12 August Wednesday

കലഹത്തിന്റെ കാലാപാനി - ഡോ. ജോസഫ്‌ ആന്റണി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jun 15, 2020


പ്രധാനമന്ത്രി  നരേന്ദ്ര മോഡി 2014ൽ ആദ്യമായി അധികാരമേറ്റെടുത്തപ്പോൾ ദക്ഷിണേഷ്യയിലെ ഇന്ത്യയുടെ ഏഴ് അയൽരാജ്യത്തെ പ്രത്യേകമായി ക്ഷണിക്കുകയുണ്ടായി. 2019ൽ അധികാരമേറ്റപ്പോഴും  അയൽരാജ്യങ്ങളുടെ മറ്റൊരു കൂട്ടായ്മയായ, 1997ൽ നിലവിൽവന്ന, "ബിംസ്റ്റെക്കി'ലെ ആറ് അയൽരാജ്യം ക്ഷണിതാക്കളായിരുന്നു. അയൽരാജ്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി, പരസ്പരബന്ധം മെച്ചപ്പെടുത്തി അവരുടെ വിശ്വാസം നേടിയാൽമാത്രമേ മേഖലയിലെ വൻശക്തിയെന്നനിലയിൽ ആഗോളതലത്തിൽ കൂടുതൽ ഔന്നത്യങ്ങളിലേക്കുപോകാൻ ഇന്ത്യക്കാകുകയുള്ളുവെന്ന കാഴ്ചപ്പാടാണ് ഈ നടപടികളുടെ അടിസ്ഥാനം. അതാണ് പിൽക്കാലത്ത് "അയൽരാജ്യങ്ങൾക്ക്  പ്രഥമപരിഗണന' എന്ന നയത്തിലൂടെ നടപ്പാക്കാൻ ശ്രമിച്ചത്. പ്രധാനമന്ത്രിപദം ഏറ്റെടുത്തശേഷം 2014ൽത്തന്നെ അദ്ദേഹം ആദ്യം സന്ദർശിച്ചതും അയൽരാജ്യങ്ങളായ ഭൂട്ടാനും നേപ്പാളുമാണ്. ചൈനയുമായി അതിർത്തി പങ്കിടുന്ന രാഷ്ട്രങ്ങൾകൂടിയാണ് അവയെന്നതും പരിഗണിക്കപ്പെട്ടിട്ടുണ്ടാകാം.

വളരെ ആവേശത്തോടെയാണ് അയൽരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യ ശ്രമിച്ചതെങ്കിലും 2015ൽത്തന്നെ ബന്ധങ്ങൾ വഷളാകുന്ന കാഴ്‌ചയാണ്‌ കണ്ടത്. 2014 ആഗസ്തിലെ ആവേശകരവും പ്രതീക്ഷയുളവാക്കുന്നതുമായ നേപ്പാൾ സന്ദർശനത്തിന്റെ ഒരുവർഷം കഴിഞ്ഞപ്പോൾത്തന്നെ പരസ്പരബന്ധങ്ങളിൽ അവിശ്വാസത്തിന്റെ കരിനിഴൽ വീണുതുടങ്ങി. 2015  സെപ്തംബറിൽ  നേപ്പാൾ പാസാക്കിയ പുതിയ ഭരണഘടനയിൽ നേപ്പാളിലെ ഇന്ത്യൻ വംശജരായ മധേസികൾക്കെതിരായി ഉൾപ്പെടുത്തിയ വകുപ്പുകൾക്കെതിരായി ഇന്ത്യയെടുത്ത നിലപാടും തുടർന്ന്, അതിർത്തിയിൽ മധേസികളുടെ നേതൃത്വത്തിൽ നടന്ന ഉപരോധവും ഭൂരിപക്ഷം നേപ്പാളികളെയും ഇന്ത്യയുടെ ശത്രുക്കളാക്കി മാറ്റി. 


 

ഇപ്പോൾ ഇരു രാഷ്ട്രത്തിനുമിടയിൽ ഉയർന്നുവന്നിരിക്കുന്ന ലിപുലേഖ്‌ ചുരവുമായി ബന്ധപ്പെട്ട തർക്കവും 2015ൽത്തന്നെ നേപ്പാൾ ഉന്നയിക്കുകയുണ്ടായി. 2015 മേയിൽ മോഡി  ചൈന സന്ദർശിച്ചപ്പോൾ, ലിപുലേക്ക്ചുരം വഴിയുള്ള വ്യാപാരം വർധിപ്പിക്കുന്നതിനുള്ള കരാർ പ്രഖ്യാപിച്ചപ്പോഴാണ്, നേപ്പാൾ എതിർപ്പുമായി രംഗത്തുവന്നത്. അവർ അവകാശവാദമുന്നയിക്കുന്ന ലിപുലേഖ്‌ ഉൾപ്പെടുന്ന പ്രദേശത്തുകൂടി വ്യാപാരം നടത്താൻ ഇന്ത്യയും ചൈനയും തീരുമാനിച്ചത് തെറ്റാണെന്ന് വാദിച്ചു. ലിപുലേഖ്‌ പാസ്, വ്യാപാരത്തിനുള്ള  മാർഗമായി 1954ലെ  ഇന്ത്യ–--ചൈന കരാറിലും സൂചിപ്പിച്ചിട്ടുണ്ട്.

ചൈനയുടെ ഭാഗമായ തിബറ്റിൽ സ്ഥിതിചെയ്യുന്ന ഹിന്ദുതീർഥാടന കേന്ദ്രങ്ങളായ കൈലാസ്, --മാനസ സരോവർ പ്രദേശങ്ങളിലേക്കു പോകാനുള്ള പുതിയ റോഡ് മെയ് എട്ടിന് പ്രതിരോധമന്ത്രി രാജ്നാഥ്സിങ്‌ ഉദ്ഘാടനം ചെയ്തതോടെയാണ് ഇരുരാഷ്ട്രത്തിനുമിടയിൽ മുമ്പെങ്ങുമില്ലാത്ത തരത്തിൽ തർക്കങ്ങൾ ഉടലെടുത്തത്. 1962ലെ ഇന്ത്യ–--ചൈന യുദ്ധത്തിനുശേഷം, 1981ൽ വീണ്ടും കൈലാഷ്-, മാനസരോവർ യാത്ര ആരംഭിച്ചതുമുതൽ ഉപയോഗിക്കുന്ന പാതയാണ് ഇപ്പോൾ നവീകരിച്ച്‌ ഉദ്ഘാടനം ചെയ്തത്. 
ഇപ്പോഴത്തെ തർക്കങ്ങൾ യഥാർഥത്തിൽ  തുടങ്ങിയത് ജമ്മു കശ്മീർ സംസ്ഥാനത്തെ രണ്ട്‌ കേന്ദ്രഭരണപ്രദേശമാക്കി മാറ്റിയതിനുശേഷം, നവംബറിൽ കേന്ദ്രസർക്കാർ പുതിയഭൂപടം പ്രസിദ്ധീകരിച്ചതോടെയാണ്. ഈ ഭൂപടത്തിൽ "നേപ്പാളിന്റെ ഭൂപ്രദേശമായ കാലാപാനിമേഖല' ഇന്ത്യയിൽ ഉൾപ്പെടുത്തിയെന്നാരോപിച്ചായിരുന്നു  നേപ്പാൾ എതിർപ്പുമായി രംഗത്തുവന്നത്. അവർ അവകാശവാദമുന്നയിക്കുന്ന കാലാപാനി മേഖലയിലൂടെ ലിപുലേഖിലെത്തുന്ന പുതിയ റോഡ്  ഉദ്ഘാടനം ചെയ്തതോടെ  സംഘർഷത്തിലേക്ക്‌ നീങ്ങുകയായിരുന്നു. ഇന്ത്യൻ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ അതിർത്തിജില്ലയായ പിത്തോർഗഡിലെ ഡാർച്ചുലയിൽനിന്ന്‌  ലിപുലേഖിലേക്ക് നിർമിച്ച എൺപതുകിലോമീറ്റർ റോഡിനെതിരായി നേപ്പാൾ രംഗത്തുവന്നത് സ്വമേധയായല്ല, മറ്റാരുടെയോ പ്രേരണയാലാണെന്ന ഇന്ത്യൻ കരസേനാ മേധാവി ജനറൽ എം എം നരവാനെയുടെ പരാമർശം സ്ഥിതി കൂടുതൽ വഷളാക്കുകയുംചെയ്തു.


 

‌"ചത്തതു കീചകനെങ്കിൽ കൊന്നത് ഭീമൻ' എന്നൊരു സമീപനം ഇന്ത്യയുടെ താക്കോൽ സ്ഥാനങ്ങളിലിരിക്കുന്നവരെ നയിക്കുന്നുണ്ടെന്ന് നേപ്പാൾ വിഷയത്തിലും വെളിവായി. എന്തിനും ഏതിനും ചൈനയാണ് കാരണമെന്ന ന്യായം കണ്ടെത്തലാണ് ഇവരുടെ വിനോദം. അത്തരം ഒരു സമീപനം ഭരണാധികാരികളെ സന്തോഷിപ്പിക്കുമായിരിക്കും. പക്ഷേ, സ്ഥാനത്തും അസ്ഥാനത്തും ചൈനയെ വലിച്ചിഴയ്‌ക്കുന്നതിന്റെ ദുരന്തമാണ് ഇപ്പോൾ ഇന്ത്യ-–-നേപ്പാൾ തർക്കത്തെ ആളിക്കത്തിച്ചത്.

സംഘർഷം അപരിഹാര്യമായ നിലയിലേക്കു നീങ്ങുകയാണിപ്പോൾ. തർക്കം നിലനിൽക്കുന്ന കാലാപാനിയും സമീപപ്രദേശങ്ങളും ഉത്തരാഖണ്ഡിലെ പിത്തോർഗഡ് ജില്ലയുടെ ഭാഗവുമായ ലിമ്പിയാധുരയും ലിപുലേഖും കൂടി, ഏകദേശം നാനൂറ് ചതുരശ്രകിലോമീറ്റർ ഇന്ത്യൻപ്രദേശം നേപ്പാളിന്റെ ഭാഗമായി ഉൾപ്പെടുത്തുന്ന ഭൂപടം ഭരണഘടനാഭേദഗതിയിലൂടെ പാസാക്കാനുള്ള നടപടികൾ നേപ്പാൾ പാർലമെന്റിൽ അവസാനഘട്ടത്തിലാണ്.

2015ലെ വ്യാപാരഉപരോധത്തിനുശേഷം ഇന്ത്യാവിരുദ്ധവികാരം നേപ്പാളിലെ എല്ലാ പ്രമുഖപാർടികളുടെയും മുഖമുദ്രയാണ്. ഭരണതലത്തിൽ അമ്പേപരാജയപ്പെട്ട്‌, സ്വന്തം പ്രധാനമന്ത്രിപദത്തിനുപോലും വെല്ലുവിളി നേരിട്ടിരുന്ന സന്ദർഭത്തിലാണ് നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലിക്ക്‌, ലിപുലേഖ്‌ വീണുകിട്ടിയത്. ഇന്ത്യയോട് അടുപ്പമുള്ള മധേസി കക്ഷികൾവരെ, പുതിയ ഭൂപടത്തിനുള്ള ഭരണഘടനാ ഭേദഗതിയെ പിന്തുണയ്ക്കുന്ന അവസ്ഥയിലെത്തി.

ഇന്ത്യ–--ചൈന യുദ്ധത്തിനുമുമ്പ് 1962വരെയും അതിനുശേഷം 1981മുതലും ഉപയോഗിച്ചുകൊണ്ടിരുന്ന ഈ പാത മെയ് എട്ടിന്‌ തുറന്നുകൊടുക്കുകയെന്ന നടപടിയിലേക്ക്‌ പ്രതിരോധമന്ത്രിയെ നയിച്ചത്, ഒരുപക്ഷേ, അതിർത്തിയിൽ ഉയർന്നുവന്ന തർക്കങ്ങളാകാം. പുതിയ അതിർത്തി റോഡ്  നിർമിച്ചിരിക്കുന്നുവെന്ന്‌ ലോകത്തെ അറിയിച്ചതാകാം. എന്തായാലും വർഷങ്ങളായി ഇന്ത്യയുടെ കൈവശമുള്ളതും ഉപയോഗിക്കുന്നതും നവീകരണപ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതുമെല്ലാം തൊട്ടടുത്തുനിന്ന്‌ നോക്കിക്കാണുന്ന നേപ്പാൾ തർക്കവുമായിവന്നത്, അൽപം അതിശയമുളവാക്കുന്നുണ്ട്‌. മാറിക്കൊണ്ടിരിക്കുന്ന ദക്ഷിണേഷ്യൻ രാഷ്ട്രീയസാഹചര്യങ്ങളിൽ കാലാപാനി വിഷയം ഇന്ത്യ–-നേപ്പാൾ ബന്ധങ്ങളെ  കലാപകലുഷിതമാക്കും. അതിർത്തിത്തർക്കങ്ങൾ പരിഹരിക്കാൻ ഇരുകൂട്ടരും ആത്മാർഥമായ നടപടികളിലേക്കുപോയില്ലെങ്കിൽ, മേഖലയിലെ പ്രധാനരാഷ്ട്രമെന്ന നിലയിൽ, മറ്റ്‌ അയൽരാജ്യങ്ങളുടെയിടയിൽ ഇന്ത്യയുടെ പ്രതിച്ഛായക്ക്‌ മങ്ങലേൽപ്പിക്കും.


 

മൂന്നു കാരണത്താൽ കാലാപാനിയിലൂടെ എത്തുന്ന ലിപുലേഖ്‌  ചുരം ഇന്ത്യക്ക്‌ പ്രധാനമാണ്. ഇന്ത്യയും ചൈനയും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങൾമൂലം അതിർത്തിയിലേക്കുള്ള റോഡിന് സൈനികതന്ത്ര പ്രാധാന്യമുണ്ട്. ചൈനയുമായി വ്യാപാരബന്ധം കൂടുതൽ മെച്ചപ്പെടുത്താനാഗ്രഹിക്കുന്നതിനാൽ ഇന്ത്യക്ക്‌, ഈ ചുരം സാമ്പത്തികപ്രാധാന്യമുള്ളതാണ്. ഹിന്ദുമതവിശ്വാസികൾ കൈലാസ്‌ മാനസരോവർ തീർഥാടനം നടത്തുന്നത് ലിപുലേഖിലൂടെയാണെന്നതിനാൽ ഇതിന്‌ മതപരമായ പ്രാധാന്യവുമുണ്ട്.

ഇന്ത്യയുടെയും നേപ്പാളിന്റെയും ചൈനയുടെയും പ്രദേശങ്ങൾ ഒത്തുചേരുന്ന ഇടമാണ് ലിപുലേഖ്‌. ഇത്തരം തന്ത്രപ്രധാനമേഖലകളിൽ സംഘർഷം രൂക്ഷമാകാതിരിക്കാൻ ഇരുരാജ്യവും ശ്രദ്ധിക്കേണ്ടതാണ്. തർക്കം കാലാപാനി മേഖലയിൽ മാത്രമല്ല, ഉത്തർപ്രദേശിലെ ഗൊരഖ്പുരിനു സമീപമുള്ള സുസ്തയിലുമുണ്ടെന്നും നേപ്പാൾ വ്യക്തമാക്കിക്കഴിഞ്ഞു. ഇന്ത്യ–-നേപ്പാൾ അതിർത്തിയിലുണ്ടായ സംഘർഷത്തിൽ നേപ്പാൾ സായുധ പൊലീസിന്റെ വെടിയേറ്റ് ഒരു ഇന്ത്യൻ യുവാവ് കൊല്ലപ്പെട്ടത്‌ തർക്കങ്ങൾക്ക്‌ പുതിയമാനം കൈവരിക്കുന്നതിന്റെ സൂചനയാണ്.

പുതിയപ്രദേശങ്ങൾ ഉൾപ്പെടുത്തിയ ഭൂപടം അംഗീകരിക്കാനുള്ള ഭരണഘടനാഭേദഗതിയുമായി മുന്നോട്ടുപോകുമ്പോഴും ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നുകൂടി നേപ്പാൾ ആവശ്യപ്പെടുന്നത് ശുഭോദർക്കമാണ്. "നേപ്പാൾ ദുഃഖിക്കുമ്പോൾ  ഇന്ത്യക്കെങ്ങനെ സന്തോഷിക്കാനാകും'. 2014 ആഗസ്‌തിൽ, നേപ്പാൾ പാർലമെന്റിൽ പ്രസംഗിക്കവെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞ വാക്കുകളാണിത്. നേപ്പാളിന്റെ ദുഃഖം വസ്തുതാപരമാണെങ്കിൽ അത് എത്രയുംവേഗം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കാൻ ഇന്ത്യ മുൻകൈയെടുക്കണം. കാരണം, അയൽരാജ്യങ്ങൾക്ക്‌  പ്രഥമപരിഗണന നൽകുന്ന നയത്തിൽനിന്ന്‌ ഇന്ത്യക്ക്‌ പിന്നോട്ടുപോകാനാകില്ല. നേപ്പാളിനോടുള്ള ഇന്ത്യൻ നിലപാടുകൾ മറ്റുള്ള ചെറിയ അയൽരാജ്യങ്ങൾകൂടി വീക്ഷിക്കുന്നുണ്ട്. നേപ്പാൾവിഷയത്തിൽ ഇന്ത്യയുടെ നടപടികൾ  ചെറിയ അയൽക്കാരോടുള്ള സമീപനത്തിന്റെ സൽസന്ദേശം ഉൾക്കൊള്ളുന്നതാകണം. ദക്ഷിണേഷ്യയിലെ സമാധാനം നിലനിർത്തേണ്ട ചുമതല ഇന്ത്യക്കുണ്ട്. അതിനായി ഇന്ത്യ ശ്രമിക്കുമ്പോൾ, നേപ്പാൾ അതിനോട് സഹകരിക്കുമെന്ന് പ്രതീക്ഷിക്കാം. പട്ടിണിക്കാരും ദരിദ്രരും തൊഴിൽരഹിതരും ഏറെയുള്ള ഈ മേഖല യുദ്ധമല്ല, സമാധാനമാണ് ആഗ്രഹിക്കുന്നത്.


 

പഴക്കമുള്ള തർക്കം
ഈസ്റ്റ്‌ ഇൻഡ്യാ കമ്പനിയും നേപ്പാൾ രാജാവുമായി 1816ൽ ഒപ്പിട്ട സുഗൗളി കരാർ ഉയർത്തിക്കാട്ടിയാണ്, കാഠ്മണ്ഡു, മഹാകാളിനദിക്കുകിഴക്കുള്ള എല്ലാപ്രദേശവും തങ്ങളുടേതാണെന്ന് അവകാശപ്പെടുന്നത്.  1962ലെ ഇന്ത്യ–-ചൈന യുദ്ധത്തിനുശേഷം, ഇന്ത്യൻ അതിർത്തിസുരക്ഷയ്ക്കായി സേനയെ വിന്യസിക്കാൻ, മഹേന്ദ്രരാജാവ്  താൽക്കാലികമായി കാലാപാനി മേഖല നൽകുകയായിരുന്നുവെന്നാണ് നേപ്പാളിന്റെ വാദം. 1950ൽ നേപ്പാളിന്റെ അനുമതിയോടെ പതിനെട്ടോളം സൈനികപോസ്റ്റുകൾ നേപ്പാൾ-–-ചൈന അതിർത്തിയിൽ ഇന്ത്യ സ്ഥാപിച്ചിരുന്നു. എന്നാൽ 1969ൽ, ഈ സൈനികപോസ്റ്റുകളെല്ലാം നിർത്തലാക്കിയപ്പോഴും കാലാപാനിയിലെ സൈനികപോസ്റ്റ്‌ നിലനിർത്തിയിരുന്നു. അതിർത്തിയെ സംബന്ധിച്ച തർക്കങ്ങൾ ശക്തമായി ഉയർന്നുവന്നതോടെ, 1981ൽ രൂപീകരിക്കപ്പെട്ട നേപ്പാൾ–--ഇന്ത്യ സംയുക്തസമിതി 2007 ആയപ്പോഴേക്കും കാലാപാനിയും സുസ്തയും ഒഴികെയുള്ള പ്രദേശങ്ങളുടെ രേഖ തയ്യാറാക്കി ഒപ്പുവച്ചിരുന്നതായി, നേപ്പാളിൽ ഇന്ത്യയുടെ അംബാസഡറായിരുന്ന ജയന്ത് പ്രസാദ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സന്ദർഭങ്ങളിലൊന്നും തർക്കപരിഹാരത്തിനായി ആത്മാർഥമായ പരിശ്രമങ്ങളുണ്ടായിട്ടില്ലെന്നു കാണാം.

2000ൽ പ്രധാനമന്ത്രി വാജ്പേയിയുടെ മുന്നിൽ നേപ്പാൾ പ്രധാനമന്ത്രിയായിരുന്ന ഗിരിജപ്രസാദ് കൊയ്‌രാള പ്രശ്നം അവതരിപ്പിച്ചിരുന്നു. 2014ൽ വിദേശകാര്യ സെക്രട്ടറിതല സമിതി രൂപീകരിക്കണമെന്ന് ഇരുരാജ്യവും സമ്മതിച്ചിരുന്നെങ്കിലും ഒരുതവണപോലും ചർച്ചനടന്നില്ല. ഇരുരാജ്യത്തിനുമിടയിലുള്ള തർക്കപരിഹാരത്തിനായി 2016ലും പ്രമുഖ വ്യക്തികളടങ്ങുന്ന ഒരു സമിതി (ഇപിജി) രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ നിർദേശപ്രകാരം കാലാപാനിയും സുസ്തയും ഉൾപ്പെടുന്ന പ്രദേശങ്ങളുടെ മേലുള്ള തർക്കങ്ങളും പരിഹരിക്കാമെന്ന് ഇരു സർക്കാരും തീരുമാനിച്ചിരുന്നതായും എന്നാൽ, അതുസംബന്ധിച്ച് ഇപിജി സമർപ്പിച്ച നിർദേശങ്ങൾ നടപ്പാക്കപ്പെട്ടില്ലെന്നും  നേപ്പാളി എഴുത്തുകാരനായ കമൽദേവ് ഭട്ടറായി രേഖപ്പെടുത്തുന്നു.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top