20 April Tuesday

മാനത്തിനും ജീവനും വിലയില്ലാത്ത യുപി - സാജൻ എവുജിൻ എഴുതുന്നു

സാജൻ എവുജിൻUpdated: Thursday Mar 4, 2021

തന്റെ മാനത്തിന്‌ വിലയായി അച്ഛന്റെ ജീവൻ ബലിനൽകേണ്ടിവന്ന ഹാഥ്‌രസിലെ പെൺകുട്ടിയുടെ വിലാപം രാജ്യത്തെ നടുക്കുന്നു. ബിജെപിയുടെ കാഴ്‌ചപ്പാടിൽ ‘മാതൃകാഭരണം കാഴ്‌ചവയ്‌ക്കുന്ന’ യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശിലെ ഹാഥ്‌രസ്‌ വാർത്തകളിൽ നിറയുന്നത്‌ ആദ്യമായല്ല. കഴിഞ്ഞ സെപ്‌തംബറിൽ കൂട്ടബലാത്സംഗത്തിന്‌ ഇരയായി ക്രൂരമായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കളെ കാണിക്കാതെ അർധരാത്രി കത്തിച്ചുകളഞ്ഞാണ്‌ ഹാഥ്‌രസ്‌ കുപ്രസിദ്ധമായത്‌. ക്രമസമാധാനം സംരക്ഷിക്കാനെന്ന പേരിൽ ജില്ലാഅധികൃതരാണ്‌ മൃതദേഹം ഇത്തരത്തിൽ അപ്രത്യക്ഷമാക്കിയത്‌. ഹീനകൃത്യം രാജ്യത്താകെ രോഷവും പ്രതിഷേധവും സൃഷ്ടിക്കുകയും അലഹബാദ്‌ ഹൈക്കോടതിയുടെ ലഖ്‌‌നൗ ബെഞ്ച്‌ സ്വമേധയാ കേസെടുക്കുകയും ചെയ്‌തതിനെതുടർന്ന്‌ ബിജെപി സർക്കാർ ചില പ്രഖ്യാപനങ്ങൾ നടത്തി. കടലാസിന്റെ വിലയില്ലാത്ത പ്രഖ്യാപനങ്ങളാണ്‌ സർക്കാരിന്റേതെന്ന്‌‌ വ്യക്തമാക്കുന്ന സംഭവമാണ്‌ തിങ്കളാഴ്‌ച നടന്നത്‌.

ഡൽഹിയിൽനിന്നും 200 കിലോമീറ്റർ അകലെയുള്ള ഹാഥ്‌‌രസിലെ നൊജൽപുരിൽ പൂജ(യഥാർഥ പേരല്ല) എന്ന പെൺകുട്ടിക്ക്‌ മൂന്നുവർഷമായി ഗൗരവ്‌ ശർമ എന്നയാളിൽനിന്ന്‌ ‌ നേരിടേണ്ടിവന്ന അതിക്രമമാണ്‌ പൂജയുടെ അച്ഛന്റെ കൊലപാതകത്തിൽ എത്തിയത്‌. പൂജയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ 2018 ജൂലൈയിൽ അറസ്‌റ്റിലായ ഗൗരവ്‌ ശർമ ഒരു മാസം ജയിലിൽ കഴിഞ്ഞു. ജാമ്യത്തിൽ ഇറങ്ങിയശേഷം പൂജയ്‌ക്കും കുടുംബത്തിനും നേരെ ഭീഷണി തുടർന്നു. കേസ്‌ ഒത്തുതീർപ്പാക്കിയില്ലെങ്കിൽ കൂടുതൽ കുഴപ്പം ഉണ്ടാകുമെന്നും ഗൗരവ്‌ ശർമ ഭീഷണിപ്പെടുത്തി. പൂജയുടെ അച്ഛൻ പൊലീസിൽ പരാതി നൽകിയിട്ടും ഗൗരവ്‌ ശർമയുടെ ജാമ്യം റദ്ദാക്കാൻ നടപടി ഉണ്ടായില്ല. ഇതിനിടെ വിവാഹിതനായ ഗൗരവ്‌ ശർമ തിങ്കളാഴ്‌ച വൈകിട്ട്‌ കുടുംബാംഗങ്ങളോടൊപ്പം ഗ്രാമക്ഷേത്രത്തിലെത്തി. പൂജയും സഹോദരിയും അപ്പോൾ അവിടെ ഉണ്ടായിരുന്നു.

ഗൗരവ്‌ ശർമയും കുടുംബാംഗങ്ങളും പൂജയെ ‌ അധിക്ഷേപിച്ചത്‌ സംഘർഷത്തിന്‌ കാരണമായി. അച്ഛൻ കൃഷി ചെയ്യുന്ന പാടത്തേ‌ക്ക്‌ പൂജയും സഹോദരിയും പോയി. ഗൗരവ്‌ ശർമയും സംഘവും പിന്തുടർന്നെത്തി ഭീഷണിയും ആക്ഷേപവർഷവും ആവർത്തിച്ചു. പൂജയുടെ അച്ഛൻ പ്രതികരിച്ചതോടെ ഗൗരവ്‌ ശർമ രോഷാകുലനായി സ്ഥലം വിട്ടു. എന്നാൽ കുറെക്കഴിഞ്ഞപ്പോൾ അനുചരന്മാരുമായി കാറിലെത്തിയ ഗൗരവ്‌ ശർമ പൂജയുടെ അച്ഛനുനേരെ വെടിയുതിർത്തു. കൊലക്കേസിൽ ആറുപേരെ പ്രതിചേർത്തിട്ടുണ്ടെന്ന്‌ പൊലീസ്‌ പറയുന്നു. നീതി ആവശ്യപ്പെട്ട്‌ ‌ പൊലീസ്‌സ്‌റ്റേഷനുമുന്നിൽനിന്ന്‌ പൂജ വിലപിക്കുന്നതിന്റെ വീഡിയോദൃശ്യം സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചു. പ്രതി സമാജ്‌വാദി പാർടി പ്രവർത്തകനാണെന്ന്‌ ആരോപിച്ച് ധാർമിക‌ ഉത്തരവാദിത്തം ഒഴിയാനാണ്‌ സർക്കാരും ബിജെപിയും ശ്രമിക്കുന്നത്‌.

ബുൽഗഡിയുടെ വിലാപം
കഴിഞ്ഞ സെപ്‌തംബർ 14നാണ്‌ ഹാഥ്‌രസിലെ ബുൽഗഡി ഗ്രാമത്തിൽ 19കാരി അതിക്രൂരമായ കൂട്ടബലാത്സംഗത്തിനും ആക്രമണത്തിനും ഇരയായത്‌. അലിഗഢിലെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി കൂട്ടബലാത്സംഗത്തെക്കുറിച്ച്‌ മൊഴി നൽകിയിട്ടും കേസെടുക്കാൻ പൊലീസ്‌ തയ്യാറായില്ല. 20നാണ്‌ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്‌. നില വഷളായപ്പോൾ പെൺകുട്ടിയെ ഡൽഹി സഫ്‌ദർജങ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. ഇവിടെവച്ച്‌ 29നു മരിച്ച പെൺകുട്ടിയുടെ ജഡമാണ്‌ ബന്ധുക്കൾക്ക്‌ കൈമാറാതെ അധികൃതർ കത്തിച്ചുകളഞ്ഞത്‌. ഈ കേസിൽ ഗ്രാമത്തിലെ ഭൂവുടമയുടെ മകൻ അടക്കം നാല്‌ പേരാണ്‌ അറസ്‌റ്റിലായത്‌. പ്രതികളിൽ ഒരാൾ പെൺകുട്ടിയെ മുമ്പ്‌ അപമാനിച്ചിരുന്നു. പൊലീസിൽ പരാതി നൽകിയിട്ടും ഫലപ്രദമായ നടപടിയുണ്ടായില്ല. ബിജെപി എംഎൽഎയായിരുന്ന കുൽദീപ്‌ സിങ്‌ സെംഗാർ ശിക്ഷിക്കപ്പെട്ട ഉന്നാവ്‌ ബലാത്സംഗക്കേസ്‌ അട്ടിമറിക്കാനും പൊലീസ്‌ ശ്രമിച്ചു. ഇതിൽ പ്രതിഷേധിച്ച്‌ ഇരയും കുടുംബാംഗങ്ങളും മുഖ്യമന്ത്രിയുടെ വസതിക്ക്‌ മുന്നിൽ ആത്മാഹൂതിക്ക്‌ ശ്രമിച്ചു. പെൺകുട്ടിയുടെ അച്ഛൻ അറസ്‌റ്റിലാവുകയും അദ്ദേഹം കസ്‌റ്റഡിയിൽവച്ച്‌ മരിക്കുകയും ചെയ്‌തു. ഇതോടെ വിഷയം ദേശീയശ്രദ്ധ നേടി. കോടതി ഇടപെടലുകളെ തുടർന്ന്‌ വിചാരണ വേഗത്തിൽ നടക്കുകയും പ്രതി ശിക്ഷിക്കപ്പെടുകയും ചെയ്‌തു. ഇതിനിടെ ഇരയും കുടുംബാംഗങ്ങളും സഞ്ചരിച്ച വാഹനത്തിൽ ട്രക്കിടിച്ച്‌ രണ്ട്‌ ബന്ധുക്കൾ കൊല്ലപ്പെട്ടു. ഗുരുതര പരിക്കേറ്റ പെൺകുട്ടിക്ക്‌ കഷ്ടിച്ചാണ്‌ ജീവൻ തിരിച്ചുകിട്ടിയത്‌. പെൺകുട്ടിയെയും കുടുംബത്തെയും ഇല്ലായ്‌മ ചെയ്യാൻ ഗൂഢാലോചന നടന്നുവെന്ന്‌ സാഹചര്യത്തെളിവ്‌ വ്യക്തമാക്കുന്നു. ഈ മൂന്ന്‌ ‌ സംഭവത്തിലും ഇരകൾക്കുനേരെ ദീർഘകാലമായി ഭീഷണി നിലനിന്നിട്ടും സംരക്ഷണം നൽകുന്നതിൽ പൊലീസും സർക്കാരും പരാജയപ്പെട്ടു.

ഉത്തർപ്രദേശിൽ നിലനിൽക്കുന്ന പൊതുസ്ഥിതിയുടെ നേർച്ഛേദമാണിത്‌. സംഘപരിവാർ തുടർച്ചയായി നടത്തിവരുന്ന വിഷലിപ്ത പ്രചാരണത്തിന്റെ ഭാഗമായി വർഗീയതയും ജാതിവൈരവും പുരുഷാധിപത്യ പ്രവണതകളും സമൂഹത്തിൽ ആഴത്തിൽ വേരൂന്നി. ദളിതർക്കും സ്‌ത്രീകൾക്കും നേരെയുള്ള ആക്രമണങ്ങൾ പെരുകി. 2015–-19 കാലത്ത്‌ സ്‌ത്രീകൾക്കുനേരെയുള്ള ആക്രമണങ്ങളുടെ എണ്ണത്തിൽ യുപിയിൽ 67 ശതമാനം വർധന രേഖപ്പെടുത്തി. 2019ൽ രാജ്യത്ത്‌ രജിസ്‌റ്റർ ചെയ്‌ത ദളിതർക്കുനേരെയുള്ള ആക്രമണങ്ങളിൽ 25 ശതമാനവും ഉത്തർപ്രദേശിലാണ്‌.

വർഗീയവിദ്വേഷ പ്രചാരണം, കലാപത്തിന്‌ പ്രേരണ നൽകൽ എന്നീ വകുപ്പുകളിൽ അടക്കം തനിക്കെതിരെ നിലനിന്ന എല്ലാ കേസുകളും പിൻവലിക്കുകയാണ് അധികാരമേറ്റയുടൻ ആദിത്യനാഥ് ചെയ്തത്. ഗുണ്ടാവേട്ട എന്ന നിലയിൽ ആരെയും വെടിവച്ചു കൊല്ലാൻ പൊലീസിന്‌ അനുമതി നൽകി. അതേസമയം ഗുണ്ടാസംഘങ്ങളും തോക്ക്‌ സംസ്‌കാരവും സംസ്ഥാനത്ത്‌ തഴച്ചുവളരുന്നു. ആധുനിക ജനാധിപത്യത്തിന്റെയും സംസ്‌കാരത്തിന്റെയും ലക്ഷണങ്ങൾ ഉത്തർപ്രദേശിൽനിന്ന് അപ്രത്യക്ഷമാകുകയാണ്‌. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top