22 May Sunday

മാളവ്യ, ടണ്ഠൻ പിന്നെ രാഹുൽ

മധു നീലകണ്ഠൻUpdated: Wednesday Dec 15, 2021

"ഹിന്ദുരാജ്യം വരേണമേ’ എന്നുപറഞ്ഞ രാഹുൽ ഗാന്ധി കോൺഗ്രസിൽ അങ്ങനെ വാദിക്കുന്ന ആദ്യ നേതാവോ ഒറ്റപ്പെട്ട നേതാവോ അല്ല. ഹിന്ദുത്വരാഷ്ട്രീയത്തെ പ്രത്യക്ഷമായോ പരോക്ഷമായോ അനുകൂലിച്ചവർ കോൺഗ്രസിൽ പണ്ടും ഉണ്ടായിരുന്നെന്ന് ആ പാർടിയുടെ ചരിത്രം ഓർമപ്പെടുത്തുന്നുണ്ട്. സ്വാതന്ത്ര്യപ്രസ്ഥാനത്തെ നയിച്ച കോൺഗ്രസിൽ ഇങ്ങനെ ചില നേതാക്കൾ ഉണ്ടായിരുന്നുവെന്നത് അമ്പരപ്പിക്കുന്നതാണെങ്കിലും അതൊരു ചരിത്രസത്യമാണ്. ഇപ്പോൾ, രാഹുൽ ഗാന്ധി ആ പാരമ്പര്യത്തിന്റെ വക്താവായി മാറുന്നുവെന്നതാണ് ജയ്‌പുരിൽ അദ്ദേഹത്തിന്റെ ഹിന്ദുരാജ്യ പ്രഖ്യാപനം വെളിപ്പെടുത്തുന്നത്.

ആദ്യകാലത്ത് ഹിന്ദുത്വ രാഷ്ട്രീയത്തെ അനുകൂലിച്ചവർ പലരും ഉന്നതസ്ഥാനങ്ങളിൽ ഇരുന്നവർ തന്നെയായിരുന്നു. "ഹിന്ദ് -ഹിന്ദി -ഹിന്ദു’ എന്ന മുദ്രാവാക്യം മുഴക്കിയ മദൻമോഹൻ മാളവ്യ, ആർഎസ്എസുകാർക്ക് കോൺഗ്രസിൽ അംഗത്വമെടുക്കുന്നതിന്‌ ഉണ്ടായിരുന്ന വിലക്കുനീക്കിയ കോൺഗ്രസ് പ്രസിഡന്റ് പുരുഷോത്തം ദാസ് ടണ്ഠൻ എന്നിവർ അക്കൂട്ടത്തിൽപ്പെടും. നെഹ്‌റുവിന്റെ കണ്ണുവെട്ടിച്ചാണ് ടണ്ഠൻ ആർഎസ്എസിന്റെ വിലക്കുനീക്കി അംഗത്വം നൽകിയത്. 

ഹരിദ്വാറിൽ 1915ൽ നടന്ന കുംഭമേളയിൽ മദൻമോഹൻ മാളവ്യയുടെ കാർമികത്വത്തിലാണ് ഹിന്ദുമഹാസഭ സ്ഥാപിച്ചത്. പഞ്ചാബിലെ ചില നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

1921 -–-22ൽ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ കാലത്ത് ഹിന്ദുമഹാസഭയുടെ പ്രവർത്തനം മന്ദഗതിയിലായി. അതിനിടെ, ആര്യസമാജം മുന്നോട്ടുവന്നു. പിന്നെ ആര്യസമാജവും ഹിന്ദുമഹാസഭയും ഒരുമിച്ചായി പ്രവർത്തനം. 1923ൽ വാരാണസിയിൽ ചേർന്ന സമ്മേളനത്തിൽ  ഹിന്ദുമഹാസഭ ആര്യസമാജത്തിന്റെ "ശുദ്ധിപ്രസ്ഥാനത്തെ (പുനരുത്ഥാനവാദം) അംഗീകരിച്ചു. ഹിന്ദുക്കൾ സ്വയംരക്ഷാസേന രൂപീകരിക്കണമെന്ന് ആ സമ്മേളനത്തിൽ ആഹ്വാനമുണ്ടായി. ആര്യസമാജവും സനാതനധർമ വാദികളും ചേർന്നുണ്ടാക്കിയ ഈ കൂട്ടുകെട്ടിന്റെ നേതാവും മാളവ്യതന്നെ.  

 ഹിന്ദിയുടെ പ്രാമാണ്യത്തിനുവേണ്ടി വാദിച്ചിരുന്നതിനാൽ ഹിന്ദുമഹാസഭയ്‌ക്ക് കൂടുതൽ വ്യാപിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ, 1925ൽ നാഗ്പുരിൽ ഹെഡ്ഗെവാർ രാഷ്ട്രീയ സ്വയംസേവക് സംഘ് എന്ന ഫാസിസ്റ്റ് സംഘടനയുടെ കാവിക്കൊടി ഉയർത്തി. ജനാധിപത്യത്തിനും മതനിരപേക്ഷതയ്‌ക്കും ഭീഷണിയായ സംഘപരിവാറിന്റെ തുടക്കം ഇവിടെ. കാര്യങ്ങൾ ഇവിടേക്ക് എത്തിച്ചതിൽ കോൺഗ്രസിലെ  നേതാക്കൾക്കും പങ്കുണ്ടെന്ന് ഈ ചരിത്രമെല്ലാം സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റാനുള്ള തീവ്രശ്രമത്തിലാണ് സംഘപരിവാർ. അതിനിടയിലാണ്, ഹിന്ദുരാജ്യമെന്ന രാഹുൽ ഗാന്ധിയുടെ അപകടകരമായ ആഹ്വാനം. മുസ്ലിങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരുമാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുഖ്യശത്രുക്കൾ. തീവ്രഹിന്ദുത്വ നിലപാടുകളോട് മൃദുസമീപനം സ്വീകരിച്ച് അവരെ പാലൂട്ടി വളർത്തിയ കോൺഗ്രസ് ഇപ്പോൾ എവിടംവരെ എത്തിയിരിക്കുന്നുവെന്ന് രാഹുലിന്റെ വാക്കുകളിൽ വ്യക്തം.

ചരിത്രഏടുകൾ  മറ്റു ചില കാര്യങ്ങളും ഓർമിപ്പിക്കുന്നുണ്ട്. സ്വാതന്ത്ര്യമെന്ന സ്വപ്നസാഫല്യത്തിനൊപ്പം രാഷ്ട്രവിഭജനമെന്ന ദുരന്തവും ഏറ്റുവാങ്ങേണ്ടി വന്നതിനെക്കുറിച്ചാണ് അത്. ഹിന്ദു–-മുസ്ലിം സ്പർധ വളർത്തി രാജ്യത്തെ ഭിന്നിപ്പിക്കാൻ ബ്രിട്ടീഷുകാർ മെനഞ്ഞ തന്ത്രങ്ങളുടെ വിജയമായിരുന്നു രാഷ്ട്രവിഭജനം. ബ്രിട്ടീഷ് ഭരണം ഹിന്ദുരാഷ്ട്രവാദികൾക്കും മുസ്ലിംരാഷ്ട്രവാദികൾക്കും ഒരേപോലെ ഒത്താശ ചെയ്തു. രണ്ടു കൂട്ടരും ബ്രിട്ടീഷ് ഭരണത്തെ എതിർക്കാതെ പ്രത്യുപകാരവും ചെയ്തു. സ്വാതന്ത്ര്യസമരത്തിൽ ഇവരുടെയൊന്നും പൊടി പോലുമില്ലല്ലോ. മതത്തെയും ദൈവത്തെയും അടിസ്ഥാനമാക്കി രാഷ്ട്രീയം കളിക്കാനും അധികാരം പിടിച്ചെടുക്കാനുള്ള പ്രസ്ഥാനങ്ങളുടെ ചരിത്രം തുടങ്ങുന്നതുതന്നെ ബ്രിട്ടീഷ് ഭരണകാലത്താണെന്നും ഇതോടൊപ്പം കാണാം. ബിജെപിയുടെ ഹിന്ദുരാഷ്ട്രവാദം അതിന്റെ ബാക്കിയും തുടർച്ചയുമാണ്. അതിനായി അവർ നടത്തുന്ന കൊലവിളികൾ, പോർവിളികൾ, ചോര ചാലിടുന്ന രഥയാത്രകൾ, മസ്ജിദുകളും പള്ളികളും പൊളിക്കൽ എന്നിവ നിത്യേനയെന്നവണ്ണം രാജ്യം കണ്ടുകൊണ്ടിരിക്കുന്നു. അയോധ്യയിൽ ബാബ്‌റി മസ്ജിദ് തകർത്ത് ഹിന്ദുതീവ്രവാദികൾ അലറിവിളിക്കുന്നതും അവിടെ രാമക്ഷേത്രം നിർമിക്കുന്നതും മതനിരപേക്ഷ ഇന്ത്യക്ക് കാണേണ്ടിവന്നു. ഇതിനെല്ലാം അരുനിന്ന കോൺഗ്രസിന്റെ നേതാവ് ഇപ്പോൾ ഹിന്ദുരാജ്യം വേണമെന്ന് പ്രഖ്യാപിക്കുമ്പോൾ ബിജെപിയും കോൺഗ്രസും തമ്മിൽ ഇനി എന്തു വ്യത്യാസമെന്ന്  രാഷ്ട്രീയ നിരീക്ഷകർ ചോദിക്കുന്നു.

ഹിന്ദുത്വത്തിന്റെ പ്രതിലോമ രാഷ്ട്രീയം നേരിടാൻ കെൽപ്പില്ലാത്ത കോൺഗ്രസും രാഹുൽ ഗാന്ധിയും ബിജെപിയുടെ വഴിതന്നെ തെരഞ്ഞെടുത്തിരിക്കുന്നുവെന്ന് ചുരുക്കം. മതനിരപേക്ഷ ഇന്ത്യയെന്ന ആശയത്തിന്റെ ശക്തനായ വക്താവായിരുന്ന ജവാഹർലാൽ നെഹ്‌റുവിന്റെ ചെറുമകൻ ഇങ്ങനെയൊക്കെ പറയുമ്പോൾ തിരുത്താൻ പോലും കോൺഗ്രസിൽ ആരെയും കാണുന്നില്ല. പകരം, ഹിന്ദുത്വരാഷ്ട്രവും ഹിന്ദുരാജ്യവും രണ്ടാണെന്നു പറഞ്ഞ് രാഹുലിനെ ന്യായീകരിക്കാനാണ് ചില നേതാക്കൾ ശ്രമിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top