31 January Tuesday

സർവകലാശാലകളും കേരളസമൂഹവും

പ്രൊഫ. വി കാർത്തികേയൻനായർUpdated: Friday Nov 4, 2022


കേരളത്തിലെ സർവകലാശാലകളിൽ ഭൂരിപക്ഷത്തിന്റെയും തലപ്പത്തിരിക്കുന്ന വൈസ് ചാൻസലർമാർ അയോഗ്യരാണെന്നും അധ്യാപക നിയമനത്തിൽ ബന്ധുജന പ്രീണനവും രാഷ്ട്രീയ വിധേയത്വവുമാണ് മാനദണ്ഡമെന്നും ഒരു പ്രചാരണം നടക്കുന്നുണ്ടല്ലോ.  അഖിലേന്ത്യ തലത്തിലുള്ള ‘ക്രിമിനലുകളും' തദ്ദേശീയ ‘ഗുണ്ടകളും' സർവകലാശാലാ ഭരണത്തെ വഴിതെറ്റിക്കുന്നുവെന്നും ആക്ഷേപം ഉയർത്തുന്നു. ഇതേ തുടർന്ന് നടന്ന ചില ചാനൽ ചർച്ചകളിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസം നിലവാരമില്ലാത്തതിനാലാണ് മലയാളി വിദ്യാർഥികൾ വിദേശ സർവകലാശാലകളിൽ പ്രവേശനം നേടുന്നത് എന്നും പറഞ്ഞുകേട്ടു. ഇത്തരം ചർച്ചകൾ നയിക്കുന്ന മാധ്യമ പ്രവർത്തകരിലും ചർച്ചയ്‌ക്കായി എത്തുന്ന ‘രാഷ്ട്രീയ നിരീക്ഷകരി’ ലും ‘സാമൂഹിക ശാസ്ത്രജ്ഞരി' ലും ഭൂരിപക്ഷം പേരും കേരളത്തിലെ സർവകലാശാലകളിൽനിന്ന്‌ ബിരുദമെടുത്തവരാണെന്ന സത്യം ആരും ഓർമിക്കുകയില്ല. ഉന്നത നിലവാരമുള്ള സർവകലാശാലകൾ തേടി വിദേശത്തേക്കു പോകുന്നവരിൽ പലരും കേരളത്തിലെ കോളേജുകളിൽ പ്രവേശനം കിട്ടാത്തവരാണെന്ന സത്യവും നിലനിൽക്കുന്നു.

സെർച്ച് കമ്മിറ്റിയുടെ ശുപാർശയിൽ മൂന്ന്‌ അപേക്ഷകർ ഇല്ല എന്ന സാങ്കേതികത്വത്തിന്റെ അടിസ്ഥാനത്തിലാണ് സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ നിയമനത്തെ സുപ്രീംകോടതി അസാധുവാക്കിയത്. അതായത് ഒരു നൊബേൽ സമ്മാനജേതാവിനെപ്പോലും ഐകകണ്‌ഠ്യേന ശുപാർശ ചെയ്യാൻ സെർച്ച് കമ്മിറ്റിക്ക് അധികാരമില്ല. റോഡരികിൽ വൈദ്യുതി കമ്പികൾക്കു മുകളിൽക്കൂടി അപകടകരമായി ചാഞ്ഞുനിൽക്കുന്ന തെങ്ങ് മുറിച്ചുമാറ്റണമെന്ന്‌ അപേക്ഷിച്ച്‌ കലക്ടർക്ക് നൽകുന്ന പരാതിയിൽ കോർട്ട്‌ഫീ സ്റ്റാമ്പ്‌ ഒട്ടിച്ചില്ലെന്ന സാങ്കേതിക കാരണത്താൽ അപേക്ഷ നിരസിക്കപ്പെടുന്നതുപോലെയാണ് വിസി നിയമനത്തിന്റെ കാര്യത്തിൽ കോടതി വിധിയിലും സംഭവിച്ചത്.

എന്തുകൊണ്ടാണ് കേരളത്തിലെ സർവകലാശാലകൾ അക്കാദമികമായി ആക്രമിക്കപ്പെടുന്നത്? അതറിയണമെങ്കിൽ അൽപ്പം ചരിത്രം പരിശോധിക്കണം. കമ്പനി ഭരണത്തിനെതിരെ ഉത്തരേന്ത്യയിൽ 1857ൽ നടന്ന കലാപത്തിനുശേഷം ഇംഗ്ലീഷുകാർ ഇന്ത്യയിൽ ആക്രമണത്തിനും അധിനിവേശത്തിനുമായി സൈന്യത്തെ ഉപയോഗിച്ചിട്ടേയില്ല. എന്നാൽ, അതിനുശേഷമാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയിൽ ഗ്രാമതലത്തിൽ വരെ വേരോട്ടമുള്ള ഒന്നായി വളർന്നത്. എങ്ങനെയാണത് സാധിച്ചത്? നാലു പ്രധാനപ്പെട്ട സ്ഥാപനങ്ങളെയാണ് അവർ അതിനായി രൂപപ്പെടുത്തിയത്. ജനപ്രതിനിധി സഭകൾ, ബ്യൂറോക്രസി, ജുഡീഷ്യറി, സർവകലാശാലകൾ എന്നിവ. ആദ്യത്തെ മൂന്നിനെയും ചിട്ടപ്പെടുത്തിയത് സർവകലാശാലകളാണ്. സർവകലാശാലകൾ ഉൽപ്പാദിപ്പിച്ച ബിരുദധാരികൾ (ബുദ്ധിജീവികൾ) ആണ് ഭരണകൂടത്തിന്‌ അനുകൂലമായ സമ്മതിയുടെ നിർമിതി സാധ്യമാക്കിയത്. സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്തതും ഇവരായിരുന്നു. അവർ ബ്രിട്ടീഷ് ഭരണത്തിനെതിരായിരുന്നെങ്കിലും ആ ഭരണ വ്യവസസ്ഥയുടെ വക്താക്കളായിരുന്നു. ദേശീയതയെന്ന രാഷ്ട്രീയ വികാരത്തിലൂടെ സർവകലാശാലാ വിദ്യാഭ്യാസം ലഭിക്കാൻ അവസരം കിട്ടാത്ത ജനകോടികളുടെ പൊതുബോധത്തെ നിർമിച്ചതും ഇവരായിരുന്നു. ഇതിൽനിന്ന്‌ വഴിതെറ്റിപ്പോയ ചില കുഞ്ഞാടുകളാണ് സോഷ്യലിസ്റ്റുകാരും കമ്യൂണിസ്റ്റുകാരുമായി സോവിയറ്റ് മാതൃകയിൽ ‘അട്ടിമറി സമരത്തിന്' മുതിർന്നത്. ചുരുക്കത്തിൽ ഇന്ത്യയുടെ ദേശീയബോധത്തെയും ദേശീയ മനസ്സിനെയും  രൂപപ്പെടുത്തിയത് സർവകലാശാലകളായിരുന്നു.

സ്വാതന്ത്ര്യലബ്ധിക്കുശേഷവും മേൽപ്പറഞ്ഞ നാലു സ്ഥാപനത്തിന്റെയും ഘടനയിൽ മാറ്റം വന്നിട്ടില്ല. വിശദാംശങ്ങളിൽ വ്യത്യാസമുണ്ടാകാം. ഘടന ഗുണത്തെ ബാധിക്കുമെന്നാണ് ശാസ്ത്രം പറയുന്നത്. നിലവിലെ സർവകലാശാലകൾ കൊളോണിയൻ മാതൃകയിലുള്ളതാണെങ്കിലും അവകൾ ഉൽപ്പാദിപ്പിക്കുന്ന ഗുണത്തിന് മാറ്റമുണ്ട്. പ്രത്യേകിച്ചും കേരളത്തിന്റെ കാര്യത്തിൽ. രാഷ്ട്രീയ പ്രബുദ്ധതയും വിമർശബുദ്ധിയുമുള്ള ജനങ്ങളാണ് കേരളത്തിലുള്ളത് എന്നതിനാൽ ഇവിടത്തെ സർവകലാശാലകളിലും അത് നിഴലിക്കും. മറ്റൊരു അർഥത്തിൽ പറഞ്ഞാൽ കേരളത്തിലെ പ്രബുദ്ധതയ്‌ക്കടിസ്ഥാനം സർവകലാശാലാ വിദ്യാഭ്യാസവും സർവകലാശാലകളുടെ പ്രബുദ്ധതയ്‌ക്കടിസ്ഥാനം സമൂഹവുമാണ്. എന്താണീ പ്രബുദ്ധത? രാഷ്ട്രീയമായി വ്യത്യസ്ത കക്ഷികളിൽപ്പെടുന്നവരാണെങ്കിലും ഭൂരിപക്ഷം ജനങ്ങളും പുരോഗമന വീക്ഷണമുള്ളവരും ജനാധിപത്യവിശ്വാസികളും മതനിരപേക്ഷ സ്വഭാവമുള്ളവരുമാണ്. ഇത്തരമൊരു സമൂഹത്തിൽ വർഗീയതയ്‌ക്ക് വേരോട്ടമുണ്ടാവുക പ്രയാസമാണ്. അതായത് കേരളത്തിൽ വർഗീയതയെ തടഞ്ഞുനിർത്തുന്നതിൽ സർവകലാശാലാ വിദ്യാഭ്യാസം വഹിക്കുന്ന പങ്ക് നിർണായകമാണ്.

അതുകൊണ്ടാണ് ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും ജീവിക്കുന്ന കേരളത്തിൽ ഈ മൂന്നുതരം വർഗീയതകളും വളരാതെ നിൽക്കുന്നത്. അതിനാൽ കേരള സമൂഹത്തെ വർഗീയവൽക്കരിക്കണമെങ്കിലും ഹിന്ദുത്വദർശനത്തിന് വേരോട്ടമുണ്ടാക്കണമെങ്കിലും സർവകലാശാലകളുടെ നിയന്ത്രണം അവരുടെ കൈകളിലാകണം. അതിന്റെ ആദ്യത്തെ പടിയാണ് വിസി നിയമനം. വളരെ ക്ഷമാപൂർവം ചെയ്യേണ്ട പ്രവൃത്തിയാണത്. അതിനവർ തയ്യാറാണ്. തൊണ്ണൂറുവർഷത്തെ കാത്തിരിപ്പിനുശേഷമാണ് 2014ൽ ഹിന്ദുത്വത്തിന് പാർലമെന്റിൽ കേവലഭൂരിപക്ഷം കിട്ടി ഭരിക്കാനായത് എന്ന് ഐജാസ് അഹമ്മദ് ചൂണ്ടിക്കാട്ടുന്നുണ്ട്. അത് രാഷ്ട്രീയ പ്രവർത്തനമായിരുന്നില്ല. സാംസ്കാരിക പ്രവർത്തനമായിരുന്നു. സർവകലാശാലാ വിദ്യാഭ്യാസം സാംസ്കാരിക പ്രവർത്തനവേദിയാണ്. അതുകൊണ്ടാണ് സർവകലശാലകളിൽ രാഷ്ട്രീയാതിപ്രസരമാണെന്ന ആക്ഷേപം ഉന്നയിക്കുന്നതും രാഷ്ട്രീയ മുക്തമാക്കണമെന്ന് ആവശ്യപ്പെടുന്നതും.

കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ കൊണ്ടുവന്ന ഭൂപരിഷ്കാര നിയമമാണ് പാട്ടക്കുടിയാന്മാരെ ഭൂവുടമകളാക്കിയത്. അവരുടെ മക്കൾക്ക് ഫീസുകൊടുത്ത് പഠിക്കാൻ പ്രാപ്തിയുണ്ടാക്കിയത് ആ നിയമമാണ്. ഹൈസ്‌കൂൾ ക്ലാസുകളിലും പ്രീഡിഗ്രിക്കും അന്ന് ഫീസ്‌ കൊടുക്കണമായിരുന്നു. പത്താംക്ലാസ് പാസായവരുടെ എണ്ണം വർധിച്ചപ്പോൾ കോളേജ് വിദ്യാഭ്യാസത്തിന് സമ്മർദമേറി. അങ്ങനെയാണ് പഞ്ചായത്തുതലത്തിൽ വരെ കോളേജുകളുണ്ടായത്. ആ ക്യാമ്പസിൽനിന്നു പുറത്തുവന്നവരാണ് ഇന്ന് കേരളത്തിലെ തീരുമാനങ്ങളെടുക്കുന്നവരിൽ ഭൂരിപക്ഷം. അവരാണ് പുരോഗമനവാദികളും ജനാധിപത്യവിശ്വാസികളും മതനിരപേക്ഷ സ്വഭാവമുള്ളവരും. അതിൽ മാറ്റം വരണമെങ്കിൽ ക്യാമ്പസിന്റെയും സർവകലാശാലയുടെയും ഘടനയിൽ മാറ്റം വരുത്തണം. അതിനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

സെർച്ച് കമ്മിറ്റി ഒരാളെ മാത്രമെ ശുപാർശ ചെയ്യുന്നുള്ളൂ എങ്കിൽ കേരളത്തിന്റെ സാഹചര്യത്തിൽ അയാൾ വർഗീയവാദിയോ ഏകാധിപത്യ വീക്ഷണമുള്ളയാളോ ആകാൻ കഴിയില്ല. മൂന്നു പേരുകളുണ്ടെങ്കിൽ അതിലൊരാൾ യുജിസി പ്രതിനിധിയുടെ ശാഠ്യപ്രകാരം ഹിന്ദുത്വവാദിയാകും. ചാൻസലറുടെ അധികാരം ഉപയോഗിച്ച് അയാളെ വിസിയാക്കാം. അയാൾ ഏകാധിപതിയും ഹിന്ദുത്വവാദിയുമാണെങ്കിൽ വിസിയുടെ അധികാരം അക്കാദമിക സമിതികളിൽ പ്രയോഗിക്കാനാകും. സമിതികളുടെ തീരുമാനത്തെ അവഗണിക്കാൻ സാധിക്കും.

പത്താം ക്ലാസ്‌ കഴിഞ്ഞ് ഓരോ വർഷവും ഏകദേശം അഞ്ചുലക്ഷം പേർ ഹയർ സെക്കൻഡറിയിൽ പ്രവേശിക്കുന്നുണ്ട്. അതുകഴിയുമ്പോൾ അവർ വോട്ടർമാരാകും. രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുള്ളിൽ അങ്ങനെ 25 ലക്ഷം പുതിയ വോട്ടർമാരുണ്ടാകും. കോളേജുകളിൽ പഠിക്കാനെത്തിയില്ലെങ്കിലും ഇവരുടെ പൊതുബോധത്തെ നിർമിക്കുന്നത് സർവകലാശാലാ ബിരുദം നേടിയ അധ്യാപകരായിരിക്കും. അവർ ആർക്ക് വോട്ടുചെയ്യുന്നു എന്നതുപോലെതന്നെ പ്രധാനമാണ് അവരുടെ പൊതുബോധം എങ്ങനെയെന്നുള്ളതും. മതനിരപേക്ഷ–- ജനാധിപത്യ–-പുരോഗമന വീക്ഷണമുള്ളവരായിക്കൊള്ളണമെന്നില്ല അവരെല്ലാവരും. കോടതിവിധി ഒരു വിസിക്കു മാത്രമെ ബാധകമാകുന്നുള്ളൂവെങ്കിലും മറ്റുള്ളവർക്കും അത് ബാധകമാക്കാൻ ശ്രമിച്ചതിന്റെ പൊരുൾ ഇപ്പോൾ വ്യക്തമാണ്. ഒറ്റയടിക്ക് എല്ലാ സർവകലാശാലകളിലെയും വിസിമാരെയും അവരെ ഉപയോഗിച്ചുകൊണ്ട് അക്കാദമിക് സമിതികളെയും നിയന്ത്രിക്കാനായാൽ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടർമാരിൽ ഹിന്ദുത്വവാദികളുടെ സ്വാധീനം വർധിപ്പിക്കാനാകുമെന്ന കാഴ്ചപ്പാടാണ് ആസൂത്രകർക്കുള്ളത്. ചാൻസലർ വെറുമൊരു നെത്തോലിയല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top