17 January Monday

വേണം പുതിയ സമീപനങ്ങൾ, മാതൃകകൾ - മിനി സുകുമാർ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Nov 18, 2021

ഉന്നതവിദ്യാഭ്യാസ മേഖലയിലെ ലിംഗനീതി സമീപനങ്ങൾ ഏറ്റവും പുരോഗമനപരവും സാമൂഹ്യനീതിയുടെ അടിസ്ഥാന സങ്കൽപ്പങ്ങൾക്ക് അനുസൃതവുമാകണം. സമൂഹത്തിൽ പരോഗമനപരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്ന, യുവതലമുറയെ സ്വാധീനിക്കാൻ ശക്തിയുള്ള ആശയങ്ങൾക്കും പ്രവർത്തനരീതികൾക്കും അക്കാദമിക–- അച്ചടക്ക മാനദണ്ഡങ്ങൾക്കും മുൻഗണന കൊടുത്തുള്ള പുതിയ മാതൃകകൾ ഉണ്ടാക്കിയെടുക്കാൻ കേരളത്തിനു സാധിക്കണം. ഉന്നതവിദ്യാഭ്യാസ മേഖയിലെ ലിംഗനീതിയെക്കുറിച്ചു ചിന്തിക്കുമ്പോൾ  രണ്ടു കാര്യം പ്രധാനമായി കണക്കിലെടുക്കേണ്ടതുണ്ട്.

(1) ലിംഗവിവേചനം ഒരു ഘടനാപരമായ പ്രശ്നം
(2) ലിംഗപദവി  ഒരു അക്കാദമിക വ്യവഹാരം /സമീപനം
ഉന്നതവിദ്യാഭ്യാസ മേഖലയിൽ ലിംഗപദവിയുമായി ബന്ധപ്പെട്ട സംഗതികളെ ഈ രണ്ടു നിലയിലും പരിഗണിക്കുകയും അവ പരിഹരിക്കാൻ നടപടികൾ ഉണ്ടാകുകയും വേണം.

പൊതുവിൽ ഇന്ത്യയിലും കേരളത്തിൽ  പ്രത്യേകിച്ചും വിദ്യാഭ്യാസരംഗത്തെ മുന്നേറ്റമാണ് സാമൂഹ്യപുരോഗതിയുടെ ഏറ്റവും ദൃശ്യമായ സൂചികകളിൽ പ്രധാനം. എണ്ണത്തിലുണ്ടായ വർധന മാത്രമല്ല, ഗുണപരമായും വിവിധ സാമൂഹ്യ വിഭാഗങ്ങളുടെ പങ്കാളിത്തത്തിലും ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്. സാമൂഹ്യമായും സാമ്പത്തികമായും പിന്നിൽ നിന്ന ജാതി, മത സാമൂഹ്യ വിഭാഗങ്ങളിലും വിദ്യാഭ്യാസത്തിൽ വളർച്ചയുണ്ടായി എന്നാണ് കണക്കുകൾ കാണിക്കുന്നത്.

സ്കൂൾ വിദ്യാഭ്യാസരംഗത്തു മാത്രമല്ല, രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തും ഈ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട ചർച്ചകളും പ്രക്ഷോഭങ്ങളും ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിൽ സജീവമാകുന്നത് ഈയൊരു മാറ്റത്തിന്റെ ഫലമായി കാണാം. 2019ലെ ദേശീയ ഉന്നതവിദ്യാഭ്യാസ സർവേ നൽകുന്ന കണക്കുപ്രകാരം ഉന്നതവിദ്യാഭ്യാസരംഗത്തെ മൊത്തം എൻറോൾമെന്റ് മൂന്നുകോടി 85 ലക്ഷമാണ്. ഇതിൽ പകുതിയോളം (49 ശതമാനം ) സ്ത്രീകളാണ്. എന്നാൽ, അഖിലേന്ത്യാ തലത്തിൽ ആകെയുള്ള അധ്യാപകരിൽ സ്ത്രീകൾ 42.5 ശതമാനംമാത്രം. ഈ സർവേ ചൂണ്ടിക്കാട്ടുന്ന മറ്റൊരു സംഗതി, ജനസംഖ്യാനുപാതികമായി സാമൂഹ്യവിഭാഗങ്ങളുടെ പങ്കാളിത്തം വർധിക്കുകയും സ്ത്രീകളുടെ എണ്ണം വർധിച്ച് സ്ത്രീ–-പുരുഷാനുപാതത്തിൽ നിലനിന്നുപോന്ന വിടവ് ചുരുങ്ങുകയും ചെയ്തിരിക്കുന്നുവെന്നതാണ്.

കേരളത്തിലെ കണക്കുകൾ കുറേക്കൂടി ശോഭനമായ ചിത്രമാണ് നൽകുന്നത്. 2019–-20ലെ കണക്കുകൾ പ്രകാരം കേരളത്തിലെ ആർട്സ് ആൻഡ് സയൻസ്, കൊമേഴ്സ് വിഭാഗങ്ങളിലായി 3.32 ലക്ഷം വിദ്യാർഥികൾ എൻറോൾ ചെയ്തിരിക്കുന്നതിൽ 67.68 ശതമാനം സ്ത്രീകളാണ്. 15 ശതമാനം പട്ടികജാതി–- പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ. ഗവ. എൻജിനിയറിങ്‌ കോളേജുകളിൽ ബിരുദതലത്തിൽ  37.82 ശതമാനവും ബിരുദാനന്തര തലത്തിൽ 64.08 ശതമാനവും സ്ത്രീകളാണ്. സർവകലാശാലാ അടിസ്ഥാനത്തിലുള്ള വിശകലനങ്ങൾ കാണിക്കുന്നത് എല്ലായിടത്തും പ്രായാനുപാതത്തിൽ അധ്യാപികമാരുടെ എണ്ണം വർധിക്കുന്നതായാണ്. പൊതുവിലുള്ള പ്രവണത ചെറുപ്പക്കാരായ അധ്യാപികമാരുടെ എണ്ണം കൂടിയിട്ടുണ്ടെന്നതാണ്‌ (All Kerala Higher Education Survey 2020).

ഉന്നതവിദ്യാഭ്യാസ മേഖലയിലെ ജനാധിപത്യവൽക്കരണത്തിന്റെയും വൈവിധ്യമാർന്ന സാമൂഹ്യ പ്രതിനിധാനത്തിന്റെയും യഥാർഥ ചിത്രമാണ് മുകളിൽ പറഞ്ഞ കണക്കുകൾ വെളിപ്പെടുത്തുന്നത്‌. ഇത്തരത്തിൽ മാറിക്കഴിഞ്ഞ അല്ലെങ്കിൽ വികസിതമായ ഒരു മേഖലയുടെ ലിംഗനീതി ആവശ്യങ്ങൾ, അതിന്റെ നയം, നടത്തിപ്പുരീതികൾ, നിർവഹണം, വിഭവലഭ്യത, പരാതിപരിഹാര സംവധാനങ്ങൾ എന്നിവ പ്രത്യേക ശ്രദ്ധയോടെ കൈകാര്യം ചെയ്യപ്പെടേണ്ടതാണ്. 18 വയസ്സ്‌  കഴിഞ്ഞ  പൗരന്മാരാണ് ഈ മേഖലയുടെ  പ്രധാന വിഭാഗമായ വിദ്യാർഥികൾ. അധ്യാപകരും അനധ്യാപകരും വിവിധ ഭരണനിർവഹണ സമിതികളിലെ അംഗങ്ങളും (സെനറ്റ്, സിൻഡിക്കറ്റ്), അക്കാദമിക് കൗൺസിൽ, കോളേജ്/ സർവകലാശാലാ യൂണിയൻ) ഉന്നതാധികാരികളും (വൈസ് ചാൻസലർ, പ്രോവൈസ് ചാൻസലർ, രജിസ്ട്രാർ, പ്രിൻസിപ്പൽമാർ) അടങ്ങിയ വിപുലമായ വിഭാഗവും ഉയർന്ന വിദ്യാഭ്യാസവും ആർജിതശേഷികളും കൈയാളുന്നവരുമാണ്. ഈയൊരു പശ്ചാത്തലം പരിഗണിച്ചുകൊണ്ട് ഉന്നതവിദ്യാഭ്യാസ മേഖലയിലെ ലിംഗനീതി നയങ്ങൾ രൂപീകരിക്കുമ്പോഴും നടപ്പാക്കുമ്പോഴും  തുല്യത, സ്വാഭിമാനം, ഭയംകൂടാതെ ജിവിക്കാനും പഠിക്കാനും ജോലിചെയ്യാനുമുള്ള ശേഷി എന്നിവയാകണം അതിന്റെ അടിസ്ഥാനമൂല്യങ്ങൾ.

ലിംഗവിവേചനം ഘടനാപരമായ പ്രശ്നമെന്നനിലയിൽ പരിഗണിക്കുമ്പോൾ ഇന്ന്‌ കോളേജുകളിലും യൂണിവേഴ്സ്റ്റി ക്യാമ്പസുകളിലും നിലനിൽക്കുന്ന വിവേചനപരമായ പലവിധ സമ്പ്രദായങ്ങൾ പൂർണമായും ഇല്ലാതാക്കണം. പൊതുവിൽ കേരത്തിലെ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജുകളിലും യൂണിവേഴ്‌സിറ്റി കോളേജുകളിലും  ഭൂരിപക്ഷവും വിദ്യാർഥിനികളാണ്‌. എന്നാൽ, ക്യാമ്പസിന്റെ അച്ചടക്കനിയമങ്ങളും സമയക്രമങ്ങളും വിദ്യാർഥിനികളെ കൂടുതൽ നിയന്ത്രിക്കുന്നവയാണ്‌. ഹോസ്റ്റൽ സമയം, ലൈബ്രറി സമയം, ഹോസ്റ്റലുകളുടെ ലഭ്യത, ലാബുകൾ, പാഠ്യേതരപ്രവർത്തനങ്ങൾ, കളിസ്ഥലങ്ങൾ, കായികവിനോദങ്ങൾ, പൊതുപരിപാടികൾ ഇവയിലെല്ലാം തുല്യമായ അവസരം വിദ്യാർഥിനികൾക്കും വിദ്യാർഥികൾക്കും ലഭിക്കുന്ന രീതിയിൽ ക്രമീകരിക്കാൻ കഴിയണം. നിരവധി എയ്‌ഡഡ്‌ കോളേജുകൾ പിന്തുടരുന്ന യൂണിഫോം, പ്രത്യേക സമയക്രമം, പ്രത്യേക വഴിത്താരകൾ, പ്രത്യേക പൊതുവിടങ്ങൾ, കോളേജ്‌ ബസുകൾ തുടങ്ങിയ രീതികൾ എങ്ങനെ മാറ്റിയെടുക്കാൻ സാധിക്കുമെന്ന്‌ ചിന്തിക്കണം. പരസ്‌പരം ഇടപഴകുന്നതിൽ സ്‌ത്രീ–-പുരുഷന്മാരെ തടയുന്ന സാമൂഹ്യനിയന്ത്രണങ്ങൾ നിയമപരമായിത്തന്നെ ഇല്ലാതാക്കാനും സ്‌ത്രീകൾക്ക്‌ സുരക്ഷിതമായ ഇടങ്ങളായി ക്യാമ്പസുകളെ മാറ്റിയെടുക്കാനുമുള്ള പ്രവർത്തനങ്ങൾ ആവശ്യമാണ്‌.

ലിംഗവിവേചനത്തിനും ‘ലൈംഗികമായ കടന്നുകയറ്റങ്ങൾക്കും ലിംഗാധികാര പ്രയോഗങ്ങൾക്കും വിധേയരാകേണ്ടിവരുന്നവർക്ക്‌ നീതിയുക്തമായ പരാതിപരിഹാര സംവിധാനങ്ങൾ ഉറപ്പാക്കണം. നിലവിൽ പല കലാലയത്തിലും ഇന്റേണൽ കമ്മിറ്റികൾ നിലവിലില്ല. യുജിസി മാർഗനിർദേശപ്രകാരവും ജോലിസ്ഥലത്തെ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള ക്രിമിനൽ നിയമപ്രകാരമുള്ള ഇന്റേണൽ കമ്മിറ്റികൾ കൃത്യമായ പരിശീലനപരിപാടികൾ സ്‌ത്രീ–-പുരുഷ അധ്യാപകർക്കും അനധ്യാപകർക്കും സർവകലാശാല/കലാലയ മേധാവികൾക്കും നൽകണം. വിദ്യാർഥികൾ ഉൾപ്പെടുന്ന പരാതികളും വ്യത്യസ്തമായ സമീപനം ആവശ്യപ്പെടുന്നവയാണ്‌.

സ്‌ത്രീ–-പുരുഷ വിദ്യാർഥികൾ കൂടാതെ ട്രാൻസ്‌ജെൻഡർ വിദ്യാർഥികളും (അധ്യാപകരും അനധ്യാപകരും) വിവിധ ലൈംഗിക ന്യൂനപക്ഷങ്ങളും നമ്മുടെ വിദ്യാഭ്യാസമേഖലയുടെ ഭാഗമാണ്‌. അവരെയും ഉൾച്ചേർത്തുകൊണ്ടാകണം ഈ നയങ്ങളും പരിപാടികളും ഉണ്ടാകേണ്ടത്‌. ട്രാൻസ്‌ജെൻഡർ പോളിസി എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉണ്ടാകണം. 

ലിംഗപദവി അക്കാദമിക സമീപനമെന്ന നിലയിൽക്കൂടി പരിഗണിക്കപ്പെടുമ്പോഴേ ഉന്നത വിദ്യാഭ്യാസരംഗത്തെ ലിംഗനീതി പരിശ്രമങ്ങൾ പൂർണമാകൂ. നിലവിൽ ചില വിഷയത്തിൽ ലിംഗപദവിയുമായി ബന്ധപ്പെട്ട ചർച്ചകൾ ഉൾപ്പെട്ടിട്ടുണ്ട്‌. സ്‌ത്രീവാദം ഒരു അക്കാദമിക വ്യവഹാരമെന്ന നിലയിൽ സാമൂഹ്യശാസ്‌ത്ര–-മാനവിക വിഷയങ്ങളിൽ കാര്യമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്‌. സ്‌ത്രീപഠനം ഒരു സ്വതന്ത്ര അക്കാദമിക്‌ പ്രോഗ്രാമെന്ന നിലയിൽ കലിക്കറ്റ്‌ സർവകലാശാലയിൽ മാത്രമാണ്‌ നിലവിലുള്ളത്‌. കേരള, കൊച്ചി, ശങ്കരാചര്യ സംസ്‌കൃത സർവകലാശാലകളിൽ സ്‌ത്രീപഠനകേന്ദ്രങ്ങൾ ഉണ്ടെങ്കിലും അവ പഠനവകുപ്പുകൾ അല്ല. സ്‌ത്രീപഠനത്തിന്‌ ഒരു സ്വതന്ത്ര അക്കാദമിക്‌ പഠനമേഖല എന്നനിലയിൽ കൂടുതൽ അംഗീകാരം ഉണ്ടാകണം.

ഇങ്ങനെ ബഹുമുഖമായി വിവിധ തലങ്ങളിൽ നടക്കുന്ന പരിശ്രമങ്ങളിലൂടെ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗത്തെ ലിംഗനീതിയുടെ അടിസ്ഥാനത്തിൽ നവീകരിക്കാനുള്ള ശ്രമങ്ങൾ നമുക്ക്‌ ആരംഭിക്കാം. ഇതിനുള്ള സുപ്രധാനമായ സന്ദർഭമാണ്‌ നമ്മുടെ മുന്നിൽ ഇപ്പോഴുള്ളത്‌.

(കലിക്കറ്റ്‌ സർവകലാശാല സ്‌ത്രീപഠനവിഭാഗം അസി. പ്രൊഫസറായ ലേഖിക  സംസ്ഥാന ആസൂത്രണ ബോർഡ്‌ അംഗമാണ്‌)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top