20 March Wednesday

ഭരണഘടനയും പ്രയോഗവും

പി രാജീവ്‌Updated: Saturday Nov 24, 2018


‘‘ 1950 ജനുവരി 26ന‌് നമ്മൾ വൈരുധ്യങ്ങളുടെ പുതിയ ലോകത്തിലേക്ക് പ്രവേശിക്കുകയാണ്. രാഷ്ട്രീയത്തിൽ നമ്മൾ സമത്വം അംഗീകരിക്കാൻ പോകുന്നു. എന്നാൽ,  സാമുഹ്യ സാമ്പത്തിക ജീവിതത്തിൽ അസമത്വമാണുള്ളത്. രാഷ്ട്രീയത്തിൽ ഒരാൾക്ക് ഒരു വോട്ട് ഒരു വോട്ടിന് ഒരു മൂല്യം എന്ന തത്വം നമ്മൾ അംഗീകരിക്കാൻ പോകുന്നു. എന്നാൽ, സാമൂഹ്യ സാമ്പത്തിക ജീവിതത്തിൽ, നിലനിൽക്കുന്ന ഘടനയുടെ ഭാഗമായി ഒരാൾക്ക് ഒരു മൂല്യമെന്ന തത്വം നമ്മൾ തുടർച്ചയായി നിഷേധിക്കുന്നു. എത്രകാലം വൈരുധ്യങ്ങളുടെ ലോകത്തെ ഈ  ജീവിതം നമുക്ക‌് തുടരാനാകും? സാമൂഹ്യ, സാമ്പത്തിക ജീവിതത്തിൽ സമത്വം നിഷേധിക്കുന്നത് എത്ര കാലത്തേക്ക് തുടരാൻ കഴിയും? ദീർഘകാലത്തേക്ക് ഈ നിഷേധം നമ്മൾ തുടരുകയാണെങ്കിൽ ജനാധിപത്യത്തെ അപകടത്തിലേക്ക് തള്ളിവിടുകയായിരിക്കും ചെയ്യുന്നത്. എത്രയും പെട്ടെന്ന് ഈ വൈരുധ്യം ഇല്ലാതാക്കുന്നില്ലെങ്കിൽ അസമത്വത്തിന്റെ ഇരകളായവർ, ഈ മഹനീയമായ സഭ പടുത്തുയർത്തിയതിന്റെ അടിസ്ഥാനമായ രാഷ്ട്രീയജനാധിപത്യത്തിന് കനത്ത പ്രഹരം ഏൽപ്പിക്കും.’’ അംബേദ്കർ.

ഭരണഘടന അസംബ്ലി, ഭരണഘടനയ‌്ക്ക് അംഗീകാരം നൽകിയ 1949 നവംബർ 26ന്റെ തലേ ദിവസം നടത്തിയ ചരിത്രപ്രാധാന്യമേറിയ പ്രസംഗത്തിൽ അംബേദ്കർ പ്രകടിപ്പിച്ച ആശങ്കയാണ് ഈ വരികളിലുള്ളത്. രാഷ്ട്രീയജനാധിപത്യം നിലനിൽക്കണമെങ്കിൽ സാമൂഹ്യജനാധിപത്യം അംഗീകരിക്കപ്പെടേണ്ടതുണ്ടെന്ന കാഴ്ചപ്പാടാണ് അദ്ദേഹം ഈ പ്രസംഗത്തിൽ പ്രധാനമായും അവതരിപ്പിച്ചത്. ദശകങ്ങൾക്കുശേഷം 2018 സെപ്തംബറിൽ സുപ്രീംകോടതിയുടെ ശബരിമല വിധിന്യായത്തിൽ എത്രകാലം സാമൂഹ്യമായ വൈരുധ്യങ്ങൾ തുടരാനാകുമെന്ന ചോദ്യം അംബേദ്കറെ ഉദ്ധരിച്ചുകൊണ്ട് ജസ്റ്റിസ് ചന്ദ്രചൂഡിന‌് ചോദിക്കേണ്ടിവരുന്നുവെന്നത് ഇന്ത്യയുടെ അവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. വിദ്യാഭ്യാസപരവും സാംസ‌്കാരികവുമായി പുരോഗതി നേടിയെന്ന‌് പൊതുവെ കരുതുന്ന കേരളത്തിൽ നിലനിന്ന ഒരാചാരവുമായി ബന്ധപ്പെട്ടാണ് ഈ പരാമർശമെന്നത് ഏറെ ഗൗരമുള്ളതാണ്. സാമൂഹ്യമായ വിവേചനം സ്ത്രീസമൂഹം അനുഭവിക്കുന്നത് ആധുനിക സമൂഹത്തിൽ ഭരണഘടന നിലനിൽക്കുമ്പോൾ അനുവദിക്കാൻ കഴിയില്ലെന്ന നിലപാടാണ് ഉന്നത നീതിപീഠം സ്വീകരിച്ചത്.  എന്നാൽ, ഈ നിഗമനവും അതിനെ അടിസ്ഥാനപ്പെടുത്തിയ വിധിയും ഭരണഘടനയെത്തന്നെ വെല്ലുവിളിക്കുന്നതിനായി ചില ശക്തികൾ ഉപയോഗിക്കുകയാണ്. അത് നീതിന്യായവ്യവസ്ഥയുടെ ആധികാരികതയ‌്ക്കു നേരെ ആയുധം തിരിച്ചുവയ‌്ക്കുന്നു.

ഇന്നത്തെ കേരളത്തിന്റെഭാഗമായ അന്നത്തെ കൊച്ചിയിൽനിന്ന‌് ഭരണഘടനാ അസംബ്ലിയിൽ അംഗമായി ഒരു ദളിത് വനിത ഉണ്ടായിരുന്നുവെന്നതുകൂടി ഇത്തരത്തിൽ ഓർക്കേണ്ടതുണ്ട്. എറണാകുളം ജില്ലയിലെ മുളവുങ്കാട് പഞ്ചായത്തിൽ ജീവിച്ചിരുന്ന ദാക്ഷായണി വേലായുധനായിരുന്നു ആ ദളിത് വനിത. അംബേദ്കറുടെ പോലും ആദരവ് പിടിച്ചുപറ്റുംവിധം ഭരണഘടനാ അസംബ്ലിയിലെ സംവാദങ്ങളിൽ അവർ ഏർപ്പെട്ടിരുന്നു. ഇന്ത്യയിൽ ആദ്യമായി ബിരുദം നേടിയ ദളിത് വനിതയായ അവർതന്നെയാണ് പുലയ സമുദായത്തിൽനിന്ന‌് ആദ്യമായി മാറുമറയ‌്ക്കുന്ന കുപ്പായം ധരിച്ച് ചരിത്രം സൃഷ്ടിച്ചതും. രാജ്യം പരാമധികാര റിപ്പബ്ലിക്കാകുന്നതിനും കേരളം രൂപംകൊള്ളുന്നതിനും മുമ്പ്  കൊച്ചി രാജ്യത്തിന്റെ ലെജിസ്ലേറ്റിവ് അസംബ്ലിയിലും തുടർന്ന‌് രാജ്യത്തിന്റെ ഭരണഘടന എഴുതിയുണ്ടാക്കുന്ന നിർമാണസഭയിലും ഒരു ദളിത് വനിതയ‌്ക്ക് അംഗമാകാൻ കഴിഞ്ഞ നാട്ടിലാണ് ഇപ്പോൾ ഒരു വിഭാഗം സ്ത്രീകളെത്തന്നെ അണിനിരത്തി അതേ ഭരണഘടനയെ അട്ടിമറിക്കാൻ വർഗീയശക്തികൾ ശ്രമിക്കുന്നത്.

വിശ്വാസത്തെ  വിപുലപ്പെടുത്തി


വിശ്വാസമാണ് ഭരണഘടനയേക്കാൾ പ്രധാനമെന്ന് ഭരണഘടന ഉയർത്തിപ്പിടിക്കേണ്ട കേന്ദ്രമന്ത്രിമാരും ജനപ്രതിനിധികളും പരസ്യമായി പ്രഖ്യാപിക്കുന്നു. അപ്പോൾ ഏതു വിശ്വാസത്തെയാണ് സർക്കാർ പ്രതിനിധാനംചെയ്യുന്നത്? നാനാത്വത്തിൽ ഏകത്വമെന്ന സവിശേഷതയുള്ള രാജ്യത്ത് വ്യത്യസ്ത വിശ്വാസങ്ങളും ആചാരങ്ങളും തമ്മിലുണ്ടാകുന്ന തർക്കങ്ങളിൽ ഏതു വിശ്വാസമാണ് നടപ്പാക്കേണ്ടത്? യഥാർഥത്തിൽ ലോകത്തിലെ പല ഭരണഘടനകളേക്കാളും വിശ്വാസസ്വാതന്ത്ര്യത്തിന‌് പ്രാധാന്യം നൽകുന്നതാണ് ഇന്ത്യൻ ഭരണഘടന. ആർട്ടിക്കിൾ 25 അനുസരിച്ച് ഏതൊരാൾക്കും തന്റെ മതവിശ്വാസം പ്രഖ്യാപിക്കുന്നതിനും അത് അനുസരിച്ച് ജീവിക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും അവകാശമുണ്ട്. ആർട്ടിക്കിൾ 25 വ്യക്തിയുടെ മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുമ്പോൾ ആർട്ടിക്കിൾ 26 പ്രത്യേക മതവിഭാഗങ്ങൾക്ക് ആചാരങ്ങൾ പിന്തുടരുന്നതിനും സ്ഥാപനങ്ങൾ നടത്തുന്നതിനുമുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നു. ശബരിമല കേസിൽ വിശ്വാസത്തെ കുറെക്കൂടി വിപുലപ്പെടുത്തുകയാണ് കോടതി ചെയ‌്തിരിക്കുന്നത്.

ഭരണഘടനയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നവർ

എന്നാൽ, ഈ വിധിക്കെതിരെ ബിജെപിയും കോൺഗ്രസും നടത്തുന്ന കലാപം യഥാർഥത്തിൽ അരാജകത്വത്തിലേക്ക് രാജ്യത്തെ തള്ളിവിടുന്നതിനും ഭരണഘടനയെ ദുർബലപ്പെടുത്തുന്നതിനുമാണ്. എക്കാലത്തും ഭരണഘടനയ‌്ക്കും ജനാധിപത്യത്തിനുമെതിരായ ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നത് ഭരണവർഗമാണ്. തങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവുമായ സങ്കുചിത താൽപ്പര്യങ്ങൾക്കായി അകത്തുനിന്നും പുറത്തുനിന്നും ഭരണവർഗം വെല്ലുവിളികൾ ഉയർത്തുമെന്ന് സിപിഐ എം പരിപാടി വിലയിരുത്തുന്നുണ്ട്. ചില സന്ദർഭങ്ങളിൽ ഇതുപോലെ കലാപം സൃഷ്ടിച്ചായിരിക്കും. മറ്റു ചിലപ്പോൾ അതു സൃഷ്ടിക്കുന്ന സാഹചര്യംകൂടി ഉപയോഗിച്ചുകൊണ്ട് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ പിരിച്ചുവിട്ടുകൊണ്ടായിരിക്കും.

1959ൽ ഇ എം എസ് സർക്കാരിനെ പിരിച്ചുവിട്ട നടപടിയിലൂടെ ജനാധിപത്യധ്വംസനത്തിന‌് തുടക്കമിട്ടു. ഇപ്പോൾ ജമ്മു കശ്മീർ നിയമസഭ പിരിച്ചുവിട്ട നടപടിയിലും ഇതുകാണാൻ കഴിയും. ഭരണഘടനാ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ രാഷ്ട്രീയജനാധിപത്യത്തിൽ വരാവുന്ന അപകടങ്ങളെ സംബന്ധിച്ചും അംബേദ്കൾ മുന്നറിയിപ്പ് നൽകിയിരുന്നു. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വിഭജനം സൃഷ്ടിക്കാൻ ഇടയുള്ള അപകടത്തിന്റെ മുന്നറിയിപ്പുകളും അദ്ദേഹം നൽകുകയുണ്ടായി. തുല്യതയും സ്വാതന്ത്ര്യവും സാഹോദര്യവും അടിസ്ഥാനമാക്കിയ ജീവിതരീതിയായ സാമൂഹ്യ ജനാധിപത്യത്തെ സംബന്ധിച്ച സങ്കൽപ്പങ്ങളും അദ്ദേഹം മുന്നോട്ടുവയ‌്ക്കുന്നു. വർഗീയ രാഷ്ട്രീയം ഏകാധിപത്യത്തിലേക്ക് വഴിതുറക്കുമെന്ന മുന്നറിയിപ്പിനെ ശരിവയ‌്ക്കുന്ന അനുഭവങ്ങൾക്കാണ് ഇപ്പോൾ രാജ്യം സാക്ഷ്യംവഹിക്കുന്നത്.

സാമ്പത്തികമായ അസമത്വം

എത്രകാലം സാമ്പത്തികമായ അസമത്വം തുടരാനാകുമെന്ന ചോദ്യം ഉന്നയിക്കുന്ന അംബേദ്കർ,  ഭരണഘടനാരീതികൾ വഴി ഇതിനു പരിഹാരം കാണുന്നില്ലെങ്കിൽ വിപ്ലവത്തിലേക്ക് പോകാൻ ജനങ്ങൾ നിർബന്ധിതമാകുമെന്ന് സൂചിപ്പിക്കുന്നുണ്ട്. ആർട്ടിക്കൾ 39 സി സമ്പദ്ഘടനയുടെ പ്രവർത്തനം സമ്പത്തിന്റെ കേന്ദ്രീകരണത്തിലേക്ക് നയിക്കരുതെന്ന് ആധികാരികമായി പ്രഖ്യാപിക്കുന്നുണ്ട്. പക്ഷേ, അതിന‌്  നിർദേശക തത്വങ്ങളിലാണ് ഇടം കിട്ടിയത്. ഇതേ ഗണത്തിൽപ്പെട്ട ഗോവധനിരോധനം നിയമമാക്കണമെന്ന് ശാഠ്യംപിടിക്കുന്നവർ ഇതൊന്നും കണ്ടതായി പോലും നടിക്കാറില്ല. ഭരണഘടന അംഗീകരിച്ചതിനുശേഷമുള്ള കാലം യഥാർഥത്തിൽ സമ്പത്തിന്റെ കേന്ദ്രീകരണത്തിനും അസമത്വത്തിന്റെ വ്യാപനത്തിനുമാണ് സാക്ഷ്യംവഹിച്ചത്. 2017–--18 സാമ്പത്തികവർഷം ഇന്ത്യയിൽ ഉണ്ടായ ആകെ ഉൽപ്പാദനത്തിന്റെ 73 ശതമാനവും അതിസമ്പന്നരായ ഒരു ശതമാനമാണ് കൈയടക്കിയത്. ഇവരുടെ സമ്പത്തിൽ ഒരു വർഷമുണ്ടായ വർധന ഇന്ത്യയുടെ കഴിഞ്ഞ വർഷത്തെ ബജറ്റിനേക്കാളും അധികമാണ്.

ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷത ഇന്ന് രാജ്യത്ത് അട്ടിമറിക്കപ്പെടുന്നു.  സ്ഥാനാർഥികൾ മാത്രമല്ല, രാഷ്ട്രീയ പാർടികളും മതവിശ്വാസത്തെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് സമീപകാലത്ത് സുപ്രീംകോടതി ആധികാരികമായി പ്രഖ്യാപിച്ചെങ്കിലും രാജ്യം ഭരിക്കുന്നവർതന്നെ അത് പരസ്യമായി ലംഘിക്കുന്നു. ഞങ്ങൾ വിശ്വാസികൾക്കൊപ്പം എന്നു പ്രഖ്യാപിച്ച് സങ്കുചിത രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുന്ന കോൺഗ്രസും ബിജെപിയും യഥാർഥത്തിൽ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയും രാഷ്ട്രീയ പാർടിയെന്ന നിലയിൽ പ്രവർത്തിക്കുന്നതിനുള്ള അവകാശം നഷ്ടപ്പെടുത്തുകയുമാണ് ചെയ്യുന്നത്.
ഇത്തവണ ഭരണഘടനാദിനം കടന്നുവരുന്നത് കേരളത്തിൽ ശക്തമായ ധ്രുവീകരണത്തിന്റെ സാഹചര്യത്തിലാണ്. ഭരണഘടനയ‌്ക്കും നീതിന്യായസംവിധാനത്തിനും പുരോഗതിക്കും ഒപ്പംനിൽക്കുന്നവരും ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുന്ന അരാജവാദികളും എന്ന മട്ടിൽ ഇപ്പോൾ വെളുപ്പും കറുപ്പും തിരിഞ്ഞിരിക്കുന്നു. കേരളത്തിലെ സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. ഏതെങ്കിലും യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകുകയെന്നതല്ല, പകരം ഭരണഘടന ഉറപ്പുനൽകണ്ടേ മൗലികാവകാശം സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ ഉറപ്പുവരുത്തേണ്ട ഭരണഘടനാ ചുമതലയുടെ നിർവഹണംമാത്രമാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 13 പ്രകാരം മൗലികാവകാശങ്ങൾ നിഷേധിക്കുന്ന നിയമനിർമാണം നടത്താൻ നിയമനിർമാണ സഭകൾക്ക് അധികാരമില്ല. അതുകൊണ്ടുതന്നെ ഓർഡിനൻസോ നിയമനിർമാണമോ അസാധ്യമാണ്. ഭരണഘടനയുടെ അടിസ്ഥാനശിലയെ സ്പർശിക്കുന്ന ഭരണഘടനാഭേദഗതിയും  കേശവാനന്ദഭാരതി കേസിനുശേഷം അസാധ്യമാണ്.

ഭരണഘടന സംരക്ഷിക്കുക

എന്നാൽ, സുപ്രീംകോടതി വിധിച്ചാലും ഞങ്ങൾ ഭരണഘടനയെയും മൗലികാവകാശങ്ങളെയും കലാപംവഴി അട്ടിമറിക്കുമെന്നാണ് ബിജെപിയും കോൺഗ്രസും പ്രഖ്യാപിക്കുന്നത്. തെറ്റായ പ്രചാരവേലകളിൽ കുടുങ്ങി നിലപാട‌് സ്വീകരിച്ച ഒരുവിഭാഗം വിശ്വാസികൾ ഇക്കൂട്ടരുടെ സങ്കുചിതരാഷ്ട്രീയം തിരിച്ചറിഞ്ഞ് ശരിയായ നിലപാടിലേക്ക് വരുന്നുണ്ട്. ഭരണഘടനയെ സംരക്ഷിച്ചുകൊണ്ടുമാത്രമേ ഏതൊരു വിശ്വാസിയുടെ വിശ്വാസവും ഇന്ത്യപോലൊരു രാജ്യത്ത് സംരക്ഷിക്കാൻ കഴിയൂ. അതുകൊണ്ട് മറ്റൊരു കാലത്തുമില്ലാത്ത പ്രാധാന്യം ഇത്തവണ ഭരണഘടനാദിനത്തിനുണ്ട്. ഭരണഘടനയെ സംരക്ഷിക്കുന്നതിനായി കണ്ണിചേരുന്നതിന‌് കക്ഷിരാഷ്ട്രീയഭേദമെന്യെ എല്ലാ ജനാധിപത്യവാദികൾക്കും ഉത്തരവാദിത്തമുണ്ട്.


പ്രധാന വാർത്തകൾ
 Top