07 October Monday

അസമിൽ വിഷം ചീറ്റി മുഖ്യമന്ത്രി

ടി ചന്ദ്രമോഹൻUpdated: Wednesday Sep 11, 2024

image credit Himanta Biswa Sarma facebook

 

ഹിന്ദുത്വ രാഷ്ട്രീയം പിന്തുടരുന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ന്യൂനപക്ഷങ്ങളെ ലക്ഷ്യം വയ്ക്കുന്നത്‌ തുടരുമെന്നും മൂന്നാം മോദി സർക്കാർ അധികാരമേറ്റതിനു ശേഷമുള്ള ആദ്യ ദിവസങ്ങളിൽത്തന്നെ വ്യക്തമായിരുന്നു.  മുസ്ലിങ്ങളെ ലക്ഷ്യമിട്ട് നിരവധി അക്രമസംഭവങ്ങൾ മൂന്ന്‌ മാസത്തിനിടെ ഉണ്ടായി. പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ. വിജയാഘോഷത്തിനിടെയാണ്‌ ഛത്തീസ്ഗഡിലെ റായ്‌പുരിനടുത്ത് അരംഗിൽ കന്നുകാലിക്കടത്തിന്റെ പേരിൽ മൂന്നുപേരെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയത്‌. കന്നുകാലി കച്ചവടക്കാരായിരുന്നു എന്നതുമാത്രമാണ് അവരുടെ കുറ്റം. വീടുകളിലെ റഫ്രിജറേറ്ററിൽ പശുവിറച്ചി സൂക്ഷിച്ചുവെന്നാരോപിച്ച് ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ മണ്ഡ്‌ല ജില്ലയിൽ പൊലീസ്‌ പതിനൊന്നുപേരെ അറസ്റ്റ് ചെയ്‌തശേഷം അവരുടെ വീടുകൾ പ്രാദേശിക ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച്‌ തകർത്തു.  ഉത്തർപ്രദേശ്‌, രാജസ്ഥാൻ, മഹാരാഷ്ട്ര, ഹരിയാന, ഉത്തരാഖണ്ഡ്‌, മണിപ്പുർ തുടങ്ങിയ സംസ്ഥാനങ്ങളിലും നിരവധി അക്രമങ്ങൾ അരങ്ങേറി. ഏറ്റവും ഒടുവിൽ ഹരിയാനയിൽ പശുക്കടത്ത്‌ ആരോപിച്ച്‌  പന്ത്രണ്ടാം ക്ലാസ്‌ വിദ്യാർഥി ആര്യൻ മിശ്രയെ ഗോരക്ഷാ ക്രിമിനലുകൾ വെടിവച്ചുകൊന്നു.

മണിപ്പുരിലാകട്ടെ ന്യൂനപക്ഷമായ കുക്കി വംശജർക്കെതിരായ അക്രമം ആഭ്യന്തര കലാപത്തിലേക്ക്‌ നയിക്കുകയാണ്‌. 2023 മേയിൽ വംശീയസംഘർഷം ആരംഭിച്ചശേഷം സംസ്ഥാനം രണ്ടായി വിഭജിക്കപ്പെട്ട രീതിയിലാണ്‌.  വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതും ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമവും ഹിന്ദുത്വ ശക്തികളുടെ പൊതുരാഷ്ട്രീയത്തിന്റെ ഭാഗമാണ്. ഇതിന്റെ തുടർച്ചയായി അസമിൽ ന്യൂനപക്ഷങ്ങൾക്കുനേരെ അരങ്ങേറുന്ന അക്രമങ്ങൾ എല്ലാപരിധിയും ലംഘിച്ചിരിക്കുകയാണ്‌.  മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ ഭരണകൂട സംവിധാനങ്ങളെയാകെ ഉപയോഗിച്ച്‌ സംഘപരിവാർ മുസ്ലിങ്ങൾക്കെതിരെ വലിയതോതിലുള്ള കടന്നാക്രമണമാണ്‌ നടത്തുന്നത്‌. നിയമസഭയെപ്പോലും മുസ്ലിംവിരുദ്ധതയ്‌ക്ക്‌ വേദിയാക്കുന്നു.  സം​സ്ഥാ​ന​ ജനസംഖ്യയിലെ മൂന്നിലൊന്നുവരുന്ന മു​സ്ലിങ്ങളെ നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രാ​യും വി​ദേ​ശി​ക​ളാ​യും ചി​ത്രീ​ക​രി​ക്കു​കയാണ്.

രാ​ജ്യം ഒരിക്കലും കേ​ട്ടി​ട്ടി​ല്ലാ​ത്ത ‘പ്ര​ള​യ ജി​ഹാ​ദ്’ പോ​ലു​ള്ള വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ങ്ങ​ൾവരെ അ​ഴി​ച്ചു​വി​ടുന്നു. വി​ദ്വേ​ഷ​ത്തി​ലൂടെ വർഗീയ വിഷം ചീറ്റുന്നതിന്‌ നേതൃത്വം നൽകുന്നത്‌  വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ എൻഡിഎ സഖ്യത്തിന്റെ കൺവീനറായി  പ്രവർത്തിക്കുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ  സർമയാണ്‌. മുഖ്യമന്ത്രിയുടെ വിഭജന രാഷ്ട്രീയവും പ്രകോപനപരമായ പ്രസംഗങ്ങളും വിദ്വേഷ പ്രചാരണവും അക്രമാന്തരീക്ഷം സൃഷ്ടിക്കുന്നു.

ഗുജറാത്തിനെപ്പോലെ അസമിനെ ഹിന്ദുത്വ ശക്തികളുടെ മറ്റൊരു പരീക്ഷണശാലയാക്കാനാണ്‌ ശ്രമിക്കുന്നത്. മുസ്ലിംവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നതിൽ കുപ്രസിദ്ധി നേടിയ സർക്കാരാണ്‌ മുൻ കോൺഗ്രസ്‌ നേതാവായ ഹിമന്ത ബിശ്വ സർമയുടെ അസമിലെ ബിജെപി സർക്കാർ. സർമ അധികാരമേറ്റതുമുതൽ മദ്രസകളെ ലക്ഷ്യമിട്ട്‌ നടപടി തുടങ്ങിയിരുന്നു. നിയമവിരുദ്ധമെന്നാരോപിച്ച്‌ നിരവധി മദ്രസകൾ അടച്ചുപൂട്ടുകയോ തകർക്കുകയോ ചെയ്‌തു. പലയിടത്തും ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം അഴിച്ചുവിടുമ്പോൾ  പൊലീസ്‌ ഏകപക്ഷീയമായി പെരുമാറുന്നു. അക്രമികളെ പൂവിട്ടു പൂജിക്കുകയും മുസ്ലിങ്ങളെ കള്ളക്കേസിൽ കുടുക്കി ജയിലിലടയ്‌ക്കുകയുംചെയ്യുന്നു. മതനിരപേക്ഷ വിശ്വാസികളും മതന്യൂനപക്ഷങ്ങളും ഭയപ്പെട്ടതുപോലെതന്നെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന്റെ തുടർച്ചയായി അസമിൽ സ്വന്തം പൗരന്മാരെ വിദേശികളെന്ന്‌ മുദ്രകുത്തി തടങ്കൽപ്പാളയത്തിലേക്ക്‌ മാറ്റുന്നു. പൊലീസ്  സ്‌റ്റേഷനിൽ ഒപ്പിടാനുണ്ടെന്ന്‌ പറഞ്ഞ്‌ കസ്റ്റഡിയിലെടുത്ത മുസ്ലിങ്ങളായ 28 പേരെ ഗോൾപാറ ജില്ലയിലെ  തടങ്കൽപ്പാളയത്തിലേക്ക്‌ കൊണ്ടുപോയത്‌ കഴിഞ്ഞ ആഴ്‌ചയാണ്‌.
അസമിലെ മുസ്ലിങ്ങൾ എത്രത്തോളം അരക്ഷിതരാണെന്ന് കാണിക്കുന്നതിന്റെ  അവസാന തെളിവാണ്‌ നിയമസഭയിൽ നമാസ് ഇടവേള ഒഴിവാക്കിയത്‌. മുസ്ലിം എംഎൽഎമാർക്ക്‌ വെള്ളിയാഴ്‌ച  നമസ്‌കാരത്തിനായി  അനുവദിച്ച രണ്ട്‌ മണിക്കൂർ ഇടവേള ചട്ടങ്ങളിലെ റൂൾ -11 ഭേദഗതി ചെയ്താണ് ഒഴിവാക്കിയത്. ബ്രിട്ടീഷ് ഭരണംമുതൽ ഇത്‌ പ്രാബല്യത്തിലുണ്ടായിരുന്നു. ചട്ടം ഭേദഗതിയെ  മുഖ്യപ്രതിപക്ഷമായ കോൺഗ്രസും കാര്യമായി എതിർത്തില്ല. മുസ്ലിം വിവാഹനിയമം റദ്ദാക്കി, മുസ്ലിം വിവാഹങ്ങൾക്കും വിവാഹമോചനങ്ങൾക്കും രജിസ്ട്രേഷൻ നിർബന്ധമാക്കുന്ന നിയമംകൊണ്ടുവന്നു.  ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ ആദ്യപടിയാണിത്‌.  

സത്യപ്രതിജ്ഞാ ലംഘനമാണ്‌  ഓരോ ദിവസവും മുഖ്യമന്ത്രി നടത്തുന്നത്‌.  അസമിനെ “പിടിച്ചടക്കാൻ”  ‘മിയ’ മുസ്ലിങ്ങളെ അനുവദിക്കില്ലെന്നും  “അതെ, ഞാൻ ഹിന്ദുക്കളുടെ പക്ഷത്താണെന്നും’’ നിയമസഭയിൽ പ്രഖ്യാപിക്കുന്നു.  ഭരണഘടന ഉയർത്തിപ്പിടിക്കുമെന്നും ‘ഭീതിയോ പക്ഷപാതമോ, പ്രീതിയോ വിദ്വേഷമോ കൂടാതെ എല്ലാത്തരത്തിലുള്ള ജനങ്ങളോടും തുല്യനീതി ചെയ്യുമെന്നും’ സത്യപ്രതിജ്ഞ ചെയ്‌ത മുഖ്യമന്ത്രിയാണ്‌ ഞാൻ ഹിന്ദുക്കളുടെ പക്ഷത്താണെന്ന്‌ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്‌. അസമിലെ പ്രളയത്തിന്‌ കാരണം മേഘാലയയിലുള്ള മുസ്ലിം വിഭാഗത്തിന്റെ സയൻസ് ആൻഡ് ടെക്‌നോളജി മേഘാലയ (യുഎസ്‌ടിഎം) സർവകലാശാലയാണെന്നും ഇത്‌  "പ്രളയ ജിഹാദാ'ണെന്നും മുഖ്യമന്ത്രി പറയുന്നു. മുസ്ലിങ്ങൾക്ക് ഭൂമി വിൽക്കുന്നതിന് മുഖ്യമന്ത്രിയുടെ അനുമതി നിർബന്ധമാക്കുന്നു. മുസ്ലിങ്ങളോടുള്ള വെറുപ്പും വിദ്വേഷവും  പല തീരുമാനങ്ങളിലും പ്രകടമാണ്. ഇത് അപരിഷ്‌കൃതം മാത്രമല്ല അപകടകരവുമാണ്.

പൗ​ര​ത്വം തെ​ളി​യി​ക്കാ​ൻ മ​തി​യാ​യ രേ​ഖ​ക​ളി​ല്ലെ​ന്ന് ആ​രോ​പി​ച്ച് എ​ൻആ​ർസി പ​ട്ടി​ക​യി​ൽ​നി​ന്ന് 18 ല​ക്ഷ​ത്തി​ല​ധി​കം പേരെ പു​റ​ത്താ​ക്കിയ സംസ്ഥാനത്ത്‌ സ്ഥിരമായി മുസ്ലിം വീടുകൾ തകർക്കപ്പെടുന്നു.  പുറത്തുള്ളവരും കൈയേറ്റക്കാരും എന്നു വിളിച്ച് സർക്കാർ അതിനെ ന്യായീകരിക്കുന്നു. മൂന്നു വർഷം മുമ്പ്, ദരാംഗിലെ ഒരു മുസ്ലിം വാസസ്ഥലം പൊളിക്കുന്നതിനിടെ പൊലീസ് ഭീകരമായ അക്രമം അഴിച്ചുവിട്ടു. ഇതിന്റെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർ മൊയ്നുൽ ഹക്കിനെ പൊലീസ്‌ വെടിവച്ച്‌ വീഴ്‌ത്തിയശേഷം നെഞ്ചിൽ ചാടി നൃത്തംചെയ്‌ത്‌ കൊലപ്പെടുത്തി. അന്ന്‌ 1,400  കുടുംബങ്ങളെയാണ്‌ കുടിയിറക്കിയത്‌. തുടർന്ന്‌ പലയിടങ്ങളിലും സമാനമായ കുടിയൊഴിപ്പിക്കലുണ്ടായി. ഹിമന്ത  സ്ഥാനത്ത് തുടരുന്ന ഓരോ ദിവസും അസമിലെ മുസ്ലിങ്ങളുടെ, പ്രത്യേകിച്ച് മിയ മുസ്ലിങ്ങളുടെ നിലനിൽപ്പ്‌ വലിയരീതിയിൽ അപകടത്തിലാകുന്നു. സമുദായങ്ങൾക്കിടയിൽ വർധിച്ചുവരുന്ന പിരിമുറുക്കങ്ങളും ആളുകൾക്കിടയിൽ വർഗീയവും സങ്കുചിത വാദവും ഉയർത്താൻ ചില സംഭവങ്ങളെ  ഉപയോഗിക്കുന്നതും സ്ഥിതിഗതികൾ വഷളാക്കുകയാണ്‌. ‘സ്വദേശികളും പുറത്തുനിന്നുള്ളവരും' എന്ന വിഭജനത്തിലൂടെ എല്ലാ പരിധികളും ലംഘിക്കുന്നു. ശിവസാഗർ പട്ടണത്തിൽ മാർവാരി വ്യാപാര സമുദായത്തിൽ രണ്ടുപേർ പതിനേഴുകാരിയെ ആക്രമിച്ചതിന്റെ പേരിൽ  ‘പുറത്തുള്ളവർ’ക്കെതിരെ പരക്കെ ഭീഷണി മുഴക്കി. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിനുപകരം മുഴുവൻ മാർവാരി സമൂഹത്തെയും കുറ്റപ്പെടുത്തി. അപ്പർ അസമിലെ അസമീസ് ഇതര വ്യവസായികൾക്കെതിരായ ഒരു വലിയ പ്രതിഷേധമാക്കി ഇതിനെ ഭരണകൂടം മാറ്റി.  സംസ്ഥാന മന്ത്രിയുടെയും പൊലീസ് സൂപ്രണ്ടിന്റെയും സാന്നിധ്യത്തിൽ ശിവസാഗർ ടൗണിൽ  മാർവാരി സമൂഹത്തിന്റെ പ്രതിനിധികളെക്കൊണ്ട്‌ മുട്ടുകുത്തിച്ച്‌ മാപ്പ് പറയിപ്പിക്കുകയായിരുന്നു. മറ്റൊരുസംഭവത്തിൽ  ആർഎസ്എസിന്റെയും ബിജെപിയുടെയും പിന്തുണയുള്ള ചില സംഘടനകൾ മിയ മുസ്ലിങ്ങളോട്‌ അസം വിട്ടുപോകാൻ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് മുസ്ലിങ്ങൾ അപ്പർ അസമിൽനിന്ന് പലായനം ചെയ്‌തു. 

ബലാത്സംഗവും അക്രമവും ക്രമാനുഗതമായി വർധിക്കുന്ന ഭയാനകമായ സംഭവങ്ങൾ ആവർത്തിക്കുന്ന സംസ്ഥാനത്ത് സ്ത്രീകളെ സംരക്ഷിക്കുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടു. കുറ്റകൃത്യങ്ങൾ മിക്കവാറും എല്ലാ സമുദായങ്ങളിൽപ്പെട്ടവരും ചെയ്യുന്നുണ്ടെങ്കിലും, മുസ്ലിങ്ങളെ മാത്രമാണ് കുറ്റവാളികൾ എന്ന് വിളിക്കുന്നത്. വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക്‌ ആശ്വാസമെത്തിക്കാൻ സർക്കാരിന്‌ കഴിഞ്ഞിട്ടില്ല. തൊഴിലില്ലായ്മ വലിയതോതിൽ ഉയരുകയാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കാണ്‌ അസമിലെ യുവാക്കൾ കൂട്ടത്തോടെ തൊഴിൽതേടി എത്തുന്നത്‌. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നിരവധി അഴിമതി ആരോപണങ്ങളും ഉയർന്നിട്ടുണ്ട്‌.  എല്ലാ രീതിയിലും ക്രമസമാധാന നില അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണ്‌.  ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും കുറ്റകൃത്യങ്ങളെ നിയന്ത്രിക്കുന്നതിനും പകരം മുഖ്യമന്ത്രി   ന്യൂനപക്ഷങ്ങൾക്കെതിരെ വിഷലിപ്തമായ പ്രചാരണത്തിന് നേതൃത്വം നൽകി ഭരണഘടനാ തത്വങ്ങൾ ലംഘിക്കുകയും വർഗീയ വിദ്വേഷം വളർത്തുകയും ചെയ്യുന്നു. വർഗീയ വിദ്വേഷം വളർത്തുകയും ന്യൂനപക്ഷ സമുദായങ്ങൾക്കും തദ്ദേശീയരല്ലാത്തവർക്കും മതിയായ സംരക്ഷണം നൽകുന്നതിൽ പരാജയപ്പെട്ട  ഹിമന്ത സർക്കാരിന്‌  അധികാരത്തിൽ തുടരാൻ ഭരണഘടനാപരമായും ധാർമികമായും അവകാശമില്ലെന്ന്‌ പ്രതിപക്ഷം കുറ്റപ്പെടുത്തി. സർക്കാരിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് പതിനെട്ട് പ്രതിപക്ഷ പാർടികൾ രാഷ്ട്രപതിക്ക് നിവേദനം നൽകിയിരിക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top