16 February Saturday

'അവര്‍ക്കൊപ്പം നടന്ന ഞാന്‍ കണ്ടത് '..റാണാ അയ്യൂബ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 14, 2018

ചരിത്രമെഴുതി അവസാനിച്ച കര്‍ഷക മാര്‍ച്ചിനൊപ്പം മുംബൈ നഗരത്തില്‍  സഞ്ചരിച്ച വിഖ്യാത പത്രപ്രവര്‍ത്തക റാണാ അയ്യുബ് എന്‍ഡിടിവിയിലെഴുതിയ അനുഭവക്കുറിപ്പ്. (ഗുജറാത്ത് ഫയല്‍സ്: അനാട്ടമി ഓഫ് എ കവര്‍ അപ് എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ കര്‍ത്താവാണ് റാണ അയൂബ് .ഒളിക്യാമറകളില്‍ റെക്കോഡ് ചെയ്ത ദൃശ്യങ്ങളും സംഭാഷണങ്ങളും വഴി ഗുജറാത്ത് കലാപത്തിന്റെ ഉള്ളുകള്ളികള്‍ പുറത്തുകൊണ്ടുവന്ന കൃതിയാണിത്. ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.)
 

റാലിയ്ക്ക് പുറപ്പെടുംമുമ്പ് ഞാന്‍ മുഖത്ത് ധാരാളം സണ്‍സ്ക്രീന്‍ പുരട്ടി. കൊടുംചൂടില്‍ നടന്ന് തലവേദന ഉണ്ടാകാതിരിക്കാന്‍ അമ്മ ഒരു കുപ്പിയില്‍ ഒആര്‍എസ് ലായിനിയും തന്നു. തലയും മുഖവും സ്കാര്‍ഫു കൊണ്ട് മറച്ചു. ഓടുമ്പോള്‍ ഇടാറുള്ള നൈക്ക് ഷൂ കാലില്‍ ധരിച്ചു.

ഉജ്ജ്വലയ്ക്കൊപ്പമാണ് ഞാന്‍ മാര്‍ച്ചില്‍ നടന്നത് . ഒരുമാസം പ്രായമായ കുഞ്ഞിനെ വീട്ടില്‍ വിട്ടാണ് ഉജ്ജ്വല സ്വന്തം ഗ്രാമീണര്‍ക്കൊപ്പം മാര്‍ച്ചില്‍ നടക്കുന്നത്. അവള്‍ക്കൊപ്പം നടക്കുമ്പോള്‍ എന്റെ നാഗരികവും സുഖപ്രദവും വിശേഷാവകാശങ്ങളുള്ളതുമായ ജീവിതം എന്നെ അലട്ടിക്കൊണ്ടിരുന്നു. അവളുടെ മുടിയിഴകളിലൂടെ വിയര്‍പ്പുതുള്ളി ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. ഞാന്‍ കയ്യിലെ ഒആര്‍എസ് ലായനി നീട്ടി. അവള്‍ ചിരിച്ചു. "ഞങ്ങള്‍ക്ക് ഇതൊക്കെ ശീലമാണ് ചേച്ചി. ചേച്ചിക്ക് വേണ്ടിവരും'' - അവള്‍ പറഞ്ഞു.

ഉജ്ജ്വലയുടെ കയ്യിലെ സഞ്ചിയില്‍ നിറയെ രേഖകളാണ്. പ്രാദേശിക ബാങ്കില്‍ കൊടുത്ത അപേക്ഷകളുടെ പകര്‍പ്പാണ് ഏറെയും. ചില കത്തുകള്‍ മറാത്തിയിലാണ്. പഞ്ചായത്തില്‍നിന്നും രജിസ്ട്രാറില്‍നിന്നുമൊക്കെ കിട്ടിയതാണവ. ഒരുമാസംമുമ്പാണ് ഉജ്ജ്വല ഒരു കുഞ്ഞിനെ പ്രസവിച്ചത്. തുടര്‍ന്ന് വിളര്‍ച്ചയായി ആശുപത്രിയിലായിരുന്നു. കുട്ടിക്ക് ആവശ്യമായ തൂക്കമില്ല. കുഞ്ഞിനു കൊടുക്കാന്‍ അവളുടെ ശരീരത്തില്‍ പാലില്ല. പോഷകാഹാരമൊക്കെ ആര്‍ഭാടമാണ്. മൂന്നുനേരം ഭക്ഷണത്തിനായി തന്നെ പാടുപെടണം. ചില ദിവസം ഒരുനേരത്തെ ഭക്ഷണവും ശര്‍ക്കരയും കൊണ്ടാണ് കുടുംബം കഴിയുന്നത്.


കഴിഞ്ഞവര്‍ഷം അവരുടെ ചെറിയ കൃഷിയിടം കീടം കയറി നശിച്ചു. ഒന്നും ബാക്കിയുണ്ടായില്ല. ജില്ലയിലെ ഒരു സഹകരണബാങ്കില്‍നിന്ന് വായ്പയെടുത്തിരുന്നു. തിരിച്ചടയ്ക്കാനായിട്ടില്ല. എനിക്ക് സര്‍ക്കാരില്‍ ആരെയെങ്കിലും പരിചയമുണ്ടോ എന്ന് അവള്‍ ചോദിച്ചു. അപേക്ഷകള്‍ കൊടുത്ത് ശരിയാക്കാനാണ്. ഞാന്‍ കുറച്ചു പണം കൊടുക്കാന്‍ ശ്രമിച്ചു. "വേണ്ട, ചേച്ചി'' - അവള്‍ നിരാകരിച്ചു. "നിങ്ങളുടെ പണം ഞങ്ങളുടെ ഒരു മാസത്തേക്കുപോലും ഉണ്ടാകില്ല. സര്‍ക്കാരിനു മാത്രമേ സഹായിക്കാനാകൂ. ഞങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ അവരെ നിര്‍ബന്ധിക്കുക.''

അവളുടെ തൊട്ടുപിറകില്‍ ഒരുകൂട്ടം ആണ്‍കുട്ടികളാണ്. ചുവന്ന തൊപ്പിയും  ചെങ്കൊടികളുമായി അവര്‍ ലാല്‍സലാം മുഴക്കി നീങ്ങുന്നു. ഇടയ്ക്ക് 'മസ്ദൂര്‍' സിനിമയില്‍ ദിലീപ്കുമാര്‍ അഭിനയിച്ച രംഗത്തിലെ പാട്ടുപാടും. ഇടയ്ക്കിടെ ഓരോ വരി തെറ്റുമ്പോള്‍ അവര്‍ ചിരിയോടെ ഏതെങ്കിലും മറാഠി പാട്ടിലേക്ക് തിരിയും.

'നിങ്ങളൊക്കെ ഇടതുപക്ഷക്കാരാണോ' ഞാന്‍ അവരാട് ചോദിച്ചു. അവര്‍ ചിരിച്ചു. 'ചേച്ചി ഏതെങ്കിലും ടി വി ചാനലിലാണോ' എന്ന് മറുചോദ്യം.
"ഞങ്ങള്‍ കര്‍ഷകരാണ് ചേച്ചി'' എന്ന് മറ്റൊരാള്‍.

വൈകുന്നേരമായി. ജാഥാംഗങ്ങളില്‍ ചിലര്‍ ചായകുടിയ്ക്കാനായി വഴിയരികിലെ കടയിലേക്ക് തിരിഞ്ഞു. കൂട്ടത്തിലെ കാരണവര്‍ക്ക് എഴുപതുവയസ്സെങ്കിലും കഴിഞ്ഞിട്ടുണ്ടാകും. ഒരു സന്നദ്ധഭടന്‍ അദ്ദേഹത്തിന് ചായയുമായി വന്നു. ആരോ ഒരു പാര്‍ലേ ജി ബിസ്കറ്റ് പങ്കുവെച്ചു. നാസിക്കില്‍നിന്ന് മുംബൈയിലേക്ക് നടക്കേണ്ടതുണ്ടായിരുന്നോ എന്ന് ഞാന്‍ ചോദിച്ചു. താന്‍ ഒറ്റയ്ക്കല്ല; കൂട്ടുകാര്‍ മിക്കവരും കൂടെയുണ്ടെന്നായിരുന്നു കാരണവരുടെ മറുപടി. "രാത്രിയില്‍ കാല് മരവിച്ചു'' - പ്രമേഹത്തിന്റെ പ്രയാസങ്ങള്‍ വിവരിച്ച് അദ്ദേഹം പറഞ്ഞു. രണ്ടുമണിക്കൂര്‍ കൂടുമ്പോള്‍ മൂത്രമൊഴിയ്ക്കണം.അതും പ്രയാസം.

"നിങ്ങളുടെ നഗരത്തിലുള്ളവര്‍ നല്ലവരാണ്. അവര്‍ ഞങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും തന്നു. മന്ത്രാലയങ്ങളിലിരിക്കുന്ന നേതാക്കളോട് ഞങ്ങള്‍ക്ക് നല്ലതുചെയ്യണമെന്ന് പറയാനാണ് ഞങ്ങള്‍ വരുന്നത്. അവരാണ് ഞങ്ങളെ ഞങ്ങളുടെ ഗ്രാമത്തില്‍നിന്ന് ഇവിടെവരെ നടത്തുന്നത്. രോഗിയായി വീണാലും സമാധാനമുണ്ട്. എന്റെ മകനും കുട്ടികള്‍ക്കുംവേണ്ടി എന്തെങ്കിലും ചെയ്യാനായല്ലോ എന്ന് ഞാന്‍ സമാധാനിക്കും. വീട്ടില്‍ വെറുതെ ഇരുന്നാല്‍ വായ്പ അടയ്ക്കാന്‍ പറ്റില്ലല്ലോ?''

കാരണവര്‍ക്ക് പ്രതീക്ഷയുണ്ട്. സ്വന്തം ആധാര്‍കാര്‍ഡും മകന്റെ ആധാര്‍കാര്‍ഡും കയ്യിലുണ്ട്. എല്ലാം  എന്നെ കാണിച്ചു. " എല്ലാ രേഖയും എന്റെ കയ്യിലുണ്ട്. അവര്‍ ചോദിക്കുന്നതൊക്കെയുമുണ്ട്. എന്റെ വോട്ടര്‍കാര്‍ഡുമുണ്ട്.''

ഈ സമയത്ത്  റാലിയെ അഭിവാദ്യംചെയ്ത് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ മകനും പാര്‍ട്ടിയുടെ യുവജനവിഭാഗം പ്രസിഡന്റുമായ ആദിത്യതാക്കറെ പ്രസംഗിക്കുകയാണ്: "അവര്‍ നോക്കുന്നത് നിങ്ങളുടെ കയ്യിലെ ചെങ്കൊടിയിലേക്കാണ്. ഞാന്‍ നോക്കുന്നത് നിങ്ങളുടെ ചോരയുടെ ചുവപ്പിലേക്കാണ്.'' - ആദിത്യ താക്കറെ പറയുന്നു. സര്‍ക്കാരിനെ അട്ടിമറിയ്ക്കാനുള്ള ഇടതുപക്ഷ ശ്രമമാണ് റാലിയെന്ന് പ്രചരിപ്പിക്കുന്ന ബിജെപിയെ ഒന്ന് കുത്തുകയായിരുന്നു ഗവണ്‍മെന്റില്‍ സഖ്യകക്ഷികൂടിയായ ശിവസേനയുടെ പ്രതിനിധിയായ ആദിത്യ താക്കറെ.

ഏറെക്കുറെ രാഷ്ട്രീയ വനവാസത്തിലായ എംഎന്‍എസ് നേതാവ് രാജ് താക്കറെയും സമരസ്ഥലത്തെത്തി. കോണ്‍ഗ്രസോ, ശിവസേനയോ സമരത്തെ പിന്തുണയ്ക്കുന്നതിനെപ്പറ്റി ചുറ്റുമുള്ളവരോട് ഞാന്‍ അഭിപ്രായം ചോദിച്ചു. കൊടിയുടെ നിറമൊന്നും പ്രശ്നമല്ലെന്ന് അവരുടെ മറുപടി.
"മന്‍മോഹന്‍സിങ്ങ് കര്‍ഷകന്റെ മകനായിരുന്നു.മോഡി ഞങ്ങളില്‍ ഒരാളാണെന്ന് അവകാശപ്പെടുന്നു. ചായക്കാരനില്‍നിന്ന് വളര്‍ന്നയാളാണ്. ഞങ്ങളുടെ കാര്യത്തില്‍ ഒരു താല്‍പര്യവുമില്ലെങ്കില്‍ അവര്‍ ഏത് പാര്‍ട്ടിയായിട്ട് എന്താണ് കാര്യം? ഈ കുരുക്കില്‍നിന്ന് ഞങ്ങളെ രക്ഷിക്കാന്‍ കഴിയുന്നവര്‍ ആരാണോ; അവരാണ് ഞങ്ങളുടെ രക്ഷകര്‍.''

വാട്ട്സ്ആപ്പ് സന്ദേശങ്ങളും ട്വിറ്റര്‍ കുറിപ്പുകളും പ്രചരിച്ചു തുടങ്ങിയിരുന്നു. കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും ബിജെപി സര്‍ക്കാരിനെ അട്ടിമറിയ്ക്കാനുള്ള മാവോയിസ്റ്റ് പദ്ധതിയാണ് മാര്‍ച്ചെന്ന് സന്ദേശങ്ങള്‍ പറന്നു തുടങ്ങി. 'നഗര മാവോയിസ്റ്റു'കളാണ് പ്രക്ഷോഭത്തിന്റെ പിന്നിലെന്ന് മുംബൈ എംപി പുനം മഹാജന്‍ ഡല്‍ഹിയില്‍ പാര്‍ലമെന്റിനു മുന്നില്‍നിന്ന് പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനം ഉണ്ടായിരുന്നില്ലെങ്കില്‍ പുനത്തിന് മുംബൈയില്‍ ഉണ്ടാകാന്‍ കഴിയുമായിരുന്നു. അവരുടെ മണ്ഡലത്തിലൂടെ കടന്നുപോയ കര്‍ഷകരുടെ വിണ്ടുപൊട്ടിയ കാല്‍പ്പാദങ്ങള്‍ കാണാന്‍ അവര്‍ക്ക് കഴിയുമായിരുന്നു.

കഴിഞ്ഞ ജൂണില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഒരു സമ്പൂര്‍ണ കടാശ്വാസപദ്ധതി പ്രഖ്യാപിച്ചിരുന്നു. കര്‍ഷക നേതാക്കള്‍ സമരം മാറ്റിവെക്കുകയും ചെയ്തു. 89 ലക്ഷം കര്‍ഷകര്‍ക്കാണ് കടാശ്വാസത്തിന്റെ പ്രയോജനം ലഭിക്കുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ ഏകപക്ഷീയമായ വ്യവസ്ഥകള്‍മൂലം ആകെ 31 ലക്ഷം കര്‍ഷകര്‍ക്ക് മാത്രമാണ് പ്രയോജനം ലഭിച്ചതെന്ന് കര്‍ഷകമാര്‍ച്ചിന്റെ സംഘാടകര്‍ പറയുന്നു.
ഫോട്ടോ : ജഗത് ലാല്‍

ഫോട്ടോ : ജഗത് ലാല്‍


ജനുവരി മുതല്‍ എന്‍സിപി, കോണ്‍ഗ്രസ്, ശിവസേന തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കള്‍ സംസ്ഥാനാടിസ്ഥാനത്തില്‍ സമരം തുടങ്ങുന്നതിനെപ്പറ്റി പറയുന്നു. ഈ സമയം സിപിഐ എമ്മിന്റെ ഓള്‍ ഇന്ത്യാ കിസാന്‍സഭ സംസ്ഥാനത്താകെ കര്‍ഷകരെ വളരെ ആസൂത്രിതമായി സംഘടിപ്പിക്കുകയായിരുന്നു. അവരുടെ കേഡര്‍മാര്‍ ഗ്രാമങ്ങള്‍ തോറും സഞ്ചരിച്ച് വായ്പയുടെ വിവരങ്ങള്‍ തേടി.

ഞാന്‍ ഇത് എഴുതുമ്പോഴേയ്ക്ക് കര്‍ഷകര്‍ സമരം പിന്‍വലിച്ചു കഴിഞ്ഞു. കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാന്‍ മുഖ്യമന്ത്രി ഫട്നാവിസ് സമ്മതിച്ചു. വളരെ അംഗീകരിക്കപ്പെട്ട നടപടി. അടുത്തകൊല്ലം രാജ്യത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ്. കര്‍ഷകരുടെ ശബ്ദം നമ്മുടെ വീടുകളുടെ ഉള്‍മുറികളിലെത്തിക്കഴിഞ്ഞു. കെടുതിമൂലമുള്ള കര്‍ഷകരുടെ ഈ ഗതികേടിന്റെ മാര്‍ച്ച് മുംബേക്കാര്‍ മാത്രമല്ല രാജ്യത്തെല്ലാവരും കാണുകയായിരുന്നു. 'വികസനത്തിന്റെ' സന്ദേശങ്ങള്‍ക്കു പകരം വാട്സ്ആപ്പിലും മറ്റും ഇന്ന് വന്നു നിറഞ്ഞത് തളര്‍ന്ന മുഖങ്ങളും വിണ്ടുകീറിയ പാദങ്ങളുമാണ്. രാജ്യത്തെ വിഴുങ്ങിക്കഴിഞ്ഞ കാര്‍ഷിക ദുരതത്തിനു മുഖംനല്‍കാനും ശബ്ദം നല്‍കാനും കഴിയുന്ന കരുത്ത് ഉള്‍ച്ചേര്‍ന്നതാണ് ഈ പ്രസ്ഥാനം. ഇപ്പോള്‍ കാറ്റിന്റെ ഗതി മാറ്റാന്‍ മോഡിയ്ക്കും ഫട്നാവിസിനും കഴിഞ്ഞു. മഹാരാഷ്ട്രയിലെ കര്‍ഷകര്‍ രാജ്യത്തിനാകെ വഴികാട്ടുകയാണ്. ഇനി തങ്ങളെ അവഗണിച്ചുപോകാം എന്ന് കരുതേണ്ടെന്ന് അവര്‍ വ്യക്തമാക്കി കഴിഞ്ഞു.

മുമ്പും വാഗ്ദാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നത്തെപ്പോലെ ഇന്നും വാഗ്ദാനങ്ങള്‍ പാലയ്ക്കപ്പെടാതെ വന്നേക്കാം. നേതാക്കള്‍ ഒത്തുതീര്‍പ്പുകളുമുണ്ടാക്കിയേക്കാം. അടുത്തവര്‍ഷവും നമ്മുടെ അലസമായ നഗരക്കാഴ്ചയിലേക്ക് വീണ്ടും വേദനകളുടെ ഓര്‍മ്മപ്പെടുത്തലുമായി അവര്‍ വരേണ്ടിവന്നേക്കാം. പക്ഷേ, പത്രങ്ങളുടെ ഏതെങ്കിലും മൂലയില്‍ ഒടുങ്ങിയിരുന്ന കര്‍ഷക ആത്മഹത്യകളും കര്‍ഷകന്റെ ദുരിതങ്ങളും ഇന്ന് ചര്‍ച്ചാവിഷയമായിരിക്കുന്നു. രാജ്യത്തിന് അതിന്റെ ആത്മാവ് നഷ്ടമായിട്ടില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ സമരത്തിനു കിട്ടിയ സ്വീകാര്യതയിലൂടെ ഉണ്ടായിരിക്കുന്നത്.


 

പ്രധാന വാർത്തകൾ
 Top