20 March Wednesday

നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കുക

പിണറായി വിജയൻ Updated: Monday Dec 3, 2018


സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളീയസമൂഹം ഇന്ന് ഇന്ത്യയിലെ ഏറ്റവും ജനാധിപത്യപരമായ ഒരു സമൂഹമായി വികസിച്ചതിനുപിന്നിൽ നവോത്ഥാന പ്രസ്ഥാനങ്ങളുടെ സജീവമായ പങ്കാളിത്തമുണ്ട്. അത്തരം പ്രസ്ഥാനങ്ങളുടെ വർത്തമാനകാല അമരക്കാരാണ് നിങ്ങൾ. ആ നിലയിൽ അവർ ഉയർത്തിപ്പിടിച്ച നവോത്ഥാനമൂല്യങ്ങളെ വർത്തമാനകാലത്തിന്റെ മാറ്റങ്ങളെ ഉൾക്കൊണ്ട് വികസിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം നിങ്ങൾക്കുണ്ടെന്ന് സർക്കാർ കരുതുന്നു. അത് ഏറ്റെടുത്ത് മുന്നോട്ടുപോകുമെന്നാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്. ഈ നിലയിലാണ് ഇത്തരമൊരു കൂടിച്ചേരൽ വിളിച്ചുചേർക്കുന്നതിന് സർക്കാർ സന്നദ്ധമായത്.

ജന്മിത്ത്വത്തിനെതിരായ ചെറുത്തുനിൽപ്പുകൾ
കേരളത്തിൽ നിലനിന്ന ഫ്യൂഡലിസം ജാതി‐ജന്മി‐നാടുവാഴിത്ത വ്യവസ്ഥ എന്നനിലയിലാണ് ഉണ്ടായിരുന്നത്. ജന്മി സമ്പ്രദായം വിവിധ തരത്തിൽ ജനങ്ങളുടെ ജീവിതത്തെ ദുരിതപൂർണമാക്കിയിരുന്നു. സ്വാഭാവികമായും അതിനെതിരായി വ്യത്യസ്ത തലത്തിലുള്ള ചെറുത്തുനിൽപ്പുകൾ രൂപപ്പെടാൻ തുടങ്ങി. വ്യക്തികളും അവരുടെ ചെറിയ കൂട്ടായ്മകളും സംഘടിപ്പിച്ച ചെറുത്തുനിൽപ്പായിരുന്നു ആദ്യഘട്ടത്തിൽ രൂപപ്പെട്ടുവന്നത്.

അയ്യാ വൈകുണ്ഠൻ ‐ നവോത്ഥാനത്തിന്റെ ആദ്യകിരണം
ഹിന്ദു ജനവിഭാഗത്തിനിടയിൽ ജാതീയമായ അടിച്ചമർത്തലുകളെയും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കുമെതിരായുള്ള സമരമായാണ് അത് വളർന്നുവന്നത്. നവോത്ഥാന പ്രസ്ഥാനത്തിന്റെ നാമ്പുകൾ ഇവിടെ വച്ചാണ് മുളച്ചുവരുന്നത്. തെക്കൻ കേരളത്തിൽ അയ്യാ വൈകുണ്ഠൻ നടത്തിയ ഇടപെടൽ ഇത്തരത്തിലുള്ള ഒന്നായിരുന്നു.  മേൽമുണ്ട് ധരിക്കുക എന്നത് ജന്മാവകാശമാണെന്ന് പ്രസ്താവിച്ചുകൊണ്ട് അത് വിലക്കുന്ന വ്യവസ്ഥയ്ക്കെതിരായി പ്രക്ഷോഭം സംഘടിപ്പിക്കുകയും കരം കൊടുക്കുന്നവരെ ശക്തമായി അപലപിക്കുകയും ചെയ്തു. ജയിലിനകത്ത് കിടക്കേണ്ട സാഹചര്യം പോലും അവർക്കുണ്ടായി.

ആറാട്ടുപുഴ വേലായുധ പണിക്കർ ‐ രക്തസാക്ഷിയായ നവോത്ഥാന നായകൻ
ആറാട്ടുപുഴ വേലായുധ പണിക്കരെപ്പോലെ അക്കാലത്ത് ഉയർന്നുവന്നവർക്കാകട്ടെ നവോത്ഥാനപരമായ മുദ്രാവാക്യങ്ങൾ മുന്നോട്ടുവച്ചതിന്റെ പേരിൽ സ്വന്തം ജീവിതംതന്നെ സമർപ്പിക്കേണ്ടിവന്നു. തന്റെ കുടുംബക്ഷേത്രത്തിൽ കണ്ണാടി പ്രതിഷ്ഠ നടത്തി. അച്ചിപ്പുടവ ധരിക്കുന്നതിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ പോലുള്ളവ അദ്ദേഹം സംഘടിപ്പിച്ചു. നവോത്ഥാനപരമായ ആശയങ്ങൾക്കായി പ്രവർത്തിക്കുകയെന്നത് ആദ്യകാലത്ത് ജീവൻപോലും നഷ്ടപ്പെടാവുന്ന സാഹചര്യമായിരുന്നു നിലനിന്നിരുന്നത്.  ഇത്തരം ആദ്യകാല നവോത്ഥാന ഇടപെടലുകളെ ചരിത്രത്തിൽ വേണ്ടപോലെ അടയാളപ്പെടുത്തിയിട്ടില്ല. ഇത്തരം പാരമ്പര്യങ്ങളെ പുതുതലമുറയ്ക്ക് മനസ്സിലാക്കാൻ പറ്റുന്നതരത്തിൽ നമ്മുടെ പഠനപ്രവർത്തനങ്ങളിൽ ഉൾപ്പെടെ ഇവ ഉൾക്കൊള്ളിക്കുന്ന കാര്യം സർക്കാർ ആലോചിക്കുന്നുണ്ട്.

കേരളത്തിൽ നിലനിന്ന ഫ്യൂഡലിസം ജാതി‐ജന്മി‐നാടുവാഴിത്ത വ്യവസ്ഥ എന്നനിലയിലാണ് ഉണ്ടായിരുന്നത്. ജന്മി സമ്പ്രദായം വിവിധ തരത്തിൽ ജനങ്ങളുടെ ജീവിതത്തെ ദുരിതപൂർണമാക്കിയിരുന്നു. സ്വാഭാവികമായും അതിനെതിരായി വ്യത്യസ്ത തലത്തിലുള്ള
ചെറുത്തുനിൽപ്പുകൾ രൂപപ്പെടാൻ തുടങ്ങി. വ്യക്തികളും അവരുടെ ചെറിയ കൂട്ടായ്മകളും സംഘടിപ്പിച്ച ചെറുത്തുനിൽപ്പായിരുന്നു ആദ്യഘട്ടത്തിൽ രൂപപ്പെട്ടുവന്നത്. ഹിന്ദു ജനവിഭാഗത്തിനിടയിൽ ജാതീയമായ അടിച്ചമർത്തലുകളെയും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കുമെതിരായുള്ള സമരമായാണ് അത് വളർന്നുവന്നത്. നവോത്ഥാന പ്രസ്ഥാനത്തിന്റെ നാമ്പുകൾ ഇവിടെ വച്ചാണ് മുളച്ചുവരുന്നത്

ചട്ടമ്പി സ്വാമികൾ‐ ബ്രാഹ്മണമേധാവിത്വത്തിനെതിരെയുള്ള സമരം
പ്രാദേശികമായി ഉയർന്നുവന്ന ഇത്തരം നിരവധി ശ്രമങ്ങൾ നമ്മുടെ നാടിന്റെ വിവിധ ഭാഗങ്ങളിൽ കാണാം. ചട്ടമ്പി സ്വാമികൾ നായർ സമുദായത്തിൽ നിലനിന്ന നിരവധി അനാചാരങ്ങൾക്കെതിരെ പൊരുതിയിട്ടുണ്ട്. വിഗ്രഹ പ്രതിഷ്ഠയും വേദപഠനവും ക്ഷേത്രാരാധനയും ബ്രാഹ്മണരുടെ മാത്രം അവകാശമാണെന്ന കാഴ്ചപ്പാടുകളെ ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹം രംഗപ്രവേശനം ചെയ്തു. സ്ത്രി‐പുരുഷ സമത്വത്തെ നവോത്ഥാനത്തിന്റെ ഒരു പ്രധാന പ്രശ്നമായി ഉന്നയിക്കുന്നതും ചട്ടമ്പിസ്വാമികളാണ്.

ശ്രീനാരായണ ഗുരു ‐ ഒരു മഹാപ്രസ്ഥാനം
എന്നാൽ, നവോത്ഥാനപരമായ ആശയങ്ങൾ സംസ്ഥാനത്താകമാനം സ്വാധീനിക്കുന്ന ഒന്നായി മാറുന്നത്, ശ്രീനാരായണ ഗുരുവിന്റെ രംഗപ്രവേശത്തോടെയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നവോത്ഥാന ആശയങ്ങൾ ഒരു മഹാപ്രസ്ഥാനമായി രൂപപ്പെടുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മാത്രമല്ല, സിലോണിലേക്കുവരെ നേരിട്ടുചെന്ന് ഇടപെടുന്നരീതി അദ്ദേഹം വളർത്തിക്കൊണ്ടുവന്നു. ജാതീയമായ അവശതകൾക്കെതിരായി പൊരുതുകയും എല്ലാ മതവും ഒന്നാണെന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ടും ശ്രീനാരായണ ഗുരുവിന്റെ ഇടപെടൽ കേരളത്തെ ജനാധിപത്യവൽക്കരിക്കാനുള്ള പ്രവർത്തനത്തിനു നൽകിയ സംഭാവന വളരെ വലുതാണ്. ജനങ്ങളാകമാനം ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകളെ മറികടന്ന് ഒന്നായി നിൽക്കുകയെന്ന ആശയമാണ് ശ്രീനാരായണ ഗുരു പ്രചരിപ്പിച്ചത്.

അയ്യൻകാളി ‐ നവോത്ഥാനത്തെ സമരപോരാട്ടമാക്കി മാറ്റിയ പോരാളി
ശ്രീനാരായണ പ്രസ്ഥാനത്തിനുശേഷം അയ്യൻകാളിയുടെ നേതൃത്വത്തിൽ 1905ൽ രൂപപ്പെട്ടുവന്ന സാധുജനപരിപാലന സംഘവും പട്ടികജാതിക്കാരുടെ വിദ്യാഭ്യാസ പ്രശ്നമുൾപ്പെടെ മുന്നോട്ടുവച്ചുകൊണ്ട് പ്രവർത്തിക്കുകയായിരുന്നു. സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി വില്ലുവണ്ടിയിൽ യാത്ര ചെയ്തും വസ്ത്രധാരണത്തിൽ ഉണ്ടാക്കിയ നിയന്ത്രണങ്ങളെ എതിർത്തും അയ്യൻകാളി നടത്തിയ പ്രക്ഷോഭം ശ്രദ്ധേയമായ ഒന്നായിരുന്നു.

അടിച്ചമർത്തപ്പെട്ടവർ തലയുയർത്തിയ നാളുകൾ
ഇക്കാലഘട്ടത്തിൽ ജാതീയമായി അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾ നമ്മുടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിച്ചുകൊണ്ട് അവരുടെ അവശതകൾ പരിഹരിക്കുന്നതിനുള്ള ഇടപെടൽ നടത്തുന്നുണ്ടായിരുന്നു. 1912ൽ കൊച്ചിയിലെ പുലയ വിഭാഗം വെണ്ടുരുത്തി കായലിൽ വള്ളങ്ങൾ കൂട്ടിക്കെട്ടി അതിൽ സമ്മേളിച്ച് മുന്നോട്ടുവരുന്ന സ്ഥിതിയുണ്ടായി. കൃഷ്ണാദി ആശാനും കെ പി കറുപ്പനും ഈ മേഖലയിൽ സജീവമായി ഇടപെട്ടു. 1910ൽ തന്നെ  കെ പി കറുപ്പന്റെ ശ്രമഫലമായി വാല സമുദായ പരിഷ്കരണസഭ രൂപംകൊണ്ടു. പിന്നീട് ഇത്തരം സംഘടനകൾ രൂപീകരിക്കുന്നതിന് കെ പി കറുപ്പൻ നേതൃത്വം നൽകുകയും ചെയ്തു.

ആലപ്പുഴയിലെ നങ്ങേലിയെ നമുക്ക് ഓർക്കാതിരിക്കാനാവില്ല. മുലക്കരം പിരിക്കാനെത്തിയവർക്കു മുമ്പിൽ ഇല വിരിച്ച് മാറിടം ഛേദിച്ചുനൽകുകയായിരുന്നു അവർ. സ്വാഭാവികമായും രക്തം വാർന്ന് അവർ മരിച്ചു. ഭാര്യയുടെ ചിതയിൽ ഭർത്താവ് കണ്ടനും എരിഞ്ഞൊടുങ്ങി. ഇങ്ങനെ എന്തെല്ലാം അധ്യായങ്ങൾ പിന്നിട്ടാണ് നാം ഇവിടെ എത്തിയിട്ടുള്ളത്

സഹോദരൻ അയ്യപ്പൻ ‐ വികസിപ്പിച്ച ധാര
ശ്രീനാരായണ ഗുരുവിന്റെ ശിഷ്യൻമാരിൽ പ്രധാനിയാണ് സഹോദരൻ അയ്യപ്പൻ. ശ്രീനാരായണ ഗുരു മുന്നോട്ടുവച്ച പാതയിലൂടെ വിവിധങ്ങളായ പ്രവർത്തനങ്ങൾ അദ്ദേഹം സംഘടിപ്പിച്ചു. സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ രൂപപ്പെട്ട സഹോദര പ്രസ്ഥാനം മിശ്രഭോജനം ഉൾപ്പെടെയുള്ള സമരങ്ങളുമായി മുന്നോട്ടുവന്നു. ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്. എന്ന കാഴ്ചപ്പാടുവരെ മുന്നോട്ടുവയ്ക്കുകയുണ്ടായി. സോഷ്യലിസ്റ്റ് ആശയങ്ങളെ പരിചയപ്പെടുത്താൻ ശ്രമിച്ച നവോത്ഥാന നായകനെന്ന സവിശേഷതയും ഇദ്ദേഹത്തിനുണ്ട്. നവോത്ഥാന മുന്നേറ്റത്തിൽ സംഭാവന ചെയ്ത വാഗ്ഭടാനന്ദൻ, പണ്ഡിറ്റ് കറുപ്പൻ, ആനന്ദതീർഥൻ, ബ്രഹ്മാനന്ദ ശിവയോഗി, വേലുക്കുട്ടി അരയൻ തുടങ്ങിയ നിരവധിപേരുണ്ട്. അത്തരം ആളുകളെ ഈ അവസരത്തിൽ നാം ഓർക്കേണ്ടതുണ്ട്.

ആലപ്പുഴയിലെ നങ്ങേലിയെ നമുക്ക് ഓർക്കാതിരിക്കാനാവില്ല. മുലക്കരം പിരിക്കാനെത്തിയവർക്കു മുമ്പിൽ ഇല വിരിച്ച് മാറിടം ഛേദിച്ചുനൽകുകയായിരുന്നു അവർ. സ്വാഭാവികമായും രക്തം വാർന്ന് അവർ മരിച്ചു. ഭാര്യയുടെ ചിതയിൽ ഭർത്താവ് കണ്ടനും എരിഞ്ഞൊടുങ്ങി. ഇങ്ങനെ എന്തെല്ലാം അധ്യായങ്ങൾ പിന്നിട്ടാണ് നാം ഇവിടെ എത്തിയിട്ടുള്ളത്.

ഉത്തരേന്ത്യൻ നവോത്ഥാനവും നമ്മുടെ നവോത്ഥാനവും തമ്മിലുള്ള വ്യത്യാസം
ഇതെല്ലാം കാണിക്കുന്നത് കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങൾ രൂപപ്പെട്ടുവരുന്നത് അടിസ്ഥാന ജനവിഭാഗങ്ങളിൽ നിന്നായിരുന്നുവെന്നതാണ്. പിന്നീട് അത് മറ്റു വിഭാഗങ്ങളിലേക്ക് വരികയായിരുന്നു. ഉത്തരേന്ത്യൻ നവോത്ഥാന പ്രസ്ഥാനങ്ങളും നമ്മുടെ നാട്ടിലെ നവോത്ഥാന പ്രസ്ഥാനങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിലൊന്ന് ഇതാണ്. അവിടെ സവർണവിഭാഗങ്ങളിൽനിന്നാണ് അവ ആരംഭിച്ചതും മുന്നോട്ടുപോയതും.

1907ൽ നമ്പൂതിരിമാരുടെ യോഗക്ഷേമസഭ രൂപീകൃതമായി. കീഴാള വിഭാഗത്തിൽനിന്ന് രൂപപ്പെട്ടുവന്ന നവോത്ഥാന പ്രസ്ഥാനങ്ങൾ ജാതിക്കെതിരെയും അതുമായി ബന്ധപ്പെട്ട അടിച്ചമർത്തലുകൾക്കുമെതിരെയാണ് ശബ്ദിച്ചതെങ്കിൽ അതിൽനിന്ന് വ്യത്യസ്തമായി നമ്പൂതിരി വിഭാഗത്തിനകത്തെ തെറ്റായ ജീവിതക്രമങ്ങൾക്കെതിരായിരുന്നു യോഗക്ഷേമസഭ പ്രവർത്തിച്ചത്

സവർണ വിഭാഗങ്ങളിലും നവോത്ഥാനം
സവർണ വിഭാഗങ്ങൾക്കിടയിലും ഇത്തരം ആശയഗതികൾ സ്വാധീനം ചെലുത്താൻ തുടങ്ങി. 1907ൽ നമ്പൂതിരിമാരുടെ യോഗക്ഷേമസഭ രൂപീകൃതമായി. കീഴാള വിഭാഗത്തിൽനിന്ന് രൂപപ്പെട്ടുവന്ന നവോത്ഥാന പ്രസ്ഥാനങ്ങൾ ജാതിക്കെതിരെയും അതുമായി ബന്ധപ്പെട്ട അടിച്ചമർത്തലുകൾക്കുമെതിരെയാണ് ശബ്ദിച്ചതെങ്കിൽ അതിൽനിന്ന് വ്യത്യസ്തമായി നമ്പൂതിരി വിഭാഗത്തിനകത്തെ തെറ്റായ ജീവിതക്രമങ്ങൾക്കെതിരായിരുന്നു യോഗക്ഷേമസഭ പ്രവർത്തിച്ചത്. കൂട്ടുകുടുംബവ്യവസ്ഥ അവസാനിപ്പിച്ച് കുടുംബഭാഗം അനുവദിക്കുക, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലേക്ക് നമ്പൂതിരി യുവാക്കളെ ആകർഷിക്കുക തുടങ്ങിയവയായിരുന്നു അവർ മുന്നോട്ടുവച്ചത്.
ഇതിനകത്ത് രൂപംകൊണ്ട ഉണ്ണി നമ്പൂതിരി പ്രസ്ഥാനം കുറെക്കൂടി പുരോഗമനപരമായ കാഴ്ചപ്പാടുകളും മുന്നോട്ടുവച്ചു. വിധവാ വിവാഹം അനുവദിക്കുക, ഘോഷ ബഹിഷ്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾക്കുവേണ്ടിയുള്ള സമരങ്ങളും മുന്നോട്ടുവരികയുണ്ടായി.

നായർ വിഭാഗങ്ങൾക്കിടയിലെ നവോത്ഥാന മുന്നേറ്റം
നായർ വിഭാഗത്തിനിടയിൽ ഉയർന്നുവന്ന സമരങ്ങൾ പലതും നമ്പൂതിരിമാരുടെ ആധിപത്യങ്ങൾക്കെതിരായുള്ള ഇടപെടലായിരുന്നു. നായർ സ്ത്രീകളിൽ ബ്രാഹ്മണർക്ക് കുട്ടികളുണ്ടാകുമ്പോൾ അച്ഛന് മകനെ തൊടാനോ, മകന് അച്ഛനെ തൊടാനോ ഉള്ള അവകാശം ഉണ്ടായിരുന്നില്ല. ഇത്തരം അനീതികൾക്കെതിരായാണ് മന്നത്ത് പത്മനാഭനെപ്പോലെയുള്ളവർ അക്കാലത്തെ പുരോഗമന ചിന്താഗതി മുറുകെപ്പിടിച്ചുകൊണ്ടുള്ള പോരാട്ടം നടത്തിയത്. ബ്രാഹ്മണ്യത്തിന്റെ ഇത്തരം രീതികളിൽനിന്ന് മോചനം നേടുക, വിവാഹ സമ്പ്രദായം പരിഷ്കരിക്കുക, ഒരാളുടെ സ്വത്തിൽ അയാളുടെ ഭാര്യക്കും അവകാശം ഉന്നയിക്കുക, വിവാഹം നിയമാനുസൃതമാക്കുക തുടങ്ങിയവ അതിന്റെ ഭാഗമായിരുന്നു.

മതനിരപേക്ഷതയുടെ അടിത്തറ
ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലും പരിഷ്കരണപ്രസ്ഥാനങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. അതേസമയം, എല്ലാ മതവിഭാഗങ്ങളെയും ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകുന്ന ഒരു രീതി കേരളത്തിൽ ആദ്യഘട്ടങ്ങളിലേ ഉണ്ടായിരുന്നു. തരിശാപ്പള്ളി ചെപ്പേടും ജൂത ശാസനവുമെല്ലാം അക്കാലത്തെ മതസൗഹാർദത്തിന്റെയും വിദേശ രാജ്യങ്ങളുമായുള്ള നമ്മുടെ അടുപ്പത്തിന്റെയും സൂചനയായി നിലകൊള്ളുന്നു. കേരളത്തിലെ നാട്ടുരാജ്യങ്ങൾക്ക് വിദേശ രാജ്യങ്ങളുമായി പലതരത്തിലുള്ള വിനിമയ ബന്ധങ്ങളുണ്ടായിരുന്നു. ഇത്തരം കച്ചവടബന്ധങ്ങളുടെ പശ്ചാത്തലത്തിൽ ഉയർന്നുവന്ന പരസ്പര വിനിമയവും അതിലൂടെ രൂപപ്പെട്ട അടുപ്പവും മതസൗഹാർദപരമായ അന്തരീക്ഷം നമ്മുടെ നാട്ടിൽ രൂപപ്പെടുത്തുന്നതിനിടയാക്കി.

പരമ്പരാഗതമായി ചാതുർവർണ്യ വ്യവസ്ഥയ്ക്കകത്ത് ഉത്തരേന്ത്യയിൽ നിലനിന്നതുപോലുള്ള വൈശ്യവിഭാഗങ്ങൾ കേരളത്തിൽ ഏറെയുണ്ടായിരുന്നില്ല. മതന്യൂനപക്ഷ വിഭാഗങ്ങൾ ഇത്തരമൊരു കടമ നിർവഹിച്ചുകൊണ്ട് സമൂഹത്തിൽ പ്രവർത്തിച്ചുവെന്നതും നമ്മുടെ സവിശേഷതയായിരുന്നു. ഇങ്ങനെ മതനിരപേക്ഷവും നവോത്ഥാനപരവുമായ ഒരു പാരമ്പര്യത്തിന്റെ ഭാഗമായാണ് കേരളത്തിന്റെ വികാസം രൂപപ്പെട്ടുവരുന്നത്.

(സാമൂഹ്യ സംഘടനകളുടെ യോഗത്തിൽ (ശനിയാഴ്ച) മുഖ്യമന്ത്രി നടത്തിയ ഉദ്ഘാടനപ്രസംഗം. ബാക്കി ഭാഗം നാളെ)


പ്രധാന വാർത്തകൾ
 Top