23 February Saturday

അതിജീവിച്ച‌് മുന്നേറും സർക്കാർ ഒപ്പമുണ്ടാകും

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018


പ്രളയക്കെടുതിയിലെ രക്ഷാപ്രവർത്തനം എന്ന ആദ്യഘട്ടം നല്ല നിലയിൽത്തന്നെ പൂർത്തിയാക്കാൻ കൈമെയ് മറന്ന് സഹകരിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു.   നൂറ്റാണ്ടുകളായി നമ്മുടെ നാട്ടിൽ വളർന്നുവന്ന മനുഷ്യസ്നേഹത്തിന്റെയും ത്യാഗസന്നദ്ധതയുടെയും സേവനതൽപ്പരതയുടെയും അടിത്തറയാണ് സമാനതകളില്ലാത്ത ഈ പ്രതിസന്ധിയെ മറികടക്കുന്നതിന് കരുത്തായി മാറിയത്. ആ സംസ്കാരത്തെ കൂടുതൽ ശക്തമായി ഊട്ടിയുറപ്പിച്ച് മുന്നോട്ടുപോകേണ്ടതിന്റെ പ്രാധാന്യംകൂടി ഓർമപ്പെടുത്തുന്നുണ്ട് ഈ രക്ഷാ പ്രവർത്തനം.

രക്ഷാപ്രവർത്തനത്തിന് വിവിധതരത്തിലുള്ള സഹായങ്ങൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കേരളം സന്ദർശിച്ചു എന്ന് മാത്രമല്ല, അടിയന്തര സഹായധനം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ സഹായങ്ങൾ നൽകാമെന്ന ഉറപ്പും നൽകിയിട്ടുണ്ട്. ഇത്തരം ഇടപെടൽ നന്ദിയോടെ സർക്കാർ ഓർക്കുന്നു. രക്ഷാപ്രവർത്തനത്തിന് സംസ്ഥാനത്തെ സഹായിക്കുന്നതിന് എല്ലാ തലത്തിലുമുള്ള സഹായവും  ഗവർണറുടെ ഭാഗത്തുനിന്നുണ്ടായതും ഈ അവസരത്തിൽ സ്മരിക്കുന്നു.

പ്രവാസികൾ

കേരളത്തിന്റെ ദുരിതത്തിൽ നാടിനുപുറത്ത് ജീവിക്കുമ്പോഴും കേരളത്തിന്റെ ഭാഗമാണെന്ന ബോധം കാത്തുസൂക്ഷിച്ചുകൊണ്ട് എന്നും ഇടപെട്ടിട്ടുള്ള പ്രവാസികൾ വലിയ സഹായവും സംഭാവനയുമാണ് ദുരിതാശ്വാസത്തിന് നൽകിയത്. അവരുടെ സ്നേഹസമ്പൂർണമായ സഹായത്തിന് നന്ദി രേഖപ്പെടുത്തുന്നു. വസ്ത്രങ്ങളുംമറ്റും അവിടെനിന്ന് അയക്കുന്നതിന് പലരും സന്നദ്ധത അറിയിക്കുന്നുണ്ട്. എന്നാൽ, ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിക്കൊണ്ട് ഈ പ്രവർത്തനത്തിൽ പങ്കാളികളാകുകയാണ് ചെയ്യേണ്ടത്.

കേരളത്തിന്റെ ദുരന്തം തങ്ങളുടെ സഹോദരങ്ങൾക്ക് സംഭവിച്ച ദുരിതമാണെന്ന കാഴ്ചപ്പാടോടെ സഹായഹസ്തവുമായി വിവിധ സംസ്ഥാനങ്ങളിലെ സർക്കാരുകളും സംഘടനകളും എത്തിയിട്ടുണ്ട്. നാനാത്വത്തിലെ ഏകത്വമെന്ന നമ്മുടെ രാജ്യത്തിന്റെ കരുത്ത് ഊട്ടിയുറപ്പിക്കുന്നവിധം സഹോദര സ്നേഹത്തോടെ നമ്മുടെ ദുഃഖങ്ങളിൽ പങ്കുചേരുകയും നേരിട്ട് വന്ന് സഹായങ്ങൾ നൽകുകയുംചെയ്ത ആളുകളുണ്ട്. അവരെയും സ്നേഹത്തിന്റെ ഭാഷയിൽ അഭിവാദ്യം ചെയ്യുന്നു.
മാധ്യമങ്ങളുടെ ഇടപെടൽ

ഈ ദുരന്തത്തിന്റെ വിവിധ വശങ്ങളെ സൂചിപ്പിക്കുകയും ജനങ്ങൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്ന തരത്തിലും സർക്കാരിന്റെ ഇടപെടലുകളെ ജനങ്ങളിലെത്തിക്കുന്നതിനും സഹായകമായി വർത്തിച്ച മാധ്യമങ്ങളുണ്ട്.
കേരളത്തിനകത്തും പുറത്തുമുള്ള ഈ മാധ്യമങ്ങളുടെ സഹായത്തെ നന്ദിയോടെ സർക്കാർ സ്മരിക്കുന്നു. പുനരധിവാസ പ്രവർത്തനത്തിന് പ്രത്യേകിച്ച് ശുചിത്വം, ആരോഗ്യം എന്നീ മേഖലകളിൽ അവബോധം സൃഷ്ടിക്കുന്നതിനും ജനങ്ങളിൽ ആത്മവിശ്വാസം ഉണ്ടാക്കുന്നതിനും മാധ്യമങ്ങളിൽനിന്ന് ഏറെ സഹായം സർക്കാർ പ്രതീക്ഷിക്കുന്നു.
രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർനാം അടുത്ത കാലത്തൊന്നും അഭിമുഖീകരിക്കാത്ത ഇത്തരമൊരു ദുരന്തം ഉണ്ടായപ്പോൾ അതിനെ അതിജീവിക്കാൻ കഴിയുമോ എന്ന് ആശങ്കപ്പെട്ടവർ ഏറെയാണ്. അത്തരം ആശങ്കകളെ അസ്ഥാനത്താക്കിക്കൊണ്ട് നാടിനെ സംരക്ഷിക്കാൻ നമുക്ക് കഴിഞ്ഞു.

ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കുന്നതിന് സഹായിച്ച  സുപ്രധാനമായൊരു ഘടകം മനുഷ്യസ്നേഹത്തിന്റെ ഉജ്വലമായ സന്ദേശം മനസ്സിൽ ആവാഹിച്ച് രക്ഷാ പ്രവർത്തനത്തിൽ ഇടപെട്ട   വിവിധ മേഖലയിൽപ്പെട്ടവരായിരുന്നു. അത്തരം പ്രവർത്തനങ്ങളിൽ തങ്ങളെത്തന്നെ അർപ്പിച്ച് പങ്കെടുത്ത വിവിധ സേനാവിഭാഗങ്ങളിൽപ്പെട്ടവരോടും സന്നദ്ധപ്രവർത്തകരോടുമുള്ള കടപ്പാടും നന്ദിയും കേരളസമൂഹത്തിനുവേണ്ടി രേഖപ്പെടുത്തുന്നു.
രാപകലില്ലാതെ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച‌് വിവിധ തലങ്ങളിൽ പ്രവർത്തിച്ച സർക്കാർ ജീവനക്കാരുണ്ട്. റവന്യൂ, പൊലീസ്, ഫയർഫോഴ്സ്, വൈദ്യുതി ബോർഡ്, വാട്ടർ അതോറിറ്റി, ആരോഗ്യം തുടങ്ങിയ ഒട്ടേറെ വകുപ്പുകളിലെ സഹപ്രവർത്തകരുണ്ട്. അവരെ നന്ദിയോടെ സ്മരിക്കുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഈ ദുരിതാശ്വാസ പ്രവർത്തനത്തിൽ നല്ല നിലയിൽ ജനങ്ങളുമായി ഇടപെട്ട് അവരുടെ ആശങ്കകൾ അകറ്റി മുൻനിരയിൽ ത്തന്നെ ഉണ്ടായിരുന്നു. ഇനിയുമേറെ ഉത്തരവാദിത്തങ്ങൾ മുമ്പിലുള്ള ഇവരുടെ പ്രവർത്തനങ്ങളും വിലമതിക്കാനാകാത്ത ഒന്നായാണ് സർക്കാർ കാണുന്നത്.
വിവിധ പ്രദേശങ്ങളിൽ ജനങ്ങൾക്കൊപ്പംനിന്നുകൊണ്ട് ഇടപെട്ട ഭരണപ്രതിപക്ഷ എംഎൽഎമാരും രക്ഷാപ്രവർത്തനത്തിന് വലിയ സഹായമാണ് നൽകിയത്. വിവിധ മേഖലയിലെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും ഇവർ വഹിച്ച പങ്ക് വലുതാണ്.

വിവിധ സ്ഥാപനങ്ങളുടെ സഹായം

ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സഹകരിച്ച വിവിധ സ്ഥാപനങ്ങളെ സർക്കാർ ഈ അവസരത്തിൽ ഓർക്കുന്നു. മിനിമം ബാലൻസ് ഒഴിവാക്കി ബാങ്കുകൾ ഇതുമായി സഹകരിച്ചിട്ടുണ്ട്. മൊബൈൽ സർവീസുകൾ നൽകുന്ന കമ്പനികൾ ഇതുമായി സഹകരിച്ചിട്ടുണ്ട്. അവർക്കുള്ള നന്ദിയും രേഖപ്പെടുത്തട്ടെ.
സഹായിച്ചവരെ തിരിച്ചെത്തിക്കൽ

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വലിയ സഹായമാണ് മത്സ്യബന്ധന ബോട്ടുകളും മത്സ്യത്തൊഴിലാളികളും നൽകിയിട്ടുള്ളത്. ബോട്ടുടമകളും പൊതുവെ നല്ലനിലയിൽ സഹകരിച്ചിട്ടുണ്ട്. ബോട്ടിന് ഇന്ധനത്തോടൊപ്പം തന്നെ ദിവസം 3000 രൂപ വച്ച് നൽകണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. രക്ഷാ പ്രവർത്തനത്തിനിടയിൽ തകർന്നുപോയ ബോട്ടുകളുമുണ്ട്. അവയുടെ കേടുപാടുകൾ സർക്കാർ മേൽനോട്ടത്തിൽത്തന്നെ തീർത്തുകൊടുക്കാൻ നിർദേശിച്ചിട്ടുണ്ട്. ദുരിതാശ്വാസപ്രദേശത്ത് രക്ഷാപ്രവർത്തനത്തിനായി എങ്ങനെയാണോ ബോട്ടുകൾ എത്തിച്ചത് അതേ തരത്തിൽത്തന്നെ അത് മടക്കിയെത്തിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.

സേനാവിഭാഗങ്ങൾ നമ്മുടെ രക്ഷാപ്രവർത്തനത്തിന് നൽകിയ സഹായം വിലമതിക്കാനാകാത്തതാണ്. രക്ഷാദൗത്യം പൂർത്തിയാക്കി മടങ്ങുന്ന ഈ വിഭാഗങ്ങൾക്ക് സംസ്ഥാനത്തിന്റെ ആതിഥേയമര്യാദയും സംസ്കാരവും ഉയർത്തിപ്പിടിക്കുന്നവിധം യാത്രയയപ്പ് നൽകാനും സർക്കാർ തീരുമാനിക്കുന്നുണ്ട്. ഈ ദുരന്തത്തിൽ ഏറെ സാങ്കേതികസഹായങ്ങളുടെ പിന്തുണയില്ലാതിരുന്നിട്ടും തങ്ങളുടെ അനുഭവവും മനുഷ്യസ്നേഹവും കരുത്താക്കിക്കൊണ്ട് ഇടപെട്ട മത്സ്യത്തൊഴിലാളികൾക്ക് അതത് പ്രദേശങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.

അനാശാസ്യപ്രവണതകളെ നേരിടും

ദുരന്തത്തിനിടയിൽ തെറ്റായ ചില പ്രവണതകളും ഉയർന്നുവന്നിട്ടുണ്ട്. അവയെ ശക്തമായിത്തന്നെ സർക്കാർ നേരിടും. ഭക്ഷ്യവസ്തുക്കൾക്കുൾപ്പെടെ വൻ തോതിൽ വില കയറ്റി വിൽക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കുന്ന നടപടി സർക്കാർ സ്വീകരിക്കും.
ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം
സമാനതകളില്ലാത്ത ഈ പ്രളയക്കെടുതിയെ അതിജീവിക്കുന്നതിനുള്ള  പ്രവർത്തനത്തിലെ ഒരു ഘട്ടമാണ് വിജയകരമായി പൂർത്തിയാക്കാനായത്. ഈ കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആകസ്മികമായ വിയോഗത്തിൽ അനുശോചനവും ദുഃഖവും രേഖപ്പെടുത്തുന്നു. സഹോദരങ്ങളെ രക്ഷപ്പെടുത്തുന്നതിനായി ഇടപെട്ട് സ്വന്തം ജീവൻ ബലിയർപ്പിക്കേണ്ടിവന്നവരുമുണ്ട്. സ്വന്തം ജീവനേക്കാൾ സഹജീവികളുടെ ജീവന് പ്രാധാന്യം നൽകിക്കൊണ്ട് ഇടപെട്ട ഇവരുടെ ഉന്നതമായ മനുഷ്യസ്നേഹത്തെ ആദരവോടെ സർക്കാർ കാണുന്നു.

അടുത്ത ഘട്ടവും വിജയകരമായി പൂർത്തിയാക്കണം

പ്രളയക്കെടുതിയുടെ ഒരു ഘട്ടമാണ് ലക്ഷ്യത്തിലേക്കെത്തിയിട്ടുള്ളത്. ദുരിതബാധിതരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്ന ഏറെ ഭാരിച്ച ഉത്തരവാദിത്തം സർക്കാരിനുമുന്നിലുണ്ട് എന്ന ബോധ്യമുണ്ട്. ആ ഉത്തരവാദിത്തവും നമുക്ക് നിറവേറ്റാനാകണം. രക്ഷാപ്രവർത്തനത്തിൽ കാണിച്ച ഒരുമയും യോജിപ്പും കൂട്ടായ്മയും ഇക്കാര്യത്തിലും നമുക്ക് നിലനിർത്താനാകണം.

വിവിധ മേഖലകളിൽനിന്ന് പുനരധിവാസ പ്രവർത്തനങ്ങൾക്കായി സഹായങ്ങൾ ലഭ്യമാകുന്നുണ്ട്. എത്ര സഹായങ്ങൾ ലഭിച്ചാലും അധികമാകില്ല എന്ന സ്ഥിതിയാണ് നിലവിലുള്ളത്. അതുകൊണ്ട് എല്ലാ സഹായത്തെയും സർക്കാർ സ്വാഗതംചെയ്യുകയാണ്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സഹായങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന എന്ന നിലയിലേക്ക് അയക്കുന്നതായിരിക്കും സൗകര്യപ്രദം.മറ്റു സംസ്ഥാനങ്ങളിൽനിന്ന് ലഭിക്കുന്ന സാധനങ്ങൾ ദേശീയ ദുരന്തനിവാരണ അതോറിറ്റിയാണ് ക്രോഡീകരിക്കുന്നത്. അവർ നിർദേശിക്കുന്ന തരത്തിലുള്ള സാധനങ്ങളാണ് ലഭ്യമാക്കേണ്ടത്.

നാം മാതൃകയാകണം

ലോകം മുഴുവൻ ഈ ദുരന്തത്തെ ശ്രദ്ധിച്ചിട്ടുണ്ട്. ദുരന്തങ്ങളിലെ പ്രതിസന്ധികളെ മറികടന്ന് മാതൃകാപരമായ രീതിയിൽ ഉയിർത്തെഴുന്നേറ്റ  ജനത എന്ന അഭിമാനത്തോടെ നമുക്ക് മുന്നേറണം. നൽകിയ സഹായങ്ങൾ തുടർന്നും ഉണ്ടായാൽ തീർച്ചയായും നമുക്ക് അത് കഴിയുകതന്നെ ചെയ്യും. ആ പ്രവർത്തനങ്ങളെ കൂട്ടിയോജിപ്പിച്ച‌് സർക്കാർ മുൻപന്തിയിൽത്തന്നെ ഉണ്ടാകുമെന്ന് ഉറപ്പ് നൽകുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top