22 May Wednesday

കാലം അതിജീവിച്ച ബന്ധം

എസ് വി നായർUpdated: Wednesday Aug 29, 2018


ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം, പരമ്പരാഗതമായ, നൂറ്റാണ്ടുകൾ പഴക്കമുള്ള, പരസ്പരം പ്രയോജനപ്രദമായ ബന്ധമാണ് ഇന്ത്യയും റഷ്യയും തമ്മിലുണ്ടായിരുന്നത്. ഈ സാംസ്കാരികബന്ധങ്ങളുടെ പശ്ചാത്തലം പരിശോധിച്ചാൽ അത് 15‐ാംനൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച റഷ്യൻ വ്യാപാരി അഫനാസി നിതി കിനിലേക്കും 1840ൽ ഇവിടെ എത്തിച്ചേർന്ന റഷ്യൻ യാത്രികനും കലാകാരനുമായ അലക്സിസൾട്ടിക്കോവ് രാജകുമാരനിലേക്കും നിക്കൊളായ് റോറിച്ചിനെയും വാസിലി വെരെഷ് ചാഗിനെയുംപോലുള്ളവരുടെ കലാപരമായ പര്യവേക്ഷണങ്ങളിലേക്കും പ്രബോധോദയത്തിലേക്കും, മുപ്പതുകളുടെ തുടക്കത്തിൽ രവീന്ദ്രനാഥ് ടാഗോറിന്റെയും ജവാഹർലാൽ നെഹ‌്റുവിന്റെയും റഷ്യാസന്ദർശനത്തിലേക്കും മഹാത്മാഗാന്ധിജിയും ലിയോ ടോൾസ്റ്റോയിയും തമ്മിൽ നടന്ന ചരിത്രപ്രസിദ്ധമായ കത്തിടപാടുകളിലേക്കും  രണ്ടാം ലോകമഹായുദ്ധകാലത്ത്  ഇന്ത്യയിൽ രൂപംകൊണ്ട സോവിയറ്റ് യൂണിയൻ സുഹൃദ‌്മിതിയുടെ  സ്ഥാപനത്തിലേക്കും‌ ചെന്നെത്തും. ഇവയൊക്കെയും ഇന്തോ‐റഷ്യ ചരിത്രത്തിലെ സുവർണാധ്യായങ്ങളിലെ തിളങ്ങിനിൽക്കുന്ന നാഴികക്കല്ലുകളാണ്.

സ്വാതന്ത്ര്യം നേടുന്നതിന് നാലുമാസം മുമ്പുതന്നെ ഇന്ത്യ സോവിയറ്റ് യൂണിയനുമായി ഉണ്ടാക്കിയ നയതന്ത്രബന്ധം അന്താരാഷ്ട്ര നയതന്ത്ര ബന്ധചരിത്രത്തിലെ നിർണായക ഏടാണ്. യുഎസ്എസ്ആറിനെ സംബന്ധിച്ചിടത്തോളം, ഇന്ത്യയുമായുള്ള സുഹൃദ്ബന്ധമെന്നത് എക്കാലത്തും ഇരുഭാഗത്തുമുള്ള ഭരണമാറ്റങ്ങളെന്തുതന്നെയായിരുന്നാലും, അതിന്റെ വിദേശനയത്തിലെ മുൻഗണനാവിഷയമായിരുന്നു.  ഇരുരാജ്യങ്ങളും മറുരാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ അഖണ്ഡതയെയും പരമാധികാരത്തെയും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്തുപോന്നു.

അതിലുപരിയായി, ആഗോളപ്രശ്നങ്ങളിൽ വിശേഷിച്ചും ലോകസമാധാനത്തിന്റെ കാര്യത്തിലും വികസനകാര്യത്തിലും ബഹുധ്രുവലോക സങ്കൽപ്പത്തിലും ഭീകരതയുടെ അത്യാപത്ത് അവസാനിപ്പിക്കുന്നതിലും, ഇന്ത്യയും റഷ്യയും തങ്ങളുടെ ഐക്യദാർഢ്യം പ്രകടിപ്പിച്ച‌് അന്താരാഷ്ട്രവേദികളിൽ തോളോടുതോൾ ചേർന്നുനിന്ന‌് പൊരുതി.

ഇന്ത്യയുടെ സാമ്പത്തിക അന്തർഘടനയ‌്ക്ക് ശക്തമായ ഒരടിത്തറ പാകുന്ന കാര്യത്തിൽ പ്രഥമ പ്രധാനമന്ത്രി നെഹ‌്‌റുവിനുണ്ടായിരുന്ന ഉൽക്കണ്ഠയോട് കൃത്യമായും അനുകൂലമായും പ്രതികരിച്ചത് സോവിയറ്റ് യൂണിയനായിരുന്നു. അമ്പതുകളുടെ തുടക്കത്തിൽ ഭിലായി സ്റ്റീൽപ്ലാന്റ് സ്ഥാപിച്ചുകൊണ്ടായിരുന്നു തുടക്കം. ഉരുക്ക്, മെഷിൻ ടൂൾസ്, ഫാർമസ്യൂട്ടിക്കൽസ്, എണ്ണശുദ്ധീകരണം, ആണവോർജം, കൃഷി, ലോഹ സംസ്കരണം, ഘന ഇലക്ട്രിക്കൽ, ഘന എൻജിനിയറിങ‌്, ഐഎെടികൾ, ശാസ്ത്രസാങ്കേതികം, വാണിജ്യം, പ്രതിരോധം, സംസ്കാരം, ശൂന്യാകാശശാസ്ത്രം തുടങ്ങിയ മേഖലകളിലേക്ക‌് ഈ ബന്ധം വളർന്നു.

1975ൽ തൊടുത്തുവിട്ട ഇന്ത്യൻ ഉപഗ്രഹമായ ആര്യഭട്ടയ‌്ക്ക് സോവിയറ്റ് യൂണിയൻ നൽകിയ സഹായം, അതിനെത്തുടർന്ന് വിക്ഷേപിച്ച ഭാസ്കര 1ഉം ഭാസ്കര 2ഉം, രാകേഷ് ശർമയുടെ കൂടെയുള്ള ശൂന്യാകാശയാത്രയിലെ ഇന്തോ‐സോവിയറ്റ് സഹകരണം, 1984ലെ സൂയസ് ഠ 2, ചന്ദ്രയാൻ മിഷൻ, ബ്രഹ്മോസ് പദ്ധതി, വിക്രമാദിത്യ മുങ്ങിക്കപ്പൽ, കൂടംകുളം ആണവവൈദ്യുത പദ്ധതി എന്നിങ്ങനെ ഇന്ത്യയെ ശൂന്യാകാശ ശാസ്ത്രത്തിലും പ്രതിരോധമേഖലയിലും ആണവോർജകാര്യത്തിലും മുന്നേറാൻ സഹായിച്ച സോവിയറ്റ് നടപടികൾ,  ഉഭയകക്ഷി ബന്ധങ്ങളിലെ വിശ്വാസയോഗ്യവും ഉൽക്കർഷേച്ഛ വെളിപ്പെടുത്തുന്നതുമായ ഏതാനും ഉദാഹരണങ്ങൾമാത്രമാണ്.
വിഖ്യാത സിനിമാതാരമായ രാജ് കപൂർ റഷ്യൻ ജനതയുടെ മനസ്സും ഹൃദയവും കവർന്നു. സംയുക്ത സിനിമാനിർമാണങ്ങൾ, ഇരുരാജ്യങ്ങളിലും നടന്ന സിനിമാ പ്രദർശനങ്ങൾ, പരസ്പര സാംസ്കാരിക വിനിമയങ്ങൾ തുടങ്ങിയവ ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരികൈക്യം വികസിപ്പിച്ചു. ഐസൻ സ്റ്റീൻ, തർക്കോവ്സ്കി തുടങ്ങിയ പ്രതിഭാശാലികളുടെ അമൂല്യരചനകൾ ഇന്ത്യൻ ചലച്ചിത്രമേഖലയുടെ വഴികാട്ടികളായി മാറി.

ഇന്ത്യയിലെ വേദോപനിഷത്തുക്കളും രാമായണവും മഹാഭാരതവും ഉയർത്തിപ്പിടിക്കുന്ന ആത്മീയവും തത്വചിന്താപരവും സാഹിത്യപരവുമായ ഉന്നതമൂല്യങ്ങളോടും ജവാഹർലാൽ നെഹ‌്റു, ഡോ. എസ് രാധാകൃഷ്ണൻ തുടങ്ങിയവരുടെ കൃതികളോടും റഷ്യൻ ജനത ഏറെ ആദരവ് പുലർത്തി.  അതേസമയം, ലിയോ ടോൾസ‌്റ്റോയി, അലക്സാണ്ടർ പുഷ്കിൻ, ഫെയദോർ ദെസ്തോവ്സ്കി, ആന്റൺ ചെക്കോവ്, നിക്കൊളായ് ഗോ ഗോൾ തുടങ്ങിയ മഹാരഥന്മാരുടെ ക്ലാസിക് കൃതികൾ ഇന്ത്യൻ ഭാഷകൾക്കും സാഹിത്യത്തിനും ശക്തമായ ഊർജസ്രോതസ്സായും സ്വാധീനശക്തിയായും മാറി.

റഷ്യൻ സർവകലാശാലകളിലെ ഹിന്ദിപഠനവും ഇന്ത്യൻ യൂണിവേഴ്സിറ്റികളിലെ റഷ്യൻ ഭാഷാപഠനവും ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരികബന്ധത്തെ സുദൃഢമാക്കി. വൈദ്യശാസ്ത്രത്തിലും എൻജിനിയറിങ്ങിലും മറ്റ‌് വിഷയങ്ങളിലും പ്രവേശനത്തിനായി അപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം വർഷാവർഷം കൂടിവരികയാണ്.

ന്യൂഡൽഹിയിലും കൊൽക്കത്തയിലും മുംബൈയിലും ചെന്നൈയിലും തിരുവനന്തപുരത്തുമുള്ള റഷ്യൻ സെന്ററുകൾക്കും അതേപോലെ ഫെഡറൽ ഏജൻസി ഫോർ സിഐസി അഫയേഴ്സ്, റഷ്യൻ ഫെഡറേഷന്റെ വിദേശകാര്യമന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന സ്വാശ്രയ സ്ഥാപനമായ റഷ്യൻ കംപാട്രിയോറ്റ്സ് റിസൈഡിങ‌് അബ്രോഡ് ആൻഡ‌് ഇന്റർനാഷണൽ കോ‐ഓപ്പറേഷൻ തുടങ്ങിയവയും ഇന്തോ‐റഷ്യൻ ബന്ധത്തെ വിവിധ മേഖലകളിൽ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുകയുണ്ടായി.

ഇന്ത്യയും റഷ്യയും തമ്മിൽ 1971ൽ ഒപ്പിട്ട സമാധാന സൗഹൃദ സഹകരണ കരാറിനെ കരാറുകളുടെയെല്ലാം മാതാവ് എന്ന് വിശേഷിപ്പിക്കാം. ഇന്ത്യയും റഷ്യയും തമ്മിൽ 2000ത്തിൽ ഒപ്പിട്ട യുദ്ധതന്ത്രപരമായ പങ്കാളിത്തപ്രഖ്യാപനം അതുല്യമായ നിർവിഘ്നത കാട്ടുന്ന, സുദൃഢവും ശക്തവുമായ ഒന്നാണ്. വാണിജ്യ സാമ്പത്തിക ശാസ്ത്രസാങ്കേതിക സാംസ്കാരിക സഹകരണത്തിനായുള്ള  സർക്കാർതല കമീഷൻ,  സമാധാനപരമായ ബഹുമുഖ വികസനത്തിനായുള്ള തികച്ചും ഗണനീയമായ ഒന്നാണ്.

സമാധാനകാലത്തും കുഴപ്പങ്ങളുടെ സമയത്തും റഷ്യ ഇന്ത്യക്കൊപ്പം നിലയുറപ്പിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിലിനുമുന്നിൽ കശ്മീർപ്രശ്നവും ഗോവൻപ്രശ്നവും ചർച്ചയ‌്ക്ക് വന്നപ്പോൾ റഷ്യ കലവറയില്ലാത്ത പിന്തുണയാണ് ഇന്ത്യക്ക് നൽകിയത്. 1971ൽ ബംഗ്ലാദേശിന് ജന്മം നൽകിയ യുദ്ധത്തിൽ റഷ്യ ഇന്ത്യക്ക് നൽകിയ പിന്തുണയും ചരിത്രത്തിന്റെ ഭാഗമാണ്. യുഎൻ സെക്യൂരിറ്റി കൗൺസിലിൽ ഇന്ത്യക്ക് അംഗത്വം ലഭിക്കുന്ന കാര്യത്തിലും എസ‌്‌സിഒ (ഷാങ‌് ഹായ് കോ‐ഓപ്പറേഷൻ ഓർഗനൈസേഷൻ) അംഗത്വത്തിന്റെ കാര്യത്തിലും റഷ്യ നടത്തിയ നിരന്തരശ്രമങ്ങൾ അഭിനന്ദനാർഹമാണ്. ഇന്തോ‐റഷ്യൻ സംയുക്ത കമീഷൻ രൂപീകരിച്ചതും ഇന്ത്യൻ പ്രധാനമന്ത്രിയും റഷ്യൻ പ്രസിഡന്റും പങ്കെടുക്കുന്ന യോഗങ്ങൾ ഡൽഹിയിലും മോസ്കോവിലും മാറി മാറി നടത്തുന്നതും തുടർന്നുപോരുന്ന ബന്ധത്തെ ഒന്നുകൂടി ശക്തമാക്കാൻ ഉപകരിക്കും. നിയമാധിഷ്ഠിതമായ അന്താരാഷ്ട്രക്രമം പരിപാലിക്കുന്നതിനും പരസ്പര പങ്കാളിത്തത്തോടെ ഉത്തരവാദിത്ത നിർവഹണം നടത്തുന്നതിനും ന്യൂഡൽഹിക്കും മോസ്കോവിനുമുള്ള താൽപ്പര്യമാണ് ഐക്യരാഷ്ട്രസഭാ നേതൃത്വത്തിലുള്ള വിവിധ ഫോറങ്ങളിലും ബ്രിക്സിലും, ഏ 20ലും ഡബ്ല്യുടിഒവിലും തോളോടുതോൾ ചേർന്ന് പ്രവർത്തിക്കാൻ വഴിയൊരുക്കുന്നത്.

കഴിഞ്ഞവർഷം എസ‌്‌സിഒവിൽ ഇന്ത്യക്ക‌് പൂർണ അംഗത്വം നേടാനായതോടെ, ആ സംഘടന പ്രാദേശികഘടനയിൽ (ൃലഴശീിമഹ ടൃൌരൌൃല ) നേതൃപരമായ പങ്കുവഹിക്കുന്ന കാര്യത്തിൽ അതിന്റെ വളർച്ചയുടെ പുതിയ പടവുകൾ കയറിയിരിക്കുകയാണ്. ഏഷ്യ‐പസിഫിക് മേഖലയിലും യൂറേഷ്യയിലും പരസ്പരസഹകരണം നിലനിർത്തുന്നതിലും ഐക്യപ്പെടുത്തുന്നതിലും റഷ്യ സുദൃഢം നിലകൊള്ളുന്നു.  ഈ ഭൂപ്രദേശത്ത് ഇന്ത്യ നേതൃപരമായ പങ്ക് നിർവഹിക്കുന്നുമുണ്ട്.

വിപുലമായ യൂറേഷ്യൻ പങ്കാളിത്തം വികസിപ്പിച്ചെടുക്കുന്നതിന് അനന്തസാധ്യതകളാണുള്ളത്.‌ എസ‌്‌സിഒവിന്റെയും യൂറേഷ്യൻ ഇക്കണോമിക് യൂണിയന്റെയും ആസിയന്റെയും ചട്ടക്കൂടുകൾവഴി നടത്താവുന്ന ഉദ്ഗ്രഥനാത്മകമായ നടപടികൾവഴി നവോർജം നേടാനുമാകും. മുമ്പോട്ട് നോക്കുമ്പോൾ, ഇന്ത്യക്കും റഷ്യക്കും വളരെ സുദൃഢമായ, ചരിത്രപരവും സ്ഥാപനപരവുമായ കർമമണ്ഡലമുണ്ട്. പരമ്പരാഗതമായ പരസ്പരാഭിനിവേശമുണ്ട്; ഇതാകട്ടെ, തുടർന്നും ഭാവിയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തിലും ബഹുകക്ഷിബന്ധത്തിലുമുള്ള  സഹകരണം ശക്തിപ്പെടുത്തുന്നതിന് സഹായകമാണുതാനും.

(ദീർഘകാലം ന്യൂഡൽഹിയിലെ റഷ്യൻ സെന്റർ ഓഫ‌് സയൻസ‌് ആൻഡ‌് കൾച്ചറിൽ മാധ്യമ ഉപദേശകനായിരുന്നു ലേഖകൻ. സോവിയറ്റ‌് നേതാക്കളുമായി അടുത്തബന്ധം പുലർത്തിയിരുന്നു)
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top