23 May Monday

ഉന്നതവിദ്യാഭ്യാസ ബജറ്റിലെ മുൻഗണനകൾ

ഡോ. കെ കെ ദാമോദരൻUpdated: Thursday Jan 6, 2022

ഒന്നാം പിണറായി സർക്കാർ നടപ്പാക്കിയ വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെത്തുടർന്ന് സ്കൂൾ മേഖലയിൽ ഉണ്ടായിട്ടുള്ള പുരോഗതി ഉന്നതവിദ്യാഭ്യാസ തലത്തിലേക്കുകൂടി വ്യാപിപ്പിക്കാനുള്ള ഉദ്ദേശ്യം വെളിപ്പെടുത്തുന്നതായിരുന്നു 2021 ജനുവരിയിലും പിന്നീട് ജൂണിലും അവതരിപ്പിച്ച ബജറ്റുകൾ. ഇതിന്റെ തുടർച്ചയായി കോളേജുകളിൽ തുടങ്ങേണ്ട പുതിയ കോഴ്സുകളെ സംബന്ധിച്ച് പഠിക്കാനായി കമ്മിറ്റിയെ നിയോഗിച്ചു റിപ്പോർട്ടുവാങ്ങി, അതനുസരിച്ചുള്ള കോഴ്സുകൾ അനുവദിച്ചുതുടങ്ങി. മുപ്പത് സ്വയംഭരണ അന്തർസർവകലാശാല പഠനകേന്ദ്രത്തിൽ ആദ്യത്തേതിന്റെ പ്രോജക്ട്‌ റിപ്പോർട്ട് പൂർത്തിയായി. പ്രതിമാസം ഒരു ലക്ഷം രൂപവരെയുള്ള  500 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിനുള്ള അപേക്ഷകൾ വാങ്ങി പരിശോധിച്ചുവരുന്നു. സർവകലാശാലകളിൽ അധ്യാപക നിയമനം പൂർത്തിയായിവരുന്നു. മേഖലയിൽ അടിയന്തരമായി വരുത്തേണ്ട പരിഷ്കാരങ്ങളെ അധികരിച്ച് അധ്യാപകർക്കുള്ള ശിൽപ്പശാല ഉന്നതവിദ്യാഭ്യാസ കൗൺസിൽ പൂർത്തിയാക്കി, സ്ഥിരമായി വരുത്തേണ്ട മാറ്റങ്ങൾ ശുപാർശ ചെയ്യാനായി നിയോഗിച്ച മൂന്ന് സുപ്രധാന കമീഷൻ പ്രവർത്തിച്ചുവരുന്നു, 2022–-23 ബജറ്റിൽ ഉൾപ്പെടുത്തേണ്ട പശ്ചാത്തലവികസന പദ്ധതികളെ സംബന്ധിച്ച്  കോളേജുകളിൽനിന്നുള്ള വിവരശേഖരണം പൂർത്തിയായി. ആയിരം അധ്യാപക തസ്‌തിക ഉൾപ്പെടെ പ്രഖ്യാപിക്കപ്പെട്ട 3000 കോടി രൂപയുടെ പദ്ധതികൾ ഫലപ്രദമായി  പ്രാവർത്തികമാകുന്നതോടെ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്ന് രാജ്യത്തിന് മാതൃകയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

അക്കാദമിക രംഗത്തെ പരിഷ്കാരങ്ങളും പുതിയ പദ്ധതികളും നടപ്പാക്കാനായി സർക്കാർതലത്തിലും സർവകലാശാലാ തലത്തിലും തടസ്സങ്ങളൊന്നുമില്ലെങ്കിലും ഈ പരിഷ്കാരങ്ങളുടെ ഗുണഫലം വിജയകരമായി വിദ്യാർഥികളിലെത്തണമെങ്കിൽ  സർക്കാർ കോളേജുകളിലെ മേൽനോട്ട സംവിധാനത്തിൽ ഏറെ കാലമായി നിലനിൽക്കുന്ന ഗുരുതരമായ ഒരു കുറവിനെ അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്. മികവിനും സാമൂഹ്യമുന്നേറ്റത്തിനും ഒരേ പ്രോത്സാഹനം നൽകിക്കൊണ്ട് നടത്തുന്ന തെരഞ്ഞെടുക്കലിലൂടെ  ഏറ്റവും മിടുക്കരായിട്ടുള്ള അധ്യാപകരും വിദ്യാർഥികളുമാണ് സർക്കാർ കോളേജുകളിൽ എത്തപ്പെടുന്നത്. പുതിയ കോളേജുകളെ മാറ്റിനിർത്തിയാൽ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിലും ഇവ വളരെ മുന്നിലാണ്. മുൻകാലങ്ങളെപ്പോലെ സർക്കാർ കോളേജുകൾക്ക് മാത്രമായുള്ള വിദ്യാർഥിസമരങ്ങളൊന്നും ഇപ്പോൾ ഇല്ലതാനും. ഇങ്ങനെയൊക്കെയാണെങ്കിലും വർഷാവസാനം പരീക്ഷാഫലം വരുമ്പോൾ മേൽപ്പറഞ്ഞ മേന്മകളൊന്നും അധികം അവകാശപ്പെടാനില്ലാത്ത പല സ്വകാര്യകോളേജുകളെ അപേക്ഷിച്ച്‌ സർക്കാർ കോളേജുകൾ പൊതുവിൽത്തന്നെ വളരെ പുറകിലായിരിക്കും നിൽക്കുന്നത്. തോറ്റവരെയും നാമമാത്ര വിജയം കൈവരിച്ചവരെയും നിരത്തിനിർത്തി പരിശോധിച്ചാൽ അവരിൽ ഏതാണ്ട് എല്ലാവരുംതന്നെ പിന്നോക്ക സാഹചര്യങ്ങളിൽനിന്ന്‌ വരുന്നവരും, മിക്കവരും ഒന്നാം തലമുറ വിദ്യാർഥികളുമാണെന്ന് കാണാം.

പ്രിൻസിപ്പൽ നിയമനം
ഒരു കോളേജിൽ നടക്കേണ്ട ഏറ്റവും അടിസ്ഥാനപരവും നിർണായക പ്രാധാന്യമുള്ളതുമായ പഠിക്കലും പഠിപ്പിക്കലും ഫലപ്രദമായും അനാവശ്യമായ ഇടതടവില്ലാതെയും സാധ്യമാക്കുന്നതിൽ പ്രിൻസിപ്പൽമാർക്ക് ഒരു വലിയ പങ്കുണ്ട്. അധ്യാപകർക്ക് തൃപ്തികരമായവിധം ജോലിചെയ്യാനുള്ള സാഹചര്യവും വിദ്യാർഥികൾക്ക് ക്യാമ്പസിലെ അവരുടെ എല്ലാ അവകാശവും സംരക്ഷിക്കപ്പെടുന്ന മികച്ച പഠനാന്തരീക്ഷവും ഒരുക്കേണ്ട പ്രാഥമിക ചുമതലയുള്ള ഉദ്യോഗസ്ഥനാണ് പ്രിൻസിപ്പൽ. ഇതോടൊപ്പം കോളേജിന്റെ സകല പശ്ചാത്തലസൗകര്യങ്ങളും പരിപാലിക്കേണ്ടതിന്റെയും വികസിപ്പിക്കേണ്ടതിന്റെയും പ്രധാന ഉത്തരവാദിയും പ്രിൻസിപ്പലാണ്. ആയതിനാൽ, കോളേജുകളിൽ സ്ഥിരമായും തുടർച്ചയായും പ്രിൻസിപ്പൽമാർ  ഉണ്ടാകുക എന്നതാണ് ആ മേഖലയിൽ സംഭവിക്കേണ്ട ഏറ്റവും വിപ്ലവകരമായ മാറ്റങ്ങളിൽ ഒന്നാമത്തേത്.

സർക്കാർ കോളേജുകളിൽ എല്ലാകാലത്തും കുറെ എണ്ണത്തിൽ പ്രിൻസിപ്പൽമാർ ഉണ്ടാകില്ല. കേരളത്തിൽ മാത്രമല്ല, 2008നുശേഷം ഇന്ത്യയിലാകെ സ്ഥിതി ഇതാണ്. ബഹുഭൂരിപക്ഷം കോളേജിലും മുതിർന്ന ഒരധ്യാപകൻ താൽക്കാലിക പ്രിൻസിപ്പലായി പ്രവർത്തിക്കുകയാകും. ഒരു അധ്യാപകന്റെ സാധാരണ ജോലിഭാരത്തിന് പുറമെ അധികഭാരമായാണ് പ്രിൻസിപ്പൽ ചുമതലയുണ്ടാകുക. രണ്ട് ഉത്തരവാദിത്വവും ഒരേസമയം ശരിയായി നിർവഹിക്കുക അസാധ്യമായതിനാൽ  രണ്ടിലും വിട്ടുവീഴ്ചയുടെ വഴി തേടുക എന്നതാണ് പതിവ്. സീനിയോരിറ്റിയുടെ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനാൽ പ്രിൻസിപ്പൽമാരായി നിയമിതരാകുന്നവരിൽത്തന്നെ ഭൂരിഭാഗവും സേവനകാലത്തിന്റെ ഏറ്റവും അവസാനഘട്ടത്തിൽ എത്തിയവരും  റിട്ടയർമെന്റ് മൂഡിൽ ഉള്ളവരുമാകും. കേരളത്തിലെ ഏതൊരു സർക്കാർ കോളേജ് എടുത്തുനോക്കിയാലും ഒരാൾതന്നെ  പ്രിൻസിപ്പൽ കസേരയിൽ സ്ഥിരമായി ഇരുന്ന ശരാശരി കാലം ഒരുവർഷത്തിൽ താഴെയായിരിക്കും. ഈ അസ്ഥിരതയോ അസാന്നിധ്യമോ ആണ് സർക്കാർ കോളേജുകളുടെ പിന്നോക്കാവസ്ഥയുടെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന്. പ്രിൻസിപ്പൽ തസ്തികയെ പ്രത്യേകമായെടുത്ത് നേരിട്ട് നിയമനം നടത്താൻ യുജിസി  2006 മുതൽ നിർദേശിക്കുന്നുണ്ടെങ്കിലും, ആ നിയമനരീതിയിൽ എല്ലാ സാമൂഹ്യ വിഭാഗത്തെയും ഉൾപ്പെടുത്താൻ കഴിഞ്ഞോളണമെന്നില്ല. എന്നാൽ, അഞ്ചുവർഷമോ അതിലധികമോ സേവനകാലയളവ്  ബാക്കിയുള്ള യുജിസി നിർദേശിക്കുന്ന യോഗ്യതകളുള്ള സർക്കാർ കോളേജധ്യാപകർക്കുമാത്രം അപേക്ഷിക്കാവുന്ന പ്രത്യേക തസ്തികയാക്കി ഇതിനെ മാറ്റുകയും എല്ലാ സാമൂഹ്യ സംവരണവും ഉറപ്പുവരുത്തുകയും ചെയ്തുകൊണ്ട് ഈ പരിമിതിയെ മറികടക്കണം.

അധ്യാപക നിയമനം
ഒരു മണിക്കൂർ ദൈർഘ്യമുള്ള ഒരു ക്ലാസിൽ പരമാവധി എത്രവിദ്യാർഥികളെ ഇരുത്താം  എന്നതും അടിയന്തരമായി തീരുമാനിക്കപ്പെടേണ്ട സംഗതിയാണ്. ഇംഗ്ലീഷ്, ഉപഭാഷാ ക്ലാസുകളിൽ നൂറിന് മുകളിൽ വിദ്യാർഥികൾ ഇരിക്കുന്നുണ്ട്. ഇംഗ്ലീഷിലെ കൂട്ടത്തോൽവിക്കും ഭാഷാപിന്നോക്കാവസ്ഥയ്ക്കും ഇത് കാരണമാകുന്നുണ്ട്. ക്ലാസുകളിലെ പരമാവധി എണ്ണം കണക്കാക്കി അധ്യാപകതസ്തിക സൃഷ്ടിച്ചുകൊണ്ടുമാത്രമേ ഈ പ്രശ്നം പരിഹരിക്കാൻ കഴിയുകയുള്ളൂ. ഒരാഴ്ചയിൽ പതിനാറ് മണിക്കൂർ ക്ലാസുള്ള വിഷയങ്ങൾക്കേ സ്ഥിരം അധ്യാപകരെ നിയമിക്കൂ എന്ന നിലപാട്  ഭാഷാവിഷയങ്ങളുടെ കാര്യത്തിൽക്കൂടി സ്വീകരിക്കുന്നത്  മലയാളം, ഹിന്ദി, സംസ്കൃതം, അറബി, ഉറുദു, ഫ്രഞ്ച് തുടങ്ങിയ  വിഭാഗങ്ങളിൽ സ്ഥിരം അധ്യാപകർ ആരുംതന്നെ ഇല്ലാത്ത സ്ഥിതിയിലേക്ക്  എത്തിക്കും. ആയതിനാൽ ഈവകയിൽ വരുന്ന ചെലവിനെ    ഉന്നതവിദ്യാഭ്യാസരംഗത്തെ സംസ്ഥാനത്തിന്റെ പ്രത്യേക മുതൽമുടക്കായി കണക്കാക്കണം.

പശ്ചാത്തല സൗകര്യം
കോളേജുകളുടെ  അക്കാദമിക പുരോഗതിക്ക് അത്യന്താപേക്ഷിതമായ ഘടകമാണ് പശ്ചാത്തലസൗകര്യങ്ങളുടെ വികസനം. സർക്കാരിന്റെ പദ്ധതി വിഹിതം, റൂസ ഫണ്ട്, യുജിസി ഫണ്ട് തുടങ്ങിയവയാണ് പ്രധാന ധനസ്രോതസ്സുകൾ. ഈ ഫണ്ടുകൾക്കെല്ലാംതന്നെ, എത്രവേഗം പ്ലാനും എസ്റ്റിമേറ്റും സമർപ്പിക്കുന്നുവോ അത്രയും വേഗം പണം അനുവദിക്കുമെന്നതാണ് നിലവിലെ സാഹചര്യം. ഉന്നതവിദ്യാഭ്യാസ വികസനത്തിന് ഊന്നൽ നൽകുന്നതിന്റെ ഭാഗമായി ക്യാമ്പസുകളിൽ നടത്തേണ്ട പശ്ചാത്തലവികസന പ്രവൃത്തികളുടെ പട്ടിക കോളേജുകൾ തയ്യാറാക്കിയിട്ടുണ്ട്. ഇവ സമയബന്ധിതമായി പദ്ധതികളാക്കാനും അവയെ സാങ്കേതിക രൂപത്തിലാക്കാനും നടപ്പിൽ വരുത്താനും  ജില്ലകൾതോറും ഒരു  താൽക്കാലിക സംവിധാനമുണ്ടാക്കണം. കോളേജുകളുടെ പൊതുഭരണം, അക്കാദമിക പ്രവർത്തനങ്ങൾ, പശ്ചാത്തലവികസനം എന്നിവയോടുള്ള സമീപനത്തിൽ മുകളിൽ സൂചിപ്പിച്ച മാറ്റങ്ങൾ സംഭവിച്ചാൽ മാത്രമേ ഉന്നതവിദ്യാഭ്യാസ ബജറ്റിന്റെ ഭാഗമായി മികവിനെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ഒന്നാം തലമുറ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ സാമൂഹ്യ പിന്നോക്കാവസ്ഥ പരിഹരിക്കാനുംകൂടി ഉതകുന്നവിധം കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ സംവിധാനം മാറുകയുള്ളൂ.

(കേരള സ്റ്റേറ്റ് ഉന്നതവിദ്യാഭ്യാസ കൗൺസിൽ അംഗമാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top