02 December Friday

പുതിയ ഭാഷ്യവുമായി ‘ഏകം സദ് വിപ്രാ’...

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022

‘ഏകം സദ് വിപ്രാ: ബഹുധാ വദന്തി, അഗ്നിം യമം മാതാരിശ്വാനമാഹൂ:’ വേദാന്ത വിദ്യാർഥികൾ ദശാബ്ദങ്ങളായി പഠിക്കുകയും പഠിപ്പിക്കുകയും നിരന്തര ഗവേഷണങ്ങൾക്ക് വിഷയീഭവിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ വേദകാവ്യത്തിന്, സമീപകാലത്തായി സംഘപരിവാർ പുതിയ ഭാഷ്യം ചമച്ചുകൊണ്ട്, അഹിന്ദുക്കളെ ഹിന്ദുക്കളായി ചിത്രീകരിക്കുന്നതിനുള്ള ആസൂത്രിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ്. ദൈവമെന്ന സത്യം ഒന്നുമാത്രമേയുള്ളൂ; അതിനെ ജ്ഞാനികളായ മനുഷ്യർ അഗ്നി, യമൻ, വായു എന്നിങ്ങനെ വിവിധ നാമങ്ങളിൽ വ്യവഹരിക്കുന്നുവെന്നാണ് ഈ കാവ്യാർധത്തിന്റെ സാരം.

മണ്ണിന്റെ  രൂപാന്തരങ്ങളായ കുടവും കലവും ചട്ടിയുമെല്ലാം മണ്ണ് എന്ന ഒന്നിന്റേതെന്ന  വികാരമാണെന്ന് പറയുമ്പോലെ. ശ്രീശങ്കരൻ അദ്വൈതത്തെ വ്യാഖ്യാനിച്ചതും ഇതിന്റെ ചുവടുപിടിച്ചായിരുന്നു. ശങ്കരാചാര്യരുടെ പിന്മുറക്കാർ എന്നവകാശപ്പെടുന്ന സംഘപരിവാർ, അതിന് പുതിയ ഭാഷ്യം ചമയ്ക്കുന്നു. നമ്മുടെ പൂർവികർ, വൈദികർ ആണെന്നും അവർ ഇവിടെത്തന്നെ ഉണ്ടായിരുന്ന ശ്രേഷ്ഠൻമാർ (ആര്യന്മാർ) ആയിരുന്നെന്നും വാദിക്കുന്നു. അവരുടെ യഥാർഥ പിന്മുറക്കാരാണ് ബ്രാഹ്മണ്യഹിന്ദുക്കളെന്നും അവരാണ് യഥാർഥ ഹൈന്ദവരെന്നും മറ്റുള്ളവരെല്ലാം ഹൈന്ദവരുടെ നാമാന്തരങ്ങൾ ആണെന്നുമാണ് മുകളിൽ കുറിച്ച വേദവാക്യത്തിലൂടെ മോഹൻ ഭാഗവതും കൂട്ടരും സമർഥിക്കാൻ ശ്രമിക്കുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞദിവസം ഡൽഹിയിലെ സുപ്രധാന മസ്ജിദുകൾ സന്ദർശിച്ച്‌ അഖിലേന്ത്യാ ഇമാം ഓർഗനൈസേഷൻ മേധാവി ഉമർ അഹമ്മദ് ഇല്ല്യാസിയുമായി ഭാഗവത്  നടത്തിയ കൂടിക്കാഴ്ച. രാജ്യത്തെ എല്ലാ മതവിഭാഗത്തിലുമുള്ള മനുഷ്യർ ഒരേ ജനിതക ഘടനയിൽപ്പെട്ടവരാണെന്ന ഭാഗവതിന്റെ കെണിയിൽ,  ഇല്യാസി  വീണു.  അതിന്റെ പ്രതിഫലനമാണ് ഭാഗവതിനെ രാഷ്ട്രപിതാവും രാഷ്ട്രമഹർഷിയുമൊക്കെയായി ചിത്രീകരിച്ചുകൊണ്ട് പിന്നീട് അദ്ദേഹം നടത്തിയ പ്രസ്താവന.

രാജ്യത്തെ ഹൈന്ദവേതര മതനേതാക്കളെയെല്ലാം ബഹുമുഖ തന്ത്രങ്ങളിലൂടെ തങ്ങളുടെ സ്വാധീനവലയത്തിൽ കൊണ്ടുവരാനുള്ള ഭഗീരഥപ്രയത്നം 2014 മുതൽ നടക്കുന്നു. ഗവർണർമാർ ഉൾപ്പെടെയുള്ള അനുയോജ്യരായ ആളുകളെയാണ് ഈ ദൗത്യത്തിന് നിയോഗിക്കപ്പെട്ടിട്ടുള്ളത്. അതിനായി അവർ ചതുരൂപായങ്ങളും പ്രയോഗിക്കുന്നു. ബാബ്‌റി മസ്ജിദ്‌ വിധിയിൽ നാം അതു കണ്ടതാണ്. 2024ലെ തെരഞ്ഞെടുപ്പ് രണ്ടു കാരണത്താൽ സംഘപരിവാറിന് നിർണായകമാണ്. 1925ൽ ആർഎസ്എസിന്‌ രൂപംനൽകുമ്പോൾ, ഒരു ശതാബ്ദത്തിനുള്ളിൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുമെന്നുള്ള പ്രഖ്യാപനം നടപ്പാക്കാൻ  മൂന്നു വർഷമേ ശേഷിക്കുന്നുള്ളൂ.   ഇനിയൊരു മോദി ഭരണം വരാതിരിക്കാനുള്ള എല്ലാ ശ്രമവും പ്രതിപക്ഷ പാർടികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നു. സ്വാഭാവികമായും അവരോടൊപ്പം മതന്യൂനപക്ഷങ്ങൾ കൂടിച്ചേർന്നാൽ ഭരണത്തുടർച്ച ത്രിശങ്കുവിൽ ആയേക്കാമെന്ന ഭയപ്പാട് മറ്റൊരിടത്ത്.

ലോകത്ത് ഏറ്റവും കൂടുതൽ യുവതയുള്ള രാജ്യമാണ് ഇന്ത്യ. ഭൂരിപക്ഷം സംസ്ഥാനത്തും ബിജെപിയുടെ ഭരണമാണെങ്കിലും അതിനനുസരിച്ച്‌ കോളേജ്, സർവകലാശാലകളിൽ എബിവിപിക്ക് മേൽക്കൈയുണ്ടാക്കാൻ സാധിച്ചിട്ടില്ല. സ്വാധീനമുള്ള സർവകലാശാലകളിൽ സംഘപരിവാറുകാരെ അധ്യാപകരായി നിയമിക്കുന്നതിന് യുജിസി ചട്ടങ്ങളിൽ ബോധപൂർവം ഭേദഗതി വരുത്തി. ഉദ്യോഗാർഥിയുടെ ക്രെഡിറ്റിലുള്ള അധിക യോഗ്യതകൾക്ക് ലഭിച്ചുവന്ന മാർക്ക് ഏകപക്ഷീയമായി ഇല്ലാതാക്കുകയും അത് ഷോർട്ട് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള മാനദണ്ഡം മാത്രമാക്കി പരിമിതപ്പെടുത്തുകയും  ചെയ്തു. കൂടിക്കാഴ്ചയുടെ മാർക്ക് മാത്രമാണ് ഇപ്പോൾ നിയമനം കിട്ടാനുള്ള ഏക മാനദണ്ഡം. പുതിയ ചട്ടം  നിലവിൽ വന്നതോടെയാണ് കേരളത്തിൽ  ഉൾപ്പെടെയുള്ള കേന്ദ്ര സർവകലാശാലകളിൽ  സംഘപരിവാറുകാർ മാത്രം അധ്യാപക/ അനാധ്യാപകരായി നിയമിക്കപ്പെടുന്ന സ്ഥിതിയുണ്ടായത്. അങ്ങനെ നടക്കണമെങ്കിൽ ഇന്റർവ്യൂ ബോർഡ് ചെയർമാൻകൂടിയായ വൈസ് ചാൻസലർ സംഘപരിവാറാകണം.

അതിനുള്ള കുറുക്കുവഴിയായിട്ടാണ് ആരിഫ് മൊഹമ്മദ് ഖാൻ ഇഷ്ടക്കാരെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റി രൂപീകരണവുമായി മുന്നോട്ടുപോകുന്നത്. കണ്ണൂർ സർവകലാശാലാ വിസിയായിരുന്ന പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെ  തുടർന്നും നിയമിക്കാനുള്ള നിർദേശം  ഗത്യന്തരമില്ലാതായപ്പോൾ പാലിക്കാൻ നിർബന്ധിതനാകുകയായിരുന്നു. ആരിഫ് മൊഹമ്മദ് ഖാനേറ്റ കനത്ത തിരിച്ചടിയായിരുന്നു കണ്ണൂർ വിസിയുടെ തുടർനിയമനം. അതിന്റെ വാശി തീർക്കാനാണ് യൂണിവേഴ്സിറ്റി പ്രതിനിധിയെ ഒഴിവാക്കി കേരള വിസി നിയമനം നടത്താനുള്ള  സെർച്ച് കമ്മിറ്റി രൂപീകരണവും തുടർന്നുണ്ടായ മറ്റു സംഭവവികാസങ്ങളും. അതിനെയും തടയിടുന്ന നിയമഭേദഗതികൂടി ആയപ്പോൾ സർവകലാശാലകളുടെ ‘കുലപതി’ (ചാൻസലർ) കുലംമുടിക്കാൻത്തന്നെ ഒരുങ്ങി പുറപ്പെട്ടിരിക്കുകയാണ്.

യുവതലമുറയെ കാവിവൽക്കരിക്കാൻ

ഹിന്ദുരാഷ്ട്ര സംസ്ഥാപനത്തിനുള്ള പ്രാഥമിക മുദ്രാവാക്യമായ ‘ഒരു രാഷ്ട്രം, ഒരു മതം, ഒരു ഭാഷ’ എന്നത് പ്രാവർത്തികമാക്കുന്നതിനുള്ള  പരീക്ഷണശാലയാണ് ദേശീയ വിദ്യാഭ്യാസനയം 2020. ഈ നയം നടപ്പാക്കണമെങ്കിൽ ഭരണകൂട സംവിധാനത്തിലെല്ലാം സംഘപരിവാറിന്റെ പ്രവർത്തകർ ഉണ്ടാകണം.  ഐഎഎസുകാരുടെ തലപ്പത്തുവരെ സംഘപറിവാറിന്റെ നിയന്ത്രണമുണ്ട്. വിദ്യാഭ്യാസ/സാംസ്കാരിക മേഖലകൾ പ്രത്യേകിച്ച് യുജിസി/എഐസിടിഇ/എൻസിഇആർടി/ഐസിഎച്ച്ആർ/ഐസിപിആർ തുടങ്ങി എല്ലാ സ്ഥാപനവും അവരുടെ നിയന്ത്രണത്തിലായി. മിത്തുകളെ ചരിത്രവൽക്കരിക്കുകയും ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടവരുടെ ചരിത്രം നീക്കം ചെയ്തുകൊണ്ട് ആ സ്ഥാനത്ത് ഹെഡ്ഗേവർമാരെ ദേശസ്നേഹികളാക്കി  ഉയർത്തിക്കാട്ടുന്ന പുതിയ പാഠപുസ്തകങ്ങൾക്കും പാഠ്യപദ്ധതിക്കും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് രൂപംനൽകി. സ്കൂൾ തലംമുതൽ ഉന്നതവിദ്യാഭ്യാസതലംവരെ സംസ്കൃതത്തിന് ഊന്നൽ നൽകുന്നു. അതിന്റെ മുന്നോടിയാണ് ഹിന്ദി ഔദ്യോഗിക ഭാഷയാക്കാനും അതുവഴി  ത്രിഭാഷാ പദ്ധതി അട്ടിമറിക്കാനുമുള്ള ശ്രമം.

തദ്ദേശീയമായി ഭാഷാവികാരം ഇളക്കിവിട്ടാൽ സംസ്ഥാനങ്ങളുടെ  ഭരണാധികാരത്തിൽ എത്താമെന്നതിന്റെ എത്രയോ ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. ഭാരതത്തെ അറിയണമെങ്കിൽ സംസ്കൃതം അറിയണമെന്ന് മോഹൻ ഭാഗവത് പ്രഖ്യാപിച്ചതിന്റെ പിന്നിലുള്ള ചേതോവികാരം ഈ മുന്നനുഭവങ്ങൾ കണ്ടുതന്നെയാണ്.  സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികത്തിന് വജ്രജൂബിലി എന്നപേര് നൽകാതെ അമൃത മഹോത്സവമെന്ന പേരുനൽകി. അമൃതിൽനിന്ന്‌ പാലാഴിയിലേക്കും പാലാഴിയിൽനിന്ന് പാലാഴിമഥനത്തിലേക്കും മഥനത്തിൽനിന്ന്  ‘ലോകമന്ഥനി’ലേക്കും അനായാസേന കടക്കാൻ ഭാഗവതൻമാർക്ക് കഴിയും. ശ്രീരാമനു ലഭിക്കേണ്ട  അധികാരം ഭരതനിലേക്ക്‌ എത്തിക്കാൻ മന്ഥര  നടത്തിയ കുതന്ത്രങ്ങൾ ഏവർക്കും അറിവുള്ളതാണ്. ലോകമന്ഥൻ എന്നപേരിൽ സംഘപരിവാറിന്റെ നിയന്ത്രണത്തിലുള്ള ‘പ്രജ്നാ പ്രവാഹ്’ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച്  ഗുവാഹത്തിയിൽ നടത്തിയ പ്രദർശനവും അനുബന്ധ പരിപാടികളും ഇന്ത്യയെ ഹിന്ദുത്വവൽക്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണ്.

കേരളീയരുടെ ചെലവിൽ ആ പരിപാടിയിൽ പങ്കെടുക്കാനാണ് ആരിഫ് മൊഹമ്മദ് ഖാൻ പോയത്. 2016ൽ ഭോപാലിലും 2018ൽ റാഞ്ചിയിലും സമാനമായ മന്ഥനപരിപാടികൾ സംഘടിപ്പിക്കപ്പെടുകയുണ്ടായി. കരയിലും കടലിലുമുള്ള എല്ലാം ഇതിനകം  സംസ്കൃതവൽക്കരിക്കപ്പെട്ടു. ഇന്ത്യൻ മഹാസമുദ്രം ഹിന്ദു മഹാസാഗരമായി, ബംഗാൾ ഉൾക്കടൽ ഗംഗാസാഗരമായി. താജ് മഹൽ തേജോമഹൽ ആയി. കഴിഞ്ഞദിവസമാണ് ഡൽഹിയിലെ രാജമാർഗ് കർത്തവ്യ മാർഗ് ആക്കിമാറ്റിയത്. ജീവിതത്തിന്റെ നാനാതുറയിലും പ്രവർത്തിക്കുന്ന ആളുകളെ സംഘടിപ്പിച്ചുകൊണ്ട് കർത്തവ്യപഥത്തിലേക്കുള്ള വാതായനങ്ങൾ തുറന്നുകഴിഞ്ഞു. വിവിധ മേഖലയിൽ എത്രയെത്ര സംഘടനകളാണ് സംഘപരിവാറിനു കീഴിൽ പ്രവർത്തിക്കുന്നത്.

സംഘപരിവാറിന് ഇപ്പോൾ രാജ്യത്താകെ ഒരു ലക്ഷത്തിൽപ്പരം ശാഖയും അരലക്ഷത്തിലേറെ വിദ്യാഭ്യാസ സ്ഥാപനവും  രണ്ടുലക്ഷത്തിൽപ്പരം  അധ്യാപകരും  ഉണ്ടെന്നാണ് ഏകദേശ കണക്ക്. വിദ്യാഭാരതി സ്കൂളുകളിൽ മൂന്നു കോടിയോളം  വിദ്യാർഥികൾ  പഠിക്കുന്നു. ഇവിടങ്ങളിൽ പഠിപ്പിക്കുന്ന പുസ്തകങ്ങളായിരിക്കും പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായി വരിക. അതിന്റെ ആദ്യത്തെ പരീക്ഷണശാലകൾ ആയിരിക്കും ‘പി എം ശ്രീ’ പദ്ധതിയുടെ പേരിൽ  തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ നടപ്പാക്കാൻ പോകുന്നത്. സംസ്ഥാനങ്ങളോട് ഒരുവിധ അഭിപ്രായവും ആരായാതെയാണ് ഭരണഘടനയുടെ സംയുക്തപ്പട്ടികയിലുള്ള വിദ്യാഭ്യാസമേഖലയിൽ  കേന്ദ്ര സർക്കാർ നടത്തുന്ന കൈകടത്തൽ. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന് അനുപൂരകമായി സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കുന്നതിനുള്ള കേന്ദ്ര അജൻഡ നടപ്പാക്കാനാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ശ്രമിക്കുന്നത്. സ്വാഭാവികമായും കേന്ദ്രനിർദേശം അംഗീകരിക്കാൻ കേരളം തയ്യാറാകില്ല. പുതിയ കേരള ബദലിന് രൂപംനൽകാൻ ഇടതുപക്ഷ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.  കേരള ബദലിനെ ചുറ്റിപ്പറ്റി വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ട്  2024ലെ തെരഞ്ഞെടുപ്പിനെ തങ്ങൾക്ക്‌ അനുഗുണമാക്കാൻ പറ്റുമോ എന്ന ചിന്തയിലായിരിക്കും സംഘപരിവാരങ്ങൾ. ഇതിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും കരുതിയിരിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top