18 June Friday

ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ ഭാവി - ഡോ. ജെ പ്രസാദ്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020


കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് നടന്നുവരുന്ന പ്രവർത്തനങ്ങളെക്കുറിച്ച് നമ്മുടെ പൊതുസമൂഹത്തിൽ സജീവ ചർച്ചയാണ്‌ നടക്കുന്നത്‌. ഇക്കാര്യം വാർത്താസമ്മേളനത്തിലും ‘നാം മുന്നോട്ട്’ എന്ന പരിപാടിയിലും മുഖ്യമന്ത്രി എടുത്തുപറഞ്ഞു. പൊതുവിദ്യാഭ്യാസ–-ഉന്നതവിദ്യാഭ്യാസ രംഗം സസൂക്ഷ്മം നിരീക്ഷിക്കുന്ന  ആർക്കും തോന്നാവുന്ന കാര്യമാണ് മുഖ്യമന്ത്രിക്കും തോന്നിയിട്ടുണ്ടാകുക. ഇത്തരം ചർച്ചകൾക്കുള്ള അടിസ്ഥാനരേഖയായി മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. സാബുതോമസ് അധ്യക്ഷനായ വിദഗ്ധസമിതിയുടെ റിപ്പോർട്ടിനെ പരിഗണിക്കാവുന്നതാണ്.

വിദഗ്ധസമിതി റിപ്പോർട്ടുകൾ പലതും പുറംലോകം അറിയുകയോ സമൂഹം ചർച്ച  ചെയ്യുകയോ പതിവില്ല. 2020–-21ലെ സംസ്ഥാന ബജറ്റിൽ അഫിലിയേറ്റഡ് കോളേജുകളിൽ മാനദണ്ഡങ്ങൾക്ക്‌ വിധേയമായി 60 ന്യൂ ജനറേഷൻ ഇന്റർ ഡിസിപ്ലിനറി കോഴ്സുകൾ അനുവദിക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിലായിരിക്കണം ഇത്തരമൊരു വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ടാകുക. നിലവിലുള്ള കോഴ്സുകളെല്ലാം പരമ്പരാഗതവും അകാലികവുമാണെന്ന മുൻവിധിയോടെയാണ് റിപ്പോർട്ട്‌‌ അവതരിപ്പിക്കപ്പെടുന്നത് എന്ന തോന്നൽ  അപ്പാടെ തള്ളിക്കളയാൻ സാധിക്കില്ല. അതിന് കാരണമായി ഒരുപക്ഷേ നിലവിലുള്ള അധ്യാപകരുടെ  ജോലിസുരക്ഷിതത്വം സംബന്ധിച്ച ആശങ്കകളുമുണ്ടാകാം. എൽഡിഎഫ്‌ ഭരിക്കുമ്പോൾ അത്തരം ഒരു ആശങ്കയ്‌ക്ക്‌ തീരെ പ്രസക്തിയില്ല. എന്നാൽ, ഒരു കാര്യം നിസ്‌തർക്കമാണ്. കാലികപ്രസക്തിയുള്ളതും ഇല്ലാത്തതുമായ നിരവധി കോഴ്സുകൾ കോളേജുകളിൽ നിലനിൽക്കുന്നു. അത്തരം കോഴ്സുകളുടെ ഘടനയും ഉള്ളടക്കവും കോമ്പിനേഷനുകളും രാജ്യത്തിനകത്തും പുറത്തും ഉപരിപഠനം നടത്തുന്നതിന് പലവിധ പ്രതിബന്ധങ്ങളും സൃഷ്ടിക്കപ്പെടുന്നുമുണ്ട്. പുറത്തുനിന്ന്‌ ഇവിടെ പഠിക്കാൻ എത്തുന്നവർക്കും  ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. 2019ലെ ദേശീയ ഉന്നതവിദ്യാഭ്യാസ സർവേ പ്രകാരം 164 വിദേശ സർവകലാശാലയിൽനിന്നായി  47,427 കുട്ടികൾ മാത്രമാണ് ഇന്ത്യയിൽ ഉപരിപഠനത്തിന് എത്തിയത്.


 

കോഴ്സുകളുടെ പുനഃസംഘാടനം
പുതിയ കോഴ്സുകൾ ആരംഭിക്കുന്നതുസംബന്ധിച്ച് യൂണിവേഴ്സിറ്റി ആക്റ്റിലും സ്റ്റാറ്റ്യൂട്ടിലും വ്യക്തമായ ചട്ടങ്ങളുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പ്രതിനിധീകരിക്കുന്ന ഭരണസംവിധാനമാണ് മിക്ക സർവകലാശാലകളിലും ഉള്ളത്. ബോർഡ്‌സ്‌ ഓഫ് സ്റ്റഡീസ്, ഫാക്കൽറ്റി, അക്കാദമിക് കൗൺസിൽ എന്നിങ്ങനെയുള്ള ത്രിതല സംവിധാനം നമ്മുടെ സർവകലാശാലകൾക്കുണ്ട്‌. സമഗ്രമായ പാഠ്യപദ്ധതി രൂപീകരിക്കുന്നതിനോ കോഴ്സുകളുടെ നവീനവൽക്കരണത്തിനോ പുതിയ കോഴ്സുകൾ തുടങ്ങുന്നതിനോ സർവകലാശാല നിയമങ്ങൾ എതിരല്ല. എന്നിട്ടും പൊതുസമൂഹം ആഗ്രഹിക്കുന്ന രീതിയിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്നുവരാത്തതിന്റെ കാരണം ഈരംഗത്തുള്ളവർ തന്നെ അന്വേഷിച്ച് കണ്ടെത്തേണ്ടതാണ്.

ആദ്യമായി 1997ൽ മഹാത്മാഗാന്ധി സർവകലാശാലയാണ് കോഴ്സുകളുടെ സമഗ്രമായ പുനഃസംഘാടനം നടത്താൻ മുന്നോട്ടുവന്നത്. അതിന് നേതൃത്വം കൊടുത്തതാകട്ടെ ഇടതുപക്ഷ അധ്യാപകസംഘടനകളും. അതിനുവേണ്ടി  സ്‌കീമും സിലബസും പരിഷ്‌കരിച്ചു. മെയിൻ, സബ്സിഡിയറി വിഷയങ്ങൾക്കുപകരം കോർ വിഷയങ്ങളും കോംപ്ലിമെന്ററി വിഷയങ്ങളും എന്ന സങ്കൽപ്പം  കൊണ്ടുവന്നു. വോക്കേഷണൽ കോഴ്സുകൾക്ക്‌ തുടക്കം കുറിക്കുകയും കോളേജുകൾക്ക്‌ ‌ ചോയ്സ് അനുവദിക്കുകയും ചെയ്‌തു. അതിന്റെ പ്രതിഫലനം മറ്റ് യൂണിവേഴ്സിറ്റികളിലും ഉണ്ടായി. അതിനുശേഷം ഒരു ദശാബ്ധം കഴിഞ്ഞ് എം എ ബേബി വിദ്യാഭ്യാസമന്ത്രി ആയിരുന്ന കാലത്താണ് ബിരുദ ബിരുദാനന്തരതലങ്ങളിൽ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ സമഗ്രമായ അഴിച്ചുപണി നടത്തിയത്. ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ്‌  സെമസ്റ്റർ സമ്പ്രദായം അക്കാലത്താണ് ഒരു പോളിസി എന്ന നിലയിൽ നിലവിൽ വന്നത്. അതിന്റെ ഭാഗമായി സെമിനാറുകൾ, വർക്ക്‌ഷോപ്പുകൾ, ശിൽപ്പശാലകൾ, അധ്യാപകർക്കുള്ള പരിശീലനങ്ങൾ തുടങ്ങി സമഗ്രമായ പാക്കേജ് തന്നെ ഉണ്ടായിരുന്നു. ഇതുവഴി സെമസ്റ്റർ സിസ്റ്റം, ഇന്റേണൽ അസസ്‌മെന്റ്, കുട്ടികൾക്കുള്ള ക്രെഡിറ്റ് ചോയ്സ് എന്നിവ  കൊണ്ടുവരികയും  ചെയ്‌തിരുന്നു. വിഷയാന്തര പഠനം, സങ്കലിത വിജ്ഞാനപഠനം  എന്നീ സമീപനങ്ങൾക്ക്‌ തുടക്കം കുറിച്ചു. യുജിസി അംഗീകാരമുള്ള ഏത് സ്ഥാപനത്തിൽനിന്നും കുട്ടികൾക്ക്‌  ഇഷ്ടമുള്ള ക്രെഡിറ്റ്‌ എടുക്കാനുള്ള അവസരം ലഭ്യമായി. ‘സ്‌കോളർ ഇൻ റസിഡൻസ്‌ പദ്ധതിയിലൂടെ നൊബേൽ സമ്മാനിതർ ഉൾപ്പെടെയുള്ളവരുമായി ആശയവിനിമയം നടത്താനും സംശയനിവാരണത്തിനുമുള്ള അവസരം കുട്ടികൾക്ക്‌ ലഭിച്ചു. യൂണിവേഴ്സിറ്റികൾ തമ്മിൽ ഗവേഷണരംഗത്തും മറ്റും സഹകരിച്ച് പ്രവർത്തിക്കുന്നതിന് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ സ്ഥാപിച്ചു. ഒട്ടേറെ പ്രതീക്ഷകളോടെ കൊണ്ടുവന്ന ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ്‌ സെമസ്റ്റർ സമ്പ്രദായം, നമ്മുടെ സിസ്റ്റംതന്നെ അട്ടിമറിച്ചു. മൂന്നും നാലും സെമസ്റ്റർ കഴിഞ്ഞാലും ഒന്നാം സെമസ്റ്ററിന്റെ  റിസൾട്ട്‌  പ്രഖ്യാപിക്കുന്നതിൽ യൂണിവേഴ്സിറ്റികൾ കുറ്റകരമായ കാലതാമസം വരുത്തി. ഇന്റേണൽ അസസ്‌മെന്റ്‌ പ്രഹസനമാക്കി.  കുട്ടികൾ പുതിയ പരിഷ്‌കാരത്തിന്റെ ശത്രുക്കളായി.

കോവിഡ് കാലഘട്ടത്തിൽ ഇവിടത്തെ  പൊതുസമൂഹം ഗവേഷണ കേന്ദ്രങ്ങളായ നമ്മുടെ സർവകലാശാലകളിൽനിന്ന്‌ പലതും പ്രതീക്ഷിച്ചു. അത് സ്വാഭാവികംമാത്രം. ഈ പശ്ചാത്തലത്തിലാകണം കോളേജുകളിൽ നൂതന കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള നടപടികളുടെ  ഭാഗമായി സർക്കാർ, വിദഗ്ധസമിതിയെ നിയോഗിച്ചത്. കോളേജുകളിൽ നിലവിലുള്ള കോഴ്സുകൾ മിക്കവയും പരമ്പരാഗതവും അനാകർഷകവും ആയ  കോഴ്സുകൾ ആണെന്നും അവയ്‌ക്കൊന്നിനും ഗവേഷണപരത ഇല്ലെന്നും അതുകൊണ്ടുതന്നെ ഉപരിപഠനത്തിന് പ്രതിബന്ധങ്ങൾ സൃഷ്ടിക്കപ്പെടുന്നു എന്നും മനസ്സിലാക്കിയതിന്റെ  പശ്ചാത്തലത്തിലാണ് വിദഗ്ധസമിതിയുടെ നവീന കോഴ്സുകൾ തുടങ്ങാനുള്ള ശുപാർശ.


 

സുപ്രധാന നിർദേശങ്ങൾ 
ത്രിവത്സര ബിരുദകോഴ്സുകൾക്കുപകരം ചതുർവർഷ ഓണേഴ്സ് ബിരുദം തുടങ്ങുക, നാക്‌ എ ഗ്രേഡോ അതിന് മുകളിലോ സർട്ടിഫിക്കേഷനുള്ള  കോളേജുകളോ യൂണിവേഴ്സിറ്റികളോ 2020ലെ എൻഐആർഎഫ് റാങ്കിങ്ങിൽ ആദ്യ നൂറിൽപ്പെടുന്ന കോളേജുകളോ ആദ്യ അമ്പതിൽ വരുന്ന സർവകലാശാലകളോ ഇതിനായി പരിഗണിക്കാം. വിവിധ ആർട്‌സ്‌, സയൻസ്‌  വിഷയങ്ങളിൽ ട്രിപ്പിൾ മെയിൻ ബിരുദ കോഴ്സുകൾ ആരംഭിക്കുക. നാലാം വർഷം രാജ്യത്തിനകത്തും പുറത്തുമുള്ള സർവകലാശാലകളിൽനിന്ന്‌  ഐച്ഛികവിഷയം തെരഞ്ഞെടുക്കാവുന്ന തരത്തിൽ ചതുർവത്സര കോഴ്സ് ആരംഭിക്കുക.  ആവശ്യമെങ്കിൽ നിലവിലെ ത്രിവത്സര കോഴ്സ് അതിനായി  പ്രയോജനപ്പെടുത്താം. ബേസിക് സയൻസ്‌, സോഷ്യൽ സയൻസ്‌, ഭാഷ, എൻജിനിയറിങ്‌ എന്നീ വിഷയങ്ങളിൽ ഏകീകൃത പിജി കോഴ്സുകൾ ആരംഭിക്കുക, മൂന്നോ  അതിലധികമോ യൂണിവേഴ്സിറ്റികൾ ചേർന്നുള്ള എംഫിൽ/പിഎച്ച്‌ഡി കോഴ്സുകൾ സർവകലാശാലാ ഡിപ്പാർട്ടുമെന്റുകളിൽ ആരംഭിക്കുക, ബിരുദപഠനത്തോടൊപ്പം ഹ്രസ്വകാല അഡീഷണൽ കോഴ്സിലൂടെ മൈനർ ബിരുദം നേടാനുള്ള അവസരം ഒരുക്കുക, തൊഴിൽ വൈദഗ്ധ്യം വികസിപ്പിക്കാൻ ഹ്രസ്വകാല കോഴ്സുകൾ ആരംഭിക്കുക എന്നിവയാണ് സമിതിയുടെ സുപ്രധാന നിർദേശങ്ങൾ. ഇത്തരത്തിൽ തുടങ്ങാവുന്ന നൂറ്റിഇരുപതോളം നവീന കോഴ്സ്‌ നിർദേശിച്ചിട്ടുമുണ്ട്. ഒപ്പം  ഓർമശക്തി പരിശോധിക്കുന്ന ഇന്നത്തെ പരീക്ഷാ സമ്പ്രദായത്തിനുപകരം അസൈൻമെന്റ്‌, അവതരണം, സർഗാത്മകത, നൈപുണി  മുതലായവയാണ്  പരിശോധിക്കപ്പെടേണ്ടത് എന്നും നിർദേശിക്കുന്നു.

മിക്കപ്പോഴും യുജിസിയുടെ ഉൾപ്പെടെയുള്ള നിർദേശങ്ങൾ ഉൾക്കൊണ്ട് നാം തുടങ്ങുന്ന കോഴ്സുകൾ പാസായി പുറത്തുവരുന്ന കുട്ടികൾ  തുടർപഠനത്തിനോ ജോലിലഭ്യതയ്‌ക്കോ സാധ്യമാകാതെ വഴിമുട്ടി നിൽക്കുന്നു. ധൃതി പിടിച്ച് കോഴ്സുകൾ ആരംഭിക്കുകയും മിനിമം ഫാക്കൽട്ടികളെപ്പോലും നിയമിക്കാതിരിക്കുകയും ചെയ്യുന്ന പ്രവണത സാധാരണമാണ്. പുതുതായി തുടങ്ങുന്ന ബിരുദങ്ങൾ മിക്കതും പിഎസ്‌സിയുടെ ശ്രദ്ധയിൽപ്പെടുത്തി യോഗ്യതാ പട്ടികയുടെ കൂട്ടത്തിൽ ചേർക്കുന്നതിന് ഉത്തരവാദപ്പെട്ടവർ മുതിരാറില്ല. ഫലമോ വളരെ പ്രതീക്ഷയോടെ കോഴ്സ് പാസായി പുറത്തുവന്ന കുട്ടികൾ പിഎസ്‌‌സിക്ക്‌ അപേക്ഷ നൽകാൻപോലും കഴിയാതെ നിരാശരാകുന്നു. ഓൺലൈൻ അപേക്ഷ ആയതിനാൽ ലിസ്റ്റിൽ ഇല്ലാത്ത നൂതന കോഴ്സുകൾ ഒന്നും സോഫ്റ്റ്‌വെയർ സ്വീകരിക്കില്ല.  ഈ റിപ്പോർട്ടിൽ പറയുന്ന നൂതന കോഴ്സുകൾ മിക്കവയും സമൂഹം സ്വീകരിക്കും എന്ന കാര്യത്തിൽ സംശയവുമില്ല. അത് നടപ്പാക്കുന്നതിന് മുമ്പായി സമഗ്ര ചർച്ച നടത്തുന്നത് നന്നായിരിക്കും. യോഗ്യരായ അധ്യാപകർ ലഭ്യമാകുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. അത്തരം ആശങ്കകളൊക്കെ കണക്കിലെടുത്തും ഭൗതികസൗകര്യങ്ങൾ ഉറപ്പുവരുത്തിയും  റിപ്പോർട്ട്‌  നടപ്പാക്കുന്നതാണ് അഭികാമ്യം.

(എസ്‌സിഇആർടി ഡയറക്ടറാണ്‌ ലേഖകൻ )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top