08 December Wednesday

ആ പെൺകുട്ടികളെ പിന്തുണയ്ക്കണം - ഡോ. ഷീന ഷുക്കൂർ എഴുതുന്നു

ഡോ. ഷീന ഷുക്കൂർUpdated: Monday Sep 13, 2021

photo credit minah jaleel facebook post

ദൈനംദിന ജീവിതത്തിൽ സ്‌ത്രീകളുടെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കുക എന്നുള്ളത്‌ മനുഷ്യൻ എന്ന നിലയിലുള്ള പ്രാഥമിക ബാധ്യതയാണ്‌. നമ്മുടെ ഭരണഘടനയുടെ അനുച്ഛേദം 15 (3) പ്രകാരം സ്‌ത്രീകൾക്കുവേണ്ടി പ്രത്യേകം നിയമനിർമാണത്തിന്‌ അനുശാസനം നൽകുന്നുണ്ട്‌. മൗലികാവകാശമായ 15 (3) പ്രകാരമാണ്‌ രാജ്യത്ത്‌ നിരവധി സ്‌ത്രീ സംരക്ഷണ നിയമനിർമാണങ്ങൾ ഉണ്ടായിട്ടുള്ളത്‌. പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും സ്‌ത്രീയുടെ അന്തസ്സിന്‌ ഹാനികരമാകുന്ന പ്രവൃത്തികൾ സംഭവിച്ചിട്ടുണ്ടെന്ന്‌ ഒരു സ്‌ത്രീ പരാതിപ്പെട്ടാൽ സാധാരണഗതിയിൽ ആരോപിതനായ ആൾക്കെതിരെ നടപടി എടുക്കേണ്ടത്‌ ആയതിന്‌ ബാധ്യസ്ഥരായവരുടെ ഉത്തരവാദിത്വമാണ്‌. നമ്മുടെ പൊതുഇടങ്ങളിൽ സ്‌ത്രീ സാന്നിധ്യം വർധിച്ചാൽ മാത്രമേ സ്‌ത്രീ ശാക്തീകരണം സാധ്യമാകൂ.

നാഷണൽ ഡിഫൻസ്‌ അക്കാദമിയിൽ സ്‌ത്രീകൾക്ക്‌ പ്രവേശനം നൽകാമെന്നും സായുധ സേനയിൽ സ്‌ത്രീകൾക്ക്‌ പങ്കാളിത്തം ഉറപ്പുവരുത്തുമെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ വാക്കാൽ ഉറപ്പു നൽകിയിരിക്കുകയാണ്‌. പുരുഷന്മാർ മാത്രം കീഴടക്കിയിരുന്ന സുപ്രധാന മേഖലകളിൽ സ്‌ത്രീ സാന്നിധ്യം ഉറപ്പുവരുത്താൻ സ്വാതന്ത്ര്യംലഭിച്ച്‌ 75 വർഷം സമയമെടുത്തെങ്കിലും മാറ്റങ്ങൾ പ്രതീക്ഷയ്‌ക്ക്‌ വകനൽകുന്നു. ഈ പശ്‌ചാത്തലത്തിലാണ്‌ ‘ഹരിത സംഭവം’ കേരളീയ മനസ്സുകളെ ഞെട്ടിക്കുന്നതും മുറിവേൽപ്പിക്കുന്നതുമായി മാറുന്നത്‌. സംസ്ഥാനത്ത്‌ ക്യാമ്പസുകളിൽ വിദ്യാർഥിനികൾക്കുവേണ്ടി മാത്രം രൂപീകരിക്കപ്പെട്ട ഒരു സംഘടനയിൽ ലൈംഗികാധിക്ഷേപ വാക്കുകൾ ഉപയോഗിച്ച്‌ അപമാനം ഉണ്ടാക്കിയ പുരുഷന്മാരായ സഹപ്രവർത്തകർക്കെതിരെ പെൺകുട്ടികൾ പരാതിയുമായി വന്നു.  ആ പരാതി മുഖവിലയ്‌ക്കെടുക്കാതെ ആണധികാരംവച്ച്‌ പെൺകുട്ടികളുടെ സംഘടനയെ തന്നെ റദ്ദ്‌ ചെയ്‌ത നടപടി അത്യന്തം പ്രതിലോമകരമാണ്‌.

ഹരിത, കഴിഞ്ഞ പന്ത്രണ്ട്‌ വർഷത്തോളമായി ക്യാമ്പസുകളിൽ പെൺകുട്ടികൾക്കിടയിൽ പ്രവർത്തിക്കുന്ന ,അവരെ രാഷ്ട്രീയമായി ശാക്തീകരിക്കുന്നതിൽ ഒരു പരിധിവരെ വിജയിച്ച സംഘടനയാണ്‌. ഹരിത ഉയർത്തുന്ന രാഷ്ട്രീയ നിലപാടുകൾ പലപ്പോഴും പുരോഗമന സമൂഹത്തോട്‌ ചേർന്നു പോകുന്നതല്ലെങ്കിലും രാഷ്ട്രനിർമാണ പ്രക്രിയയിൽ പെൺകുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ സഹായകരമാണ്‌.
സ്വന്തം കമ്മിറ്റിയിലെ സഹപ്രവർത്തകർക്കെതിരെ ഗുരുതര ആരോപണമുയർത്തിയാണ്‌ ഹരിത ഭാരവാഹികൾ  ഹരിതയുടെയും എംഎസ്‌എഫിന്റെയും മാതൃസംഘടനയായ മുസ്ലിംലീഗിനെ സമീപിക്കുന്നത്‌. ലീഗ്‌ എടുത്ത നിലപാട്‌, സ്‌ത്രീ രാഷ്ട്രീയം ഉയർത്തിപ്പിടിക്കണമെന്ന്‌ ആഗ്രഹിക്കുന്ന, ലീഗിനോട്‌ അനുതാപം ഉള്ളവരിൽപോലും കടുത്ത നിരാശയാണ്‌ ഉളവാക്കിയിട്ടുള്ളത്‌. ഹരിതയിൽനിന്നും പരാതിപ്പെട്ട പത്ത്‌ പെൺകുട്ടികളുടെ കുടുംബാംഗങ്ങൾ മുസ്ലിംലീഗ്‌ പശ്ചാത്തലമുള്ളവരാണ്‌. വീട്ടിലെ പെൺമക്കൾക്ക്‌ നേരെ ലൈംഗികാധിക്ഷേപവാക്കുകൾ ഉതിർത്തവർക്ക്‌ സംരക്ഷണം തീർക്കുന്ന നിലപാട്‌ ലീഗ്‌ കൈക്കൊള്ളുമെന്ന്‌ അവരുടെ കുടുംബാംഗങ്ങളെങ്കിലും പ്രതീക്ഷിച്ചിരിക്കുകയില്ല.

മുസ്ലിം സ്‌ത്രീകൾ പൊതുരംഗത്ത്‌ വരുന്നത്‌ ആശങ്കയോടെ കാണുന്ന ഒരു വിഭാഗം ലീഗിന്റെ നയനിലപാടുകളിൽ സ്വാധീനം ചെലുത്തുന്നതിന്റെ തിക്തഫലമാണ്‌ നമ്മൾ കാണുന്നത്‌. ആധുനിക ജനാധിപത്യ സമൂഹത്തിൽ സ്‌ത്രീകളുടെ പങ്കാളിത്തം നിഷേധിച്ചുകൊണ്ട്‌ ഒരു സമൂഹത്തിനും സാമൂഹ്യ മുന്നേറ്റം സാധ്യമാകുകയില്ല. അക്ഷരം നിഷിദ്ധമാണെന്ന്‌ കരുതിയ ഒരു സമൂഹത്തെ നിരവധി പ്രൊഫഷണൽ കോളേജുകളുടെ നടത്തിപ്പുകാരാക്കിയത്‌ സാമൂഹ്യ സമ്മർദമാണ്‌. സാമൂഹ്യ സമ്മർദത്തെ നിരാകരിച്ചുകൊണ്ട്‌ ഒരു സമൂഹത്തിനും പരിവർത്തനം സാധ്യമാകുകയില്ല. അതുകൊണ്ടാണ്‌ ഹരിതയെ പിരിച്ചുവിട്ട വിഷയം ഒരു പാർടിയുടെ ആഭ്യന്തരകാര്യമായിട്ടും അത്‌ സാമൂഹ്യ പ്രസക്തിയുള്ള വിഷയമായി നാം ചർച്ച ചെയ്യുന്നത്‌. ലീഗ്‌ എടുത്ത നിലപാട്‌ തിരുത്തേണ്ടി വരും.  അല്ലെങ്കിൽ കാലം മറ്റൊരു രീതിയിൽ ലീഗിനെ വായിക്കും.

ക്യാമ്പസുകളിൽ വിദ്യാർഥി സംഘടനകൾ പ്രവർത്തിക്കുന്നത്‌ വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയാണ്‌. സംഘടനാ നേതാക്കൾക്കുതന്നെ അവരുടെ അവകാശം സംരക്ഷിക്കുന്നതിൽ ഫലപ്രദമായി പ്രവർത്തിക്കാൻ സാധ്യമാകാത്ത സാഹചര്യം വന്നാൽ ആ കുട്ടികൾ എങ്ങനെയാണ്‌ ക്യാമ്പസുകളിൽ വിദ്യാർഥികൾക്കിടയിൽ പ്രവർത്തിക്കുക! ലീഗ്‌ നിലപാട്‌ തത്വത്തിൽ ഹരിതയുടെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതായി മാറിയിരിക്കുകയാണ്‌. ആ പെൺകുട്ടികൾക്ക്‌ പിന്തുണ നൽകേണ്ടത്‌ കേരള സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്‌.

(കണ്ണൂർ സർവകലാശാല പാലയാട്‌ സ്‌കൂൾ ഓഫ്‌ ലീഗൽ സ്‌റ്റഡീസ്‌ മേധാവിയും എംജി*സർവകലാശാല മുൻ പിവിസിയുമാണ്‌ ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top