21 February Friday

തളരുന്ന സമ്പദ്‌വ്യവസ്ഥ, വളരുന്ന കണക്കുകൾ

ജോർജ്‌ ജോസഫ്‌Updated: Tuesday Jun 25, 2019


ഇന്ത്യയുടെ സാമ്പത്തികസ്ഥിതിയുടെ വിവിധ സൂചകങ്ങളുടെ കാര്യത്തിൽ കാര്യമായ ആശങ്ക സാമ്പത്തികവിദഗ‌്ധർ പുലർത്തുന്നതിനിടെ രാജ്യാന്തര റേറ്റിങ് ഏജൻസിയായ ഫിച്ച്,  ജിഡിപി വളർച്ചനിരക്ക് വീണ്ടും താഴ‌്ത്തി നിശ്ചയിച്ചു. നടപ്പു സാമ്പത്തികവർഷം 6.8 ശതമാനം വളർച്ച കൈവരിക്കുമെന്ന് ഫിച്ച് നേരത്തെ പ്രോജക്ട് ചെയ‌്തിരുന്നത് ഇപ്പോൾ 6.6 ശതമാനമായി താഴ‌്ത്തി ക്രമീകരിച്ചിരിക്കുകയാണ്. ജൂൺ ആറിന് റിസർവ് ബാങ്ക് നടത്തിയ വായ‌്പാനയ അവലോകനത്തിലും ജിഡിപി വളർച്ച നിരക്ക് താഴ‌്ത്തിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. നേരത്തെ 7.2 ശതമാനമെന്ന് കണക്കുകൂട്ടിയിരുന്നത് ഇപ്പോൾ ഏഴുശതമാനമായി കുറച്ചിരിക്കുന്നു. ഏതുവിധേനയും നിരക്ക് ഏഴുശതമാനത്തിൽ താഴാതിരിക്കാൻ ഓരോ വായ‌്പാനയ അവലോകനത്തിലും റിസർവ് ബാങ്ക് ശ്രദ്ധിക്കുന്നുവെന്നത് പ്രത്യേകം പ്രസ‌്താവ്യമാണ്.

സൂചകങ്ങളുടെ വിശ്വാസ്യതയുടെ കാര്യത്തിൽ ചില സംശയം ഉയർന്നിട്ടുണ്ട‌് കഴിഞ്ഞ കുറെ വർഷമായി ഇന്ത്യയിലെ ഉൽപ്പാദന, കാർഷികമേഖലകൾ മുരടിപ്പിലാണ്. അത് ഈ വർഷവും തുടരുമെന്നാണ് ഫിച്ചിന്റെ വിലയിരുത്തൽ. ഇതിനെ തുടർന്നാണ് പ്രതീക്ഷിത വളർച്ചനിരക്കിൽ ഫിച്ച് കുറവ് വരുത്തിയത്. കഴിഞ്ഞ സാമ്പത്തികവർഷത്തിന്റെ അവസാന പാദത്തിൽ ഇന്ത്യയുടെ ജിഡിപിയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 5.8 ശതമാനമായിരുന്നു ജനുവരി –മാർച്ച് പാദത്തിലെ ജിഡിപി നിരക്ക്.

ഔദ്യോഗിക ഏജൻസികൾ പുറത്തുവിടുന്ന ഇന്ത്യയുടെ  സാമ്പത്തിക വളർച്ച സംബന്ധിച്ച ഇത്തരം സൂചകങ്ങളുടെ വിശ്വാസ്യതയുടെ കാര്യത്തിൽ ലോകമെമ്പാടുംതന്നെ ചില സംശയം ഉയർന്നിട്ടുണ്ട്. ഇന്ത്യയുടെ വളർച്ചനിരക്കുകൾ സ്വാഭാവികമല്ല, കൃത്രിമമാണെന്ന ആരോപണം പല സാമ്പത്തികവിദഗ്ധരും ഉയർത്തുന്നുണ്ട്. ഈ സംശയം പൊതുവിൽ പ്രകടമാകുന്ന ഒരു  വസ‌്തുതയാണ്. കാരണം ഏഴു ശതമാനത്തിനു മുകളിൽ വളർച്ച കൈവരിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥയിൽ  സാമ്പത്തികമുരടിപ്പ് എങ്ങനെ പ്രകടമാകുന്നുവെന്നതുതന്നെയാണ് കാതലായ പ്രശ്നം.

ഇന്ത്യയിലെ ഗ്രാമീണ, കാർഷികമേഖലകൾ ഇന്ന് തകർന്ന അവസ്ഥയിലാണ്. ഇതുമൂലം ജനങ്ങളുടെ ക്രയശേഷി കുറയുന്നതാണ് ഉൽപ്പാദനമേഖലകളിലെ തളർച്ചയായി മാറിയിരിക്കുന്നത്. ഇതുതന്നെയാണ് തൊഴിലില്ലായ‌്മ രൂക്ഷമാകുന്നതിന്റെയും കാരണം. ഇത് ഏറ്റവും പ്രകടമായി കാണുന്ന സംഘടിത വ്യവസായമേഖലകളിൽ ഒന്നാണ് ഓട്ടോമൊബൈൽ രംഗം. ഇന്ത്യയിൽ വാഹനവിൽപ്പന കഴിഞ്ഞ 11 മാസമായി തുടർച്ചയായി ഇടിയുകയാണ്. മേയിൽമാത്രം പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പനയിൽ 20.6 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്ന് സൊസൈറ്റി ഫോർ ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്‌സിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 18 മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്. വാഹന നിർമാതാക്കളുടെ ഇൻവെന്ററി വലിയതോതിൽ ഉയർന്നുകഴിഞ്ഞു. പാസഞ്ചർ വാഹനങ്ങളുടെ കാര്യത്തിൽ ഇത് അഞ്ചുലക്ഷവും ഇരുചക്ര വാഹനങ്ങളുടെ കാര്യത്തിൽ 30 ലക്ഷവുമാണ്. സ്വാഭാവികമായി മാരുതി ഉൾപ്പെടെയുള്ള കമ്പനികൾ ഉൽപ്പാദനം വെട്ടിക്കുറയ‌്ക്കുകയോ പ്ലാന്റുകൾ പണിനിർത്തിവയ‌്ക്കുകയോ ചെയ‌്തിരിക്കുകയാണ്.

 

ഇന്ത്യയുടെ പ്രകീർത്തിക്കപ്പെടുന്ന സ്ഥിതിവിവരക്കണക്കുകളും സാമ്പത്തികരംഗത്തിന്റെ നേർചിത്രവും തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്നതിന്റെ ഒരു ഉദാഹരണമാണ് വാഹനവിപണി. ഇതുപോലെതന്നെ പ്രകടമായ തളർച്ച മറ്റ‌് ഉൽപ്പാദനമേഖലകളും നേരിടുകയാണ്. സ്വാഭാവികമായും ശരാശരി  ഏഴുശതമാനത്തിനു മുകളിൽ സാമ്പത്തികവളർച്ച കൈവരിച്ചെന്ന് അവകാശപ്പെടുന്ന ഒരു സമ്പദ‌്‌ഘടനയിൽ സംഭവിക്കാവുന്ന കാര്യങ്ങളല്ല ഇത്. അതുകൊണ്ടാണ് പ്രമുഖ സാമ്പത്തികവിദഗ‌്ധർ ഉന്നയിക്കുന്ന സംശയങ്ങൾ അസ്ഥാനത്തല്ലാതാകുന്നത്‌.

ഇനി മറ്റൊരു കോണിൽക്കൂടി ഇത് പരിശോധിക്കാം, വായ‌്പാനയ അവലോകനത്തിൽ റിസർവ് ബാങ്ക് കൺസ്യൂമർ പ്രൈസ് ആധാരമാക്കിയുള്ള പണപ്പെരുപ്പനിരക്ക് കുറച്ചാണ് പ്രോജക്ട് ചെയ്യുന്നത്. നടപ്പുസാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ ഇത് മൂന്നു ശതമാനത്തിനും 3.1 ശതമാനത്തിനും ഇടയിലായിരിക്കുമെന്ന പ്രതീക്ഷയാണ് പുലർത്തുന്നത്. വാസ‌്തവത്തിൽ ഇന്ത്യ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന വലിയ വിലക്കയറ്റവുമായി ഈ നിഗമനങ്ങൾ പൊരുത്തപ്പെടുന്നില്ല എന്നതാണ് വസ‌്തുത. അവശ്യസാധനങ്ങളുടെ വില എക്കാലത്തെയും ഉയർന്നതോതിലാണ് ഇന്ത്യയിലെ പല മേഖലയിലും. ഉൽപ്പാദകർക്ക് ഇതിന്റെ നേട്ടം ലഭിക്കുന്നില്ലെന്ന വൈതരണി ഇവിടെ വിസ‌്മരിക്കുന്നില്ല. പക്ഷേ, ഉപയോക്താവിന് വിലക്കയറ്റത്തിന്റെ പൊള്ളുന്ന ചൂട് അനുഭവപ്പെടുകയാണ്.

രൂക്ഷമായ തൊഴിലില്ലായ‌്മ
2018 സാമ്പത്തിക വർഷത്തിൽ നാഷണൽ സാമ്പിൾ സർവേ ഓഫീസിന്റെ കണക്കുകൾ പ്രകാരംതന്നെ 6.1 ശതമാനമാണ് തൊഴിലില്ലായ‌്മയുടെ തോത്. ഗ്രാമീണമേഖലയിൽ 5.3 ശതമാനവും നഗരങ്ങളിൽ 7.8 ശതമാനവുമാണ്. 45 വർഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ‌്മ അതിരൂക്ഷമായിരിക്കുന്നത് നഗരങ്ങളിലെ സ്ത്രീകൾക്കിടയിലാണ്. 10.8 ശതമാനമാണ് ഇവർക്കിടയിലെ തൊഴിലില്ലായ‌്മ.  ഏഴു ശതമാനത്തിനടുത്ത് വളർച്ച കൈവരിക്കുന്നുവെന്ന് അവകാശപ്പെടുന്ന സമ്പദ്‌വ്യവസ്ഥയിലാണ് ഇത്ര രൂക്ഷമായ തൊഴിലില്ലായ്മ എന്നോർക്കണം.

ഈ സഹചര്യത്തിലാണ് ഒന്നാം മോഡി സർക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യൻ ഈയിടെ പറഞ്ഞത് 2011നുശേഷം ഇന്ത്യയുടെ സാമ്പത്തികവളർച്ച 2.5 ശതമാനമെങ്കിലും പെരുപ്പിച്ചുകാണിച്ചിട്ടുണ്ടെന്ന്. 2011 –-12നും 2016–- -17നും ഇടയിൽ ശരാശരി ഏഴു ശതമാനം വളർച്ചയുണ്ടായതായാണ് ഔദ്യോഗിക കണക്ക്. എന്നാൽ, അരവിന്ദ് സുബ്രഹ്മണ്യൻ അനുമാനിക്കുന്നത് ഇത് 4.5 ശതമാനം മാത്രമാണെന്നാണ്. അപൂർവ ജാവ്ദേക്കറെ പോലുള്ള സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് വളർച്ച നിരക്കും ബാങ്ക് വായ്പാ തോതും തമ്മിലുള്ള പൊരുത്തക്കേടാണ്. അതുകൊണ്ട് സർക്കാർ ഡാറ്റായുടെ കാര്യത്തിൽ ക്വാളിറ്റി ഉറപ്പുവരുത്തണമെന്ന ന്യായമായ ആവശ്യം സാമ്പത്തിക വിദഗ്ധർക്കിടയിൽ ശക്തമാകുകയാണ്. നോട്ട് നിരോധനത്തോടെ തകർന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയെ കളറടിച്ച് നിർത്തുന്നതിന് സ്ഥിതിവിവരക്കണക്കുകളിൽ ഇടപെടൽ ഉണ്ടാകുന്നുവെന്ന സംശയം ഇന്ത്യയുടെ സാമ്പത്തിക താൽപര്യങ്ങൾക്ക് ഗുണകരമായ ഒന്നായിരിക്കില്ല.

2015ലാണ് ഇക്കാര്യത്തിൽ വളരെ ശ്രദ്ധേയമായ മാറ്റംവരുത്തിയത്. ആ വർഷം ജിഡിപി കണക്കാക്കുന്നതിനുള്ള ബേസ് ഇയർ പ്രൈസ് 2011 -–-12 ആക്കി മാറ്റി. അതോടെയാണ് സാമ്പത്തിക വളർച്ചയിൽ പ്രകടമായ ഉയർച്ച രേഖപ്പെടുത്താൻ ആരംഭിച്ചത്. ഈ മാറ്റം ലോക നിലവാരത്തിന് അനുസരിച്ചാണെന്ന വാദമുണ്ടെങ്കിലും ഇന്ത്യ പുറത്തുവിടുന്ന ഡാറ്റ സംബന്ധിച്ച സംശയങ്ങൾ വ്യക്തമായി ദൂരീകരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ആഗോള നിക്ഷേപക കോണിലൂടെ നോക്കുമ്പോൾ ഇന്ത്യയുടെ വിശ്വാസ്യതയെ ഇത് ദീർഘകാല അടിസ്ഥാനത്തിൽ ഏറെ ദോഷകരമായി ബാധിക്കുമെന്നാണ് വിദഗ്ധ അനുമാനം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top