25 September Saturday

സ്വത്വരാഷ്‌ട്രീയത്തിന്റെ ഒളിത്താവളങ്ങൾ - പുത്തലത്ത് ദിനേശൻ എഴുതുന്നു

പുത്തലത്ത് ദിനേശൻUpdated: Tuesday Sep 14, 2021

വിവിധ സ്വത്വങ്ങളുടെ അടിസ്ഥാനത്തിലുള്ള ചേരിതിരിവുകളും സംഘർഷങ്ങളും വർത്തമാനകാലത്ത് വ്യാപകമായിത്തീരുന്നുണ്ട്. സ്ഥാപിത ലക്ഷ്യങ്ങളോടെ അവയെ പ്രോത്സാഹിപ്പിക്കുന്ന സമീപനം പലരുടെ ഭാഗത്തുനിന്നും ഉയർന്നുവരികയാണ്. ഈ ഘട്ടത്തിൽ ഇത്തരം കാഴ്ചപ്പാടുകളുടെ അടിസ്ഥാനമായി നിൽക്കുന്ന സിദ്ധാന്തങ്ങൾ എന്തെന്നും ആധുനികകാലത്ത് അവ എങ്ങനെ വളർന്നുവരുന്നുവെന്നും തിരിച്ചറിയേണ്ടതുണ്ട്. അതിലൂടെ മാത്രമേ ഇത്തരം ചർച്ചകൾ രൂപപ്പെടുത്തുന്ന ആശയഗതികളെ പ്രതിരോധിക്കാനാകൂ.

മനുഷ്യസമൂഹത്തിലെ ഗോത്രം, വംശം, ഭാഷ, ജാതി, പ്രദേശം തുടങ്ങിയവ സ്വത്വത്തിന്റെ പരിധിയിൽ വരുന്നതാണ്. ഇത്തരം സ്വത്വബോധങ്ങൾ ഓരോ സമൂഹത്തിനകത്തും വൈയക്തികമായ അനുഭവങ്ങളായി നിലനിൽക്കുന്നുണ്ട്. അത്തരം അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ജീവിക്കുന്ന ജനങ്ങളെ അതിന്റെ പേരിൽ സംഘടിപ്പിച്ച് രാഷ്ട്രീയത്തിൽ അണിചേരാനും പ്രവർത്തിക്കാനും ആഹ്വാനം ചെയ്യുമ്പോഴാണ് അത് സ്വത്വരാഷ്ട്രീയമായിത്തീരുന്നത്.

സ്വത്വരാഷ്ട്രീയം ഒരു സ്വത്വമായി ഒരാളെ മുദ്രകുത്തുകയും അവരെ മറ്റുള്ളവർക്കെതിരെ തിരിച്ചുവിടുന്ന ഏറ്റുമുട്ടലിന്റെ തലങ്ങൾ സൃഷ്ടിക്കുകുകയും ചെയ്യുന്നു. ഇങ്ങനെ എതിർപ്പിന്റെയും പരസ്പര ഏറ്റുമുട്ടലിന്റെയും തലങ്ങൾ ജനങ്ങളിൽ സൃഷ്ടിച്ച് പൊതുവായ ഐക്യത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. ഒരു സ്വത്വത്തിന്റെ പ്രശ്നം മറ്റൊരാൾക്ക് മനസ്സിലാവില്ലായെന്ന് പറയുന്നതോടെ ഒരു സാമൂഹ്യ പ്രശ്നത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾക്കാകമാനം യോജിച്ചുനിൽക്കാനുള്ള സാധ്യതകളെ ഇല്ലാതാക്കുന്നു.

സ്വത്വരാഷ്ട്രീയത്തിന്റെ അടിസ്ഥാന സിദ്ധാന്തമായി വന്നിട്ടുള്ളത് ഉത്തരാധുനികതയാണ്. ദേശരാഷ്ട്രവും അതിനെ അടിസ്ഥാനപ്പെടുത്തിയ എല്ലാ കേന്ദ്രസ്ഥാനങ്ങളെയും ഇവർ ചോദ്യം ചെയ്തു. വർഗ രാഷ്ട്രീയത്തിന്റെ സമഗ്രരീതികൾക്ക് പകരം സ്വത്വരാഷ്ട്രീയത്തിന്റെ ബഹുസ്വരതയാണ് സ്വീകരിക്കപ്പെടേണ്ടതെന്നും ഇത് സിദ്ധാന്തിച്ചു. സാർവജനീനമായ എല്ലാ രാഷ്ട്രീയസിദ്ധാന്തങ്ങളെയും അത് തള്ളിക്കളയുന്നു. സ്വത്വങ്ങളെ (വംശം, ജാതി, മതം, ഗോത്രം തുടങ്ങിയവ) അടിസ്ഥാനപ്പെടുത്തിയുള്ള സമരങ്ങളെയാണ് അവർ അംഗീകരിക്കുന്നത്. പുതിയ കാലഘട്ടത്തിന്റെ വിപ്ലവാത്മകമായ രാഷ്ട്രീയം സ്വത്വ അവബോധത്തിന്റെയും അതിനെ പിൻപറ്റുന്ന നവസാമൂഹ്യപ്രസ്ഥാനങ്ങളുമാണെന്ന കാഴ്ചപ്പാടും മുന്നോട്ടുവയ്ക്കുന്നു. മനുഷ്യചരിതത്തിന്റെ വികാസത്തിന്റെ ഭാഗമായി നാം സ്വാംശീകരിച്ച മൂല്യങ്ങളെയെല്ലാം എതിർക്കുന്നു.

മുതലാളിത്തത്തിന് ബദലായി മുന്നോട്ടുവയ്ക്കപ്പെട്ട സോഷ്യലിസ്റ്റ് ആശയങ്ങളെ ദുർബലപ്പെടുത്തുന്നതിന് ഇത്തരമൊരു കാഴ്ചപ്പാടുകൾ സഹായകമായതിനാൽ മുതലാളിത്തവും അതിന്റെ ഉയർന്ന രൂപമായ സാമ്രാജ്യത്വവും ഇത്തരം ആശയഗതികളെ കൈയയച്ച് പിന്തുണയ്‌ക്കുന്നു. ഉത്തരാധുനികതയുടെ പ്രധാന സൈദ്ധാന്തികൻ ലിയോണാഡ് പ്രസ്താവിച്ചത് "ദൗർബല്യത്തിന്റെ യുഗം അവസാനിച്ചുകഴിഞ്ഞു, ചരക്കുകളുടെയും സേവനങ്ങളുടെയും യുഗം സമാഗതമായിരിക്കുന്നു'എന്നാണ്. സാമുവൽ ഹണ്ടിംഗ്‌ടണെപ്പോലുള്ളവർ സ്വത്വരാഷ്ട്രീയത്തിന്റെ വരവിനെ സ്വാഗതം ചെയ്യുന്നത് നവസാമൂഹ്യ മുന്നേറ്റങ്ങൾ എന്ന് നിരീക്ഷിച്ചുകൊണ്ടാണ്. വർഗസമരമല്ല, സംസ്കാരങ്ങളുടെ സംഘട്ടനമാണ് ഭാവിയെന്ന അർഥത്തിലുള്ള അദ്ദേഹത്തിന്റെ സാമൂഹ്യ നിരീക്ഷണം ഉത്തരാധുനിക ചിന്തയുടെ രാഷ്ട്രീയത്തെ വ്യക്തമാക്കുന്നതാണ്.

ലോകത്തെ സാമ്രാജ്യത്വ ഫണ്ടിങ്‌ ഏജൻസികളും മൂലധന ശക്തികളും ഇത്തരം പഠനങ്ങളെയും ചിന്താഗതികളെയും പ്രസ്ഥാനങ്ങളെയും ആളും അർഥവും നൽകി സഹായിക്കുന്നത് അറിവ് ഉൽപ്പാദിപ്പിച്ച് സമൂഹത്തെ മുന്നോട്ടുകൊണ്ടുപോകുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായല്ല. അതേസമയം, സ്വത്വരാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന ഇത്തരം രാഷ്ട്രീയത്തെ തുറന്നുകാട്ടാൻ ശ്രമിക്കുന്നവരെ സമഗ്രാധിപത്യത്തിന്റെയും സ്റ്റാലിനിസത്തിന്റെയും വക്താക്കളായി മുദ്രകുത്തുകയും ചെയ്യുന്ന സമീപനം സ്വീകരിക്കുന്നു. ചുരുക്കത്തിൽ സാമ്രാജ്യത്വശക്തികൾക്കെതിരെയുള്ള സമഗ്രമായ പോരാട്ടത്തെ ദുർബലപ്പെടുത്തുന്നതിനുള്ള സേഫ്റ്റി വാൾവായും സ്വത്വരാഷ്ട്രീയം മാറുന്നുവെന്നർഥം.

യൂറോപ്പ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ സർവകലാശാലകളിൽ മാർക്സിസത്തിനെതിരെ പ്രയോഗിക്കുന്ന പ്രധാന ആശയഗതിയായി ഇവയെ വളർത്തിയെടുക്കുകയായിരുന്നു. വിദ്യാസമ്പന്നരായ വിഭാഗങ്ങളെ വംശീയവും വർഗീയവുമായ രാഷ്ട്രീയത്തിലേക്ക് വലിച്ചെറിയുന്നതിന് ഇടയാക്കിയത് ഇത്തരം ആശയപരമായ ഇടപെടലുകളായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഉത്തരാധുനികതയും അതിന്റെ ഭാഗമായി വികസിച്ചുവന്ന സ്വത്വരാഷ്ട്രീയത്തെയും പിന്തുണച്ചത് ഇന്ന് ഭസ്മാസുരന് വരം കൊടുത്ത സ്ഥിതിവിശേഷമാണ് ലോകവ്യാപകമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.

എല്ലാ മഹാവ്യാഖ്യാനങ്ങളും രീതികളും തകർന്നുകഴിഞ്ഞുവെന്ന് പറയുന്ന ഉത്തരാധുനികതയുടെ വക്താക്കൾ മൂലധന അധിനിവേശത്തിന്റെയും ചൂഷണത്തിന്റെയും മഹാവ്യാഖ്യാനങ്ങൾ കൂടുതൽ ശക്തിയാർജിക്കുകയാണെന്ന് തിരിച്ചറിയുന്നില്ല. ധനമൂലധനം കരുത്താർജിച്ച് ലോകജനതയെ ആകെ ഇരവൽക്കരിക്കുന്ന പ്രശ്നങ്ങളിലേക്ക് അവരുടെ വിമർശനങ്ങൾ എത്താറുമില്ല. സമഗ്രമായ ആധിപത്യത്തിന്റെയും രീതികൾ തകർന്നുവെന്ന് പറയുന്നവർ സാമ്രാജ്യത്വത്തിന്റെ വിപുലവും സമഗ്രവുമായ മുന്നേറ്റത്തെയും തിരിച്ചറിയുന്നില്ല. സമഗ്രാധിപത്യത്തിന്റെ പേരുപറഞ്ഞ് അതേസമയം, മാർക്സിസത്തിനെതിരെ ശക്തമായ പ്രചാരണങ്ങളുടെ ഘോഷയാത്ര നടത്തുകയും ചെയ്യുന്നു.

ലിയോണാഡിനെപ്പോലെയുള്ള ഉത്തരാധുനിക സിദ്ധാന്തക്കാർ ശാസ്ത്രത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്യുന്നുണ്ട്. മതരാഷ്ട്രവാദികളാകട്ടെ ഇത് അന്ധവിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കുന്ന രീതിയിൽ ഉപയോഗിക്കുന്ന സ്ഥിതിയും നിലനിൽക്കുന്നുണ്ട്. മാർക്സിസം ചൂഷണത്തെ വസ്തുനിഷ്ഠ പ്രതിഭാസമായും ചൂഷണം ചെയ്യപ്പെടുന്നുവെന്ന ബോധം അതനുഭവിക്കുന്ന വ്യക്തിയുടെ ആത്മനിഷ്ഠതയെ ആസ്പദമാക്കിയതാണെന്നും വിലയിരുത്തുന്നു. സ്വത്വരാഷ്ട്രീയമാകട്ടെ അത് അടിച്ചമർത്തൽ അനുഭവിക്കുന്ന വ്യക്തിയുടെ ആത്മനിഷ്ഠതയെ അടിസ്ഥാനമാക്കി നിലകൊള്ളുന്ന ഒന്നാണെന്ന് വിലയിരുത്തുകയും ചെയ്യുന്നു. ചുരുക്കത്തിൽ ആധിപത്യത്തിന്റെ വസ്തുനിഷ്ഠമായ അടിത്തറയെയല്ല, അതുണ്ടാക്കുന്ന ബോധത്തെമാത്രം ആസ്പദമാക്കിയുള്ള ലീലകളായി അവ മാറുന്നു. അങ്ങനെ വ്യവസ്ഥയ്ക്കെതിരായുള്ള സമരത്തിൽനിന്ന് ജനതയെ അകറ്റിനിർത്തുന്ന ഒന്നായി സ്വത്വരാഷ്ട്രീയം മാറുന്നുവെന്നർഥം. സ്വത്വബോധം വ്യക്തി അനുഭവവും സ്വത്വരാഷ്ട്രീയം രാഷ്ട്രീയ പ്രത്യയശാസ്ത്രമാണെന്നും തിരിച്ചറിയുക പ്രധാനമാണ്. സ്വത്വങ്ങളാകട്ടെ സ്ഥായിയായി നിലനിൽക്കുന്ന ഒന്നല്ലതാനും.

ചരിത്രത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. സ്വത്വം ചരിതബാഹ്യമല്ലെന്ന് അർഥം. ഒരാൾതന്നെ പല സ്വത്വങ്ങളായി രൂപപ്പെടുത്തുന്ന സ്ഥിതിയുമുണ്ടാകുന്നു. അങ്ങനെ ഒരാൾതന്നെ പല സ്വത്വങ്ങളായി പിളർക്കപ്പെടുന്നു.
ഉത്തരാധുനികതയും അത് മുന്നോട്ടുവച്ച ജാതി, മത രാഷ്ട്രീയവും ലോകത്തിന് എന്താണ് സംഭാവന ചെയ്തിട്ടുള്ളത്, ജാതിയുടെയും മതത്തിന്റെയും പുറത്ത് മനുഷ്യന് മറ്റൊരു സ്വത്വമില്ലെന്ന് ഉറപ്പിക്കുകയാണ് സ്വത്വരാഷ്ട്രീയം ചെയ്യുന്നത്. ഈ കാഴ്ചപ്പാട് വർഗീയവും വംശീയവും ഫാസിസ്റ്റ് പരവുമായ രാഷ്ട്രീയവുമായ കാഴ്ചകൾക്ക് അടിത്തറയൊരുക്കുകയും ചെയ്യുന്നു.

സാമൂഹ്യജീവിയായ മനുഷ്യർ അനവധി അനുഭവങ്ങളും ഉൾക്കൊള്ളുന്നു. പലവിധ പ്രക്രിയകളിലും പങ്കുചേരുന്നു. പലവിധ ആശയങ്ങൾക്കും ചെവിയോർക്കുന്നു. തൽഫലമായി ഓരോ വ്യക്തിയിലും നിരവധി അബോധധാരകൾ സംജാതമാകുകയും സാമൂഹ്യബന്ധങ്ങളിലും ഘടനയിലും അവ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. മാർക്സ് പറഞ്ഞതുപോലെ “മനുഷ്യൻ സാമൂഹ്യബന്ധങ്ങളുടെ സമുച്ചയമാണ്’’ എന്ന് തിരിച്ചറിയേണ്ടതുണ്ട്. സമൂഹത്തിൽ ഒന്നായി നിൽക്കുന്ന ജനതയെ സ്വത്വത്തിന്റെ പേരിൽ പരസ്പര വിരുദ്ധമായി ഏറ്റുമുട്ടിച്ച് മുന്നോട്ടുപോകുന്ന സ്വത്വരാഷ്ട്രീയമാണ് എല്ലാ തീവ്രവാദപ്രസ്ഥാനങ്ങളുടെയും ആധുനികകാലത്തെ മഷിപ്പാത്രം എന്ന് തിരിച്ചറിയണം. ഹിന്ദുത്വവാദികളും പാൻ ഇസ്ലാമികതയും മറ്റെല്ലാ സ്വത്വങ്ങളെയും നിഷേധിച്ച് ഏകമായ കാഴ്ചകളിലേക്കും അതിന്റെ രാഷ്ട്രീയ പ്രയോഗത്തിലേക്കും വികസിക്കുകയാണ് ചെയ്യുന്നത്. ബഹുസ്വരതയെക്കുറിച്ച് പ്രഖ്യാപിക്കുന്ന സ്വത്വരാഷ്ട്രീയം അങ്ങനെ ബഹുസ്വരതയെ നിഷേധിക്കുന്ന ആധിപത്യത്തിന്റെയും ഫാസിസ്റ്റ് സമീപനങ്ങളുടെയും പ്രോത്സാഹകരമായി മാറുന്നുവെന്ന ഭീകരാവസ്ഥയാണ് ലോകത്ത് സൃഷ്ടിക്കുന്നതെന്ന് നാം തിരിച്ചറിയണം. അഫ്ഗാനിലെ വർത്തമാനകാല അനുഭവങ്ങൾ അത് അടിവരയിടുന്നു.

മതവിശ്വാസിയായി ജീവിക്കണമെങ്കിൽ തങ്ങളുടേതായ മതരാഷ്ട്രമായി രാജ്യം മാറണമെന്ന ഏറ്റവും ഫാസിസ്റ്റ് രീതിയിലുള്ള കാഴ്ചകൾ അവർ മുന്നോട്ടുവയ്ക്കുന്നു. ബഹുസ്വരതയുടെയും മതസൗഹാർദത്തിന്റെയും കേന്ദ്രമായിരുന്ന പ്രാദേശിക ഉത്സവങ്ങളും മിത്തുകളും ജീവിതശൈലികളും സാമൂഹ്യ കൈമാറ്റങ്ങളും അട്ടിമറിക്കുന്ന ജീവിതരീതികൾ ഇവർ പ്രചരിപ്പിക്കുന്നു. ഒരു ജനതയുടെ ആഘോഷങ്ങളിലും ജീവിതങ്ങളിലും മറ്റുള്ളവർ പങ്കെടുക്കരുതെന്ന കാഴ്ചപ്പാട് പൊതുവായ ഐക്യത്തെയും സാമൂഹ്യമുന്നേറ്റങ്ങളെയും ദുർബലപ്പെടുത്തുന്ന ഒന്നായിത്തീരുകയും ചെയ്യുന്നു. അങ്ങനെ സമൂഹത്തെ വ്യത്യസ്ത അറകളാക്കി വർഗീയവൽക്കരിക്കുന്നതിനുള്ള പ്രത്യയശാസ്ത്രത്തിന്റെ കൂട്ടിക്കൊടുപ്പ് നടത്തുകയാണ് ഉത്തരാധുനികതയും അതിൽനിന്ന് രൂപപ്പെട്ടുവന്ന സ്വത്വരാഷ്ട്രീയവുമെന്ന് തിരിച്ചറിയുകയും അതിന്റെ അടിസ്ഥാനത്തിലുള്ള പ്രതിരോധങ്ങളെ രൂപപ്പെടുത്തുകയുമാണ് വേണ്ടത്.

സ്വത്വരാഷ്ട്രീയത്തിന്റെ ഭാഗമായി ഉന്നയിക്കപ്പെടുന്ന മതരാഷ്ട്രവാദത്തിനെതിരെയും വർഗീയവൽക്കരണ സമീപനങ്ങൾക്കെതിരെയും ശക്തമായ നിലപാട് സ്വീകരിക്കേണ്ടതുണ്ട്. പൊതുവിദ്യാഭ്യാസവും മതനിരപേക്ഷ ജനാധിപത്യ സ്വഭാവമുള്ള കൂട്ടായ്മകളും അടിത്തട്ടിൽത്തന്നെ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാകണം. അതോടൊപ്പം ചില സാമൂഹ്യവിഭാഗങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ സ്വത്വരാഷ്ട്രീയത്തിന്റെ വളർച്ചയ്ക്ക് വളക്കൂറുള്ള മണ്ണൊരുക്കുന്നുണ്ട്. അത്തരം മേഖലകളെ ഉൾക്കൊള്ളുന്ന രാഷ്ട്രീയപരിപാടി മുന്നോട്ടുവയ്ക്കുക എന്നതും ഏറെ പ്രധാനമാണെന്ന് കാണേണ്ടതുണ്ട്.

-ആദിവാസികൾ, സ്ത്രീകൾ, ദളിതർ, ട്രാൻസ്ജെൻഡർ, ന്യൂനപക്ഷങ്ങൾ, ഭാഷ തുടങ്ങിയവരുടെ പ്രശ്നങ്ങളെ സവിശേഷമായി പരിഗണിക്കുന്നതിന് സർക്കാർ നടത്തിവരുന്ന പരിശ്രമങ്ങൾ ഈ യാഥാർഥ്യങ്ങളെ ഉൾക്കൊണ്ടുകൊണ്ടാണ്. ഇത്തരം ഇടപെടലിലൂടെ മാത്രമേ സ്വത്വരാഷ്ട്രീയത്തിന്റെ ഒളിത്താവളങ്ങളെ ഇല്ലാതാക്കാനും ബഹുസ്വരതയുടെയും ജനാധിപത്യത്തിന്റെയും കൂടുതൽ വർണാഭമായ തലത്തിലേക്ക് നമ്മുടെ നാടിന് വികസിക്കാനാകൂ എന്നതും ഒപ്പം തിരിച്ചറിയേണ്ടതുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top