27 November Saturday

ഐഐടികളിൽ സംഭവിക്കുന്നത്

ഡോ. കെ കെ ദാമോദരൻUpdated: Thursday Nov 11, 2021

നമ്മുടെ രാജ്യത്തെ സാങ്കേതികശാസ്‌ത്ര വിദ്യാർഥികൾ അന്തിമലക്ഷ്യമായി സ്വപ്നംകാണുന്ന സ്ഥാപനങ്ങളാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അഥവ ഐഐടികൾ. സ്വാതന്ത്ര്യാനന്തരം മികച്ച സാങ്കേതികവിദഗ്ധരെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ, അമേരിക്കയിലെ മസാച്ചുസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മാതൃകയിൽ സ്ഥാപിക്കപ്പെട്ടതാണ്‌ ഇവ. രാജ്യത്തെ ഏറ്റവും മികച്ച വിദ്യാർഥികളെ തെരഞ്ഞെടുത്ത്, നിപുണരായ അധ്യാപകരുടെ സഹായത്തോടെ എല്ലാവിധ പശ്ചാത്തല സൗകര്യത്തിന്റെയും പിൻബലത്തോടെ അധ്യയനം നടത്തുന്ന സ്ഥാപനങ്ങൾ. എന്നാൽ, ഇവയുടെ അക്കാദമിക നേട്ടങ്ങൾക്കുപരി, മറ്റു സംഗതികളുടെ പേരിലാണ് ഐഐടികൾ പത്രമാധ്യമങ്ങളിലും പാർലമെന്റിലും ചർച്ചാവിഷയമാകുന്നത്. ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി എല്ലാവിധ സംവരണത്തിൽനിന്നും ഒഴിഞ്ഞുനിന്നിരുന്ന ഈ സ്ഥാപനങ്ങളിൽ 1973 മുതൽ പട്ടികജാതി –-പട്ടികവർഗക്കാർക്കും 2006 മുതൽ മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും 2021 മുതൽ മുന്നാക്കത്തിലെ പിന്നാക്കക്കാർക്കുമായി 59.5 ശതമാനം സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, നാനാത്വത്തിന്റെ ആസ്വാദ്യകരമായ സൗന്ദര്യത്തിനുപകരം, അറപ്പുളവാക്കുന്ന ജാതിവിവേചനം വ്യവസ്ഥാപിതമായി വേരുറപ്പിച്ചിരിക്കുന്നുവെന്ന ആരോപണത്തിന്റെ നിഴലിലാണ് ഇന്ത്യയുടെ അഭിമാനസ്തംഭങ്ങളായ ഐഐടി ക്യാമ്പസുകൾ.

പാർലമെന്റിൽ ഐഐടികളെ സംബന്ധിച്ച് ഉന്നയിക്കുന്ന ചോദ്യങ്ങളിൽ നല്ലൊരുപങ്കും അവിടെ വിവിധ മേഖലയിലെ ജാതി പരിഗണനയുമായി ബന്ധപ്പെട്ടുള്ളതാണ്. 2021 ആഗസ്‌തിൽ കേരളത്തിൽനിന്നുള്ള രാജ്യസഭാ അംഗം ഡോ. വി ശിവദാസന്റെ ചോദ്യത്തിനു മറുപടിയായി പറഞ്ഞത് ഏഴുവർഷത്തിനുള്ളിൽ രാജ്യത്തെ ഏറ്റവും മികച്ച ഏഴ് ഐഐടികളിൽനിന്ന്‌ പഠനം നിർത്തിപ്പോയവരിൽ 63 ശതമാനവും സംവരണവിഭാഗങ്ങളിൽ നിന്നുള്ളവരാണ് എന്നാണ്. ഇതിൽത്തന്നെ 40 ശതമാനവും ദളിത് സമുദായങ്ങളിൽ നിന്നുള്ളവർ. 2018ൽ ഗുവാഹത്തി, ഡൽഹി ഐഐടികളിൽ ഇടയ്‌ക്കുവച്ച് പഠനം നിർത്തിയവരിൽ യഥാക്രമം 88 ശതമാനവും 100 ശതമാനവും സംവരണ സമുദായത്തിൽ നിന്നുള്ളവരായിരുന്നു. പഠനം ഉപേക്ഷിക്കുന്നവരിൽ 75 ശതമാനവും പട്ടികജാതി/പട്ടികവർഗത്തിൽ നിന്നുള്ളവരുമാണ്‌. ആകെ വിദ്യാർഥികളിൽ പരമാവധി 22.5 ശതമാനം മാത്രമാണ്‌ ഇവർ. സംവരണവിഭാഗത്തിലെ കൊഴിഞ്ഞുപോക്ക് ഒരു വർഷത്തെ പ്രത്യേകതയോ ഏതെങ്കിലും ചില ഐഐടികളിൽ മാത്രം ഒതുങ്ങുന്നതോ അല്ല. പഠനം ഉപേക്ഷിച്ചവർ മറ്റു കോഴ്സുകൾക്കോ തൊഴിലുകൾക്കോ പോയതാകാമെന്നാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജ്യസഭയിൽ നൽകിയ വിശദീകരണം. അതല്ല വസ്‌തുത, കടുത്ത ജാതിവിവേചനമാണ്‌ പ്രശ്‌നം. പിന്നാക്ക–-ദളിത് വിഭാഗക്കാർ നീചമായ ജാതിവിവേചനത്തിന് വിധേയരാകുന്നുണ്ടെന്ന ആക്ഷേപത്തിന് ഐഐടികളോളംതന്നെ പഴക്കമുണ്ട്.

മികവിന്റെ ജാതി
ഹാർവാഡ് യൂണിവേഴ്സിറ്റിയിലെ നരവംശശാസ്ത്രം പ്രൊഫസർ ഡോ. അജന്ത സുബ്രഹ്മണ്യം എഴുതി ഹാർവാഡ് യൂണിവേഴ്സിറ്റി പ്രസ്‌ 2019ൽ പ്രസിദ്ധീകരിച്ച ‘ദി കാസ്റ്റ് ഒഫ് മെറിറ്റ് എൻജിനിയറിങ്‌ എജ്യൂക്കേഷൻ ഇൻ ഇന്ത്യ’ എന്ന പുസ്തകം വ്യാപകമായി ചർച്ച ചെയ്യപ്പെട്ടതാണ്. ഈ പുസ്തകം ഇന്ത്യൻ ഐഐടികളിലെ എൻജിനിയറിങ്‌ വിദ്യാഭ്യാസം എന്തുമാത്രം ജാതികേന്ദ്രീകൃതമാണെന്ന് വിശദമാക്കുന്നുണ്ട്. സംവരണവിഭാഗക്കാർ പൊതുവിൽ ‘ക്വോട്ടാ സ്റ്റുഡന്റ്സ് എന്നപേരിലാണ് അറിയപ്പെടുന്നത്. ഇവരെല്ലാം ജാതിയുടെ പേരിൽ എത്തിപ്പെട്ടവരും അതനുസരിച്ച് അറിയപ്പെടുന്നവരുമാണ് എന്നാണ് കണക്കാക്കുന്നത്. ഓപ്പൺ മെറിറ്റിൽ പ്രവേശനം നേടുന്ന വിദ്യാർഥികളെ ജാതിമുക്തരായാണ് കണക്കാക്കുന്നത്. സവർണസമുദായങ്ങൾ കൂട്ടായി കൈയാളുന്ന ഭൗതികവും സാമൂഹ്യവും ബൗദ്ധികവുമായ മൂലധനം അവരെ പ്രവേശനപരീക്ഷയിൽ മുന്നിൽ എത്തിക്കുന്നതിനും അനുയോജ്യമായ കോഴ്സുകൾ തെരഞ്ഞെടുക്കാനും മികച്ച ജോലി കണ്ടെത്താനും സഹായിക്കുന്നുണ്ടെന്ന വസ്തുതകൂടി പരിഗണിച്ചാൽ മെറിറ്റിനും ഒരു ജാതിയുണ്ട്. ജാതിമുക്തരെന്ന് സ്വയം അവകാശപ്പെടുന്ന പൊതുവിഭാഗത്തെ സംബന്ധിച്ചിടത്തോളം തലമുറകൾ കൈമാറിവരുന്ന ഗൂഢമായ ജാതിമൂലധനത്തെ ഉന്നതമായ അക്കാദമിക പദവിയാക്കി രൂപാന്തരപ്പെടുത്തിയെടുക്കാനുള്ള ഇടങ്ങളായി ഐഐടികളെ ഇക്കൂട്ടർ ദുർവിനിയോഗം ചെയ്യുന്നുവെന്ന വിമർശമാണ് പുസ്തകത്തിലുള്ളത്‌. സംവരണസമുദായങ്ങളെ സംബന്ധിച്ചിടത്തോളം മിടുക്കരായ വിദ്യാർഥികളെ രാജ്യത്തെ ഏറ്റവും മികച്ച സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേർക്കാനും അതുവഴി സാമൂഹ്യമായി മുന്നേറാനും ലഭിച്ച സുവർണാവസരമായിരുന്നു ഐഐടി പ്രവേശനം. എന്നാൽ, ഇങ്ങനെ ചേർന്ന വിദ്യാർഥികളെ വികസിത സമൂഹങ്ങളിൽ നിന്നുവരുന്ന മറ്റുള്ള വിദ്യാർഥികൾക്കൊപ്പം കലർത്തി നിർത്താനും ആത്മവിശ്വാസം ഉയർത്താനുമുള്ള തുടർനടപടികൾ കൈക്കൊള്ളുന്നതിൽ ഐഐടികൾ വിജയിച്ചില്ല.

2021 മാർച്ച് 15നു കേന്ദ്ര വിദ്യാഭ്യാസമന്ത്രി ലോക്‌സഭയിൽ നൽകിയ മറുപടി പ്രകാരം ആകെ പ്രവേശനപരീക്ഷ എഴുതുന്നവരിൽ ശരാശരി 28.64 ശതമാനംപേർ പാസാകുമ്പോൾ മുന്നാക്കക്കാർക്കിടയിൽ ഇത് 45.15 ശതമാനവും പട്ടികജാതിക്കാർക്കിടയിൽ 33.09 ശതമാനവുമാണ്. എന്നുവച്ചാൽ ഐഐടികളുടെ പാഠ്യപദ്ധതിക്കൊപ്പം സഞ്ചരിക്കാൻ തീരെ കഴിയാത്തവരല്ല ഈ വിഭാഗമെന്ന്‌ അർഥം. പിന്നെ എന്തുകൊണ്ട് ഭൂരിഭാഗംപേരും പഠനം നിർത്തുന്നുവെന്ന ചോദ്യത്തിന് അടിയന്തരമായി ഉത്തരം കണ്ടെത്തേണ്ടതുണ്ട്.

സമീപകാല ഇടപെടലുകൾ
ഇവർക്ക് തികച്ചും അപരിചിതമായ ക്യാമ്പസ്‌ അന്തരീക്ഷമാണ് അവിടെ നിലനിൽക്കുന്നത്. അധ്യാപക–-അനധ്യാപകർക്കിടയിൽ സംവരണസമുദായക്കാർ വളരെ കുറവാണ്. 2019 ജൂലൈ എട്ടിന് മാനവ വിഭവശേഷി മന്ത്രി ലോക്‌സഭയിൽ നൽകിയ മറുപടിപ്രകാരം ഐഐടികളിൽ അധ്യാപകരിൽ 2.8 ശതമാനംപേർ മാത്രമാണ്‌ പട്ടികവിഭാഗങ്ങളിൽപ്പെടുന്നവർ. 22.5 ശതമാനം പേരാണ് വേണ്ടത്. അനുയോജ്യരായ അപേക്ഷകർ ഇല്ലെന്നാണ്‌ മന്ത്രി നൽകിയ വിശദീകരണം. 2020 മാർച്ചിൽ രാജ്യസഭാ അംഗങ്ങളായ എളമരം കരീം, സോമപ്രസാദ് എന്നിവരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി നൽകിയ ഉത്തരം ഐഐടികളിലെ പിഎച്ച്ഡി പ്രവേശനത്തിലെ നിയമലംഘനങ്ങൾ വ്യക്തമാക്കുന്നതായിരുന്നു. 2014നും 2019നും ഇടയിൽ 23 ഐഐടിയിൽ ഗവേഷണത്തിനു പ്രവേശനം ലഭിച്ച 25,007 പേരിൽ പട്ടികവിഭാഗങ്ങളിൽനിന്ന്‌ 11.1 ശതമാനവും മറ്റു പിന്നാക്കവിഭാഗങ്ങളിൽനിന്ന്‌ 22 ശതമാനവും മാത്രമെന്നായിരുന്നു മറുപടി. ഭൂരിപക്ഷത്തിനും പഠനം പൂർത്തീകരിക്കാൻ കഴിയാതെ കൊഴിഞ്ഞുപോകും. അതേസമയംതന്നെ അധ്യാപകരായി നിയമിതരാകണമെങ്കിൽ ഐഐടികളിൽ നിന്നുതന്നെയുള്ള പ്രവൃത്തി ഗവേഷണപരിചയത്തിന് വലിയ മുൻഗണന നൽകുന്നുമുണ്ട്. ഈ പ്രവണത ‘അനുയോജ്യരായ അപേക്ഷകരുടെ’ കുറവ് എക്കാലത്തും നിലനിർത്താൻ സഹായിക്കുന്നുമുണ്ട്.

ഇടപെടലുകളുടെ തുടർച്ചയെന്നോണം, മദ്രാസ്, ബോംബെ ഐഐടികളിൽ തുടർച്ചയായി എട്ടുവർഷം പഠിച്ചിറങ്ങിയ ഡോ. സച്ചിദാനന്ദ് പാണ്ഡേ എന്ന ഗവേഷകൻ 2021 മാർച്ചിൽ, നിയമനങ്ങളിലും പിഎച്ച്ഡി പ്രവേശനത്തിലും സംവരണവിഭാഗങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇത്തരത്തിൽ പുരോഗമനവാദികളും ഇടതുവിദ്യാർഥി സംഘടനകളും ആക്ടിവിസ്റ്റുകളും നടത്തിവരുന്ന നിരന്തരമായ ചോദ്യംചെയ്യലുകളുടെ ഫലമായി 2021 സെപ്തംബർ മുതൽ സംവരണസമുദായങ്ങളിൽനിന്നും അധ്യാപകരെ തെരഞ്ഞെടുക്കാനായി സ്പെഷ്യൽ റിക്രൂട്ട്‌മെന്റുകൾ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇതിനുമുന്നേയും അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിലും ഫലമൊന്നുമുണ്ടായില്ല.

ഇത്തവണയും അത്‌ ആവർത്തിക്കുമെന്നാണ് ഇവർ നൽകിയിട്ടുള്ള തൊഴിൽ പരസ്യങ്ങളിലെ മുന്നറിയിപ്പ്. ഉദ്യോഗാർഥികളെ മുന്നേക്കൂട്ടി പരിഹസിക്കാനും അപേക്ഷിക്കുന്നതിൽനിന്നും അവരെ പിന്തിരിപ്പിക്കാനും ഉദ്ദേശിച്ചുള്ളവയാണ് പരസ്യങ്ങൾ. യോഗ്യതകളിലോ, പ്രവൃത്തി പരിചയത്തിലോ മത്സരക്ഷമതയിലോ ഒരുവിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ടെന്ന് സ്പെഷ്യൽ റിക്രൂട്ട്മെന്റ് പരസ്യങ്ങളിൽത്തന്നെ പറഞ്ഞിരിക്കുകയാണ്. പൊതുവിഭാഗത്തിന്റെ പരസ്യങ്ങളിൽ പക്ഷേ ഈ വാചകമില്ല. അധീശവർഗ താൽപ്പര്യങ്ങൾ ഉറപ്പിക്കുന്നതിനും തങ്ങളുടെ തന്നിഷ്ടം നടപ്പാക്കുന്നതിനും എല്ലാ സ്വയംഭരണസ്ഥാപനവും പറയുന്ന ഗുണമേന്മാവാദംതന്നെയാണ് ഐഐടികളും മുന്നോട്ടുവയ്ക്കുന്നത്. രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്നവിധമുള്ള സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞരോ ഗവേഷകരോ ആരുംതന്നെ ഐഐടികളുടെ ഉൽപ്പന്നങ്ങളായില്ല. 2014ലെ വിവരാവകാശ രേഖപ്രകാരം ഐഎസ്ആർഒയിലെ ആകെ ശാസ്ത്രജ്ഞരിൽ രണ്ടുശതമാനംപേർ മാത്രമേ ഐഐടികളിലോ എൻഐടികളിലോ പഠിച്ചവരായുള്ളൂ. ഇത് സൂചിപ്പിക്കുന്നത് ഐഐടികളുടെ ഏറ്റവും വലിയ അസാധാരണത്വം അവയുടെ നിഗൂഢമായ ചിട്ടവട്ടങ്ങൾ മാത്രമാണെന്നാണ്.

ഐഐടി കൗൺസിലിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രിയും കേന്ദ്ര സർക്കാർ നിർദേശിക്കുന്ന മൂന്ന് പാർലമെന്റ് അംഗങ്ങളുമൊഴികെ 60 അംഗങ്ങളിൽ മറ്റുള്ളവരെല്ലാവരും ഉദ്യോഗസ്ഥരാണ്. സ്വയംഭരണത്തിന്റെ മതിൽക്കെട്ടിനുള്ളിലേക്ക് ജനാധിപത്യത്തിന്റെ കാറ്റും വെളിച്ചവും തുറന്നുവിടുന്നതരത്തിൽ ഭരണസമിതി പുനഃസംഘടിപ്പിക്കേണ്ടതുണ്ട്. അതോടൊപ്പം സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുകയും വേണം. അതിലൂടെ മാത്രമേ ഈ ക്യാമ്പസിൽ സ്വാഭാവികനീതി ഉറപ്പുവരുത്താൻ കഴിയൂ.

(ഉന്നതവിദ്യാഭ്യാസ കൗൺസിൽ അംഗമാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top