27 February Thursday

പോരാട്ടത്തിന്റെ 2019

വെബ് ഡെസ്‌ക്‌Updated: Saturday Dec 28, 2019

സ്വാതന്ത്ര്യാനന്തര ഇന്ത്യ , ഏറ്റവും ഭീതിദമായ നാളുകളിലൂടെയാണ്  കടന്നുപോകുന്നത്.  മോഡി സർക്കാർ രണ്ടാമതും അധികാരത്തിൽ എത്തിയതോടെ രാജ്യം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലായി.  കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും പൗരത്വ ഭേദഗതി നിയമവും അയോധ്യവിധിയുമെല്ലാം 2019നെ സംഘർഷഭരിതവും ആശങ്കകുലവുമാക്കി. ഭരണഘടന ഉറപ്പുനൽകുന്ന മതനിരപേക്ഷതയും ജനാധിപത്യവും പൗരാവകാശവും സമത്വവും ദിവസവും കവർന്നെടുക്കുന്നതാണ്‌ നാം കണ്ടത്‌. ഇതിനെതിരായ സമാനതകളില്ലാത്ത പോരാട്ടത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്, വഹിക്കുന്നത്‌...

പൗരത്വ ഭേദഗതി നിയമവും മഹാപ്രക്ഷോഭവും
മതത്തെ അടിസ്ഥാനമാക്കി പൗരത്വം നിർണയിക്കാനുള്ള  നിയമഭേദഗതി കൊണ്ടുവന്ന എൻഡിഎ സർക്കാരിന്റെ നീക്കം രാജ്യത്ത്‌ മഹാപ്രക്ഷോഭത്തിനാണ്‌ തുടക്കമിട്ടത്‌. ഡിസംബർ 11ന്‌ രാജ്യസഭ പാസാക്കിയ പൗരത്വഭേദഗതി ബിൽ 12ന്‌ രാഷ്ട്രപതി ഒപ്പിട്ടതോടെ നിയമമായി. എന്നാൽ, നിയമം നടപ്പാക്കാനുള്ള ചട്ടങ്ങൾ ഇനിയും പുറപ്പെടുവിച്ചിട്ടില്ല. 

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി  ഡൽഹിയിൽ അറസ്‌റ്റിലായപ്പോൾ

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഡൽഹിയിൽ അറസ്‌റ്റിലായപ്പോൾ


 

ഭരണഘടന വാഗ്‌ദാനം ചെയ്യുന്ന അവകാശങ്ങളുടെ നഗ്ന ലംഘനമായ നിയമത്തിനെതിരെ ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സർവകലാശാലകളിലും വൻ പ്രക്ഷോഭങ്ങൾ അലയടിക്കുകയാണ്‌. ഇതുവരെ മുപ്പതോളം പേർ പ്രക്ഷോഭത്തിൽ മരണമടഞ്ഞു. ജാമിയമിലിയയിൽ രാത്രി അതിക്രമിച്ച്‌ കയറിയ പൊലീസുകാർ വിദ്യാർഥികളെ അടിച്ചമർത്തിയ സംഭവം രാജ്യത്തെ മുഴുവൻ ഞെട്ടിച്ചു. പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും ന്യായീകരിക്കാൻ കഴിയാതെ ബിജെപിയും കേന്ദ്രസർക്കാരും പൂർണമായ പ്രതിരോധത്തിലാണ്‌.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബംഗളൂരുവിൽ സംഘടിപ്പിച്ച പ്രതിഷേധം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബംഗളൂരുവിൽ സംഘടിപ്പിച്ച പ്രതിഷേധം


 

 

കശ്‌മീർ : അടിച്ചമർത്തലിന്റെ 5 മാസം
ലോകം പുതുവത്സര പുലരിയിലേക്ക്‌ പ്രതീക്ഷയോടെ ഉണരുമ്പോൾ ഇന്ത്യയുടെ വടക്കേഅറ്റത്ത്‌ 80 ലക്ഷം വരുന്ന ഒരു ജനവിഭാഗം അടിച്ചമർത്തലിന്റെ കടുത്ത നിരാശയിലാണ്‌ 2020ലേക്ക്‌ കടക്കുന്നത്‌. ഭരണഘടനയുടെ 370–-ാം വകുപ്പുപ്രകാരം കശ്‌മീരിന്‌ അനുവദിച്ച പ്രത്യേക പദവി ആഗസ്‌ത്‌ അഞ്ചിനാണ്‌ സംഘപരിവാർ അജൻഡയുടെ ഭാഗമായി മോഡി സർക്കാർ എടുത്തുകളഞ്ഞത്‌. അന്നുതൊട്ട്‌ ഇന്നുവരെ കശ്‌മീർ നിശ്‌ചലാവസ്ഥയിലാണ്‌. കടകമ്പോളങ്ങളും സ്‌കൂളുകളും ഓഫീസുകളുമെല്ലാം അടഞ്ഞുകിടക്കുന്നു. ആപ്പിൾ കൃഷി പാടെ തകർന്നു. ടൂറിസം മേഖല മരവിച്ചു.

സഹസ്രകോടികളുടെ നഷ്ടമാണ്‌ താഴ്‌വരയ്‌ക്ക്‌. ഭീകരാക്രമണങ്ങളിൽ നിരവധിപേർ കൊല്ലപ്പെട്ടു. നാലുമാസംകൊണ്ട്‌ കശ്‌മീർ സാധാരണസ്ഥിതി കൈവരിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. അഞ്ചുമാസം പിന്നിടുമ്പോഴും കശ്‌മീർ സ്വാതന്ത്ര്യരാഹിത്യത്തിന്റെ ഇരുളിൽ തന്നെ. ഈ സ്ഥിതി എത്രനാൾ തുടരുമെന്ന ചോദ്യം മാത്രം ശേഷിക്കുന്നു.

പ്രതിരോധ കൊടുങ്കാറ്റായി കലാലയങ്ങൾ
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്‌ അതിശക്തമായ സംഘടിത സമരങ്ങളാണ്‌ 2019ൽ ഉയർന്നുവന്നത്‌. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും രാജ്യവ്യാപകമായി വിദ്യാർഥി പ്രതിഷേധങ്ങൾ അരങ്ങേറി. ജെഎൻയുവിലെ ഫീസ്‌ വർധനയ്‌ക്കെതിരെ വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങൾക്ക്‌ വലിയ ബഹുജനപിന്തുണ ആർജിക്കാനായി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ ജെഎൻയു, ജാമിയ മിലിയ, ഡൽഹി, അലിഗഢ്‌, പോണ്ടിച്ചേരി സർവകലാശാലാ വിദ്യാർഥികൾ അണിനിരന്നു. പോണ്ടിച്ചേരി, ജാദവ്‌പുർ, ബനാറസ്‌ ഹിന്ദു സർവകലാശാലകളിൽ വിദ്യാർഥികൾ ബുരുദദാന ചടങ്ങുകൾ ബഹിഷ്‌കരിച്ചു. ജാദവ്‌പുർ സർവകലാശാലയിൽ സ്വർണമെഡൽ നേടിയ വിദ്യാർഥിനി പൗരത്വ ഭേദഗതി നിയമം കീറിയെറിഞ്ഞു.

ജെഎൻയുവിലെ ഫീസ്‌ വർധനയ്‌ക്കെതിരെ വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിൽ  നടത്തിയ പ്രതിഷേധം

ജെഎൻയുവിലെ ഫീസ്‌ വർധനയ്‌ക്കെതിരെ വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം


 

 

അയോധ്യ: നിഷേധിക്കപ്പെട്ട നീതി
അയോധ്യ തർക്കഭൂമിയുടെ ഉടമസ്ഥർ ആരെന്ന പതിറ്റാണ്ടുകൾ നീണ്ട തർക്കത്തിനാണ്‌ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്‌ നവംബർ ഒമ്പതിന്‌ ഏകകണ്‌ഠമായി തീർപ്പുകൽപ്പിച്ചത്‌. ബാബ്‌റി മസ്‌ജിദ്‌ നിലനിന്നിരുന്ന 2.77 ഏക്കർ ഭൂമി രാമക്ഷേത്ര നിർമാണത്തിനായി കോടതി വിട്ടുകൊടുത്തു.ഭൂമിയുടെ ഉടമസ്ഥാവകാശം കേന്ദ്ര സർക്കാരിന്‌. ക്ഷേത്രനിർമാണത്തിനും നടത്തിപ്പിനുമായി പ്രത്യേക ട്രസ്റ്റിന്‌ മൂന്നുമാസത്തിനകം രൂപംനൽകണം. തകർക്കപ്പെട്ട പള്ളിക്ക്‌ പകരമായി പുതിയ പള്ളി നിർമിക്കുന്നതിന്‌ സുന്നി വഖഫ്‌ ബോർഡിന്‌ അയോധ്യയിൽ തന്നെ ഉചിതമായ സ്ഥലം കണ്ടെത്തി കൈമാറണം. 1949ൽ ബാബ്‌റി മസ്‌ജിദിൽ ഇരുളിന്റെ മറവിൽ വിഗ്രഹം സ്ഥാപിച്ചതും 1992ൽ സംഘപരിവാർ പള്ളി തകർത്തതും നിയമവിരുദ്ധമെന്ന്‌ കോടതി നിരീക്ഷിച്ചു. നൂറ്റാണ്ടുകൾക്കുമുമ്പ്‌ അമ്പലം തകർത്താണ്‌ പള്ളി നിർമിച്ചതെന്ന സംഘപരിവാർ വാദം നിരാകരിക്കപ്പെട്ടു. എന്നിട്ടും ഭൂമി ക്ഷേത്രനിർമാണത്തിനായി വിട്ടുകൊടുത്തു. ഏത്‌ ജഡ്‌ജിയാണ്‌ വിധിന്യായമെഴുതിയത്‌ എന്നത്‌ വ്യക്തമല്ല. പുനഃപരിശോധനാ ഹർജികൾ  നിരാകരിക്കപ്പെട്ടു. സുപ്രീംകോടതി വിധി നീതിയുക്തമല്ലെന്ന രൂക്ഷവിമർശനമുണ്ട്‌. എന്നാൽ, രാജ്യത്ത്‌ സംഘപരിവാറിന്‌ വേരുറപ്പിക്കാൻ വഴിയൊരുക്കിയ വിഷയം ഇതോടെ അവസാനിച്ചാൽ നല്ലതെന്ന അഭിപ്രായത്തിലാണ്‌ അയോധ്യാ നിവാസികൾ. വർഗീയതയുമായി ആരും ഇനി ഈ വഴി വരരുതെന്ന മുന്നറിയിപ്പും അവർ നൽകുന്നു. ഭൂമിതർക്ക കേസിന്‌ തീർപ്പുകൽപ്പിക്കപ്പെട്ടപ്പോഴും പള്ളി തകർത്ത ക്രിമിനൽ കുറ്റത്തിന്‌ ഉത്തരവാദികളായ സംഘപരിവാർ നേതാക്കൾ ഇനിയും ശിക്ഷിക്കപ്പെട്ടില്ലെന്ന യാഥാർഥ്യം ബാക്കി.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top