11 August Thursday

തറികളിൽ ഇഴയിടുന്ന പ്രതീക്ഷ

അരക്കൻ ബാലൻUpdated: Wednesday Mar 4, 2020


സിന്ധുനദീതട സംസ്കാര കാലഘട്ടത്തിൽ പരുത്തിവസ്ത്രം ഉപയോഗിച്ചതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പരുത്തിയുടെ ജൻമനാട് ഇന്ത്യയാണെന്ന് പറയാം. മൗര്യകാലഘട്ടത്തിൽ ചിത്രത്തുന്നൽ ചെയ്ത വസ്ത്രങ്ങൾ ധരിച്ചിരുന്നതായും മുഗൾ ചക്രവർത്തിമാരുടെ കൊട്ടാരത്തിലെ സ്ത്രീകൾ വളരെ മികച്ചയിനം കൈത്തറി പട്ടുവസ്ത്രങ്ങൾ ഉപയോഗിച്ചിരുന്നതായും ചരിത്രകാരൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്. 

മിഷണറി പ്രവർത്തനങ്ങൾക്കായി സ്വിറ്റ്സർലൻഡിൽനിന്ന് കേരളത്തിലെത്തിയ ബാസൽ മിഷൻ മറ്റു പല വ്യവസായങ്ങൾക്കുമൊപ്പം 1844ൽ കർണാടകത്തിലെ മംഗളൂരുവിൽ ആദ്യമായി നെയ്‌ത്തു കമ്പനി ആരംഭിച്ചു.  ഇതേകാലത്ത് തിരുവിതാംകൂറിലെ വിശാഖം തിരുനാൾ രാജാവ് തിരുനെൽവേലിയിൽനിന്ന്‌ നെയ്‌ത്തു കുടുംബങ്ങളെ ബാലരാമപുരത്തും നെയ്യാറ്റിൻകരയിലും അധിവസിപ്പിച്ചു.  കൊച്ചി രാജ്യത്തെ പ്രഗത്ഭരായിരുന്ന പാലിയത്ത് കുടുംബക്കാരാണ് ചേന്ദമംഗലത്ത് കൈത്തറി ആരംഭിച്ചത്.  ജർമനിയിൽ പ്രചാരത്തിലുള്ള ഫ്രെയിം ലൂമുകളും വീലോടുകൂടിയ ഷട്ടിലുകളുമാണ് അന്ന് മംഗളൂരുവിൽ ഉപയോഗിച്ചിരുന്നത്.  കുഴിത്തറി ഉപയോഗിച്ചിരുന്ന കേരളീയർക്ക് ജർമൻ മിഷണറിമാരാണ് ഉപകരണങ്ങളും നെയ്ത്ത് വിദ്യകളും പരിശീലിപ്പിച്ചത്‌.

കൈത്തറി നെയ്ത്തിന്റെ ആരംഭം കുഴിത്തറികളിലായിരുന്നു. ചിറക്കൽ ആസ്ഥാനമായ കോലത്തിരി രാജവംശത്തിന്റെ ആവശ്യാർഥം വസ്ത്രം നിർമിക്കാൻ അറിയുന്നവരെ വിദൂരസ്ഥലങ്ങളിൽനിന്ന് കൊണ്ടുവന്ന് പാർപ്പിച്ചു. 1852ൽ ബാസൽ മിഷൻകാർ കണ്ണൂർ ബർണശ്ശേരിയിൽ നെയ്‌ത്തുശാല ആരംഭിച്ചതോടെയാണ് കണ്ണൂർ കൈത്തറിയുടെ തുടക്കം.  1890ൽ ചൂരിക്കാടൻ ആറോൺ കണ്ണൂരിൽ ആരംഭിച്ച ‘സി ആറോൺ ആൻഡ്‌ സൺസ്’ എന്ന ചെറുകിട കൈത്തറി ഫാക്ടറി പിന്നീട് പാപ്പിനിശ്ശേരിയിൽ അദ്ദേഹത്തിന്റെ മകൻ സാമുവൽ ആറോൺ  മാറ്റിസ്ഥാപിച്ചതോടുകൂടിയാണ്  വ്യവസായം പടർന്നുപന്തലിച്ചത്.  ഇന്ത്യയുടെ നാനാഭാഗത്തേക്കും തുണി കയറ്റി അയക്കാനുള്ള സൗകര്യാർഥമാണ് ചിറക്കലിൽ റെയിൽവേ സ്റ്റേഷൻ സ്ഥാപിച്ചത്.


 

കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ രൂപീകരണവും പിന്നീട് കമ്യൂണിസ്റ്റ് ആശയഗതികളും ഉൾക്കൊണ്ട നെയ്ത്തുകാർ സംഘടിക്കാൻ ആരംഭിച്ചു. അഴീക്കോട്, ചിറക്കൽ, കക്കാട്, ചൊവ്വ യൂണിയനുകളുണ്ടാക്കി.  സി കണ്ണൻ, ടി സി ജനാർദ്ദനൻ, പി അനന്തൻ, കെ പി ഗോപാലൻ, എ കെ കുഞ്ഞമ്പുനായർ, കെ വി അച്ചുതൻ, ഒറക്കൻ കണ്ണൻ, പാമ്പൻ മാധവൻ, പി വി ചാത്തുനായർ, കെ വി കുമാരൻ, ഇ വി ഉത്തമൻ തുടങ്ങിയവർ മുൻകൈയെടുത്ത് തൊഴിലാളികളെ സംഘടിപ്പിച്ചു.

കൂലിവർധന, തൊഴിൽസംരക്ഷണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ കണ്ണൂർ ജില്ലയിലെ തൊഴിലാളികൾ 64 ദിവസം നീണ്ട പണിമുടക്ക് നടത്തി. എ കെ ജി, പി കൃഷ്ണപിള്ള, കെ പി ഗോപാലൻ എന്നിവർ സഹായങ്ങൾ നൽകി സമരത്തെ പിന്തുണച്ചു.  പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് സമരം പരാജയപ്പെടുത്താൻ ഉടമകൾ ശ്രമിച്ചെങ്കിലും ഒടുവിൽ കൂലിവർധന നടപ്പാക്കാൻ നിർബന്ധിതരായി.  ഈ സമരത്തിനുശേഷമാണ് ചെറുസംഘടനകളെ കൂട്ടിച്ചേർത്ത് പി കൃഷ്ണപിള്ള, ചിറക്കൽ താലൂക്ക് നെയ്ത്ത് തൊഴിലാളി യൂണിയൻ എന്ന ഒരു വലിയ സംഘടന ആദ്യമായി രൂപീകരിച്ചത്.

1940നുശേഷം കൈത്തറിയുടെ തകർച്ചയായിരുന്നു. ഇക്കാലത്താണ്  ചിറക്കൽ താലൂക്ക് നെയ്ത്ത് തൊഴിലാളി ദുരിതാശ്വാസ സമിതി എന്ന ഒരു സംഘടന രൂപംകൊണ്ടത്. ഇതിന്റെ നേതൃത്വത്തിൽ പട്ടിണിജാഥ സംഘടിപ്പിച്ചു. ഈ ഘട്ടത്തിലാണ് കേന്ദ്രസർക്കാർ ഇടപെടലിലൂടെ ‘ഹക്കാബക്കാ’ എന്ന ഒരിനം തുണി നിർമിച്ചുനൽകാനുള്ള ഓർഡർ കൈത്തറി മുതലാളിമാർക്ക് നൽകിയത്.  ഇതോടെ തൊഴിലാളികൾക്ക് ജോലി ലഭിച്ചു. കെ പി ഗോപാലൻ, പി വി ചാത്തുനായർ, ചടയൻ ഗോവിന്ദൻ, കാന്തലോട്ട് കുഞ്ഞമ്പു, കെ പി കുമാരൻ, പാറയിൽ വാസു, ആർ വി രാഘവൻനായർ, സി എച്ച് രാമൻ, കെ പി സ്റ്റാൻലി, വെളിയമ്പ്ര പൈതൽ തുടങ്ങിയവർ ഈ ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെ ഉയർന്ന പ്രമുഖ നേതാക്കളായിരുന്നു. കമ്യൂണിസ്റ്റ് പാർടിയുടെയും പി കൃഷ്ണപിള്ളയുടെയും നേതൃത്വത്തിൽ  മലബാർ കൈത്തറി ഫെഡറേഷൻ എന്ന സംഘടന കോഴിക്കോട്ട്‌ വച്ച് രൂപീകരിക്കുകയുണ്ടായി.

1955നുശേഷം നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന അനേകം സ്ഥാപനങ്ങൾ പൂട്ടിപ്പോയി.  മറ്റ് ആനുകൂല്യങ്ങൾ ഒന്നും ലഭിക്കാനില്ലാത്ത തൊഴിലാളികളും കുടുംബവും പൂർണമായും പട്ടിണിയിലായി.  വ്യവസായ വിപ്ലവത്തിനുശേഷം, യന്ത്രത്തറിയിൽ ഉൽപ്പാദിപ്പിക്കപ്പെട്ട മിൽതുണികളോട് കൈത്തറിക്ക് മത്സരിക്കാനാകാത്ത സ്ഥിതിയായി.  രണ്ടാം ലോകമഹായുദ്ധത്തോടുകൂടി തകർന്ന വ്യവസായത്തെ സഹകരണ സംഘങ്ങൾ രൂപീകരിച്ചുകൊണ്ട് പുനരുജ്ജീവിപ്പിച്ചു. ആദ്യസഹകരണ സംഘമായിരുന്നു ചിറക്കൽ വീവേഴ്സ് സൊസൈറ്റി. ഇത്തരത്തിൽ അമ്പതോളം സംഘങ്ങൾ രൂപീകരിക്കപ്പെട്ടു.  ആദ്യകാലത്ത് തോർത്ത്, പുടവ എന്നിവയും, പിന്നീട് മുണ്ട്, ലുങ്കി, ഷർട്ട് തുണി എന്നിവയും നിർമിച്ചുതുടങ്ങി. പിന്നീട് കോറത്തുണിയും ഉൽപ്പാദിപ്പിച്ച 1970, 1980 കാലഘട്ടം സുവർണകാലമായിരുന്നു.  നിർമാണത്തിലെ സൗകര്യവും നല്ല വിലയും കാരണം എല്ലാ ഫാക്ടറികളും പൂർണമായും കോറ നിർമാണത്തിലേക്ക് മാറി.  ഈ അവസരം മുതലെടുത്ത്, ഇത്തരം തുണിത്തരങ്ങൾ തമിഴ്നാട്ടിൽനിന്ന്‌ കുറഞ്ഞ വിലയ്ക്ക് വിപണികളിലെത്തിക്കുകയും ചെയ്തു.  പിന്നീട് കോറയുടെ കാലം നിലച്ചതോടെ ഇത്തരം തുണികളോട് മത്സരിക്കാൻ കൈത്തറിക്ക് കഴിയാതെയായി.

ഫ്യൂഡൽ വിരുദ്ധ, സാമ്രാജ്യത്വ –-മുതലാളിത്ത വിരുദ്ധപ്രക്ഷോഭങ്ങളിൽ എ കെ ജി, കെ പി ആർ, കെ പി ഗോപാലൻ, എൻ സി ശേഖർ, കൃഷ്ണപ്പിള്ള, ഇ കെ നായനാർ, സി കണ്ണൻ, പോത്തേരി മാധവൻ എന്നിവർ തൊഴിലാളികളെ സംഘടിപ്പിച്ചു. 1937ലെ പാപ്പിനിശ്ശേരി ആറോൺ മിൽ സമരത്തെ തുടർന്നാണ് നായനാരടക്കം നേതാക്കൾക്ക് ജയിലിൽ കഴിയേണ്ടിവന്നത്.

1930കളുടെ ആരംഭത്തിലാണ് മലബാർ മേഖലയിൽ ഉൾപ്പെടുന്ന കണ്ണൂരിൽ തൊഴിലാളി പ്രസ്ഥാനം ഉടലെടുത്തത്.  പ്രാകൃതമായി തൊഴിലാളികളെക്കൊണ്ട് ജോലി എടുപ്പിക്കുന്ന കാലമായിരുന്നു. കണ്ണൂർ, കോഴിക്കോട് നെയ്ത്തുശാലകളിലും തിരുവണ്ണൂർ കോട്ടൺ മിൽ, കോഴിക്കോട് കോമൺവെൽത്ത് ഫാക്ടറി തുടങ്ങിയവയിലെ തൊഴിലാളികളും സമരത്തിലേക്ക്‌ നീങ്ങി. അതിന്റെ ഫലമായി ആഴ്ചയിൽ 54 മണിക്കൂറായി തൊഴിൽസമയം സർക്കാർ നിജപ്പെടുത്തി. തൊഴിലാളികളെ സാമൂഹ്യ അനീതികൾക്കെതിരെ അണിനിരത്താനും ദേശീയ സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ ഭാഗമാക്കാനും ട്രേഡ് യൂണിയൻ പ്രസ്ഥാനം വഹിച്ചപങ്ക്  പ്രാധാന്യമർഹിക്കുന്നതാണ്.  ഫ്യൂഡൽ വിരുദ്ധ, സാമ്രാജ്യത്വ –-മുതലാളിത്ത വിരുദ്ധപ്രക്ഷോഭങ്ങളിൽ എ കെ ജി, കെ പി ആർ, കെ പി ഗോപാലൻ, എൻ സി ശേഖർ, കൃഷ്ണപ്പിള്ള, ഇ കെ നായനാർ, സി കണ്ണൻ, പോത്തേരി മാധവൻ എന്നിവർ തൊഴിലാളികളെ സംഘടിപ്പിച്ചു. 1937ലെ പാപ്പിനിശ്ശേരി ആറോൺ മിൽ സമരത്തെ തുടർന്നാണ് നായനാരടക്കം നേതാക്കൾക്ക് ജയിലിൽ കഴിയേണ്ടിവന്നത്.  സാമുവൽ ആറോണിന്റെ തൊഴിലാളിദ്രോഹ നടപടികൾക്കെതിരെ ഇ കെ നായനാർ, കെ പി ആർ ഗോപാലൻ എന്നിവരുടെ നേതൃത്വത്തിൽ സംഘടനാ പ്രവർത്തനം ആരംഭിച്ചു.  1947 മുതൽ 1952 വരെയുള്ള കാലഘട്ടത്തിലാണ് ഇന്നുകാണുന്ന എല്ലാ സേവന വേതന വ്യവസ്ഥകളും നിലവിൽ വന്നത്. സംഘങ്ങൾ നേരിട്ട് വിദേശത്തേക്ക് കയറ്റുമതി ചെയ്യാനും തുടങ്ങി. എന്നാൽ, പല സംഘങ്ങൾക്കും പിടിച്ചുനിൽക്കാൻ സാധിച്ചില്ല. 1989ൽ ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള സർക്കാർ കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് രൂപീകരിച്ചു.

കേരളത്തിൽ 755 സഹകരണ സംഘത്തിൽ 135 എണ്ണം ഫാക്ടറി മാതൃകയിലും 620 എണ്ണം കുടിൽ സഹകരണസംഘം മാതൃകയിലുമാണ് പ്രവർത്തിക്കുന്നത്.  സ്വകാര്യ നെയ്ത്തുശാലകളിലും ഹാൻവീവിന്റെ കീഴിലും ഒറ്റത്തറികളിലുമായി  വേറെയും 14ശതമാനം നെയ്ത്തുമേഖലയുണ്ട്. കയറ്റുമതി കുത്തകക്കാരെ സഹായിക്കുന്ന കേന്ദ്രസമീപനമാണ് ഈ വ്യവസായത്തെ പ്രതിസന്ധിയിലാക്കിയത്. 

2016ൽ അധികാരത്തിൽവന്ന എൽഡിഎഫ് സർക്കാർ കൈത്തറി അടക്കമുള്ള പരമ്പരാഗത തൊഴിൽമേഖലയുടെ സംരക്ഷണത്തിന് പല പദ്ധതികളും നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.  സ്കൂൾ കുട്ടികൾക്ക് സൗജന്യമായി യൂണിഫോം വിതരണം ചെയ്യാനും യൂണിഫോം പൂർണമായും കൈത്തറിയാകണമെന്നും തീരുമാനമെടുത്തു. 2017–-18 ബജറ്റിൽ മേഖലയ്‌ക്കായി 104 കോടി നീക്കിവച്ചിരുന്നു.  ഈവർഷം 153 കോടി  നീക്കിവച്ചിട്ടുണ്ട്.  ഇത് ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ്.  സംസ്ഥാന സർക്കാരിൽനിന്ന് ലഭിക്കുന്ന സംരക്ഷണവും പ്രോത്സാഹനവും കൈത്തറിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനും തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. 

(കേരള സംസ്ഥാന കൈത്തറിത്തൊഴിലാളി കൗൺസിൽ ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top