17 August Wednesday
നാളെ വായനപക്ഷാചരണം സമാപനം

ഐ വി ദാസ് സ്‌മരണയിൽ വായനവസന്തം

പയ്യന്നൂർ കുഞ്ഞിരാമൻUpdated: Wednesday Jul 6, 2022

ഇത്തവണത്തെ വായനപക്ഷാചരണം സമാപിക്കുകയാണ്‌. അക്ഷരാർഥത്തിൽ കേരളത്തിലെ വിദ്യാലയങ്ങളിലും ഗ്രന്ഥാലയങ്ങളിലും വായനവസന്തം വിരിയുകയായിരുന്നു.  ഗ്രാമത്തിലെ നിഴലുകൾ വീണ ചെമ്മൺ പാതയോരത്ത് തളിർത്തതാണ് മലയാളിയുടെ വായനശീലം. നവ്യാനന്ദം പകരുന്ന ഉണർവുകളാണ് ഗ്രന്ഥങ്ങളും പുസ്തകങ്ങളും തുറന്നുതരുന്നത്, മാനവികതയുടെ മഹാലോകമാണ്.

കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ കർമോത്സുകനായ പ്രവർത്തകൻ ഐ വി ദാസിന്റെ  സ്മരണ നാം ഈ വേളയിൽ പുതുക്കുന്നു. അദ്ദേഹം ഊർജസ്വലനായ പോരാളിയും സ്നേഹത്തിന്റെ തൂവൽസ്പർശവുമായിരുന്നു. തലമുറയെ ചിരിക്കാനും ചിന്തിപ്പിക്കാനും പ്രേരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം കടന്നുപോയത്. വലുപ്പച്ചെറുപ്പമില്ലാതെ പെരുമാറണമെന്ന് പഠിപ്പിച്ചു. സദാ തെളിയുന്ന ശുഭ്രതയാണ് ആ സാന്നിധ്യം. ചിരിച്ചും പുറത്തുതട്ടിയുമുള്ള കുശലപ്രശ്നങ്ങൾ. സാഹിത്യവും സംസ്കാരവും രാഷ്ട്രീയവും കൂടിക്കലർന്ന സംഭാഷണം. അദ്ദേഹം  നിരന്തരം യാത്ര ചെയ്തു. മറ്റുള്ളവർ കാണാത്തതും കേൾക്കാത്തതുമായ കാര്യങ്ങൾ പറഞ്ഞുതന്നു.  കുട്ടികളോട് അമ്മയെ സ്നേഹിക്കണം, നാടിനെയും സ്നേഹിക്കണമെന്ന്‌ ഉപദേശിച്ചു. അനീതിക്കു മുന്നിൽ കീഴടങ്ങില്ലെന്ന ദൃഢനിശ്ചയമുണ്ടാകണമെന്ന് നിർദേശിച്ചു. അഭിമാനം തോന്നത്തക്കവിധം പ്രവർത്തനം കാഴ്ചവയ്‌ക്കണമെന്നു പറഞ്ഞു. അറിവിനുള്ള അടങ്ങാത്ത ദാഹം കുട്ടികൾക്ക് ഉണ്ടാകണം. വർഗബന്ധങ്ങളുടെ സാമൂഹ്യശാസ്ത്രം പഠിച്ചുകൊണ്ടു മുന്നേറാൻ കഴിയണമെന്നും പഠിപ്പിച്ചു.

പ്രായം കൊണ്ടല്ല ഇന്ന് കുട്ടികളെ വിലയിരുത്തേണ്ടത്. അറിവും വിവേകവും നിരീക്ഷണപാടവവും അവരിൽ മികച്ചുനിൽക്കുന്നു. അവ നിരന്തരം പരിപോഷിപ്പിക്കപ്പെടണം. കരുത്തുറ്റ കാലുകളൂന്നി നീതിയിലേക്കും നന്മയിലേക്കും അവർ നടന്നെത്തണം. അതിന് പുസ്തകവായന സഹായമാകും. പുസ്തകങ്ങൾ മനുഷ്യവികാരങ്ങൾ തട്ടിയുണർത്തും. ഉടഞ്ഞ ജീവിതങ്ങളെ വിളക്കിച്ചേർക്കാനുള്ള കഴിവ് അക്ഷരങ്ങൾക്കുണ്ട്‌. നവോത്ഥാനത്തിന്റെ മണികൾ മുഴക്കിയ നാടാണ്‌ ഇത്. ഇരുൾമൂടിയ ഇന്നലെകളിൽനിന്ന് ഇന്നിന്റെ പ്രകാശത്തിലേക്ക് നാട് വളർന്നെത്തിയ കഥ പുതുതലമുറ തിരിച്ചറിയണം. ജനങ്ങളെ അയിത്തം കൽപ്പിച്ചു മാറ്റിനിർത്തിയിരുന്ന കാലമുണ്ടായിരുന്നു. പലതരം ചൂഷണംകൊണ്ട് പൊറുതിമുട്ടിച്ചിരുന്നു. പഠിക്കാൻ അവകാശമില്ലായിരുന്നു. വഴിനടക്കാൻ പാടില്ല. നല്ല വസ്‌ത്രമോ നല്ല ഭക്ഷണമോ പാടില്ലാത്ത കാലം. അത്ഭുത കഥകളെന്ന് തോന്നാവുന്ന സംഭവങ്ങളാണ് പോയകാലത്ത് നിലനിന്നിരുന്നത്. എല്ലാം മറികടന്നും ചാടിക്കടന്നും മാനവികതയുടെ കൊടിക്കൂറ പറത്താൻ നമുക്ക് കഴിഞ്ഞു. വിലപ്പെട്ട ഈ മൂല്യങ്ങൾ കാത്തുസംരക്ഷിക്കേണ്ടത് പുതുതലമുറയാണ്. അവരുടെ വ്യക്തിത്വം വികസിക്കണം.  വായിച്ചും അനുഭവിച്ചും മുന്നേറാൻ കഴിയണം.

പി എൻ പണിക്കരുടെ ഓർമയിൽ തുടങ്ങിയ പുസ്തക ചങ്ങാത്തമാണ് ലാളിത്യത്തിന്റെയും ശുഭ്രതയുടെയും ആൾരൂപമായ ഐ വി ദാസിനെ സ്മരിച്ചുകൊണ്ട് പരിസമാപ്തി കുറിക്കുന്നത്‌. ദീർഘകാലത്തെ വിശ്രമമില്ലാത്ത ജീവിതംകൊണ്ട് പണിതുയർത്തിയതാണ് അദ്ദേഹത്തിന്റെ പൊതുജീവിതം. കേരള ഗ്രന്ഥശാലാ സംഘത്തെയും പുരോഗമന സാംസ്കാരിക പ്രസ്ഥാനങ്ങളെയും ആ ജീവിതം പരിപോഷിപ്പിച്ചു. ഗ്രന്ഥാലയങ്ങളെ സാമൂഹ്യപ്രവർത്തകരുടെ പരിശീലനകേന്ദ്രങ്ങളാക്കി മാറ്റിത്തീർക്കാൻ കഴിഞ്ഞെന്നത് അദ്ദേഹത്തിന്റെ സവിശേഷതയാണ്. പുസ്തകവായനയിൽ സമൂഹത്തോടുള്ള പ്രതിബദ്ധതകൂടി നിറഞ്ഞുനിൽപ്പുണ്ടെന്ന് അദ്ദേഹം വിലയിരുത്തുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top