അഖിലേന്ത്യാ അടിസ്ഥാനത്തിൽ ശാസ്ത്രീയ ചരിത്രരചന പ്രോത്സാഹിപ്പിക്കുന്നതിനായി കഴിഞ്ഞ എൺപതു വർഷമായി നിലനിൽക്കുന്ന ചരിത്രഗവേഷകരുടെ സംഘടനയാണ് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്. കണ്ണൂർ സർവകലാശാലയുടെ നേതൃത്വത്തിൽ 2019 ഡിസംബറിൽ നടന്ന എൺപതാമത് സമ്മേളനം ഇതുവരെ ദർശിക്കാത്ത സംഭവവികാസങ്ങൾക്ക് വേദിയായി. പ്രൊഫ. ശ്രീമാലിയെപ്പോലുള്ള രാജ്യത്തെ മുൻനിര ചരിത്രകാരൻമാരെല്ലാവരും വേദിയിലുണ്ടായിരുന്ന സമ്മേളനമായിരുന്നു. സംസ്ഥാനത്തിന്റെ ഗവർണർ എന്ന നിലയ്‌ക്ക് ആരിഫ് മൊഹമ്മദ് ഖാനെയായിരുന്നു ഉദ്ഘാടനത്തിനായി ക്ഷണിച്ചത്. കലിക്കറ്റ് സർവകലാശാലയുടെ ചരിത്രവിഭാഗം പ്രദർശനം നടത്തുന്നതു കാരണം ഞാനും സമ്മേളനത്തിന്റെ മുഴുവൻ സമയവും ഉണ്ടായിരുന്നു. ദൃക്‌സാക്ഷി എന്ന നിലയിൽ ഉദ്ഘാടനസമയത്തും അതുകഴിഞ്ഞും ഉണ്ടായ സംഭവവികാസങ്ങൾ പറയേണ്ടത് അത്യാവശ്യമാണെന്ന് വർത്തമാനകാലത്തെ വിവാദമാക്കാൻ നിർമിക്കപ്പെടുന്ന വാർത്തകൾ നിർബന്ധിക്കുകയാണ്.
ഗവർണറുടെ സാന്നിധ്യം നിമിത്തം സാധാരണയിൽ കവിഞ്ഞ സുരക്ഷയാണ് അന്ന് സമ്മേളനവേദിയിൽ ഒരുക്കിയിരുന്നത്. നിരവധി ചരിത്രഗവേഷകരും മുതിർന്ന പണ്ഡിതരും എത്തിച്ചേർന്ന സമ്മേളനം പുതുഗവേഷകർക്ക് വലിയ ആവേശമാണ് പകർന്നതെന്ന് സമ്മേളനപ്പന്തലിലെ തിരക്ക് വ്യക്തമാക്കിയിരുന്നു. രാജ്യത്താകമാനം പൗരത്വ ഭേദഗതി നിയമമുണ്ടാക്കിയ അസ്വസ്ഥത സമ്മേളനത്തെ ബാധിച്ചിരുന്നില്ല. ചരിത്രഗവേഷകർ പ്രസ്തുത വിഷയത്തെ മറ്റെല്ലാ വിഷയങ്ങളുമെന്നപോലെ അക്കാദമികമായി ചർച്ച ചെയ്യുമെന്നത് ഏവർക്കുമറിയുന്ന കാര്യമാണ്. എന്നാൽ, സാധാരണഗതിയിലാരംഭിച്ച ഉദ്ഘാടനസമ്മേളനത്തിൽ രാജ്യസഭാംഗം കെ കെ രാഗേഷും പ്രശസ്ത ചരിത്രകാരൻ പ്രൊഫ. ഇർഫാൻ ഹബീബും പ്രസംഗങ്ങൾക്കിടയിൽ സാധാരണ ജനങ്ങൾക്കിടയിൽ ഹിന്ദുത്വ അജൻഡ നടപ്പാക്കാനുദ്ദേശിച്ച പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് പരാമർശിച്ചു. ഇന്ത്യയുടെ ചരിത്രത്തിനും ബഹുസ്വര- മതനിരപേക്ഷ സംസ്കാരത്തിനും എതിരായ പ്രവണതകളിൽ രാജ്യത്താകമാനം പ്രതിഷേധം ഉയർന്നുവരുന്നത് സമ്മേളനത്തിനെത്തിയ ഭൂരിഭാഗം പ്രതിനിധികളും അഭിപ്രായപ്പെട്ടിരുന്നു. സമ്മേളന നടപടികൾക്കനുസരിച്ച് അടുത്ത പ്രസിഡന്റായി പ്രൊഫ. അമിയകുമാർ ബാഗ്ഗിയെ പ്രൊഫ. ഇർഫാൻ ഹബീബ് നാമനിർദേശം ചെയ്യുകയും പ്രശസ്ത ചരിത്രകാരി പ്രൊഫ. ഷെറിൻ മൂസ് വി പിന്താങ്ങുകയും ചെയ്തു.
ശാന്തമായി തുടങ്ങിയ സമ്മേളനം ഗവർണർ ആരിഫ് മൊഹമ്മദ്ഖാൻ പ്രസംഗിക്കാൻ തുടങ്ങിയതോടെ അസ്വസ്ഥമാകാൻ തുടങ്ങി. എഴുതി തയ്യാറാക്കിയ പ്രസംഗം മാറ്റിവച്ച് തികച്ചും രാഷ്ട്രീയപരവും സ്ഥാനത്തിന് ചേരാത്തതുമായ പരാമർശങ്ങൾ നടത്തി സമ്മേളനത്തിനെത്തിയവരെ പ്രകോപിപ്പിക്കാനാണ് ഗവർണർ മുതിർന്നത്. പ്രശസ്തമായ ചരിത്ര കോൺഗ്രസ് വേദിക്ക് നിരക്കാത്ത പ്രസംഗത്തിൽ മഹാത്മാഗാന്ധിയെയും മൗലാനാ അബുൾ കലാം ആസാദിനെയും യോജിക്കാത്ത വിധത്തിൽ പരാമർശിച്ച് രാജ്യത്ത് നടക്കുന്ന വർഗീയനടപടികളെ പിന്തുണയ്‌ക്കുന്നതായിരുന്നു ഈ സംസാരം. ഇതിനെതിരെ സദസ്സിലാകമാനം അസ്വസ്ഥതയും പ്രതിഷേധവും ഉയരാൻ തുടങ്ങി. സദസ്സിനു മുൻനിരയിൽ രാജ്യത്തെ പ്രമുഖരായ ചരിത്ര പണ്ഡിതൻമാർ എഴുന്നേറ്റും പരസ്പരം സംസാരിച്ചും പ്രതിഷേധം പ്രകടിപ്പിക്കാൻ തുടങ്ങി. ഗവേഷകരും വിദ്യാർഥികളും തങ്ങൾക്ക് പ്രതിനിധികൾ എന്നനിലയ്‌ക്ക് ലഭിച്ച ചെറു പുസ്തകങ്ങളുടെ പുറംചട്ടയിൽ പ്രതിഷേധവാചകങ്ങൾ എഴുതി ഉയർത്തിക്കാണിക്കാനും തുടങ്ങി. ചരിത്ര കോൺഗ്രസിൽ ഇതുവരെ നടന്നിട്ടില്ലാത്ത സംഭവങ്ങളെത്തുടർന്ന് പ്രതിഷേധിച്ച പ്രതിനിധികളെ ശാന്തരാക്കാൻ സംഘാടകരും രാജ്യസഭാംഗം കെ കെ രാഗേഷും ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ, തന്റെ തരംതാണ പ്രസംഗം തുടരാനും മുമ്പ് സംസാരിച്ച ചരിത്രകാരൻമാരെയും രാജ്യസഭാംഗത്തെയും കൂടുതൽ പ്രകോപിപ്പിക്കാനുമാണ് ഗവർണർ മുതിർന്നത്. ‘കേരള ഗവർണർ ഷെയിം ഷെയിം' എന്ന് പ്രതിനിധികൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. കേരളത്തെയാകെ അപമാനിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകൾ മലയാളികൾക്കാകമാനം അപമാനമുണ്ടാക്കുകയായിരുന്നു. പദവിക്കു ചേരാത്തതും അസംബന്ധ വാചകങ്ങളും ചേർന്ന ഗവർണറുടെ പ്രസംഗത്തിനെതിരെയുള്ള പ്രതിഷേധം സദസ്സിൽ മാത്രമല്ല, വേദിയിലിരിക്കുന്നവരിലും പ്രതിഷേധമുണ്ടാക്കി. ഏവരും ആദരിക്കുന്ന പ്രൊഫ. ഇർഫാൻ ഹബീബ് ‘നിങ്ങൾ ആസാദിനെയല്ല ഗാന്ധിയെ ഇല്ലാതാക്കിയ ഗോഡ്സെയെയാണ് പരാമർശിക്കേണ്ടതെ’ന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. കസേരയിൽ നിന്നെഴുന്നേറ്റ് പ്രൊഫ. ഹബീബിനെ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ശാന്തനാക്കാൻ ശ്രമിക്കുന്നതും ഏവർക്കും കാണാമായിരുന്നു.
ഇന്ത്യൻ ചരിത്ര കോൺഗ്രസ് മതനിരപേക്ഷതയും ശാസ്ത്രീയ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന ചരിത്രഗവേഷകരുടെ സംഘടനയാണ്. എൺപതു വർഷത്തെ പാരമ്പര്യമുള്ള ചരിത്രഗവേഷകരുടെ വേദിയാണ്. ഇരിക്കുന്ന പദവിയും സംസാരിക്കുന്ന വേദിയും അനുസരിച്ച് പ്രവർത്തിക്കേണ്ട ഗവർണർ പദവിക്കു മാത്രമല്ല, കേരളത്തിനാകമാനമാണ് അന്ന് അപമാനമുണ്ടാക്കിയത്.
(കലിക്കറ്റ് സർവകലാശാല ചരിത്രവിഭാഗം
പ്രൊഫസറാണ് ലേഖകൻ )
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..