20 February Wednesday

ഹെന്റി ഡേവിഡ് തോറൊ: ഒരു അമേരിക്കന്‍ വിസ്മയം

വി സുകുമാരന്‍Updated: Monday Jul 24, 2017

കഴിഞ്ഞ ജൂലൈ 12ന് ഹെന്റി ഡേവിഡ് തോറൊ (ഒല്യിൃ ഉമ്ശറ ഠവീൃലമൌ) എന്ന ദാര്‍ശനികന്റെ, എഴുത്തുകാരന്റെ, പ്രകൃതിസ്നേഹിയുടെ, മാനവമുക്തിവാദിയുടെ 200-ാംപിറന്നാളായിരുന്നു. അമേരിക്കയിലും ബ്രിട്ടനിലും മനുഷ്യാവകാശപ്രവര്‍ത്തകരും സാഹിത്യപ്രണയികളും പരിസ്ഥിതിസംരക്ഷണ വാദികളും ആ ദിവസം വലിയ ഒച്ചപ്പാടില്ലാതെ ആഘോഷിക്കുകയുണ്ടായി. ഒരു മഹത്തായ ജന്മത്തിന്റെ രണ്ടുനൂറ്റാണ്ട്, നമ്മുടെ നാട് വേണ്ടവണ്ണം ഓര്‍മിക്കുകയുണ്ടായില്ല. മാധ്യമങ്ങള്‍ ഒന്നും മിണ്ടിക്കണ്ടില്ല.

ആരായിരുന്നു തോറൊ? അദ്ദേഹം പലതുമായിരുന്നു. കവി, പ്രബന്ധകാരന്‍, മണ്ണിന്റെ- പ്രകൃതിയുടെ ആരാധകന്‍, അടിമത്തത്തിനെതിരെ- അടിച്ചമര്‍ത്തലിനെതിരെ- നീതിനിഷേധത്തിനെതിരെ പേനകൊണ്ടും നാവുകൊണ്ടും പടവെട്ടിയ സാഹസികന്‍, ട്രാന്‍സെന്‍ഡന്റലിസത്തിന്റെ അഭിഭാഷകന്‍, എമേഴ്സന്റെ അരുമശിഷ്യന്‍, ആദര്‍ശധീരതയുടെ ആള്‍രൂപം, ആള്‍ക്കൂട്ടത്തില്‍ തനിയെ നിന്ന- താന്‍ വെട്ടിയ വഴിയിലൂടെ ഒറ്റയ്ക്കുനടന്ന വ്യത്യസ്തനായ കലാപകാരി. ഇനിയും ഒരുപാട് വിശേഷണങ്ങള്‍ ഈ അമേരിക്കന്‍  'അബോളിഷനിസ്റ്റ്' അര്‍ഹിക്കുന്നുണ്ട്.

പത്തൊമ്പതാംനൂറ്റാണ്ടിലെ അമേരിക്കന്‍ എഴുത്തില്‍ ഒരു വഴിവിളക്കായി കത്തിനിന്ന തോറൊ, അമേരിക്കന്‍ ഐക്യനാടുകളിലെ മസാച്യുസെറ്റ്സ് സ്റ്റേറ്റില്‍ കോണ്‍കോര്‍ഡ് എന്ന സ്ഥലത്താണ് ജനിച്ചത്. അച്ഛന്‍ ഒരു പെന്‍സില്‍ ഫാക്ടറി ഉടമയായിരുന്നു. അമ്മയാകട്ടെ കുടുംബവരുമാനം വര്‍ധിപ്പിക്കാന്‍വേണ്ടി, സ്വന്തം വീട്ടില്‍തന്നെ ചില മുറികള്‍ വാടകയ്ക്ക് നല്‍കിയിരുന്നു. ഒരു ലാക്ഷണിക മധ്യവര്‍ഗകുടുംബമായിരുന്നു ഈ എഴുത്തുകാരന്റേത്.

പഠിക്കാന്‍ മിടുക്കനായിരുന്നു തോറൊ. ഹാര്‍വാഡ് കോളേജിലായിരുന്നു വിദ്യാഭ്യാസം. ഈ കോളേജാണ് പിന്നീട് വിഖ്യാതമായ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയായി വികസിച്ചത്. 1837ല്‍ കോളേജില്‍നിന്ന് ഒരു ഡിഗ്രിയുമായി പുറത്തുവന്ന അദ്ദേഹത്തിന്റെ മുമ്പില്‍ ഇനിയെന്ത് എന്ന ചോദ്യം പൊന്തിവന്നു. കുറച്ചുകാലം ഒരു സ്കൂള്‍ നടത്തി. പിന്നെ അച്ഛന്റെ പെന്‍സില്‍ കമ്പനിയില്‍ ജോലിയെടുത്തു. കോളേജ് വിദ്യാഭ്യാസകാലത്ത് തോറൊ ലാറ്റിനും ഗ്രീക്കും ജര്‍മനും ചിട്ടയായി പഠിക്കുകയുണ്ടായി. മനസ്സിനിണങ്ങിയ തൊഴിലൊന്നുമല്ല ഈ ചെറുപ്പക്കാരന് കിട്ടിയത്.

അക്കാലത്താണ് അദ്ദേഹം വാള്‍ഡോ എമേഴ്സണ്‍ എന്ന അക്ഷരലോകത്തെ അതികായനുമായി അടുത്തത്. അതൊരു വലിയ ചങ്ങാത്തത്തിലേക്ക് വഴിവച്ചു. കവിയും ദാര്‍ശനികനും ഉപന്യാസകാരനുമായ എമേഴ്സണ്‍, ട്രാന്‍സെന്‍ഡന്റലിസ്റ്റ് വേദാന്തത്തിന്റെ ഉസ്താദായിരുന്നു. ഭൌതികതയുടെ ക്ളിപ്തതകളെ ചിന്തകൊണ്ട്, കല്‍പ്പനകൊണ്ട് മറികടക്കാന്‍ കഴിയുമെന്ന വാദമാണ് എമേഴ്സണ്‍ അവതരിപ്പിച്ചത്. ഹെന്റി ഡേവിഡ് തോറൊ ഈ വിചാരശാഖയുടെ വശ്യതകളില്‍ കുടുങ്ങി. അതിന്റെ പ്രചാരകനുമായി.
തോറൊ പരക്കെ അറിയപ്പെടുന്നത് ഒരു കവിയെന്ന നിലയ്ക്കല്ല, 'ണഅഘഉഋച' എന്ന അപൂര്‍വ പുസ്തകത്തിന്റെ കര്‍ത്താവ് എന്ന നിലയ്ക്കാണ്.

വാള്‍ഡന്‍ തടാകത്തിന്റെ തീരത്തുള്ള മനോഹരമായ കാനനഭൂമിയില്‍ എമേഴ്സന് ഒരു വലിയ എസ്റ്റേറ്റുണ്ടായിരുന്നു. അതിലൊരു ഭാഗം അദ്ദേഹം തന്റെ ശിഷ്യന് പാട്ടത്തിന് നല്‍കി. അവിടെ ഹെന്റി തോറൊ ഒരു ചെറിയ, അനാര്‍ഭാടമായ വീടുണ്ടാക്കി. രണ്ടുകൊല്ലം അദ്ദേഹം വാര്‍ഡനില്‍ താമസിച്ചു. തീര്‍ത്തും ഒറ്റപ്പെട്ട, പ്രകൃതിയോട് ഇണങ്ങിയ, ശാന്തസുന്ദരമായ ജീവിതം. അതിന്റെ അടയാളപ്പെടുത്തലാണ് 'ണമഹറലി' എന്ന അതിപ്രശസ്തമായിത്തീര്‍ന്ന കമനീയ പുസ്തകം. ഗാന്ധിജിയെ ഏറ്റവുമധികം ആകര്‍ഷിച്ച ഗ്രന്ഥങ്ങളിലൊന്നായിരുന്നു അതെന്ന് അദ്ദേഹംതന്നെ എഴുതിയിട്ടുണ്ട്. ലളിതജീവിതം, ഉയര്‍ന്ന ചിന്ത എന്ന സന്ദേശമാണ് ഈ ഗ്രന്ഥം വായനക്കാരന് നല്‍കുന്നത്. ഒരുപാട് തലമുറകളെ ഈ ഉല്‍കൃഷ്ട കൃതി ആഴത്തില്‍ സ്വാധീനിക്കുകയുണ്ടായി.

തോറൊയുടെ മറ്റൊരു മഹത്തായ രചനയാണ് 'ഇശ്ശഹ ഉശീയലറശലിരല'. ഗാന്ധിജിയെ വളരെ സ്വാധീനിച്ച പ്രബന്ധമായിരുന്നു ഇത്. തന്റെ അഹിംസാത്മക സമരമുറകളില്‍ ഒന്നായി അദ്ദേഹം തോറൊയുടെ ഈ ആശയത്തെ സ്വീകരിക്കുകയും ചെയ്തു. ഉപ്പുസത്യഗ്രഹം നല്ലൊരു ഉദാഹരണമാകുന്നു. ജീഹഹ മേഃ അടയ്ക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ തോറൊ ഒരു രാത്രി തടവില്‍ കിടക്കുകയുണ്ടായി.

അടിമവ്യവസ്ഥയ്ക്കെതിരായി നിരന്തരം എഴുതുകയും  പൊരുതുകയും ചെയ്ത ആളായിരുന്നു ഹെന്റി തോറൊ. അടിമത്തം തുടച്ചുമാറ്റുക എന്ന മുദ്രാവാക്യവുമായി മുന്നോട്ടുവന്ന ഒരു മോചനപ്രസ്ഥാനത്തിന്റെ മുന്‍നിരയില്‍തന്നെ ഈ ദാര്‍ശനികനായ എഴുത്തുകാരനുണ്ടായിരുന്നു. മാര്‍ട്ടിന്‍ ലൂതര്‍ കിങ് എന്ന കറുത്തനേതാവിന് പ്രചോദനമായത് തോറൊയുടെ ഉപന്യാസങ്ങളാണ്. അദ്ദേഹത്തിന്റെ ഉപന്യാസങ്ങള്‍ 20 വോള്യങ്ങളിലായി സമാഹരിച്ചിട്ടുണ്ട്.
ക്ഷയരോഗബാധിതനായിരുന്ന തോറൊ ഒരുപാട് കൊല്ലം ആ വ്യാധിയോട് പൊരുതിനിന്നു. ഒടുവില്‍ 1862 മെയ് ആറിന് രോഗാവസ്ഥയുടെ മൂര്‍ധന്യത്തില്‍ മരിക്കുകയും ചെയ്തു.

ഇക്കോളജിയുടെ അച്ഛനാണ് തോറൊ എന്ന വിലയിരുത്തല്‍ വളരെ കൃത്യമാണെന്ന് എനിക്ക് തോന്നുന്നു*

പ്രധാന വാർത്തകൾ
 Top