27 May Wednesday

ഇന്ത്യൻ റിപ്പബ്ലിക് അപകടത്തിലോ

ഡോ. കെ എൻ പണിക്കർUpdated: Sunday Jan 26, 2020

എഴുപതുവർഷം പിന്നിട്ട്‌ ഇന്ത്യൻ റിപ്പബ്ലിക് ഗുരുതരമായ ഒരു രാഷ്‌ട്രീയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണോ എന്ന അഭിപ്രായത്തിന്‌ പൊതുസ്വീകാര്യത ലഭിച്ചിരിക്കുന്നു. ഭരണഘടന വിഭാവനംചെയ്‌ത മതനിരപേക്ഷ ജനാധിപത്യ രാഷ്‌ട്രം നിലനിൽക്കുമോ എന്ന ആശങ്കയ്‌ക്ക്‌ ഇടംനൽകുന്ന പ്രവണതകളാണ്‌ കഴിഞ്ഞ അഞ്ചുകൊല്ലങ്ങളിൽ ഇന്ത്യൻ രാഷ്‌ട്രീയത്തിൽ പ്രകടമായിട്ടുള്ളത്‌. ഇന്ത്യയുടെ സാമൂഹ്യ–-രാഷ്‌ട്രീയ കെട്ടുറപ്പ്‌ ഛിന്നഭിന്നമാകുമോ എന്ന ഭയം വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നുണ്ട്‌.

ഇന്ത്യ കെട്ടുറപ്പുള്ള ഒരു രാഷ്‌ട്രമായി ഏറെക്കാലം നിലനിൽക്കുമോ എന്ന സംശയം സ്വാതന്ത്ര്യലബ്‌ധിക്കുശേഷം പലരും പങ്കുവച്ചിട്ടുണ്ട്‌. നാടുവാഴിത്തവും യാഥാസ്ഥിതികത്വവും ആദ്യകാല നവീകരണ ശ്രമങ്ങളെ പരാജയപ്പെടുത്താനുള്ള എല്ലാ അവസരങ്ങളും ഉപയോഗിച്ചു. ഈ വെല്ലുവിളികളെ വിജയകരമായി നേരിട്ടുകൊണ്ടാണ്‌ പുതിയ ജനാധിപത്യവ്യവസ്ഥ സുസ്ഥിരമായി നിലവിൽവന്നത്‌. അങ്ങിങ്ങായി പൊന്തിവന്ന വിഘടനവാദ എതിർപ്പുകളെ കേന്ദ്രഭരണം അടിച്ചമർത്തി. അടിയന്തരാവസ്ഥപോലുള്ള ഏകാധിപത്യശ്രമങ്ങളെ ജനങ്ങൾ പുറന്തള്ളുകയും ചെയ്‌തു. അതേസമയംതന്നെ ഭീകരതയെ ആയുധമാക്കിയ തീവ്രവാദ പ്രവർത്തനങ്ങൾക്ക്‌ പൊതുപിന്തുണ ലഭിച്ചില്ല. ചുരുക്കിപ്പറഞ്ഞാൽ കഴിഞ്ഞ 70 കൊല്ലത്തിൽ ഇന്ത്യൻ രാഷ്‌ട്രീയത്തിൽ മതനിരപേക്ഷ ജനാധിപത്യം സ്ഥാപനവൽക്കരിക്കപ്പെട്ടു. അങ്ങനെ സ്ഥാപനവൽക്കരിക്കപ്പെട്ട മതനിരപേക്ഷ ജനാധിപത്യത്തിന്റെ ആഘോഷമാണ്‌ റിപ്പബ്ലിക് ദിനാചരണം.

റിപ്പബ്ലിക് ദിനത്തിന്റെ ഔദ്യോഗിക ആഘോഷത്തിന്റെ മുഖ്യ അംശം ഭരണകൂടത്തിന്റെ സൈനികശക്തിയുടെ പ്രദർശനമാണ്‌. രാജ്‌പഥിലൂടെ ഇന്ത്യൻ സേനയുടെ വിവിധ വിഭാഗങ്ങൾ നടത്തുന്ന കവാത്ത്‌ ഭരണകൂടത്തിന്റെ അധികാരത്തിന്റെ പിൻബലത്തെയാണ്‌ വ്യക്തമാക്കുന്നത്‌. ഭരണകൂടത്തിന്റെ ആജ്ഞാനുസൃതമായി പ്രവർത്തിക്കാൻ നിർബന്ധിതമാകുന്ന മർദനോപകരണങ്ങളുടെ പരിച്ഛേദം മാത്രമാണിത്‌. ഒരു ജനാധിപത്യത്തിൽ ഈ ഉപകരണങ്ങൾ സാമൂഹ്യവിരുദ്ധർക്കും ദേശദ്രോഹികൾക്കും വിദേശശത്രുക്കൾക്കും എതിരായിമാത്രം ഉപയോഗിക്കപ്പെടുന്നവയാണ്‌. കഴിഞ്ഞ 70 കൊല്ലത്തിൽ അത്തരം സന്ദർഭങ്ങൾ പലതും ഉണ്ടായിട്ടുണ്ട്‌.


 

എങ്കിലും ഈ ഉപകരണങ്ങളെ അതിക്രൂരമായി ഉപയോഗിക്കുന്ന ഭരണമാണ്‌ ഇന്ന്‌ നിലനിൽക്കുന്നത്‌. ഇതിനുമുമ്പുണ്ടായിരുന്ന ലിബറൽ ഭരണങ്ങളിൽനിന്ന്‌ വ്യത്യസ്‌തമായി റിപ്പബ്ലിക്കിന്റെ അടിസ്ഥാനതത്വങ്ങളെ മാനിക്കാത്തതാണ്‌ ഇതിനുകാരണം. തൽഫലമായി സ്ഥാപനങ്ങളുടെ ചട്ടങ്ങൾ തിരുത്തിയെഴുതുകയും വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്യുന്നു. ഇവയുടെ അപലപനീയമായ ഉപയോഗങ്ങളാണ്‌ കശ്‌മീരിലുണ്ടായ നടപടികളും പ്രതിഷേധം ഉയർത്തിയ യുവതീ-യുവാക്കൾക്കുനേരെയുണ്ടായ ആക്രമണങ്ങളും.

ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന ‘ഇന്ത്യക്കാരായ നമ്മൾ’ എന്ന കഥനം രാഷ്‌ട്രീയ രൂപീകരണത്തിന്റെ ചരിത്രപരമായ സങ്കീർണതയെ ഉൾക്കൊള്ളുന്നതാണ്‌. ഭരണഘടനയെക്കുറിച്ചുണ്ടായ എല്ലാ ചർച്ചകളിലും ഈ സങ്കീർണതയെക്കുറിച്ചുള്ള അവബോധം നിഴലിക്കുന്നുണ്ട്‌. ഈ അവബോധം ഭൂമിശാസ്‌ത്രപരമായ പൈതൃകത്തിനും രാഷ്‌ട്രീയ ഗതിവിഗതികൾക്കുമല്ല പ്രാമുഖ്യം നൽകിയത്‌. സാംസ്‌കാരികമായി മതാതീതമായ രാഷ്‌ട്ര സങ്കൽപ്പത്തിനായിരുന്നു. ഭരണഘടനാ അസംബ്ലിയിലെ വൈവിധ്യമാർന്ന വാദമുഖങ്ങളിൽ ഈ അവബോധത്തിന്റെ പ്രതിഫലനം കാണാം. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകവും രാഷ്‌ട്രീയപാരമ്പര്യവും മതാധിഷ്‌ഠിതമല്ലെന്നും മതാതീതമാണെന്നും തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവിന്റെ പരിണതഫലമാണ്‌ ഇന്ത്യ എന്ന ഭാരതം എന്ന പ്രയോഗം ഉടലെടുത്തത്‌. ഈ പ്രയോഗം നിർദേശിച്ച ഭരണഘടനാ നിർമാണസഭ ഒരു ജനതയുടെ ചരിത്രാനുഭവത്തെ മുഴുവൻ മൂന്നുവാക്കിൽ സ്വാംശീകരിക്കുകയാണ്‌ ചെയ്‌തത്‌.

ഈ ഭരണഘടനാസൂത്രം നിഷേധിക്കാനുള്ള നിതാന്ത പരിശ്രമമാണ്‌ ഹിന്ദുത്വവാദികളായ ആർഎസ്‌എസും ബിജെപിയും നടത്തിക്കൊണ്ടിരിക്കുന്നത്‌. ഭാരതം ഇന്ത്യയായി രൂപപ്പെട്ട ചരിത്രപ്രക്രിയയെ നിർമാർജനം ചെയ്യാൻ അവർ ആഗ്രഹിക്കുന്നു. ഇന്ത്യൻ ചരിത്രത്തെ സ്വാംശീകരിക്കുകയും ഹിന്ദുവൽക്കരിക്കുകയും ചെയ്‌തുകൊണ്ടാണ്‌ ഈ ശ്രമത്തിനും ആരംഭം കുറിച്ചത്‌. പിന്നീടത്‌ പലമേഖലകളിലേക്കും പടർന്നുപന്തലിച്ചു കഴിഞ്ഞിരിക്കുന്നു. സാമൂഹ്യ–- സാംസ്‌കാരിക–- രാഷ്‌ട്രീയ മേഖലകളിൽ കഴിഞ്ഞ 50 കൊല്ലത്തിനുള്ളിൽ ഈ ആശയം ഗണ്യമായ സ്വാധീനം ആർജിച്ചു. ഹിന്ദുവും ഹിന്ദുത്വവും മതനിരപേക്ഷതയെയും ജനാധിപത്യത്തെയും പാർശ്വവൽക്കരിക്കാനുള്ള തത്രപ്പാടിലാണ്‌. സമൂഹത്തിന്റെ ഒരു വിഭാഗം ഈ ആശയങ്ങൾക്ക്‌ ചെവികൊടുക്കുകയും ചെയ്യുന്നു.


 

ഒരുപക്ഷേ, ഭരണഘടനാ നിർമാതാക്കൾക്ക്‌ വിഭാവനം ചെയ്യാൻപോലും കഴിയാത്ത ഒരു സാമൂഹ്യ –- രാഷ്‌ട്രീയ പരിതഃസ്ഥിതിയാണ്‌ ഇന്ന്‌ സംജാതമായിരിക്കുന്നത്‌. ചരിത്രത്തിൽ സ്ഥാനം പിടിച്ച ഫാസിസ്റ്റ്‌ ഭരണങ്ങളിൽ പ്രാവർത്തികമാക്കിയ സംവിധാനങ്ങളെ ഓർമിപ്പിക്കുന്ന നീക്കങ്ങളാണ്‌ ഇന്ന്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. സംഘപരിവാറിന്റെ ആശയങ്ങളോട്‌ യോജിപ്പില്ലാത്തവരെയും പ്രതിഷേധം പ്രകടിപ്പിക്കുന്നവരെയും ഭരണകൂടത്തിന്റെ വിവിധ ഉപകരണങ്ങൾ ഉപയോഗിച്ച്‌ നിശ്ശബ്‌ദരാക്കാൻ ശ്രമിക്കുന്നു. സഹിഷ്‌ണുതയ്‌ക്ക്‌ പേരുകേട്ട ഇന്ത്യൻ സമൂഹം അസഹിഷ്‌ണുതയുടെ കൂത്തരങ്ങായി മാറിക്കൊണ്ടിരിക്കുന്നു. രാഷ്‌ട്രീയമണ്ഡലത്തെ ആദർശരഹിതമായ കമ്പോളത്തെരുവാക്കി മാറ്റിത്തീർത്തു. നിയമസഭാംഗങ്ങളെ വിലയ്‌ക്കുവാങ്ങുന്നത്‌ ഒരു രാഷ്ട്രീയസംസ്‌കാരമാക്കി. ഇത്രയും അരാജകത്വം ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ല.

സ്വതന്ത്ര ഭാരതം പ്രതീക്ഷിച്ച ജനക്ഷേമപദ്ധതികൾ, സാമ്പത്തികവികസനം എന്നിവ സംഭവിച്ചില്ല എന്ന പരാതി നിലനിൽക്കുന്നു. ഒരു സമ്പന്നവർഗം അരങ്ങുതകർക്കുമ്പോൾ സാധാരണക്കാരുടെ ജീവിതം കൂടുതൽ കൂടുതൽ ദുഷ്‌കരമായിക്കൊണ്ടിരിക്കുകയാണ്‌. കടബാധ്യരായ കർഷകരിൽ പലരും അവരുടെ ജീവിതം ഒടുക്കാൻ നിർബന്ധിതരായി. കഴിഞ്ഞ 70 വർഷത്തിൽ അനുഭവിക്കാത്ത സാമ്പത്തിക മാന്ദ്യവും പ്രതിസന്ധിയുമാണ്‌ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നേരിട്ടുകൊണ്ടിരിക്കുന്നത്‌. ഈ ഗുരുതരമായ സാമ്പത്തികപ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാൻ ശ്രമിക്കുന്നതിനുപകരം നിലവിലുള്ള ഭരണകൂടം ജനങ്ങളെ ഭിന്നിപ്പിച്ച്‌ ഭരിക്കുക എന്ന ഗൂഢതന്ത്രമാണ്‌ പിന്തുടരുന്നത്‌.

ഇന്ത്യൻ റിപ്പബ്ലിക് രൂപീകൃതമായതും നിലനിന്നതും ജാതി–-മത വിവേചനമില്ലാത്ത ഒരു ദേശീയ സങ്കൽപ്പത്തിലൂടെയാണ്‌. ഈ സങ്കൽപ്പം കൊളോണിയൽ വിരുദ്ധസമരകാലത്ത്‌ ജനങ്ങളുടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ വളർന്നുവന്നതുമാണ്‌. 1947ൽ വിഭജനം ഉണ്ടായെങ്കിൽപ്പോലും ഈ സ്വഭാവം നിലനിന്നു. ഈ സ്വഭാവത്തെ അപായപ്പെടുത്താനാണ്‌ ബിജെപി ഭരണം ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. അതിൽനിന്ന്‌ പിന്തിരിയണമെന്നാണ്‌ ജനങ്ങൾ ഇച്ഛിക്കുന്നത്‌ എന്നതിന്റെ തെളിവ്‌ വേണ്ടത്ര പ്രകടമായിട്ടുണ്ട്‌. രാജ്യം ഒട്ടാകെ പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും ശബ്‌ദം ഉയർന്നിരിക്കുന്നു. ഈ ശബ്ദം ശ്രവിക്കാത്ത ഭരണാധികാരികളുടെ സ്ഥാനം ചവറ്റുകുട്ടയിലാണെന്നതാണ്‌ ചരിത്രപാഠം. ആധുനികവൽക്കരിക്കാൻ വെമ്പുന്ന ഒരു രാഷ്‌ട്രത്തെ ഭൂതകാലത്തിലേക്ക്‌ നയിക്കാൻ ശ്രമിക്കുന്നവരുടെയും ഇടം അതുതന്നെ.


പ്രധാന വാർത്തകൾ
 Top