25 May Saturday

ഹിരോഷിമയുടെ മുറിപ്പാടുകൾ

വിജയ‌് പ്രഷാദ‌്Updated: Monday Aug 6, 2018


ടോക്യോവിന്റെ പ്രാന്തപ്രദേശത്ത്, ചെറുകിട നിർമാണ പ്ലാന്റുകൾക്കും കൃഷിയിടങ്ങൾക്കുമപ്പുറം, അവയുമായി ഒട്ടും പൊരുത്തപ്പെടാത്ത ഒരുനിര കെട്ടിടങ്ങളുണ്ട്. അത്യാകർഷകമായൊരു കെട്ടിടത്തിനടുത്ത് ഒരു പരമ്പരാഗത ജപ്പാനീസ് വരാന്തയുണ്ട്. അതിനോട് ചേർന്നാണ് ഒരു വലിയ നീലക്കെട്ടിടം. ആ കെട്ടിടത്തിന്റെ ഇരുനിലകളിലായി തൂങ്ങിനിൽക്കുകയാണ് ജപ്പാന്റെ ആത്മാവ്‐ ഐറി മറൂക്കിയുടെയും തോഷി മറൂക്കിയുടെയും പെയിന്റിങ്ങുകൾ. അവയെ ഒന്നിച്ച് ഹിരോഷിമാ പാനൽ എന്നാണ്  വിളിക്കുക.

അമേരിക്ക ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബ് വിതച്ച് അധികം കഴിയുന്നതിനുമുമ്പ് ഐറി മറൂക്കിയും തോഷി മറൂക്കിയും ടോക്യോ വിട്ട് ഹിരോഷിമയിലേക്ക് പോയി. അവരുടെ അമ്മാമനും രണ്ടു മച്ചൂനിച്ചികളും ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഐറിയുടെ അച്ഛൻ ആറുമാസത്തിനുശേഷം മരിച്ചു. ബോംബിങ്ങിന് ഇരയായവർക്കായി അവർ തങ്ങളുടെ വീട് തുറന്നുകൊടുത്തു. കഴിഞ്ഞ കുറച്ചുമാസങ്ങൾ തങ്ങൾക്കായി എന്താണ് അവശേഷിപ്പിച്ചതെന്ന് അവർ പിന്തിരിഞ്ഞുനോക്കി
'ഞങ്ങൾ മുറിവേറ്റവരെ എടുത്തുകൊണ്ടുപോയി, മരിച്ചവരെ അടക്കംചെയ്തു, ഭക്ഷണത്തിനും വെള്ളത്തിനുമായി തിരഞ്ഞു, ചുട്ടുപഴുത്ത തകരഷീറ്റുകൾകൊണ്ട്‌ മേൽപ്പുരകൾ പണിതു.’ അവരെഴുതി:

‘ബോംബാക്രമണം നേരിട്ടനുഭവിച്ചവരെപ്പോലെതന്നെ ഞങ്ങളും ഈച്ചകൾക്കും കൃമികൾക്കുമിടയിലൂടെ ചീഞ്ഞമരണത്തിന്റെ ദുർഗന്ധവുമേറ്റ് അലഞ്ഞുതിരിഞ്ഞു. ’  

ഐറി മറൂക്കി നിഹോംഗ ചിത്രകലയിലെ (ജപ്പാനീസ് പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ചിത്രകലാപ്രസ്ഥാനം) സുയിബൊക്കു (വെള്ളവും മഷിയും) ടെക്നിക്കിൽ പരിശീലനം നേടിയിരുന്നു. അത് ജപ്പാനീസ് യൂറോപ്യൻ കലകളുടെ സങ്കരമായിരുന്നു. തോഷി മറൂക്കി യൂറോപ്യൻ കലയുടെ, പ്രത്യേകിച്ചും മാർക് ഛാഗലിന്റെയും കാഥെ കോൾവിറ്റ്സിന്റെയും രചനകളുടെ സ്വാധീനത്തിലായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനൊടുവിൽ മറൂക്കി ദമ്പതികൾ ജപ്പാനീസ്  കമ്യൂണിസ്റ്റ് പാർടിയിൽ ചേർന്നു. യുദ്ധവിരുദ്ധതയ‌്ക്കും സോഷ്യലിസത്തിനും പ്രതിബദ്ധരായി നിന്നുകൊണ്ട് മറൂക്കി ദമ്പതികൾ യുദ്ധഭീകരതകൾ പകർത്തിയും അതുണ്ടാക്കുന്ന മാനവദുരിതങ്ങളെ ഓർമിപ്പിച്ചും അതവസാനിപ്പിക്കുന്നതിനായി ശിഷ്ടകാലജീവിതം കഴിച്ചുകൂട്ടി.

'ഒരണുബോംബ് ഒറ്റയടിക്ക് കൊയ്യുക നമുക്കിതേവരെ വരച്ചുകാട്ടാനാകാത്ത അത്രയേറെ മരണങ്ങളാണ്.’ അവരെഴുതി. എന്നിട്ടും 1950ൽ വിരചിച്ച ആദ്യത്തെ 15 പാനലുകൾ, ആ മാരകായുധത്തിന്റെ അത്യന്തം വിനാശകരമായ സ്വഭാവവും അതുണ്ടാക്കുന്ന വൈകാരികാഘാതവുമാണ് വരച്ചുകാട്ടുന്നത്. ചിത്രത്തിന്റെ പേര് 'പ്രേതങ്ങൾ ' എന്നാണ്. അവസാനത്തെ ചിത്രമായ 'നാഗസാക്കി’ 1982ലാണ് രചിച്ചത്. 32 വർഷത്തിലേറെ കാലംകൊണ്ടാണ് ഈ ദമ്പതികൾ 15 മാസ്റ്റർ പീസുകൾ രചിച്ചത്. അവയാകട്ടെ, നിഷ്ഠുരതയ‌്ക്ക് വിലയായി നൽകേണ്ടിവരുന്ന മാനവികതയെക്കുറിച്ചുള്ള അന്വേഷണങ്ങളാണുതാനും. ഓരോ ചിത്രത്തിനുമൊപ്പം ദമ്പതികൾ രചിച്ച ലഘുകവിതയോടെയാണ് പ്രദർശിപ്പിക്കുന്നത്. ഒന്നാമത്തെ പെയിന്റിങ്ങിനുള്ള കവിത ഇങ്ങനെയാണ‌് ആരംഭിക്കുന്നത‌്.'പ്രേതങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു അത്.

ഒരൊറ്റയടിക്ക് എല്ലാ വസ്ത്രങ്ങളും
കത്തിത്തീർന്നു.
കൈകളും മുഖങ്ങളും മുലകളും
ചീർത്തുവീർത്തു.
അവരുടെ തൊലികളിലെ കരിഞ്ചുവപ്പൻ
പോറലുകൾ
പെട്ടെന്ന് പൊട്ടിപ്പൊളിഞ്ഞുവീണു.
പഴന്തുണിക്കഷണംപോലെ
അവ തൂങ്ങിനിന്നു.’


മൂന്ന‌് പെയിന്റിങ്ങുകൾ ഉടൻതന്നെ തിരക്കിട്ട് പുറത്തുവന്നു. എല്ലാം 1950ൽ. പ്രേതങ്ങൾ, അഗ്നി, ജലം.
പിന്നെ തൊട്ടടുത്ത വർഷം രണ്ടെണ്ണംകൂടിയായി. 1955 ആയപ്പോൾ, അവർ പത്ത‌് പെയിന്റിങ്ങുകൾ പൂർത്തിയാക്കി. പത്താമത്തേത് ഏറെ പ്രധാനമാണ്. അതിന്റെ പേര് ഹരജിപെറ്റീഷൻ. അവശേഷിച്ചവരുടെ പോരാട്ടത്തിന്റെ കഥയാണത‌് പറയുന്നത്. ഹിബാക്കുഷ എന്നാണ് അവരെ വിളിക്കുക. (സ്ഫോടനം ബാധിച്ച ജനങ്ങൾ എന്നർഥം). കൂട്ടക്കൊലയ‌്ക്കുള്ള ആയുധങ്ങളുടെ ഉപയോഗം നിർത്തണമെന്നാണ് ആവശ്യം.

ജപ്പാനിലെ 1947ലെ ഭരണഘടനയുടെ ഒമ്പതാംവകുപ്പ് തർക്കപരിഹാരത്തിന് യുദ്ധത്തെ ഒരു മാർഗമാക്കുന്നതിനെ നിയമവിരുദ്ധമാക്കുന്നുണ്ട്. ജപ്പാന് സൈന്യമേ വേണ്ടെന്നായിരുന്നു വയ‌്പ‌്. പകരം സ്വയംപ്രതിരോധത്തിനുള്ള ഒരു സേനമാത്രം. അടുത്തവർഷം, അങ്ങ് ദൂരെ കോസ്റ്റാറിക്കയിൽ പട്ടാളമേ വേണ്ടെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ ഒരു കടുത്ത ആഭ്യന്തരയുദ്ധത്തിലായിരുന്നു. 1949ൽ കോസ്റ്റാറിക്കയിൽ ഭരണഘടനയിൽ 12‐ാംവകുപ്പ് അംഗീകരിച്ചുകൊണ്ട് പട്ടാളത്തെ നിയമവിരുദ്ധമാക്കി. ആധുനിക രാഷ്ട്രങ്ങളിൽ, പട്ടാളസേനയില്ലാത്തതും ഒരു സൈനിക കൂട്ടുകെട്ടിലും ചേരാത്തതുമായ രാജ്യങ്ങൾക്കുള്ള ഏക ഉദാഹരണമാണ് കോസ്റ്റാറിക്ക.

ഐസ‌്‌ലാൻഡിന് പട്ടാളമില്ല. പക്ഷേ, നാറ്റോയുടെ സജീവാംഗമാണ്. ജപ്പാന് ഔപചാരികമായി പട്ടാളമില്ല എന്നതിനെ പട്ടാളത്തിന്റെ മേധാവിത്വത്തിന് കുറവുവന്നു എന്ന നിലയിൽ കണ്ടുകൂടാ. 1954ൽ അമേരിക്കയുമായി ഉണ്ടാക്കിയ കരാർപ്രകാരം ജപ്പാൻ, അതുവരെ തങ്ങളെ അടക്കിഭരിച്ചിരുന്ന യുഎസിനെ തങ്ങളുടെ സൈനിക ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ഏൽപ്പിച്ചു. ജപ്പാനിലെ അമേരിക്കൻ സൈനികത്താവളങ്ങളും യാങ്കിപ്പട്ടാളത്തിന്റെ വൻ സാന്നിധ്യവും തുടരും.

ജപ്പാനിൽ ജപ്പാനീസ് സ്വയംരക്ഷാ സേനയിൽ ഉള്ളതിനേക്കാൾ ഏറെയാണ് അമേരിക്കൻ പട്ടാളക്കാരുടെ എണ്ണം. ഈ സൈനികത്താവളങ്ങളിൽ, ഒക്കിനാവാ ദ്വീപിലടക്കം ആണവായുധങ്ങൾ ഉണ്ടുതാനും.

അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ സാമന്തപദവിയിലേക്ക് ജപ്പാൻ മാറുന്നതിനെതിരെ തൊഴിലാളി യൂണിയനുകളും സ്ത്രീസംഘടനകളും കമ്യൂണിസ്റ്റുകാരുമെല്ലാം തെരുവുകളിൽ പ്രക്ഷോഭക്കൊടുങ്കാറ്റുയർത്തി. ജപ്പാൻ അമേരിക്കയുടെ യുദ്ധവിമാനവാഹിനിയാകണമെന്ന വീക്ഷണത്തെ ചെറുക്കുന്നതിനായി 1952 മെയ് ഒന്നിന് ജനങ്ങൾ തെരുവിലിറങ്ങി. പ്രക്ഷോഭകരെ പൊലീസ് നേരിട്ടത് അക്രമാസക്തമായാണ്. സാമ്രാജ്യത്വ നിഷ്ഠുരതയെക്കുറിച്ച‌് ജപ്പാന്റെ ഇടതുപക്ഷഭാവനയ‌്ക്ക് പുതിയ അറിവ് നൽകിയ രക്തമയ മെയ‌്ദിനമായിരുന്നു അത്. ഇതുപോലുള്ള തൊഴിലാളിപ്രക്ഷോഭങ്ങളാണ് ഐറി മറൂക്കിയുടെയും തോഷി മറൂക്കിയുടെയും മാത്രമല്ല, അവരുടെ സമശീർഷരായ ഇക്കെഡ തത്സുവോവും ഇഷിഷി ഗെവോയും  അതുപോലുള്ള മറ്റനേകം കലാപ്രവർത്തകരുടെയും ഭാവന ജ്വലിപ്പിച്ചത്.

നകാമുറ ഹിരോഷി തയ്യാറാക്കിയ വെടിവച്ച് വീഴ്‌ത്തപ്പെട്ടവർ (ഴൌിിലറ റീിം), 1957 മുതലുണ്ടായ അക്രമങ്ങളെയും അതേത്തുടർന്ന് ഉയർന്നുവന്ന ബഹുജനരോഷത്തെയും കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്.

അതൊക്കെ നിത്യസംഭവങ്ങളായിരുന്നു. ജനങ്ങളെയാകെ അത് രോഷാകുലമാക്കി. ജപ്പാനീസ് ന്യൂ ലെഫ്റ്റ് പ്രസിദ്ധപ്പെടുത്തുന്ന ഗെൻഡായി ഷിസോ മാസികയുടെ മുഖ്യപത്രാധിപർ യോഷിഹിക്കോ ഇക്കെഗാമി 1950 മുതൽക്കുള്ള ബഹുജനമുന്നേറ്റത്തെപ്പറ്റി വിവരിക്കുന്നുണ്ട്. രാജകൊട്ടാരത്തിനുമുന്നിൽ, പീപ്പിൾസ് സ്ക്വയർ എന്നറിയപ്പെടുന്ന ചത്വരത്തിൽ പ്രതിഷേധപ്രകടനങ്ങൾ നടന്നു. ഈ പ്രക്ഷോഭങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് ഐറി മറൂക്കിയും തോഷി മറൂക്കിയും അവരുടെ ഹിരോഷിമാ പാനലുകൾ പൂർത്തീകരിച്ചുകൊണ്ടിരുന്നത്.

ഇനിയുമൊരു പാനൽ, ‘ഒഴുകുന്ന ദീപങ്ങൾ’ സമാധാനപ്രസ്ഥാനത്തിന്റെ ആഗസ‌്ത‌് ആറ‌് പരിപാടിയിൽ നദികളിലും തോടുകളിലും കടലാസ് ദീപങ്ങൾ ഒഴുക്കുന്നതിനെക്കുറിച്ചുള്ള ചിത്രീകരണമാണ്. 2011ലെ സുനാമിയിൽ തകർന്നടിഞ്ഞ ഫക്കുഷിമ ദയ്ച്ചി ആണവവൈദ്യുത നിലയത്തിന്റെ ഭാഗധേയം മുൻകൂട്ടി പ്രവചിക്കുകയായിരുന്നു ആണവവൈദ്യുത നിലയങ്ങൾക്കും ആണവായുധങ്ങൾക്കുമെതിരെ പീപ്പിൾസ് സ്ക്വയറിലെ പ്രതിഷേധത്തിൽ അണിനിരന്നവരും ഹിരോഷിമാ പാനലിലെ ചിത്രങ്ങളും.

ഇക്കെഗാമി നമ്മെ നയിക്കുന്നത്, ടോക്യോ മധ്യത്തിലുള്ള വിവാദസ്ഥാപനമായ യുദ്ധക്ഷേത്രത്തിലേക്കാണ്. ജപ്പാനെ ഒരു മുഴു സൈനിക ശക്തിയാക്കി മാറ്റണമെന്ന‌് ആഗ്രഹിക്കുന്നവർ യുദ്ധത്തിൽ മരണമടഞ്ഞവരെ, യുദ്ധക്കുറ്റവാളികളെയടക്കം, ആരാധിക്കുകയാണ്. ഹിരോഹിതോ ചക്രവർത്തി 1978 മുതൽ അദ്ദേഹം ചരമമടയുന്ന 1990 വരെ ഈ ‘യുദ്ധക്ഷേത്രം’ സന്ദർശിക്കാൻ വിസമ്മതിച്ചു.

1970ൽ മറൂക്കി ദമ്പതികൾ തങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കാനായി കാലിഫോർണിയയിലേക്ക് പോയി. ജപ്പാൻ ചൈനയിൽ നടത്തിയ അതിക്രമങ്ങളെക്കുറിച്ച് കലാസ്വാദകർ അവരോട് ചോദ്യങ്ങളുന്നയിച്ചു. അത് അമേരിക്ക വിയത‌്നാമിനുനേരെ കൈയേറ്റം നടത്തിയ സമയത്തായിരുന്നു. ചോദ്യങ്ങൾ അവരെ സ്പർശിച്ചു. തിരിച്ച‌് നാട്ടിലെത്തിയ ഉടനെ അവർ ഒരു കൂറ്റൻ ചിത്രത്തിന്റെ രചനയിൽ ഏർപ്പെട്ടു. റെയ്പ് ഓഫ് നാൻ കിങ‌്. അത് അതിശക്തമായ ഒരു ഇമേജായിരുന്നു. യുദ്ധക്കുറ്റവാളികൾക്കും ജപ്പാനീസ് യുദ്ധങ്ങൾക്കും നേരെയുള്ള കടുത്ത നിരാകരണമായി അത്. അതിനിരുപുറവുമായി ഓഷ്വിറ്റ്സ് തടങ്കൽപ്പാളയത്തിന്റെയും മീനാ മാത ദുരന്തത്തിന്റെയും ചിത്രങ്ങളും. യുദ്ധത്തിന്റെയും സമ്പത്തിന്റെയും നിഷ്ഠുരതകളാണ് ജപ്പാനീസ് സൈനികനടപടികൾക്കുപിന്നിലുള്ള ആക്രമണ മനോഭാവത്തിന് കളമൊരുക്കിയത്.അത് ജപ്പാന് ഒരു മുന്നറിയിപ്പായിരുന്നു. ജപ്പാനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ യാസുക്കുനിയിലെ യുദ്ധക്ഷേത്രം സന്ദർശിച്ചു. അദ്ദേഹത്തിന് ജപ്പാനെ വീണ്ടുമൊരു സൈനികശക്തിയാക്കി മാറ്റണം. അതിന് അമേരിക്കയുടെ നല്ല പ്രോത്സാഹനവുമുണ്ട്. ചൈനയ‌്ക്കുനേരെയുള്ള ഒരു തട (രവലരസ) ആയാണ് വാഷിങ‌്ടൺ ജപ്പാനെ നോക്കിക്കാണുന്നത്.

ഇക്കെഗാമി നമ്മെ നയിക്കുന്നത് യാസുകുനി സമുച്ചയത്തിലുള്ള  കമകാസി പൈലറ്റിന്റെ പ്രതിമയിലേക്കാണ്. ഈ പ്രതിമയ‌്ക്കുമുന്നിൽ അർച്ചനകളുമായി ജനങ്ങൾ എത്താറുണ്ട്. ഒരു ജപ്പാനീസ് ജെറ്റ് വിമാനത്തിൽ കയറി അതിനെ ഒരമേരിക്കൻ യുദ്ധവിമാനത്തോടിടിച്ച് മരിച്ച ധീരനായ യുവാവിന് അഭിവാദനങ്ങളുമായി എത്തുകയാണവർ. ഈ നടപടിയുടെ വ്യർഥത വ്യക്തമായിട്ടും അത് പ്രോത്സാഹിപ്പിക്കപ്പെട്ടു; കൊണ്ടാടപ്പെട്ടു. കൊറിയയിലെ സമാധാനശ്രമത്തിനും ചൈനയുടെ ഉദയത്തിനുമെതിരെ ആബേക്കുള്ള ശത്രുത ഇവിടെ പ്രതിധ്വനിക്കുന്നുണ്ട്. ഈ പുതിയ ലോകക്രമത്തിൽ ജപ്പാന് സ്വന്തമായി ഒരിടം തേടുന്നതിനുപകരം യുദ്ധക്കുറ്റവാളിയായ നൊബുസുക്കെ കിഷിയുടെ പേരക്കുട്ടിയായ   ആബെയ‌്ക്ക് വേണ്ടത് ജപ്പാന്റെ പേശീബലം വർധിപ്പിക്കുകയാണ്. ഇത് ഹിരോഷിമാ പാനലുകളിലെ ഉന്നതവികാരത്തിനെതിരാണ്.

ട്രൈകോണ്ടിനെന്റൽ ഡയറക്ടറും ലെഫ്‌റ്റ്‌  വേഡ്‌ ബുക്്‌സ്‌ ചീഫ്‌ എഡിറ്ററുമാണ്‌ ലേഖകൻ

പ്രധാന വാർത്തകൾ
 Top