25 September Sunday
ഇന്ന്‌ ഹർകിഷൻ സിങ്‌ സുർജിത്‌ സ്‌മരണദിനം

ബ്രിട്ടീഷ്‌ പതാക താഴ്‌ത്തിയ പോരാട്ടവീര്യം

വി ബി പരമേശ്വരൻUpdated: Monday Aug 1, 2022

ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സമുന്നത നേതൃത്വമായിരുന്നു സ. ഹർകിഷൻ സിങ്‌ സുർജിത്‌. വിപ്ലവകാരിയായ സ്വാതന്ത്ര്യസമര പോരാളി‌. 1947ൽ ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന വേളയിൽ പഞ്ചാബിലെ കമ്യൂണിസ്റ്റ്‌ പാർടി സെക്രട്ടറിയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിൽ വളർന്ന് ഇന്ത്യൻ ഇടതുപക്ഷത്തിന്റെ അമരക്കാരനായി മാറുകയായിരുന്നു അദ്ദേഹം. 1964ൽ സിപിഐ എമ്മിന്റെ ആദ്യ പൊളിറ്റ്ബ്യൂറോയിലെ ഒമ്പത് അംഗങ്ങളിൽ ഒരാളായി. 1992ൽ ഇ എം എസിന്റെ പിൻഗാമിയായി 2005 വരെ  പാർടി ജനറൽ സെക്രട്ടറിയായി. ഇന്ത്യൻ രാഷ്‌ട്രീയത്തിൽ കമ്യൂണിസ്റ്റ്‌ പാർടിയെ നിർണായക ശക്തിയാക്കി അദ്ദേഹം മാറ്റി.  
1916 മാർച്ച് 23ന്‌ പഞ്ചാബിലെ ജലന്ധർ ജില്ലയിലെ ബുണ്ടാലയിലാണ്‌ സഖാവ്‌ ജനിച്ചത്‌. വിദ്യാർഥിയായിരിക്കെ ഭഗത് സിങ്ങിന്റെ രക്തസാക്ഷിത്വം ചെലുത്തിയ സ്വാധീനമാണ് സുർജിത്തിനെ വിപ്ലവജീവിതത്തിലേക്ക് നയിച്ചത്. വിദ്യാർഥിയായിരിക്കെ സുർജിത്‌ ബുണ്ടാലയലിൽ ഒരു പൊതുയോഗം സംഘടിപ്പിച്ചു. പിറ്റേന്ന്‌ സംഘാടകനെ തേടി പൊലീസ് സ്‌കൂളിലെത്തി. മാപ്പെഴുതി കൊടുത്താൽ സ്‌കൂളിൽ തുടരാൻ അനുവദിക്കാമെന്നായി അധികൃതർ. എന്നാൽ, മാപ്പെഴുതി കൊടുക്കാനല്ല മറിച്ച് സ്‌കൂളിനോടുതന്നെ വിടപറയാനാണ് സുർജിത്‌ തീരുമാനിച്ചത്.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടുള്ള അടങ്ങാത്ത കലാപങ്ങളായിരുന്നു സുർജിത്തിന്റെ ബാല്യവും കൗമാരവും. 16–-ാം വയസ്സിൽ ഭഗത് സിങ്ങിന്റെ രക്തസാക്ഷിത്വദിനത്തിൽ ഹോഷിയാർപുർ കോടതിവളപ്പിൽ സുർജിത്‌ ബ്രിട്ടന്റെ യൂണിയൻ ജാക്ക് താഴെ ഇറക്കി ത്രിവർണ പതാക ഉയർത്തി. തുടർന്ന് അറസ്റ്റിലായി. വിചാരണവേളയിൽ കോടതിയോട് തന്റെ പേര് ‘ലണ്ടൻ തോഡാ സിങ്‌’ അഥവാ ‘ലണ്ടനെ തകർക്കുന്ന സിങ്‌’ എന്നുറക്കെ പ്രഖ്യാപിച്ചു. കോടതിനാലുവർഷം ജയിൽവാസം വിധിച്ചു.

ബന്ധുവായ ഹർബൻസ് സിങ്‌ ബാസ്സിയിൽനിന്നാണ് സുർജിത്‌ കമ്യൂണിസ്റ്റ് പാർടിയിലേക്ക് ആകർഷിക്കപ്പെടുന്നത്. മോസ്കോയിലെ ടോയ്ലേഴ്സ് സർവകലാശാലയിൽനിന്ന് പഠനം കഴിഞ്ഞ് തിരിച്ചുവന്ന ഹർബൻസാണ് സുർജിത്തിനെ ബന്ധപ്പെട്ട് അദ്ദേഹത്തെ ഒളിവിൽ കഴിയുന്ന ചില കമ്യൂണിസ്റ്റ് നേതാക്കളുമായി ബന്ധപ്പെടുത്തുന്നത്. സുർജിത്‌ കമ്യൂണിസ്റ്റ് പാർടി അംഗമാകുന്നത് 1934ലാണ്. സോഹൻസിങ്‌ ജോഷ് ജാലിയൻവാലാ ബാഗിൽ വിളിച്ചുചേർത്ത യോഗത്തിൽ ഇന്ദർസിങ്‌ ഗുജ്റൻവാല, ഫൗജദസിങ്‌ ഫുല്ലർ എന്നിവരുൾപ്പെടെ 20 പേർ മാത്രമാണ് പാർടി അംഗങ്ങളായി പഞ്ചാബിലുണ്ടായിരുന്നത്. പാർടിയുടെ ജില്ലാകേന്ദ്രം അന്ന് ലാഹോറിലായിരുന്നു.

പടിപടിയായി ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക്‌ അദ്ദേഹം ഉയർന്നു. രണ്ടാം ലോകയുദ്ധകാലത്ത് കമ്യൂണിസ്റ്റുകാർ രാജ്യവ്യാപകമായി വേട്ടയാടപ്പെട്ടു. രണ്ടാം ലോകയുദ്ധകാലത്ത് അറസ്റ്റിലായ വേളയിലാണ് അദ്ദേഹത്തിന്റെ കണ്ണിന് കാഴ്ചശക്തി മങ്ങുന്നത്. ലാഹോറിലെ കുപ്രസിദ്ധമായ ചെങ്കോട്ട ജയിലിലെ ഒരു ഇരുട്ടുമുറിയിൽ ഒന്നരക്കൊല്ലം തടവിൽ പാർപ്പിച്ചതിനാലാണ് ഈ പ്രശ്നം ഉടലെടുത്തതെന്ന് പലപ്പോഴും സുർജിത്‌ പറഞ്ഞിരുന്നു. ജയിൽ സന്ദർശിച്ച് തടവുകാരുടെ ആരോഗ്യനിലയെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ വന്ന ഒരു ഐറിഷ് ഡോക്ടറുടെ നിർബന്ധത്തിന് വഴങ്ങിയാണ് അവസാനം അദ്ദേഹത്തെ ആ ഇരുട്ടറയിൽനിന്ന് മാറ്റാൻ ബ്രിട്ടീഷുകാർ തയ്യാറായത്. അന്ന് ചെറുപ്പക്കാരനായ ആ ഡോക്ടർ വന്നില്ലായിരുന്നെങ്കിൽ കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടമായേനേ എന്ന് സുർജിത്‌ പല വേളയിലും പറഞ്ഞിരുന്നു. ദീർഘകാലം ഒളിവിൽ പാർത്ത വ്യക്തികൂടിയാണ് സുർജിത്‌. രണ്ടാം ലോകയുദ്ധകാലത്തായിരുന്നു ഇത്. തലമുടി മൊട്ടയടിച്ചും ഹാർമോണിയം തൂക്കി പാട്ടുകാരനായി അഭിനയിച്ചും കരിമ്പ് മെതിച്ച് ശർക്കരയുണ്ടാക്കുന്ന ആളായും അഭിനയിച്ച് അറസ്റ്റിൽനിന്ന്‌ രക്ഷപ്പെട്ട സുർജിത്‌ പല ഘട്ടങ്ങളിലും പിടിക്കപ്പെട്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. 

രാജ്യം കണ്ട തലയെടുപ്പുള്ള കർഷക നേതാക്കളിൽ ഒരാളുകൂടിയായിരുന്നു സുർജിത്‌. 1936ൽ അഖിലേന്ത്യാ കിസാൻസഭ രൂപംകൊള്ളുന്നതിനുമുമ്പുതന്നെ കർഷകരെ സംഘടിപ്പിക്കുന്നതിൽ സുർജിത്‌ മുഴുകി. ഇന്ത്യാവിഭജനവും പഞ്ചാബിലെ ഖലിസ്ഥാൻവാദവുമാണ് വർഗീയശക്തികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കാൻ സുർജിത്തിനെ പ്രേരിപ്പിച്ചത്. വിഭജനകാലത്തെ വർഗീയാക്രമണങ്ങൾ തടയാനും മുൻനിന്ന് പ്രവർത്തിച്ചു. പഞ്ചാബ് നിയമസഭാ അംഗമായും രാജ്യസഭാ അംഗമായും പ്രവർത്തിച്ചു. ഇന്ത്യയിൽ സിപിഐ എമ്മിന്റെ വളർച്ചയിൽ നിർണായക സംഭാവനയാണ്‌ അദ്ദേഹം നൽകിയത്‌. 2008 ആഗസ്‌ത്‌ ഒന്നിന് സുർജിത്‌ അന്തരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top