23 March Saturday

ആരോഗ്യമുള്ള ഭരണം

കെ കെ ശൈലജ Updated: Tuesday Sep 13, 2016

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍  നൂറുദിവസം പൂര്‍ത്തിയാക്കുമ്പോള്‍ ആരോഗ്യ, സാമൂഹ്യനീതി വകുപ്പുകളില്‍ മാറ്റങ്ങളുടെ കേളികൊട്ട്  ഉയരുകയാണ്. അതിവിപുലമായ പൊതുജനാരോഗ്യശൃംഖലയുള്ള സംസ്ഥാനമാണ് കേരളം. 1957ല്‍ ആരോഗ്യമന്ത്രി പ്രൊഫ. എ ആര്‍ മേനോന്റെ നേതൃത്വത്തില്‍ ആരംഭിച്ച ജനകീയ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ ഇന്ന് ഏറെ മുന്നിലെത്തി. ‘ഭൂപരിഷ്കരണം, ജനകീയാസൂത്രണം, സമ്പൂര്‍ണ സാക്ഷരതായജ്ഞം തുടങ്ങിയ പരിപാടികളുടെ  ഗുണഫലങ്ങള്‍ ആരോഗ്യമേഖലയിലും പ്രതിഫലിച്ചു. ഉയര്‍ന്ന ജീവിത നിലവാരം, മാതൃ–ശിശുമരണനിരക്കിലെ കുറവ്,  ആയുസ്സിലെ വര്‍ധന തുടങ്ങി വിവിധ മേഖലകളില്‍ ഇന്ത്യന്‍ ശരാശരിയേക്കാള്‍ എത്രയോ ഉയര്‍ന്ന നേട്ടം കേരളം കൈവരിച്ചു. എന്നാല്‍, ഈ നേട്ടങ്ങളെ പിന്നിലാക്കുംവിധം ഗുരുതരമായ സ്ഥിതി ആരോഗ്യമേഖലയില്‍ നിലനില്‍ക്കുന്നു. ചികിത്സയ്ക്കുവേണ്ടി സാധാരണക്കാര്‍ക്ക് വന്‍തോതില്‍ പണം ചെലവാക്കേണ്ടിവരുന്നു.  വീട് നിര്‍മാണ, വിദ്യാഭ്യാസ വായ്പകള്‍ പോലും രോഗചികിത്സയ്ക്കുവേണ്ടി ചെലവഴിച്ച് കടബാധ്യതയില്‍പ്പെടുന്ന കുടുംബങ്ങളുടെ എണ്ണം പെരുകുകയാണ്.  വന്‍കിട സ്വകാര്യ ആശുപത്രികളുടെ ശൃംഖലകള്‍ കടുത്ത ചൂഷണമാണ് ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളുടെ എണ്ണം കൂടുതലാണെങ്കിലും മിക്കതും പ്രാരാബ്ധകേന്ദ്രങ്ങളായി തുടരുകയാണ്. 1960കളിലെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും ഉള്ളത്. 

പല ആശുപത്രികളും അപ്ഗ്രേഡ് ചെയ്യപ്പെട്ടെങ്കിലും മുന്നില്‍ തൂക്കിയ ബോര്‍ഡില്‍ മാത്രമാണ് മാറ്റം. ആവശ്യമുള്ള തസ്തികകളോ ഉപകരണങ്ങളോ ഇല്ല. അതുകൊണ്ടുതന്നെ ജനങ്ങള്‍ സ്വകാര്യ ആശുപത്രികള്‍ തേടിപ്പോകുന്നു. സര്‍ക്കാര്‍ ആശുപത്രികളെ ആധുനിക സൌകര്യങ്ങളുള്ള കേന്ദ്രങ്ങളാക്കി മാറ്റി ജനങ്ങളെ അങ്ങോട്ട് ആകര്‍ഷിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍കോളേജുകള്‍ വരെ സമൂലമായ മാറ്റങ്ങള്‍ക്ക് വിധേയമാകേണ്ടതുണ്ട്. മെഡിക്കല്‍കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റി പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം ഉണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. നിലവിലുള്ള  അഞ്ച് മെഡിക്കല്‍കോളേജുകളിലും അത്യാധുനിക സൌകര്യങ്ങള്‍ക്കുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.  ജില്ലാ ആശുപത്രികളെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആക്കുന്നതിന്റെ ഭാഗമായി ഭൌതിക സൌകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ആധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനുമായി പദ്ധതി തയ്യാറാക്കി. എട്ട് സര്‍ക്കാര്‍ ആശുപത്രികളിലും രണ്ട് മെഡിക്കല്‍കോളേജുകളിലുമായി 10 കാത്ത് ലാബ് അനുവദിച്ചു. താലൂക്കാശുപത്രികളില്‍ സ്പെഷ്യാലിറ്റി സൌകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ‘ഭാഗമായി 42 ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുന്നതിനുള്ള തീരുമാനമായി. തുടര്‍ന്ന് എല്ലാ താലൂക്കാശുപത്രികളിലും ഈ സംവിധാനം ഒരുക്കും. 250 കോടിയാണ് ഒന്നാംഘട്ടത്തില്‍ ആശുപത്രി നവീകരണത്തിന് ചെലവഴിക്കുന്നത.് മൊത്തം 1000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറ്റുകയും  ഒരു ജനറല്‍ പ്രാക്ടീഷ്യനെ നിയമിച്ച് കുടുംബങ്ങള്‍ക്ക് പ്രാഥമികാരോഗ്യപ്രവര്‍ത്തനങ്ങളില്‍ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും ഉദ്ദേശിക്കുന്നുണ്ട്. തുടക്കത്തില്‍ 140 നിയോജകമണ്ഡലങ്ങളിലും ഒരു കേന്ദ്രത്തില്‍ ഈ മാറ്റം കൊണ്ടുവരുന്നതിനാണ് ഉദ്ദേശിക്കുന്നത്. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ അടുത്തേക്കും ജില്ലാ ആശുപത്രികളിലേക്കും മെഡിക്കല്‍കോളേജുകളിലേക്കും രോഗികളുടെ അനാവശ്യമായ തള്ളിക്കയറ്റം ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും. എല്ലാ പൌരന്മാരുടെയും ആരോഗ്യവിവരങ്ങള്‍ അടങ്ങിയ ഇലക്ട്രോണിക് ഹെല്‍ത്ത് രജിസ്റ്റര്‍ തയ്യാറാക്കാന്‍ ഇ–ഹെല്‍ത്ത്  പദ്ധതിക്കും തുടക്കം കുറിച്ചു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസനലക്ഷ്യത്തിന്റെ (ടഉഏ) ഭാഗമായി ആരോഗ്യവകുപ്പ് 2020, 2030 വര്‍ഷങ്ങളിലേക്കുള്ള ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചു. 17 വികസന സമിതികള്‍ രൂപീകരിച്ച് ഓരോ ലക്ഷ്യവും സാധ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. മാതൃമരണ നിരക്ക്, ശിശുമരണനിരക്ക് എന്നിവ ലോകത്തിനു തന്നെ മാതൃകയാകുന്ന വിധം കുറയ്ക്കുക, ജീവിതശൈലീരോഗങ്ങള്‍ കണ്ടെത്തി പരിഹാരമാര്‍ഗങ്ങള്‍ കാണുക, സമ്പൂര്‍ണ രോഗപ്രതിരോധം ഉറപ്പുവരുത്തുക, പകര്‍ച്ചവ്യാധികള്‍ ഉന്മൂലനം ചെയ്യുക തുടങ്ങി മാനസിക,  ശാരീരിക ആരോഗ്യം ഉറപ്പുവരുത്തുന്ന എല്ലാ ഘടകങ്ങളും പരിഗണിച്ചുകൊണ്ടുള്ള മുന്നേറ്റമാണ് നടത്തുക. സൌജന്യ ചികിത്സ ഉറപ്പുവരുത്തുന്നതിന് സമ്പൂര്‍ണ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും. ആദിവാസി മേഖലയില്‍ ചില പ്രത്യേക പദ്ധതികളും ആലോചിക്കുന്നുണ്ട്. മഴക്കാലത്തിനു മുമ്പായി സ്വീകരിച്ച രോഗപ്രതിരോധ നടപടികള്‍ക്കും ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കും ഫലമുണ്ടായി.

എല്ലാ ആശുപത്രികളിലും മരുന്നിന്റെ ലഭ്യത ഉറപ്പുവരുത്തി. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വഴി 40 കോടിയുടെ അവശ്യമരുന്നുകളാണ് സര്‍ക്കാര്‍ എത്തിച്ചത്. ക്യാന്‍സര്‍ സുരക്ഷാപദ്ധതിയില്‍ 140 കുട്ടികള്‍ക്ക് സൌജന്യ ചികിത്സ, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളുടെ ഏകീകരണത്തിന് നടപടി, മാരകരോഗബാധിതരായ 290 കുട്ടികള്‍ക്ക് താലോലം പദ്ധതി വഴി സഹായം, കുട്ടികളുടെ രോഗപ്രതിരോധ കുത്തിവയ്പുകള്‍ കാര്യക്ഷമമാക്കി എന്നിങ്ങനെ നിരവധി പദ്ധതികളാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നടപ്പാക്കിയത്. ലോകത്തിന് മാതൃകയായ കേരളത്തിന്റെ ആരോഗ്യപരിപാലനം തിരികെ കൊണ്ടുവരാനും നിലനിര്‍ത്താനുമുള്ള ശ്രമങ്ങള്‍ക്കാണ് നൂറുദിനത്തിനുള്ളില്‍ തുടക്കം കുറിക്കാനായത്.

ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഇത്തവണ ഗണ്യമായി കുറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ 23–25 മരണം നടന്നിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് അഞ്ചായി.  ‘ഏറ്റവും വലിയ വെല്ലുവിളി ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരും ആശുപത്രികളില്‍ ഇല്ലാത്തതായിരുന്നു. 200 മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ജനറല്‍/അഡ്മിനിസ്ട്രേറ്റീവ് കേഡറില്‍നിന്ന് ജൂനിയര്‍ കണ്‍സള്‍ട്ടന്റായി നിയമനം നല്‍കി. 257 അസിസ്റ്റന്റ് സര്‍ജന്മാര്‍ക്ക് പിഎസ്സി വഴി നിയമനം നല്‍കി. പകര്‍ച്ചപ്പനികള്‍ പടര്‍ന്നുപിടിക്കുന്ന കേരളത്തെ രക്ഷിക്കുക എന്ന ദൌത്യം നിറവേറ്റുകയെന്നത് മുഖ്യചുമതലയായി. ഡിഫ്തീരിയയെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമായിത്തന്നെ നടപ്പാക്കി. ഒരു പരിധിവരെ പകര്‍ച്ചപ്പനിയും മറ്റും പ്രതിരോധിക്കാന്‍ സാധിച്ചിട്ടുണ്ട്. ബോധവല്‍ക്കരണവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 

സാമൂഹ്യക്ഷേമപരിപാടികളും സേവനങ്ങളും കുറ്റമറ്റ രീതിയിലും കാര്യക്ഷമമായും നിര്‍വഹിക്കുന്നതിനായി സാമൂഹ്യനീതിവകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള കര്‍മപദ്ധതികള്‍ക്ക് രൂപം നല്‍കി. സ്വകാര്യ ആശുപത്രികളിലെ ചികിത്സച്ചെലവ് പരിശോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും കമ്മിറ്റി രൂപീകരിച്ചു. അത്യാധുനിക സൌകര്യങ്ങള്‍ ഉറപ്പാക്കി കൊല്ലം പാരിപ്പള്ളി മെഡിക്കല്‍കോളേജ് ആശുപത്രി സേവനം ആരംഭിച്ചു. ഇ–സിഗരറ്റ് നിരോധനം നടപ്പാക്കി. മുടങ്ങിക്കിടന്ന ആശ്വാസകിരണ്‍ പെന്‍ഷന്‍ പുനരാരംഭിച്ചു. 90 ലക്ഷം കുട്ടികള്‍ക്ക് വിരമുക്ത ഗുളിക വിതരണംചെയ്തു. ആയുര്‍വേദ പിജി വിദ്യാര്‍ഥികളുടെ സ്റ്റൈപെന്‍ഡ് വര്‍ധിപ്പിച്ചു. കോഴിക്കോട് മാനസികാരോഗ്യകേന്ദ്രത്തിന്റെ നവീകരണത്തിന് 100 കോടി അനുവദിച്ചു.  തലശേരിയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കായി 50 കോടിയും ഡ്രഗ്സ് സ്റ്റോറുകളുടെ നവീകരണത്തിനും പുതിയ ആശുപത്രി ഉപകരണത്തിനും ആറുകോടിയും നല്‍കി.

മെഡിക്കല്‍ പ്രവേശനത്തില്‍ സാമൂഹ്യനീതി ഉറപ്പാക്കി. സ്വാശ്രയ മെഡിക്കല്‍കോളേജുകള്‍ സര്‍ക്കാരുമായി  ഉണ്ടാക്കിയ ധാരണയുടെ ഭാഗമായി 1125 മെറിറ്റ് സീറ്റുകള്‍ ഇത്തവണ ലഭിച്ചു. ബിപിഎല്‍, എസ്ഇബിസി വിഭാഗത്തിലെ സീറ്റ് ഇത്തവണ 460 ആയി വര്‍ധിച്ചു.  സ്വാശ്രയകോളേജുകളിലെ തലവരി തടയാനും മെറിറ്റ് ഉറപ്പാക്കാനും ധീരമായ നിലപാടെടുത്തു.  ആരോഗ്യ വിദ്യാഭ്യാസം, കുടുംബക്ഷേമം, മലിനീകരണ നിയന്ത്രണം, ലഹരി നിയന്ത്രണം, സാമൂഹ്യനീതി, മരുന്നുകളുടെ ഗുണനിലവാരവും വിലക്കുറവും ഉറപ്പുവരുത്തല്‍ തുടങ്ങി സമസ്ത മേഖലയുടെയും വികസനം എന്നതാണ് എല്‍ഡിഎഫിന്റെ കാഴ്ചപ്പാട്.

ആശാവര്‍ക്കര്‍മാരുടെ ഹോണറേറിയം 1500 ആക്കി ഉയര്‍ത്തി. ക്ഷേമപെന്‍ഷനോടൊപ്പം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആനുകൂല്യങ്ങള്‍ കുടിശ്ശിക തീര്‍ത്ത് നല്‍കാനും ഓണത്തിന് 1000 രൂപ പ്രത്യേക അലവന്‍സ് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അങ്കണവാടി ജീവനക്കാരുടെ വര്‍ധിപ്പിച്ച ശമ്പളത്തിന്റെ പകുതി സര്‍ക്കാര്‍ നല്‍കാന്‍ തീരുമാനിച്ചു. അസംഘടിത മേഖലയിലെ നിര്‍ധനരായ കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന 220 ക്രഷ് ജീവനക്കാര്‍ക്ക് മുടങ്ങിക്കിടന്ന ശമ്പളം ഓണത്തിനു മുമ്പ് കൊടുത്തുതീര്‍ക്കാന്‍ തീരുമാനിച്ചു.

കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് 14 ജില്ലകള്‍ക്കും വണ്‍സ്റ്റോപ്പ് ക്രൈസിസ് സെന്റര്‍ അനുവദിച്ചു. നാലെണ്ണം ഈ വര്‍ഷം ആരംഭിക്കും. നിര്‍ഭയകേന്ദ്രങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചു. മഹിളാമന്ദിരങ്ങള്‍, ശിശുമന്ദിരങ്ങള്‍ എന്നിവയുടെ ശോചനീയാവസ്ഥ പരിഹരിക്കാനുള്ള പദ്ധതി തയ്യാറാക്കി. അംഗ പരിമിതരായ ആളുകളെ കണ്ടെത്തി ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള മെഗാ വൈകല്യ പരിശോധനാ ക്യാമ്പ് നടത്തി. 84 അംഗപരിമിതര്‍ക്ക് സ്ഥിരനിയമനം നടത്തി. ഭക്ഷ്യസുരക്ഷാവകുപ്പിന്റെയും മലനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും പ്രവര്‍ത്തനം ശക്തമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. പൊതുജനാരോഗ്യകേന്ദ്രങ്ങള്‍ ജനസൌഹൃദമാക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചു. അഞ്ചുവര്‍ഷത്തിനുള്ളില്‍ നിര്‍ണായകമായ മാറ്റമാണ് കേരളം പ്രതീക്ഷിക്കുന്നത്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top