22 September Tuesday

ഇറാന്റെ സൗഹൃദം നഷ്ടമാകരുത്

ഡോ. ജോസഫ്‌ ആന്റണിUpdated: Tuesday Jul 21, 2020

ഇറാനിലെ ചബഹർ തുറമുഖം


ഇന്ത്യ–- ഇറാൻ ബന്ധങ്ങൾ പുരാതനമായ ഭാരതീയ സംസ്കാരവും  പേർഷ്യൻ നാഗരികതയും തമ്മിലുള്ള ഗാഢബന്ധത്തിന്റെ ചരിത്രമുള്ളതാണ്. ഇറാനിലെ രാഷ്ട്രീയമാറ്റങ്ങളൊന്നും ഈ അടുത്തകാലംവരെ ആ ബന്ധത്തിൽ കാതലായ ഉലച്ചിലുണ്ടാക്കിയിരുന്നില്ല. ചരിത്രപരമായ ആ ബന്ധങ്ങളിൽ വിള്ളൽ വീഴാൻ തുടങ്ങിയത് അമേരിക്കൻസമ്മർദങ്ങൾക്കു വിധേയമായി ഇന്ത്യ,  ഇറാനോടുള്ള  നയങ്ങളിൽ മാറ്റം വരുത്താൻ തുടങ്ങിയതോടെയാണ്. രഹസ്യമായി ആണവായുധങ്ങൾ സൂക്ഷിക്കുന്ന ഇസ്രയേലിന്റെയും, പാകിസ്ഥാൻ ആണവപദ്ധതിയെ സഹായിക്കുന്ന സൗദി അറേബ്യയുടെയും താൽപ്പര്യങ്ങൾക്കുവഴങ്ങിയാണ് അമേരിക്ക ഇറാനെതിരെ തിരിഞ്ഞത്. ഇന്ത്യയുൾപ്പെടെ എല്ലാ സുഹൃദ്‌ രാജ്യങ്ങൾക്കുമേലും ഇതിനായി അമേരിക്ക സമ്മർദംചെലുത്തി. അമേരിക്കയുമായി ഇന്ത്യ ആണവകരാർ ചർച്ചയിലേർപ്പെട്ടിരിക്കെയാണ് 2005ൽ ഇറാൻ ആണവവിഷയത്തിൽ   ഇറാനെതിരായ നിലപാട്‌  സ്വീകരിക്കാൻ തുടങ്ങിയത്. ഒബാമയുടെ കാലത്ത് ആണവക്കരാറിലെത്തുന്നതിനായി അമേരിക്കയുടെ ആഗ്രഹപ്രകാരം ഇന്ത്യ സമ്മർദതന്ത്രങ്ങൾ പ്രയോഗിച്ചതിനെക്കുറിച്ച്, ഇന്ത്യയുടെ പ്രമുഖ ഗവേഷണകേന്ദ്രമായ ഒബ്സർവർ റിസർച്ച്‌ ഫൗണ്ടേഷന്റെ വെബ്സൈറ്റിലെ ജൂലൈ 14ലെ ലേഖനം സാക്ഷ്യം നൽകുന്നു.

വലിയ അന്താരാഷ്ട്ര സമ്മർദങ്ങളുടെ ഫലമായാണ് 2015 ൽ ഇറാനുപുറമെ, അമേരിക്കയും റഷ്യയും ചൈനയും ബ്രിട്ടനും ഫ്രാൻസും ജർമനിയും പങ്കാളിയായ ആണവകരാർ ഒപ്പിടുന്നത്. അന്താരാഷ്ട്ര കരാറുകളോടെല്ലാം അലർജി പുലർത്തുന്ന ട്രംപ്, ആണവക്കരാറിനെയും ഇല്ലാതാക്കിയെന്നു മാത്രമല്ല  ഇറാനെ സാമ്പത്തികമായിത്തകർക്കുന്ന പുതിയ ഉപരോധങ്ങളുമേർപ്പെടുത്തി. ആണവക്കരാറിനെ രക്ഷിക്കാൻ ആഗോളസംഘടനകളും പാശ്ചാത്യശക്തികളും നടത്തിയ ശ്രമങ്ങളും കരാറിലൂടെ സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയിലേക്കു തിരിച്ചുവരാമെന്ന ഇറാനിന്റെ ആഗ്രഹത്തെയും ട്രംപിന്റെ വികടനയങ്ങൾ നിലംപരിശാക്കി.

എണ്ണ കയറ്റുമതിക്കെതിരെയുള്ള ഉപരോധമുൾപ്പെടെ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച അമേരിക്ക, ഒരുരാജ്യവും  ഇറാനിൽനിന്ന്‌ എണ്ണയിറക്കുമതി ചെയ്യാൻ പാടില്ലെന്നും ഉത്തരവിറക്കി.  ഇതോടെ ഇന്ത്യക്ക്‌ ആവശ്യമുള്ള എണ്ണയുടെ പത്തുശതമാനവും നൽകിയിരുന്ന ഇറാനിൽനിന്നുമുള്ള എണ്ണയിറക്കുമതി ഇന്ത്യ അവസാനിപ്പിച്ചു. ഇന്ത്യക്ക്‌ ഏറ്റവും ഉദാരവ്യവസ്ഥയിൽ എണ്ണ നൽകിക്കൊണ്ടിരുന്ന ഏകരാജ്യമായിരുന്നു ഇറാൻ. അമേരിക്കൻ ഉപരോധത്തെത്തുടർന്ന് ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽനിന്നുള്ള എണ്ണ ഇറക്കുമതിയും  അവസാനിപ്പിച്ചു. ആവശ്യമുള്ള എണ്ണയുടെ 83 ശതമാനവും ഇറക്കുമതിചെയ്യുന്ന ഇന്ത്യ, സൗദി അറേബ്യക്കും ഇറാഖിനുംപുറമെ  ഇപ്പോൾ അമേരിക്കയിൽനിന്നും എണ്ണയിറക്കുമതി ആരംഭിച്ചു. ഇറാന്റെ നഷ്ടം, അമേരിക്കയുടെ നേട്ടം.

അമേരിക്കയുടെയും കൂട്ടാളികളുടെയും സ്വാർഥതാൽപ്പര്യങ്ങളെ സംരക്ഷിക്കാനും, ഇറാനെ രാഷ്ട്രീയമായും സാമ്പത്തികമായും തകർക്കാനുമുള്ള ഉപരോധങ്ങളും അതിനെ പ്രതിരോധിക്കാനറയ്ക്കുന്ന യുറോപ്യൻശക്തികളുടെ ചാഞ്ചാട്ടവും അതിനോടൊത്തുനിൽക്കുന്ന ഇന്ത്യയുടെ നയങ്ങളുമാണ്  ഇപ്പോൾ ഇറാനെ ചൈനയുമായുള്ള 25 വർഷത്തേക്കുള്ള തന്ത്രപ്രധാനമായ ദീർഘകാല കരാറിലെത്തിച്ചത്. ഇത് ചൈനയുടെ ആഗോള പദ്ധതികൾക്ക് ശക്തിപകരുന്നതും,  ഇറാൻവഴി അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും വ്യാപാരവാണിജ്യബന്ധങ്ങൾ വർധിപ്പിക്കാനും, ഊർജസുരക്ഷ ഉറപ്പാക്കാനുമുള്ള ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് തിരിച്ചടിയുമാണ്.


 

ഇറാൻ-‐ചൈന കരാർ
ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത് ഇറാനുമായി ബന്ധപ്പെട്ട് വമ്പൻനിക്ഷേപം ഉൾക്കൊള്ളുന്ന കരാറിനെക്കുറിച്ചുള്ള വാർത്തകളാണ്. ചൈനയും ഇറാനും അടുത്ത ഇരുപത്തഞ്ചു വർഷത്തേക്ക് നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധപദ്ധതികൾക്കു നീക്കിവയ്ക്കാനുദ്ദേശിക്കുന്ന 400 ബില്യൺ ഡോളറിന്റെതാണ് കരാർ. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ 2016ലെ ഇറാൻ സന്ദർശനവേളയിൽ നിർദേശിക്കപ്പെട്ടതാണ് ഇപ്പോൾ നടപ്പിലാക്കാനുദ്ദേശിക്കുന്ന ഈ ബൃഹത് പദ്ധതി. ഇറാൻ പാർലമെന്റിന്റെ  അനുമതി ലഭിച്ചാലുടൻ നൂറു വ്യത്യസ്തങ്ങളായ പ്രോജക്‌ടുകളടങ്ങുന്ന കരാർ നടപ്പിലാക്കിത്തുടങ്ങും. ‘ന്യൂയോർക്ക് ടൈംസ്’ ദിനപത്രം പ്രസിദ്ധീകരിച്ചതും ഇറാൻ രാഷ്ട്രീയനേതൃത്വം സമ്മതിച്ചതുമായ വിവരങ്ങൾ നൽകുന്ന സൂചന, മധ്യേഷ്യൻമേഖലയിലേക്കുള്ള ശക്തമായ കടന്നുവരവിന് ചൈനയെ പ്രാപ്തമാക്കുന്നതായിരിക്കും ഈ കരാറെന്നാണ്. ഇരുപത്തഞ്ചു വർഷം കൊണ്ട് നടപ്പിലാക്കുന്ന ഈ കരാറിൽ ബാങ്കിങ്, വാർത്താവിനിമയം, തുറമുഖങ്ങൾ, റെയിൽവേ, എന്നിവയുൾപ്പെടുന്ന നൂറ് പ്രോജക്ടുകളാണുള്ളത്. ഇതിനുപുറമെ, സ്വാതന്ത്രവ്യാപാരമേഖലയിലെ  നിക്ഷേപങ്ങൾക്കൊപ്പം ചൈന, സൈബർമേഖലയിൽ  5ജി നെറ്റ്‌വർക്ക് സംവിധാനം സജ്ജമാക്കുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങളുടെ നിർമാണപ്രവർത്തനങ്ങളുംനടത്തും. 5ജി രംഗത്തെ നിക്ഷേപങ്ങൾക്കുപുറമെ, അമേരിക്കയുൾപ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളുടെ നെഞ്ചിടിപ്പു വർധിപ്പിക്കുന്നതാണ് ഇറാൻ ചൈന കരാർ വിഭാവന ചെയ്യുന്ന സൈനിക സഹകരണം. സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംയുക്ത സൈനികാഭ്യാസങ്ങൾ, പരിശീലനം, സംയുക്തമായിട്ടുള്ള ആയുധങ്ങളുടെ ഗവേഷണവും വികസനവും, ഇന്റലിജൻസ് വിവരങ്ങളുടെ കൈമാറ്റവും ഇതിന്റെ ഭാഗമാണ്. ഇതോടൊപ്പം, ഇരുസൈന്യങ്ങളും  ഭീകരപ്രവർത്തനങ്ങൾ, മയക്കുമരുന്ന് കള്ളക്കടത്ത് മുതലായവക്കെതിരായും നീക്കങ്ങൾ നടത്തും. ഈ കാലയളവിൽ ഇറാൻ, ചൈനയ്ക്ക്‌ ഉദാരവ്യവസ്ഥകളിൽ എണ്ണവിതരണം ചെയ്യും.

അമേരിക്ക അന്യായമായി അടിച്ചേൽപ്പിച്ച ഉപരോധങ്ങളുടെ ഫലമായി ഇറാന്റെ സമ്പദ്‌വ്യവസ്ഥ വരും വർഷം പത്തുശതമാനത്തോളം താഴേക്കുപോകുമെന്നാണ്  വിലയിരുത്തപ്പെടുന്നത്. 2018ൽ നാൽപ്പതുലക്ഷം ബാരൽ എണ്ണയുൽപ്പാദിപ്പിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ ഉൽപ്പാദനം ഇരുപതുലക്ഷം മാത്രമാണ്. ഈ സാഹചര്യത്തിൽ ലോകത്തെ ആകെ ക്രൂഡോയിൽ നിക്ഷേപത്തിന്റെ 15ശതമാനമുള്ള  ഇറാനും, ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന ചൈനയ്ക്കും ഗുണം ചെയ്യുന്നതാണ് ഈ വ്യവസ്ഥ.  ഇത് ചൈനീസ് കറൻസിയെ ശക്തിപ്പെടുത്തുമെന്നും അമേരിക്കൻ ഡോളറിനെ ദുർബലമാക്കുമെന്നും ഫോബ്സ് മാഗസിനിലെഴുതിയ ലേഖനത്തിൽ അമേരിക്കൻ സാമ്പത്തികനയ വിദഗ്‌ധനായ  ഏരിയൽ കോഹൻ  വ്യക്തമാക്കി. അമേരിക്ക ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധത്തിൽപ്പെട്ടുഴലുന്ന ഇറാന് വലിയ ആശ്വാസമായിരിക്കും ചൈന മുന്നോട്ടുവയ്‌ക്കുന്ന വ്യാപാരസൈനിക കരാർ.

കരാർ ഇന്ത്യയെ ബാധിക്കും
ചൈന–-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിക്കു ബദലായി ഇന്ത്യ വികസിപ്പിക്കുന്ന ചബഹർ തുറമുഖം കേന്ദ്രീകരിച്ചുള്ള കണക്കുകൂട്ടലുകൾ  തെറ്റിക്കുന്നതാണ് ഇറാനിലേക്കുള്ള ചൈനയുടെ വരവ്. ഇറാന്റെ  പാകിസ്ഥാനിലെ അംബാസഡർ സയ്യദ് മുഹമ്മദ് ഹുസെയ്നി ഈ അടുത്തകാലത്ത് മുന്നോട്ടുവച്ച ‘സുവർണ വളയം' എന്നപേരിലറിയപ്പെടുന്ന അഞ്ചുരാജ്യങ്ങളുടെ കൂട്ടായ്മയെക്കുറിച്ചുള്ള ചർച്ചകൾ നേരത്തെതന്നെ ഈ പദ്ധതിക്കുമേൽ കരിനിഴൽ വീഴ്‌ത്തിയിരുന്നു. ഇറാൻ, പാകിസ്ഥാൻ, ചൈന, ടർക്കി, റഷ്യ, എന്നിവയടങ്ങുന്നതാണ് ‘സുവർണ വളയം'. അതുമാത്രമല്ല, ചൈന–-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ പടിഞ്ഞാറേ കൈവഴിയായി കണക്കാക്കി, ഇന്ത്യ‌ക്കു മുതൽമുടക്കുള്ള ഇറാനിലെ ചബഹർ  തുറമുഖത്തെയും  പാകിസ്ഥാനിലെ  ഗ്വദർ തുറമുഖത്തെയും റെയിൽപാത വഴി ചൈനയുമായി ബന്ധിപ്പിക്കണമെന്നും അദ്ദേഹം നിർദേശിക്കുകയുണ്ടായി.

ചൈന–-ഇറാൻ ദീർഘകാല കരാറിനെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ ഇന്ത്യയുടെ ആശങ്കകൾ വർധിപ്പിക്കുന്നതുമാണ്. കരാർ നടപ്പിലായാൽ പാകിസ്ഥാനുപുറമെ ഇറാനും ചൈനയുടെ ബെൽറ്റ് റോഡ് പദ്ധതിയുടെ ശക്തമായ കണ്ണിയായിമാറും. ഇപ്പോൾ ചബഹറിലെ ശഹീദ് ബെഹെഷ്ടി തുറമുഖത്തിന്റെ നടത്തിപ്പു ചുമതല ഇന്ത്യക്കാണ്. പുതിയ ഇറാൻ –-ചൈന കരാർപ്രകാരം  ചബഹറിലും വികസനപ്രവർത്തനങ്ങൾ നടത്താൻ ചൈനയ്ക്ക് അവകാശം ലഭിക്കും.  അതോടൊപ്പം, ചബഹറിന് ഏകദേശം മുന്നൂറുകിലോമീറ്റർ  വടക്ക്  ഭൂതന്ത്രപരമായി വളരെപ്രധാന്യമുള്ള ഹോർമുസ് കടലിടുക്കിന്‌ സമീപത്തുസ്ഥിതിചെയ്യുന്ന ജസ്‌ക്‌ തുറമുഖം വികസിപ്പിക്കാനുള്ള ഉത്തരവാദിത്വം കൂടി ചൈനയ്‌ക്കു ലഭ്യമാകും. ഹോർമുസിനുസമീപമുള്ള  ജസ്‌കിൽ തുറമുഖം നിർമിക്കാനായാൽ, ലോകചരിത്രത്തിലാദ്യമായി തന്ത്രപ്രധാനമായ ഒരു കടലിടുക്കിൽ ചൈനയ്‌ക്ക്‌ നിയന്ത്രണംനൽകുന്നതാകും ആ സംഭവമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതുകൂടി ലഭ്യമായാൽ ഇറാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും വാണിജ്യവ്യാപാരരാഷ്ട്രീയ ബന്ധങ്ങൾ മെച്ചപ്പെടുത്താൻവേണ്ടി ആശ്രയിക്കുന്ന ചബഹർ തുറമുഖപ്രദേശത്തുമാത്രമല്ല, അതിനുവടക്കുള്ള ജസ്‌കിലും തെക്കുള്ള ഗ്വദറിലും ചൈനയുടെ സാന്നിധ്യം ശക്തമാകും. ഇത് രാഷ്ട്രീയമായും സൈനികമായും അമേരിക്ക ഉൾപ്പെടെയുള്ള  വൻശക്തികളെയും ഇന്ത്യയെയും പശ്ചിമേഷ്യയിലും മധ്യേഷ്യയിലും  പ്രതിരോധത്തിലാക്കും. ദീർഘകാലാടിസ്ഥാനത്തിൽ ഒരുപക്ഷെ, ഇറാന് അത്രമെച്ചമല്ലാത്ത ഒരു കരാറിൽ ഏർപ്പെടാനുള്ള  സാഹചര്യമുണ്ടാക്കിയത് അമേരിക്കയാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. പക്ഷെ, ചരിത്രപരമായ ഇന്ത്യ–-ഇറാൻ ബന്ധങ്ങളെ, ഇറാൻ–-ചൈന കരാറിന്റെ കുത്തൊഴുക്കിൽപ്പെടാതെ  കാക്കേണ്ടത് ഇന്ത്യയുടെ തന്ത്രപരവും സാമ്പത്തികവും രാഷ്ട്രീയവുമായ താൽപ്പര്യങ്ങൾക്ക് അത്യന്താപേക്ഷിതമാണ്.

(കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം മുൻമേധാവിയാണ്‌ ലേഖകൻ)


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top