19 January Sunday

‘തീവ്രദേശീയത’ ഉയർത്തി ബിജെപി

എം പ്രശാന്ത്‌Updated: Saturday Oct 19, 2019


ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പുൽവാമയും ബാലാകോട്ടും പറഞ്ഞ്‌ ഹരിയാനയിൽ വോട്ടുതേടിയ ബിജെപി മാസങ്ങൾക്കിപ്പുറം നിയമസഭാ തെരഞ്ഞെടുപ്പിൽ കശ്‌മീരും മുത്തലാഖും മറ്റുമാണ്‌ വിഷയമാക്കുന്നത്‌. ‘അബ്‌ കി ബാർ സത്തർ പാർ’ (ഇക്കുറി എഴുപതിന്‌ അപ്പുറം) എന്നതാണ്‌ ബിജെപിയുടെ മുദ്രാവാക്യം. അഞ്ചുമാസം മുമ്പുനടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പത്തു സീറ്റിലും ബിജെപിക്ക്‌ ജയിക്കാനായി. നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 90 സീറ്റിൽ എഴുപതിലധികം ജയിക്കാനാണ്‌ ശ്രമം. മോഡി–- അമിത്‌ ഷാ കൂട്ടുകെട്ട്‌ ഉയർത്തുന്ന ‘തീവ്രദേശീയത’യിൽത്തന്നെയാണ്‌ ബിജെപി വീണ്ടും പ്രതീക്ഷയർപ്പിക്കുന്നത്‌. പ്രതിപക്ഷത്തെ ഭിന്നിപ്പ്‌ അവർക്ക്‌ കൂടുതൽ ആത്മവിശ്വാസമാകുന്നു.

ഒരു പതിറ്റാണ്ട്‌ മുമ്പുവരെ ഹരിയാന രാഷ്ട്രീയത്തിൽ ഒന്നുമല്ലാതിരുന്ന ബിജെപി 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ മുതലാണ്‌ സംസ്ഥാനത്ത്‌ സ്വാധീനമുറപ്പിച്ചുതുടങ്ങിയത്‌. കുൽദീപ്‌ ബിഷ്‌ണോയിയുടെ ഹരിയാന ജനഹിത്‌ കോൺഗ്രസുമായി സഖ്യത്തിലായിരുന്നു മത്സരം. എട്ടുസീറ്റിൽ ബിജെപിയും രണ്ടുസീറ്റിൽ ജനഹിത്‌ കോൺഗ്രസും. ഏഴുസീറ്റിൽ ബിജെപി ജയിച്ചപ്പോൾ ജനഹിത്‌ കോൺഗ്രസ്‌ രണ്ടുസീറ്റിലും തോറ്റു. ജാട്ടുകളല്ലാത്ത സ്ഥാനാർഥികളെ നിർത്തി ജാട്ട്‌വിരുദ്ധ സമുദായ വോട്ടുകൾ സമാഹരിച്ചതാണ്‌ ബിജെപിക്ക്‌ നേട്ടമായത്‌. 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തന്ത്രം ആവർത്തിച്ച ബിജെപി 47 സീറ്റുനേടി ആദ്യമായി സംസ്ഥാനത്ത്‌ ഭരണം പിടിച്ചു. പഞ്ചാബി ഖത്രിയായ മനോഹർലാൽ ഖട്ടറിനെ മുഖ്യമന്ത്രിയാക്കി ഹരിയാനയിൽ പതിറ്റാണ്ടുകളായി തുടർന്ന ജാട്ട്‌ ആധിപത്യത്തെ വെല്ലുവിളിച്ചു. 

നിർണായകമായ ജാട്ട്‌ വോട്ടുകളും ജാട്ട്‌ വിരുദ്ധ വോട്ടുകളും
ഹരിയാനയിൽ പ്രബലരായ ജാട്ട്‌ സമുദായക്കാർ 25 ശതമാനത്തോളമാണ്‌. 20 ശതമാനത്തോളം ദളിത്‌ ജനവിഭാഗങ്ങളുണ്ട്‌. ബ്രാഹ്മണർ, യാദവർ, ഗുജ്ജർ, ബനിയ, രാജ്‌പുത്‌ തുടങ്ങിയ വിഭാഗക്കാരാണ്‌ ശേഷിക്കുന്നവർ. ദേവിലാൽ, ബൻസിലാൽ, ഓംപ്രകാശ്‌ ചൗത്താല, ഭൂപീന്ദർ സിങ് ഹൂഡ തുടങ്ങി സംസ്ഥാനത്തെ 10 മുഖ്യമന്ത്രിമാരിൽ ഏഴുപേർ ജാട്ടുകളായിരുന്നു. ബനാറസി ദാസ്‌ ഗുപ്‌തയും ഭജൻലാലും ഖട്ടറുംമാത്രമാണ്‌ ജാട്ട്‌ ഇതര മുഖ്യമന്ത്രിമാർ. ഓം പ്രകാശ്‌ ചൗത്താലയുടെ ഐഎൻഎൽഡിക്കാണ്‌ ജാട്ട്‌ വോട്ടുകൾ പരമ്പരാഗതമായി ലഭിച്ചുവന്നിരുന്നത്‌. ഭൂപീന്ദർ സിങ്‌ ഹൂഡ നേതാവായി ഉയർന്നതോടെ കോൺഗ്രസും ജാട്ടുകൾക്കിടയിൽ സ്വാധീനം ഉറപ്പിച്ചു. ജാട്ട്‌–- ദളിത്‌ പിന്തുണയിൽ 2005 മുതൽ 2014 വരെ ഹൂഡ മുഖ്യമന്ത്രിയായി തുടർന്നു.

ജാട്ട്‌ വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കാനായതാണ്‌ 2014 ൽ ബിജെപിക്ക്‌ നേട്ടമായത്‌. ഹൂഡ സർക്കാരിനെതിരായ ഭരണവിരുദ്ധവികാരവും അഴിമതിക്കേസിൽപ്പെട്ട്‌ ഓംപ്രകാശ്‌ ചൗത്താലയും മക്കളും ജയിലിലായതും ബിജെപിക്ക്‌ അനുകൂലഘടകങ്ങളായി മാറി. ഭജൻ ലാലിന്റെ മകനായ കുൽദീപ്‌ ബിഷ്‌ണോയ്‌ കോൺഗ്രസ്‌ വിട്ട്‌ ജനഹിത്‌ കോൺഗ്രസ്‌ രൂപീകരിച്ച സഖ്യകക്ഷിയാകുകകൂടി ചെയ്‌തതോടെ ബിജെപി പെട്ടെന്ന്‌ കരുത്താർജിച്ചു.

2014വരെ ഹരിയാനയിൽ ബിജെപി അറിയപ്പെട്ടിരുന്നത്‌ ‘ഗ്രാൻഡ്‌ട്രങ്ക്‌ റോഡ്‌’ പാർടിയെന്നായിരുന്നു. പാനിപ്പത്ത്‌, കർണാൽ, കുരുക്ഷേത്ര, അംബാല തുടങ്ങിയ സ്ഥലങ്ങളാണ്‌ ഹരിയാനയിലെ ‘ജിടി റോഡ്‌’ മേഖല. ജാട്ട്‌ ഇതര ബനിയകളും ബ്രാഹ്മണരും കൂടുതലായുള്ള ജിടി റോഡ്‌ മേഖലയായിരുന്നു ബിജെപിയുടെ പരമ്പരാഗത സ്വാധീന പ്രദേശം. 2014ലെ തെരഞ്ഞെടുപ്പിൽ ഈ മേഖലയിൽ വരുന്ന 25 നിയമസഭാ സീറ്റിൽ 22 ഉം ബിജെപി നേടി. ഒപ്പം ജാട്ട്‌ ഇതര സമുദായങ്ങളെ ഏകോപിപ്പിച്ച്‌ സംസ്ഥാനത്തിന്റെ മറ്റ്‌ ഭാഗങ്ങളിലേക്കു കൂടി കടന്നുകയറി.

ബിജെപിക്ക്‌ വഴിയൊരുക്കിയത്‌ കോൺഗ്രസ്‌
ഹരിയാനയിൽ സ്വാധീനമുറപ്പിക്കാൻ ബിജെപിയെ ഏറ്റവുമധികം സഹായിച്ചത്‌ കോൺഗ്രസാണ്‌. ഹൂഡയുടെ ഏകാധിപത്യനിലപാടുകൾ പല മുതിർന്ന കോൺഗ്രസ്‌ നേതാക്കളെയും ബിജെപി പാളയത്തിൽ എത്തിച്ചു. പ്രവർത്തകസമിതിയംഗമായിരുന്ന ബീരേന്ദർ സിങ്‌, ഗുഡ്‌ഗാവ്‌ എംപിയായിരുന്ന റാവു ഇന്ദർജിത്‌ സിങ്‌ തുടങ്ങിയവരാണ്‌ ബിജെപിയിലേക്ക്‌ കൂറുമാറിയവരിൽ പ്രമുഖർ. ഭജൻലാലിന്റെ മകൻ കുൽദീപ്‌ ബിഷ്‌ണോയിയാകട്ടെ ബിജെപിയുമായി സഖ്യം സ്ഥാപിക്കുകയും ചെയ്‌തു.

2018 ൽ ഐഎൻഎൽഡിയിൽ ഉണ്ടായ പിളർപ്പും ബിജെപിക്കാണ്‌ പ്രയോജനപ്പെട്ടത്‌. ഐഎൻഎൽഡിയുടെ 10 എംഎൽഎമാർ ഒറ്റയടിക്ക്‌ ബിജെപിയിലെത്തി. 2009ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒമ്പതു ശതമാനംമാത്രം വോട്ടുലഭിച്ച ബിജെപി 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 34.74 ശതമാനം വോട്ടിലേക്ക്‌ ഉയർന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലാകട്ടെ ബിജെപിയുടെ വോട്ടുനില 58 ശതമാനമായി ഉയർന്നു.

ജനകീയവിഷയങ്ങൾ ഏറ്റെടുക്കാനാകാതെ പ്രതിപക്ഷം
കാർഷിക–- വ്യവസായമേഖലകളിലെ മുരടിപ്പ്‌, ഖട്ടർ സർക്കാരിനെതിരായ അഴിമതി ആക്ഷേപങ്ങൾ, സവാളയുടെയുംമറ്റും വിലക്കയറ്റം, രൂക്ഷമായ തൊഴിലില്ലായ്‌മ തുടങ്ങി ഏറ്റെടുക്കാവുന്ന ജനകീയവിഷയങ്ങൾ നിരവധിയുണ്ടെങ്കിലും പ്രതിപക്ഷ പാർടികൾക്ക്‌ ഹരിയാനയിൽ പ്രതീക്ഷിച്ച കുതിപ്പില്ല. കോൺഗ്രസിൽ രൂക്ഷമായ തമ്മിലടി തുടരുകയാണ്‌. പിസിസി അധ്യക്ഷനായിരുന്ന അശോക്‌ തൻവർ പാർടി വിട്ടു. കോൺഗ്രസിന്റെ ദളിത്‌ മുഖമായിരുന്ന തൻവർ ജെജെപിയെ പിന്തുണയ്‌ക്കുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. തൻവറിനെ ബിജെപി സ്വീകരിക്കില്ലെന്ന്‌ മുഖ്യമന്ത്രി ഖട്ടർ പ്രഖ്യാപിച്ചിരുന്നു. ബിജെപിയുടെ സവർണനേതൃത്വത്തിന്‌ തൻവറിനോട്‌ താൽപ്പര്യമില്ലാത്തതാണ്‌ കാരണം. ദുഷ്യന്ത്‌ ചൗത്താല ജെജെപി രൂപീകരിച്ചതോടെ ഐഎൻഎൽഡിയും ദുർബലപ്പെട്ടിരിക്കയാണ്‌. ജയിലിൽ കഴിയുന്ന ചൗത്താല പരോളിലിറങ്ങി ഐഎൻഎൽഡിക്ക്‌ പുതുജീവൻ പകരാൻ ശ്രമിക്കുന്നുണ്ടെങ്കിലും പരമ്പരാഗത ജാട്ട്‌ വോട്ടർമാർ ജെജെപിയോടാണ്‌ ആഭിമുഖ്യം പുലർത്തുന്നത്‌.

ബിജെപി സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരായ പ്രചാരണ പ്രവർത്തനങ്ങളുമായി സിപിഐ എം, ആംആദ്‌മി പാർടി, ബിഎസ്‌പി, യോഗേന്ദ്ര യാദവിന്റെ സ്വരാജ്‌ അഭിയാൻ തുടങ്ങിയ പാർടികളും മത്സരരംഗത്തുണ്ട്‌. സിപിഐ എം ഏഴ്‌ മണ്ഡലങ്ങളിലാണ്‌ മത്സരിക്കുന്നത്‌.


പ്രധാന വാർത്തകൾ
 Top