12ന്റെ ദി ഹിന്ദു പത്രം ഗോൾവാൾക്കറെ വിട്ടയച്ച വാർത്തയ്‌ക്കൊപ്പം അത് വിശദീകരിച്ചിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയെയും പതാകയെയും അംഗീകരിക്കാമെന്നതായിരുന്നു വ്യവസ്ഥകളിലൊന്ന്.  ഭരണഘടനയെ അംഗീകരിക്കാമെന്ന് ആദ്യമായി ആർഎസ്എസ് സമ്മതിക്കുന്നതെങ്കിലും പ്രയോഗത്തിൽ വന്നില്ലെന്ന് അനുഭവം വ്യക്തമാക്കുന്നു. വാജ്പേയി നേതൃത്വത്തിലുള്ള മന്ത്രിസഭ 2000ൽ  ഭരണഘടനയെ മാറ്റി എഴുതാൻ കമീഷനെ നിയോഗിച്ചത് പ്രസക്തം.

മനുസ്‌മൃതി വിവേചനത്തിന്റേതാണ്, തുല്യതയ്‌ക്ക് എതിരാണ്. അത് ചാതുർവർണ്യം ഉയർത്തിപ്പിടിക്കുന്നു. സ്ത്രീക്ക് സ്വാതന്ത്ര്യമില്ലെന്ന് പ്രഖ്യാപിക്കുന്നു

അതുകൊണ്ട് ഭരണഘടനയെന്ന് ഇവർ പരാമർശിക്കുമ്പോൾ മനുസ്‌മൃതിയെയാണോ ഉദ്ദേശിക്കുന്നതെന്ന്‌ സംശയം വരുന്നത് ഇതുകൊണ്ടൊക്കെയാണ്. മനുസ്‌മൃതി വിവേചനത്തിന്റേതാണ്, തുല്യതയ്‌ക്ക് എതിരാണ്. അത് ചാതുർവർണ്യം ഉയർത്തിപ്പിടിക്കുന്നു. സ്ത്രീക്ക് സ്വാതന്ത്ര്യമില്ലെന്ന് പ്രഖ്യാപിക്കുന്നു. അതുകൊണ്ടാണ് ഹിന്ദു കോഡ് അവതരിപ്പിക്കാൻ ശ്രമിച്ചപ്പോൾ 1949 ഡിസംബർ 11 ന് രാംലീല മൈതാനത്ത് ആർഎസ്എസ്  നടത്തിയ റാലിയിൽ അത് ആറ്റംബോംബാണെന്ന് പറഞ്ഞത്. സ്ത്രീകൾക്ക് അധികാരം നൽകിയാൽ അത് പുരുഷൻമാർക്ക് മാനസികമായ ആഘാതം ഏൽപ്പിക്കുമെന്നും രാജ്യത്തിനെ ദുരിതത്തിലേക്ക് നയിക്കുമെന്ന് ഗോൾവാൾക്കർ പ്രഖ്യാപിച്ചതും പ്രസക്തം. പാർലമെന്റ്‌ പാസാക്കിയ നിയമത്തെക്കുറിച്ച് ആർക്കും അഭിപ്രായം പറയാൻ അവകാശമില്ലെന്നു പറയുന്നതും മനസ്സിൽ മനുസ്‌മൃതിയുള്ളതുകൊണ്ടാണ്‌. 


 

ഇന്ത്യൻ ഭരണഘടന മനുസ്‌മൃതിയുടെ കാഴ്ചപ്പാടിന് വിരുദ്ധമാണ്. അത് വിവേചനത്തിന് എതിരും തുല്യതയുടേതുമാണ്. ഇന്ത്യൻ പൗരൻമാർക്ക് മാത്രമല്ല, രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ എല്ലാവരും നിയമത്തിന്റെ മുമ്പിൽ തുല്യരാണെന്ന് അനുച്ഛേദം 14ലൂടെ പ്രഖ്യാപിക്കുന്നു. പൗരൻമാർക്ക് മാത്രമല്ല, രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ എല്ലാ വ്യക്തികൾക്കും ജീവിക്കാനുള്ള അവകാശം ഉണ്ടെന്ന് അനുച്ഛേദം 21 ലൂടെ പ്രഖ്യാപിക്കുന്നു. അതിന് കടകവിരുദ്ധമായ നിയമമായതുകൊണ്ടാണ് ഇത് ഭരണഘടനാ വിരുദ്ധമാകുന്നത്.

ഇന്ത്യൻ ഭരണഘടന  അനുസരിച്ചാണെങ്കിൽ പാർലമെന്റിൽ എല്ലാ അംഗങ്ങളും ഏകകണ്ഠമായി പാസാക്കിയ നിയമമാണെങ്കിലും ഭരണഘടനാ വിരുദ്ധമാണെങ്കിൽ അത് അസാധുവാണെന്ന് സുപ്രീംകോടതി പല കേസുകളിലും വിധിച്ചിട്ടുണ്ട്. മൗലികാവകാശങ്ങൾക്ക് എതിരായ ഏതു നിയമവും അസാധുവാണെന്ന് അനുച്ഛേദം  13 ആധികാരികമായി പ്രഖ്യാപിക്കുന്നുണ്ട്. 

ജനാധിപത്യം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനശിലയാണെന്ന് സുപ്രീംകോടതി അരുണാചൽപ്രദേശ് ഗവർണറെ ഓർമിപ്പിച്ചത് അടുത്തിടെയാണ്. സ്‌പീക്കറുടെ ഭരണഘടനാപരമായ ചുമതല നിർവഹണത്തിൽ ഇടപെടാൻ ഗവർണർക്ക് അവകാശമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി

മതത്തെ അടിസ്ഥാനമാക്കി പൗരത്വം നിർണയിക്കുന്നത് ഭരണഘടനയുടെ അടിസ്ഥാനശിലയ്‌ക്ക് എതിരാണ്. അതിനെതിരായ നിയമം നിലനിൽക്കില്ല, അത് തുറന്നുപറയാൻ ഏത്‌ പൗരനും അവകാശമുണ്ട്. വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ കരുത്ത്. ജനാധിപത്യം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനശിലയാണെന്ന് സുപ്രീംകോടതി അരുണാചൽപ്രദേശ് ഗവർണറെ ഓർമിപ്പിച്ചത് അടുത്തിടെയാണ്. സ്‌പീക്കറുടെ ഭരണഘടനാപരമായ ചുമതല നിർവഹണത്തിൽ ഇടപെടാൻ ഗവർണർക്ക് അവകാശമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. മനുസ്‌മൃതിക്കുപകരം ഭരണഘടനയും സുപ്രീംകോടതി വിധികളും ഗവർണർ വായിച്ചിരുന്നെങ്കിൽ എത്ര നന്നാകുമായിരുന്നു.

സർക്കാരിയ കമീഷൻ റിപ്പോർട്ട് ഗവർണർക്ക് വേണ്ട ഗുണങ്ങൾ എടുത്തുപറയുന്നുണ്ട്. അതിൽ പ്രധാനം സംസ്ഥാനങ്ങളിലെ രാഷ്ട്രീയത്തിൽനിന്ന്‌ വേറിട്ടുനിൽക്കുന്ന വ്യക്തിത്വമായിരിക്കണമെന്നാണ്. ഭരണഘടന അസംബ്ലിയിലെ ചർച്ചകളുടെ അന്തഃസത്തയും അതുതന്നെയായിരുന്നു, കേന്ദ്ര സർക്കാരിനെ ന്യായീകരിക്കാനുള്ള ബദ്ധപ്പാടുകൾക്കിടയിൽ ഇതൊക്കെ ഒന്നു വായിച്ചുനോക്കുന്നത് നന്നായിരിക്കും.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാടെടുക്കുന്ന ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും ഭരണഘടനയെക്കുറിച്ച് പ്രസംഗിക്കുന്നുണ്ട്. ഇവരും ഏത്‌ ഭരണഘടനയെക്കുറിച്ചാണ് പറയുന്നത്? എല്ലാ മുസ്ലിം രാഷ്ട്രങ്ങളും ഇസ്ലാമിക രാഷ്ട്രങ്ങളല്ലെന്നും ഇസ്ലാമിക നിയമത്തിനനുസരിച്ച് ഭരണം നടത്തുന്ന രാഷ്ട്രങ്ങൾ മാത്രമാണ് ഇസ്ലാമിക രാഷ്ട്രങ്ങളെന്നും പ്രഖ്യാപിച്ച മൗദൂദിയുടെ ദർശനം പിന്തുടരുന്നവരുടെ ഭരണഘടനയും മതനിരപേക്ഷ ഇന്ത്യൻ ഭരണഘടനയല്ല. മതത്തിന്റെ അടിസ്ഥാനത്തിൽ നിയമം നിർമിക്കുന്നതിനെ സമൂഹം എതിർക്കുമ്പോൾ ഏതു മതം എന്നതിലാണ് ഇക്കൂട്ടരുടെ തർക്കം. ഇന്ത്യയെ സ്‌നേഹിക്കുന്നവരുടെ വിശുദ്ധഗ്രന്ഥം ഭരണഘടനയാണ് . അത് സംഘപരിവാരത്തിന്റെയും ജമാ അത്തെ ഇസ്ലാമിയുടെയും അടിസ്ഥാന ഗ്രന്ഥമല്ല.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top