26 April Friday

വിൽക്കാനുണ്ട്, ചരിത്രവും സ്‌മാരകങ്ങളും...

ശരത് കെ ശശിUpdated: Sunday Apr 29, 2018

രാജ്യത്തെ 120 കോടിയിലേറെ വരുന്ന ജനങ്ങൾക്ക്‌  കേട്ടുകേൾവിയില്ലാത്ത വാർത്തയായിരുന്നു ഏപ്രില്‍ 25ന് പുറത്തുവന്നത്. രാജ്യത്തിന്റെ പൊതുസ്വത്തായ ദില്ലിയിലെ ചെങ്കോട്ട സ്വകാര്യ കമ്പനിയായ ഡാൽമിയ ഗ്രൂപ്പിന് 5 വർഷത്തേക്ക്‌ പാട്ടത്തിന് നൽകിക്കൊണ്ട് കേന്ദ്ര ടൂറിസം, സാസ്കാരിക വകുപ്പും ആർക്കിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യയും ചേർന്ന്‌ ധാരണാപത്രത്തില്‍ ഒപ്പിട്ടത് ഏപ്രില്‍ 25നായിരുന്നു. 25 കോടി രൂപയ്‌ക്കാണ് 5 നൂറ്റാണ്ട് പഴക്കമുള്ള ചെങ്കോട്ട പാട്ടത്തിന് നൽകിയത്. സന്ദർശകരില്‍ നിന്ന് ഫീസ്‌ ഈടാക്കാന്‍, ലൈറ്റ് ഷോ നടത്താന്‍, സാസ്കാരിക പരിപാടികള്‍ നടത്താന്‍ തുടങ്ങിയ അനുമതികളോടെയാണ് ചെങ്കോട്ട ഡാൽമിയ ഗ്രൂപ്പിന് കൈമാറിയത്. ആന്ധ്രയിലെ ഗന്ദിക്കോട്ട ഫോർട്ടും ഇതിനോടൊപ്പം ഡാൽമിയ ഗ്രൂപ്പ് സ്വന്തമാക്കി. 31 കോർപറേറ്റ് കമ്പനികള്‍ രാജ്യത്തെ 95 സ്മാരകങ്ങള്‍ കോർപറേറ്റ് സോഷ്യല്‍ റെസ്‌പോൺസിബിലിറ്റി ഫണ്ട് ഉപയോഗിച്ച്  ഏറ്റെടുക്കാന്‍ ഇതിനോടകം സന്നദ്ധമായിട്ടുണ്ട്. ഒരു ചെങ്കോട്ടയില്‍ അവസാനിക്കില്ല ഈ ചരിത്രസ്ഥാപനങ്ങളുടെ വിറ്റഴിക്കല്‍ മേള എന്ന് സാരം. കേന്ദ്ര സർക്കാര്‍ ലോക ടൂറിസം ദിനമായ 2017 സെപ്റ്റംബര്‍ 27ന് പ്രഖ്യാപിച്ച  ചരിത്രസ്‌മാരകം ദത്തെടുക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ കൈമാറ്റങ്ങള്‍. രാഷ്ട്രപതിയായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. പ്രശസ്തമായ താജ്മഹല്‍, ഹിമാചലിലെ കംഗ്ര കോട്ട, ബുദ്ധ സന്യാസികളുടെ കേന്ദ്രമായിരുന്ന മുംബൈയിലെ കനേരി ഗുഹകള്‍, ചരിത്രപ്രാധാന്യമുള്ള ഗ്രാമങ്ങളായ ചിറ്റ്കൂല്‍(ഹിമാചല്‍) , തേംബാങ്(അരുണാചല്‍), ഹരിദ്വാറിലെ ഘാട്ട് എന്നിവയൊക്കെ സമാനമായ രീതിയില്‍ ലേലം ചെയ്ത് വിൽക്കാനാണ് തീരുമാനം. താജ്മഹല്‍ പാട്ടത്തിനെടുക്കാന്‍ ജിഎംആര്‍ സ്‌പോർട്‌സും ഐടിസിയും നിലവില്‍ രംഗത്തുണ്ട്.

1639ല്‍  മുഗൾ ഭരണാധികാരിയായിരുന്ന ഷാജഹാൻ ചക്രവർത്തി പണികഴിപ്പിച്ചതാണ് ചെങ്കോട്ട. ഉസ്താത് അഹമ്മദ് ലഹൗരിയാണ് ചെങ്കോട്ടയുടെ ശില്പി. രണ്ട്‌ കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന കോട്ടക്ക്‌ ഷാജഹാൻ കില ഇ മുഅല്ല എന്നാണ് പേരിട്ടിരുന്നത്. പതിനേഴാം നൂറ്റാണ്ടിൽ മുഗളന്മാര്‍ വസിച്ചതും  ഈ കോട്ടയിലായിരുന്നു. 1857ൽ  മുഗൾ ഭരണാധികാരിയായിരുന്ന ബഹദൂർ ഷാ സഫറിൽ നിന്ന് ബ്രിട്ടീഷുകാര്‍ ചുവപ്പു കോട്ട പിടിച്ചടക്കും വരെ മുഗൾ രാജവംശത്തിന്റെ തലസ്ഥാനമായി ചെങ്കോട്ട നിലകൊണ്ടു. 2007ൽ യുനെസ്‌കോയുടെ  ലോകപൈതൃകസ്ഥാനങ്ങളുടെ പട്ടികയിൽ ചെങ്കോട്ട ഇടം പിടിച്ചിരുന്നു. സ്വതന്ത്രത്തിനുശേഷം എല്ലാവർഷവും സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി പതാക ഉയർത്തുന്ന രാജ്യത്തിന്റെ  അഭിമാന സ്തംഭമാണ് ചെങ്കോട്ട. നിരവധി ചരിത്രമുഹൂർത്തങ്ങൾക്ക്‌ സാക്ഷ്യം വഹിച്ച ഇടമാണ് ചെങ്കോട്ട. അവസാന മുഗള്‍ ഭരണാധികാരിയായിരുന്ന ബഹദൂര്‍ ഷാ സഫറിനെ നാടുകടത്തും മുന്പ് വിചാരണയും, ലോകമുറങ്ങുമ്പോള്‍ ഇന്ത്യ സ്വതന്ത്രത്തിലേക്കുണരുന്നുവെന്ന നെഹ്റുവിന്റെ വിഖ്യാതമായ പ്രസംഗവുമൊക്കെ നടന്നത്‌ ഇവിടെയായിരുന്നു. ഈ ചെങ്കോട്ടയാണ് നിക്ഷിപ്ത താൽപര്യങ്ങളുടെ പേരില്‍ കേന്ദ്രസർക്കാര്‍ പാട്ടത്തിന് നൽകിയിരിക്കുന്നത്.

കേന്ദ്രസർക്കാർ ഇത്തരമൊരു തീരുമാനമെടുത്തതിനു പിന്നിലെ രാഷ്ട്രീയ‐സാമ്പത്തിക താൽപര്യങ്ങള്‍ ഒരേ പോലെ ചർച്ച ചെയ്യേണ്ടതുണ്ട്. ചരിത്രസ്‌മാരകങ്ങള്‍ ദത്തുനൽകുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട പാർലമെന്ററികാര്യ സമിതി ഐക്യകണ്ഠേനയായിരുന്നില്ല ഈ തീരുമാനത്തിലെത്തിയത്. പലരും വിയോജിപ്പുകള്‍ പ്രകടമാക്കിയിരുന്നെങ്കിലും മൃഗീയ ഭൂരിപക്ഷത്തിന്റെ‍യും അധികാരത്തിന്റെയും ബലത്തില്‍ ഏകപക്ഷീയമായി സർക്കാര്‍ നടപ്പിലാക്കിയ ഈ തീരുമാനം ചരിത്ര നിഷേധവും യുക്തിരഹിതവുമാണ്. എന്തുകൊണ്ട് ചില തെരഞ്ഞെടുക്കപ്പെട്ട സ്മാരകങ്ങളെ മാത്രം ഇങ്ങനെ വിൽപ്പനച്ചരക്കാക്കി വിപണിയിലിറക്കുന്നു എന്നതും ചർച്ചാ വിഷയമാണ്. ഒളിഞ്ഞിരിക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയം പുറത്തുവരുന്നത് ഇവിടെയാണ്. രാജ്യത്തിന്റെ ചരിത്രത്തെ ഏകശിലാത്മകമാക്കാന്‍ കഴിഞ്ഞ നാലു വർഷങ്ങളായി അനുസ്യൂതം നടത്തുന്ന ശ്രമങ്ങളുടെ അവസാനത്തെ പ്രതിഫലനമായിക്കൂടി ഈ ശ്രമത്തെ കാണണം. ഐസിഎച്ച്ആര്‍, എഎസ്ഐ, എന്‍ബിടി തുടങ്ങിയ സ്ഥാപനങ്ങളിലൊക്കെ ആർഎസ്‌എസ് കടന്നുകയറിയത് ബഹുസ്വരതയുടെ ചിഹ്നങ്ങളെ പൂർണമായും വിസ്‌മൃതിയിലേക്ക് തള്ളി, ഹിന്ദു ചരിത്രത്തെ മാത്രം ഇന്ത്യാ ചരിത്രം എന്ന് അവതരിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്.

ചില ചരിത്രസ്മാരകങ്ങളോട് കേന്ദ്ര സർക്കാരിനും അവരെ നയിക്കുന്ന പ്രത്യയശാസ്ത്രത്തിനുമുള്ള അസഹിഷ്ണുത നേരത്തെ താജ്മഹലിന്റെ കാര്യത്തില്‍ നാം കണ്ടതാണ്. ഹിന്ദുത്വ ചരിത്രകാരനായ പി എന്‍ ഓക്കിന്റെ നിഗമനങ്ങളെ അവലംബിച്ച് താജ് മഹലിനെ തേജോമഹലെന്ന ശിവക്ഷേത്രമാക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ കഴിഞ്ഞ നാളുകളിലെ വാർത്തയായിരുന്നു. ഉത്തർപ്രദേശ് സർക്കാരിന്റെ ടൂറിസം മാപ്പില്‍ നിന്ന് താജ്മഹലിനെ ബോധപൂർവം ഒഴിവാക്കുന്നതും താജ് മഹലിന് സമീപം യമുനയില്‍ സംഘടിതമായി, ഹിന്ദു ആചാരപ്രകാരം പൂജകള്‍ നടത്തിയതുമെല്ലാം ഒരു പ്രത്യയശാസ്ത്ര താൽപര്യത്തിന്റെ ചുവടുപിടിച്ചാണ്. താജ്മഹലിനെ ബോധപൂർവമായി ഹിന്ദുവൽക്കരിക്കാനാണ് നീക്കം നടന്നതെങ്കില്‍ ഇവിടെ ചെങ്കോട്ടയെന്ന മുഗള്‍ സംഭാവനയെ സ്വകാര്യ കമ്പനിക്ക് നൽകി, തോന്നുംപടി കൈകാര്യം ചെയ്യാന്‍ അനുവാദം നൽകി. ദത്തുനൽകാന്‍ തീരുമാനിച്ച നൂറോളം സ്മാരകങ്ങളിലേറെയും മുഗള്‍ സ്മാരകങ്ങള്‍ കൂടിയാണ്. മുഗള്‍ സംഭാവനയായ ഇത്തരം സ്മാരകങ്ങള്‍ നിലനിന്നാലും ഇല്ലെങ്കിലും തങ്ങളെ ബാധിക്കുന്നതല്ലെന്ന സമീപനമാണ് കേന്ദ്രസർക്കാര്‍ പ്രകടമാക്കുന്നത്. പാട്ടത്തിനു നൽകേണ്ട സ്മാരകങ്ങള്‍ ഏതൊക്കെയെന്ന് പരിഗണിക്കുമ്പോള്‍ മുഗള്‍ നിർമ്മിതികളെ ആദ്യം തെരഞ്ഞെടുത്തതില്‍ പ്രവർത്തിച്ച രാഷ്ട്രീയവും താജ്മഹലിനെ തേജോമഹലാക്കിയ രാഷ്ട്രീയവും ഒന്നു തന്നെ. കേന്ദ്ര സർക്കാര്‍ സ്മാരകങ്ങള്‍ പാട്ടത്തിനു നൽകിയതിനു പിന്നിലെ രാഷ്ട്രീയം ഇതായിരുന്നുവെങ്കില്‍, രാഷ്ട്രീയ താൽപര്യത്തിന്റെ അതേ അളവില്‍ തന്നെ കോർപറേറ്റ് സാമ്പത്തിക താൽപര്യവും ഈ പാട്ടം നൽകല്‍ നീക്കത്തില്‍ ഉള്ളടങ്ങിയിരുന്നു.

ഇസ്ലാമിക പശ്ചാത്തലമുള്ള സ്മാരകങ്ങള്‍ മാത്രമായിരുന്നില്ല കേന്ദ്രസർക്കാര്‍ തീരുമാനത്തിന്റെ ഇരയായത്. കൊണാർക്കിലെ സൂര്യക്ഷേത്രവും ലേലത്തിന് വച്ച സ്മാരകങ്ങളുടെ പട്ടികയിൽപ്പെടുന്നു. ഇവിടെയാണ് കേന്ദ്രസർക്കാരിന്റെ കോർപറേറ്റ് താൽപര്യങ്ങള്‍ കൂടി പ്രകടമാകുന്നത്. സർക്കാരിനെയും കമ്പനികളെയും സംബന്ധിച്ചിടത്തോളം ചെങ്കോട്ടയും സമാനമായ മറ്റു സ്മാരകങ്ങളും വരുമാനമാർഗം മാത്രമാണ്. സാമൂഹ്യപ്രതിബദ്ധതയോടെ നിർവഹിക്കാനുള്ള ചുമതലകളില്‍ നിന്നൊക്കെ പിൻവാങ്ങുന്ന രീതി എല്ലാ വലതുപക്ഷ ഭരണകൂടങ്ങളുടെയും പൊതുസ്വഭാവമാണ്. പൊതുമേഖലാ സം‍വിധാനങ്ങളെ പാടെ സ്വകാര്യവൽക്കരിക്കാന്‍ നിർബാധം പരിശ്രമങ്ങള്‍ നടത്തുന്ന കേന്ദ്ര സർക്കാരിനെ സംബന്ധിച്ചിടത്തോളം ചരിത്രസ്മാരകങ്ങളോട് പ്രത്യേക മമത വേണ്ട കാര്യമില്ലല്ലോ. ഈ ഒരു ചിന്തയും കോർപറേറ്റ് പ്രീണന സമീപനവും ഒത്തുവന്നതോടെയാണ് സ്‌മാരകങ്ങൾ കൈമാറുന്ന തീരുമാനത്തിലേക്ക് സർക്കാര്‍ എത്തിച്ചേർന്നത്‌. ചെങ്കോട്ട എന്നതിനൊപ്പം ഡാൽമിയ എന്ന ബ്രാൻഡ്‌ നെയിം കൂടി ചേർക്കാനുള്ള അനുവാദവും ധാരണാപത്രത്തില്‍ നൽകിയിട്ടുണ്ട്. അതായത് ഭാവിയില്‍ ഷാജഹാന്‍ പണിത ചെങ്കോട്ട എന്നത് മാറി ഡാൽമിയ ചെങ്കോട്ട എന്ന് ഈ ചരിത്ര സ്‌മാരകം ബ്രാൻഡ്‌ ചെയ്യപ്പെടും. എത്ര പെട്ടെന്നാണ് ചരിത്രപരമായ അടയാളം ബ്രാൻഡിംഗിന്‌ വഴിമാറിയതെന്ന് നോക്കണം. സന്ദർശകരെ കൂട്ടാന്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക മാത്രമാണ് കമ്പനികളുടെ ചുമതലയെന്ന് കേന്ദ്രമന്ത്രി അൽഫോൺസ്‌ കണ്ണന്താനം പറഞ്ഞിരുന്നുവെങ്കിലും ചെങ്കോട്ടയെ ഡാൽമി‍യ ഗ്രൂപ്പ് കണ്ടത് വിപണിയിലെ ഉൽപ്പന്നം മാത്രമായിട്ടാണ്. ഇത് തെളിയിക്കുന്നതാണ് ഡാൽമിയ ഗ്രൂപ്പ് സിഇഒ മഹേന്ദ്ര സിംഗിയുടെ പ്രസ്താവന. ഉപഭോക്തൃ കേന്ദ്രീകൃതമായിരിക്കും പ്രവർത്തനങ്ങള്‍ എന്നാണ്  ധാരണാപത്രത്തില്‍ ഒപ്പിട്ടശേഷം സിംഗി പറഞ്ഞത്. ചെങ്കോട്ട എഎസ്ഐയില്‍ നിന്നും ഡാൽമിയയിലേക്കെത്തുമ്പോള്‍ സന്ദര്‍ശകർ ‘ഉപഭോക്താവായി’ മാറിയിരിക്കുന്നു. ചെങ്കോട്ട ഒരു ഉൽപ്പന്നവും! സന്ദർശകര്‍ ഞങ്ങൾക്ക്‌ ഉപഭോക്താവാണെന്ന്‌ പ്രഖ്യാപിക്കുന്ന, ലാഭേച്ഛ മാത്രം മുഖമുദ്രയായ ഒരു കോർപറേറ്റ്  കമ്പനിയില്‍ നിന്നും സാമൂഹ്യപ്രതിബദ്ധത പ്രതീക്ഷിക്കേണ്ടതുണ്ടോ.

ചരിത്രത്തോട് യാതൊരു ആഭിമുഖ്യവും ആവേശവുമില്ലാത്ത ഒരു ഭരണകൂടത്തിന് മാത്രമേ ഇത്തരം കൈയൊ‍ഴിയല്‍ മനോഭാവം പ്രകടിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. താജ്മഹലിന് വേണ്ടി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നൽകിയ ആർക്കിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യ ഈ വിറ്റഴിക്കല്‍ മേളയില്‍ സ്വീകരിച്ച മനോഭാവം ചരിത്രബോധമുള്ള തലമുറയ്ക്ക് വേണ്ടി അവ‍രിൽ നിക്ഷിപ്തമായ ചുമതലകളില്‍ നിന്നുള്ള ഒളിച്ചോടല്‍ കൂടിയാണ്.

ഒരു ദേശത്തിന്റെ ഭൂതകാലത്തെയും വർത്തമാനത്തെയും  നാഭീനാളം  പോലെ പരസ്പരം ബന്ധിപ്പിക്കുന്നതാണ് ആ നാട്ടിലെ സ്മാരകങ്ങള്‍. ചുരുക്കിപ്പറഞ്ഞാല്‍ ഒരു ജനതയുടെ അടയാളപ്പെടുത്തല്‍ സാധ്യമാക്കുന്നതാണ് ആ നാട്ടിലെ സ്മാരകങ്ങള്‍. രാഷ്ട്രീയം, സാമൂഹികം, സാമ്പത്തികം, മതപരം, സാംസ്കാരികം തുടങ്ങിയ സർവതലങ്ങളുടെയും പ്രാരംഭം മുതല്‍ വളർച്ച, പരിണാമ ഘട്ടങ്ങളിലൂടെ വർത്തമാനകാലത്തിലെത്തി നിൽക്കുന്ന ചരിത്രത്തെയാണ് ഇത്തരം സ്മാരകങ്ങള്‍ അടയാളപ്പെടുത്തുന്നത്. മുകളില്‍ പരാമർശിച്ച മേഖലകളിലൊക്കെയും തനിമയും വ്യക്തിത്വവും  പുലർത്തുന്ന നിരവധി സ്‌മാരകങ്ങളാല്‍ സമ്പന്നമാണ് നമ്മുടെ രാജ്യം. ഇന്നലെകളുടെ ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും സഹനത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും അവശേഷിപ്പുകളായ ഇത്തരം സ്മാരകങ്ങളിലേക്കുള്ള എത്തിനോട്ടമെന്നത് നൂറ്റാണ്ടുകളിലേക്കുള്ള തിരികെപോക്കാണ്. ഇനിയൊരു തലമുറയ്‌ക്ക്‌ ചരിത്രത്തിലേക്ക്‌ എത്തിനോക്കാന്‍ അംബാനിമാരുടെയും ഡാൽമിയമാരുടെയും അനുമതിപത്രത്തിന് വേണ്ടി കാത്തിരിക്കേണ്ട ഗതികേടിലേക്ക് നാടിനെ എത്തിച്ചതില്‍ കേന്ദ്രസർക്കാരിന്  ഇന്നലെകൾക്കും  നാളേക്കും മുന്നില്‍ തലകുനിക്കാം. ഒരു ദേശത്തിന്റെ ചരിത്രമെന്നാൽ ഒരു ജനതയുടെ ചരിത്രം എന്ന് കൂടിയാണ്. അധികാരങ്ങളുടെയും ആഘോഷത്തിന്റെയും മാത്രമല്ല. അദ്ധ്വാനത്തിന്റെയും ആഗ്രഹങ്ങളുടെയും ആത്മബോധത്തിന്റെയുമൊക്കെയാണ്. കോർപറേറ്റുകൾക്ക് ചില്ലിട്ട് പ്രദർശിപ്പിക്കാനുള്ളതല്ല ആ ചരിത്രം. അവർക്കെതിരായ ജാഗ്രതയുടെ കേന്ദ്രങ്ങളാകണം അവ. നിർഭാഗ്യവശാൽ ഇപ്പോൾ നടക്കുന്നത് ആരെയാണോ ചരിത്രം ഭയപ്പെടുത്തുന്നത് അവർ തന്നെ അതിനെ വിലക്ക് വാങ്ങുന്നുവെന്നതാണ്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top