30 September Saturday
ഇന്ന്‌ ഹിരോഷിമ ദിനം

ശാസ്‌ത്രം തോറ്റ ആഗസ്‌ത്‌ ദിനങ്ങൾ - ഡോ. സംഗീത ചേനംപുല്ലി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

എത്ര ദശാബ്ദങ്ങൾ കഴിഞ്ഞാലും നടുക്കത്തോടെയല്ലാതെ ലോകത്തിന് ഓർക്കാൻ പറ്റാത്ത ചില ദിവസങ്ങളുണ്ട് ചരിത്രത്തിൽ. മനുഷ്യരുടെ അധികാരക്കൊതി പ്രതിക്കൂട്ടിൽ നിൽക്കുന്ന ചരിത്രസന്ദർഭങ്ങൾ. അത്തരം ദിവസങ്ങൾ ചരിത്രത്തിലേക്ക് ആഴത്തിലും വിമർശാത്മകമായും  തിരിഞ്ഞു നോക്കേണ്ട സന്ദർഭങ്ങൾകൂടിയാണ്. ഹിരോഷിമ–- നാഗസാക്കി ദിനങ്ങൾ ഇതിൽ പ്രഥമ സ്ഥാനത്താണ്‌. അപ്രമാദിത്വം തെളിയിക്കാൻ, തങ്ങളുണ്ടാക്കിയ കൊലക്കോപ്പുകൾ എങ്ങനെ പ്രവർത്തിക്കും എന്നറിയാൻ പതിനായിരങ്ങളെ കൊന്നൊടുക്കിയ അധികാര ഭ്രാന്തിന്റെ വിസ്ഫോടനമായിരുന്നു 1945 ആഗസ്‌ത്‌ ആറിന് ഹിരോഷിമയിലും മൂന്ന് ദിവസത്തിനുശേഷം ഒമ്പതിന് നാഗസാക്കിയിലും സംഭവിച്ചത്. രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്താനുള്ള എളുപ്പമാർഗമെന്ന നിലയിൽ അമേരിക്ക ജാപ്പനീസ് നഗരങ്ങൾക്കുമേൽ അണുബോംബുകൾ വർഷിച്ചു. മൂന്നര ലക്ഷത്തോളം പേരെ കൊന്നൊടുക്കുകയും അതിലും എത്രയോ ഇരട്ടി പേരുടെ ദുരിതജീവിതത്തിന് കാരണമാകുകയും ചെയ്തു ആ  വിസ്ഫോടനങ്ങൾ. ആണവ വികിരണമേറ്റ് അർബുദവും മറ്റ് രോഗങ്ങളും ബാധിച്ച മനുഷ്യർ ജാപ്പനീസ് ഭാഷയിൽ ഹിബാക്കുഷ എന്നാണ് അറിയപ്പെട്ടത്. വെള്ളത്തിലും ഭക്ഷണത്തിലും മുലപ്പാലിൽവരെയും കലർന്ന അണുവികിരണങ്ങൾ അനന്തര തലമുറകളെപ്പോലും രോഗികളാക്കി.

ശാസ്‌ത്രലോകത്തെ സുപ്രധാനമായ ഒരു കണ്ടെത്തൽ മനുഷ്യക്കുരുതിക്ക് ഉപയോഗിക്കപ്പെട്ട കഥയാണ് അണുബോംബിന്റേത്. ഗവേഷണത്തിൽ ഏർപ്പെടുന്നവർ അതുണ്ടാക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ചുകൂടി ചിന്തിക്കേണ്ടതുണ്ടെന്ന മുന്നറിയിപ്പാണ് ഹിരോഷിമയും നാഗസാക്കിയും നൽകുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി ശാസ്‌ത്രലോകത്തെ ഒരുപാട് പുതിയ കണ്ടുപിടിത്തങ്ങൾക്ക് വിത്തുപാകി.

അടിസ്ഥാന കണികയായ ആറ്റത്തിന്റെ ഘടനയുടെ ചുരുളഴിഞ്ഞത് ഇക്കാലത്താണ്. ദ്രവ്യവും ഊർജവും സമാനമാണെന്നും ഇവയെ തമ്മിൽ പരസ്പരം രൂപമാറ്റം വരുത്താനാകും എന്നുമുള്ള കണ്ടെത്തൽ ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കി. അണുകേന്ദ്രത്തെ വിഭജിച്ച് ഊർജം ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്നത് ശാസ്‌ത്രചരിത്രത്തിലെ  നിർണായക കണ്ടെത്തലായിരുന്നു. ഓട്ടോഹാനും ഫ്രിസ് സ്ട്രാസ്മാനും ചേർന്ന് ന്യൂക്ലിയർ ഫിഷൻ കണ്ടെത്തുകയും ലിസ് മൈറ്റ്നറും ഓട്ടോ ഫ്രിഷും ചേർന്ന് സൈദ്ധാന്തികമായ വിശദീകരണം നൽകുകയും ചെയ്തു. ഊർജോൽപ്പാദനം എന്ന ക്രിയാത്മക ഉപയോഗത്തിനായി അണുശക്തി ഉപയോഗിച്ചു തുടങ്ങുംമുമ്പേ നശീകരണത്തിന്  ഉപയോഗിക്കപ്പെട്ടു എന്നതാണ് ദുഃഖകരം.

സ്വേച്ഛാധിപതിയായ ഹിറ്റ്‌ലർ അണുബോംബ് നിർമിക്കുമോയെന്ന ഭയത്താൽ ഐൻസ്റ്റീൻ ഉൾപ്പെടെയുള്ള മുതിർന്ന ശാസ്‌ത്രജ്ഞർപോലും അണുബോംബ് നിർമിക്കാനുള്ള പരീക്ഷണങ്ങൾ നടത്താൻ അമേരിക്കയെ പ്രേരിപ്പിച്ചു. റോബർട്ട് ഓപ്പൺഹൈമർ എന്ന കവികൂടിയായ ശാസ്‌ത്രജ്ഞന്റെ നേതൃത്വത്തിൽ മാൻഹാട്ടൻ പ്രോജക്ട് എന്ന പരീക്ഷണ പദ്ധതിയിലൂടെ രണ്ടിനം ബോംബ്‌ നിർമിക്കപ്പെട്ടു. സമ്പുഷ്ട യുറേനിയം ഉപയോഗിച്ച് താരതമ്യേന ലളിതമായി പ്രവർത്തിപ്പിക്കാവുന്ന ബോംബിന് ലിറ്റിൽ ബോയ് എന്നും പ്ലൂട്ടോണിയം ഇന്ധനമായുള്ളതിന് ഫാറ്റ്മാൻ എന്നും പേര് നൽകി. ഇവയാണ് യഥാക്രമം ഹിരോഷിമയിലും നാഗസാക്കിയിലും ഉപയോഗിക്കപ്പെട്ടത്. പ്രോജക്ട് കാലയളവിൽത്തന്നെ ഒന്നര വർഷത്തിനിടെ 62 മരണത്തിനും നാലായിരത്തോളം പേർക്ക് പരിക്കേൽക്കാനും ഇടയായി. തങ്ങൾ ചെയ്യുന്നത്‌ എന്തെന്നുപോലും അറിയാതെയാണ് ആയിരക്കണക്കിന് ശാസ്‌ത്രജ്ഞരും തൊഴിലാളികളും വികിരണമേൽക്കാവുന്ന സാഹചര്യങ്ങളിൽ തൊഴിൽ ചെയ്തത്. പ്രോജക്ട്‌ കേന്ദ്രത്തിലെ ലോൺട്രി ജോലിക്കാരി ഓരോ വസ്‌ത്രവും ബീപ് ശബ്ദമുണ്ടാക്കുന്ന ഒരുപകരണംകൊണ്ട് പരിശോധിച്ചിരുന്നതായി ഓർക്കുന്നു, ആണവ വികിരണം തിരിച്ചറിയാനുള്ള ഗീഗർ മുള്ളർ കൗണ്ടർ ആയിരുന്നു അത്. 

രണ്ടാം ലോകയുദ്ധകാലത്ത് ഫാസിസ്റ്റ് ചേരിയിൽ നിലയുറപ്പിച്ച ജപ്പാൻ സമാനതകളില്ലാത്ത ക്രൂരതകൾ യുദ്ധത്തടവുകാരോടും സാധാരണക്കാരോടും കാണിച്ചു. അതേസമയം, അമേരിക്ക ബോംബാക്രമണം നടത്തുന്ന സമയത്ത് ജർമനി കീഴടങ്ങുകയും ജപ്പാൻ പരാജയത്തിന്റെ വക്കിൽ എത്തുകയും ചെയ്‌തു. എന്നിട്ടും അണുബോംബുകൾ വർഷിക്കാൻ ഇടയാക്കിയത് സോവിയറ്റ് യൂണിയന് താക്കീത് നൽകാനും ലോകത്തിനുമുന്നിൽ  അപ്രമാദിത്വം തെളിയിക്കാനുള്ള അമേരിക്കയുടെ  ദുരയായിരുന്നു. മാത്രമല്ല, പുതിയ സാങ്കേതികവിദ്യ പരീക്ഷിക്കാനുള്ള ത്വരയും ഒരു സ്ഫോടനത്തിന്റെ ഫലങ്ങൾ കണ്ട ശേഷവും അടുത്തത് നടത്താൻ പ്രേരണയായി. അധികാര പ്രമത്തതയുടെ രക്തസാക്ഷികളായതാകട്ടെ സാധാരണക്കാരും. ന്യൂക്ലിയർ ഫിഷനെ സൈദ്ധാന്തികമായി വിശദീകരിച്ച  ലിസ് മൈറ്റ്നർ മാൻഹട്ടൻ പ്രോജക്ടിന്റെ ബ്രിട്ടീഷ് വിഭാഗത്തിൽ ചേരാനുള്ള ക്ഷണം നിരസിച്ചു. പ്രോജക്ടിന്റെ ഭാഗമായിരുന്ന ഭൗതിക ശാസ്‌ത്രജ്ഞൻ ജോസഫ് റോട്ബ്ലാറ്റ് പദ്ധതിയിൽനിന്ന് പിന്മാറുകയും ചെയ്തു. ഐൻസ്റ്റീനെപ്പോലെ മറ്റ് പല ശാസ്‌ത്രജ്ഞരും ആദ്യ ഘട്ടത്തിൽ നൽകിയ പിന്തുണയിൽ പിന്നീട് പശ്ചാത്തപിച്ചു.

ഹിരോഷിമയും നാഗസാക്കിയും പിൽക്കാലത്ത് ലോകരാഷ്‌ട്രീയത്തിലും ശാസ്‌ത്രരംഗത്തുമെല്ലാം വലിയ സ്വാധീനം ചെലുത്തി. ഐക്യരാഷ്ട്ര സംഘടനയുടെ രൂപീകരണത്തിനും ആണവായുധങ്ങൾ സംബന്ധിച്ച അന്താരാഷ്‌ട്ര ഉടമ്പടികൾക്കുമെല്ലാം കാരണമായി. ശാസ്‌ത്രം എങ്ങനെയാണ് സമൂഹത്തിൽ ഇടപെടേണ്ടതെന്നും എന്താണ് ശാസ്‌ത്രജ്ഞന്റെ ധർമം എന്നുമുള്ള ചോദ്യങ്ങൾ ഉയർന്നു. 1955ലെ റസൽ –ഐൻസ്റ്റീൻ മാനിഫെസ്റ്റോ അന്താരാഷ്‌ട്ര സമാധാനത്തിനായി ആഹ്വാനം ചെയ്തു. തുടർന്ന്, ലോകസമാധാനത്തിനായുള്ള ശാസ്‌ത്രജ്ഞരുടെ കൂട്ടായ്മയായ പഗ്വാഷ് കോൺഫറൻസ് ബർട്രൻഡ് റസലിന്റെയും ജോസഫ് റോട്ബ്ലാറ്റിന്റെയും നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ടു.  2017ൽ 120 ലേറെ രാജ്യങ്ങൾ ആണവായുധ നിർവ്യാപന കരാറിൽ ഒപ്പുവച്ചു. ജപ്പാൻ ഒപ്പുവച്ചിട്ടുമില്ല. ഹിരോഷിമ സൃഷ്ടിച്ച നടുക്കവും നിലവിളികളും ഇന്നും ഒടുങ്ങുന്നില്ല. ഹിബാക്കുഷകൾ ഇല്ലാത്ത ഭൂമിക്കായുള്ള ഓർമപ്പെടുത്തലാകണം ഹിരോഷിമ–-നാഗസാക്കി ദിനങ്ങൾ.

(പട്ടാമ്പി ഗവ. കോളേജിൽ രസതന്ത്രം അസി. പ്രൊഫസറാണ് ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top