20 August Saturday

ചരിത്രം തിരുത്തുമോ കൊളംബിയ - കെ ജെ തോമസ്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jun 17, 2022

image credit gustavo petro twitter

കൊളംബിയയുടെ ദേശീയ സ്വാതന്ത്ര്യത്തിന്റെ 212 വർഷത്തെ ചരിത്രത്തിൽ ആദ്യമായൊരു ഇടതുപക്ഷ സ്ഥാനാർഥി പ്രസിഡന്റാകുമോ എന്നറിയാൻ ഇനി രണ്ടുനാൾകൂടി. വിജയിച്ചാൽ, ആ പുതുചരിത്രം രചിക്കുക  ഗസ്റ്റാവോ പെട്രോയെന്ന അറുപത്തിരണ്ടുകാരനാകും. മെയ്‌ 29നു നടന്ന ഒന്നാംഘട്ട വോട്ടെടുപ്പിൽ പെട്രോ 40.3 ശതമാനത്തിലധികം വോട്ടുവാങ്ങി മുന്നിലെത്തിയിരുന്നു. എതിർസ്ഥാനാർഥികളായ  റൊഡോൾഫോ ഹെർണാണ്ടസിന്‌ 28.2 ശതമാനം, ഫെഡറികോ ഗുട്ടിറെസിന്‌  23.9 ശതമാനം വോട്ടുമാണ്‌ ലഭിച്ചത്‌. 54 ശതമാനം ആളുകൾ മാത്രമാണ്‌ വോട്ടുരേഖപ്പെടുത്തിയത്‌. 3.9 കോടി വോട്ടർമാരിൽ 2.1 കോടിയാളുകൾ മാത്രം. പതിറ്റാണ്ടുകളായി തീവ്രവലതുപക്ഷം ഭരണം നടത്തുന്ന രാജ്യത്ത് ഇടതുപക്ഷത്തിന്റെ ശക്തമായ മുന്നേറ്റമാണ് പ്രകടമാകുന്നത്‌. തെരഞ്ഞെടുപ്പിൽ ആർക്കും 50 ശതമാനത്തിലധികം വോട്ട്‌ നേടാനാകാത്തതിനെത്തുടർന്നാണ്‌ ഈ മാസം 19നു രണ്ടാംവട്ട വോട്ടെടുപ്പിലേക്ക്‌ രാജ്യം നീങ്ങുന്നത്‌.

കൊളംബിയൻ തലസ്ഥാനമായ  ബൊഗോട്ടയുടെ  മേയറായും സെനറ്ററായും പ്രവർത്തിച്ച പെട്രോ 2018-ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഇവാൻ ഡ്യൂക്കിനോട് പരാജയപ്പെട്ട അന്നുമുതൽ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയാണ്‌. മുൻ ഗറില്ല പോരാളികൂടിയായ ഹിസ്‌റ്റോറിക്കൽ പാക്ട്‌ സ്ഥാനാർഥിയായ പെട്രോ വിജയിക്കുമെന്ന്‌ അഭിപ്രായ സർവേകൾ പ്രവചിച്ചിരുന്നു. മധ്യ വലതുപക്ഷ സ്ഥാനാർഥി ഫെഡറികോ ഗുട്ടിറെസ്‌ രണ്ടാമത്‌ എത്തുമെന്ന പ്രവചനം പക്ഷേ അസ്ഥാനത്തായി. വോട്ടെടുപ്പിൽ മൂന്നാംസ്ഥാനത്ത്‌ എത്തിയ ഗുട്ടിറെസ്‌ രണ്ടാംവട്ട വോട്ടെടുപ്പിൽ  ഹെർണാണ്ടസിന്‌ പിന്തുണ പ്രഖ്യാപിച്ചിരിക്കയാണ്‌.

കൊളംബിയയിലെ 50 ദശലക്ഷം ജനങ്ങളിൽ ഏകദേശം 40 ശതമാനം ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്, ലോകബാങ്കിന്റെ കണക്കനുസരിച്ച്, ലോകത്തിൽ ഏറ്റവും സാമ്പത്തിക അസമത്വമുള്ള രാജ്യങ്ങളിലൊന്നാണ് കൊളംബിയ. കൊറോണ വ്യാപനം പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കി. നഗരവാസികളിൽ ആറിലൊരാൾ തൊഴിൽരഹിതനാണെന്നാണ്‌ പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്‌. ദാരിദ്ര്യം ഇല്ലാതാക്കുമെന്നും തൊഴിൽലഭ്യത ഉറപ്പാക്കുമെന്നും പെട്രോ വാഗ്‌ദാനം ചെയ്യുന്നു. കഴിഞ്ഞവർഷം നിരവധി സാധാരണക്കാർ കൊല്ലപ്പെട്ട ദാരിദ്ര്യവിരുദ്ധ പ്രതിഷേധങ്ങളോട് ഡ്യൂക്ക് സർക്കാർ സ്വീകരിച്ച  നിലപാടിനെതിരെ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം നയിച്ചത്‌ പെട്രോയുടെ പ്രതിച്ഛായ വർധിപ്പിക്കാൻ സഹായിച്ചു.


 

സൈനിക പിന്തുണയോടെ കൊളംബിയയിലെ സമ്പന്നവിഭാഗം അധികാരത്തിന്റെ കടിഞ്ഞാൺ കൈവശപ്പെടുത്തിയിരുന്ന കാലത്തിന്‌ അന്ത്യംകുറിക്കുന്നതാകും ഈ തെരഞ്ഞെടുപ്പുഫലമെന്നാണ്‌ പെട്രോ അവകാശപ്പെട്ടിട്ടുള്ളത്‌. വിജയിച്ചില്ലെങ്കിൽ രാഷ്‌ട്രീയത്തിൽനിന്ന്‌ വിരമിക്കുമെന്നു പ്രഖ്യാപിച്ച്‌ കഴിഞ്ഞ സെപ്തംബറിൽ തെരഞ്ഞെടുപ്പുപ്രചാരണത്തിനു തുടക്കമിട്ട പെട്രോ സാമ്പത്തിക അസമത്വം ഇല്ലാതാക്കുമെന്ന പ്രഖ്യാപനത്തിലൂടെയാണ്‌ ജനഹൃദയങ്ങൾ കീഴടക്കിയത്‌. കാലാവസ്ഥാ വ്യതിയാനംമൂലം കൊളംബിയ നേരിടുന്ന പ്രതിസന്ധിയുടെ ആഴം ജനങ്ങളെ ബോധ്യപ്പെടുത്തിയാണ്‌ ഓരോ തെരഞ്ഞെടുപ്പു യോഗത്തിൽനിന്നും അദ്ദേഹം യാത്രയാകുന്നത്‌. ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്‌ക്കുന്നതിനുള്ള നടപടികളിൽ ശ്രദ്ധ ചെലുത്തുമെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുന്നു. നവ ലിബറലിസമാണ്‌ ആത്യന്തികമായി രാജ്യത്തെ നശിപ്പിക്കുന്നത്‌. അതിൽനിന്നുള്ള ക്രിയാത്മകമായ മാറ്റമാണ്‌ ലോകം ഉറ്റുനോക്കുന്നത്‌.

സമൂല കാർഷികപരിഷ്കരണമാണ്‌ പെട്രോ മുന്നോട്ടുവയ്‌ക്കുന്ന മറ്റൊരു പ്രധാന നിർദേശം. അടിസ്ഥാനസൗകര്യ വികസനം, പൊതു വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും നിക്ഷേപം, നികുതിപരിഷ്കരണം, ആരോഗ്യസംവിധാനം ശക്തിപ്പെടുത്തൽ, പട്ടിണി നേരിടാൻ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കൽ, സ്ത്രീകളുടെ അവകാശസംരക്ഷണം എന്നിവയും പ്രചാരണ ഗാനങ്ങളിലും പ്രസംഗങ്ങളിലും അലയടിക്കുന്നു.

വെനസ്വേലയുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുമെന്ന്‌ അടിവരയിട്ടാണ്‌ പ്രചാരണ യോഗങ്ങളിൽ നയം വ്യക്തമാക്കുന്നത്‌. കൊളംബിയയുടെ സാമ്പത്തിക, ഊർജ നയത്തിലെയും നയതന്ത്ര ബന്ധങ്ങളിലെയും കാതലായ മാറ്റവും പതിറ്റാണ്ടുകളായി തുടരുന്ന ആഭ്യന്തര സായുധ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളും തന്റെ പ്രധാന ഊന്നലായിരിക്കുമെന്ന്‌ വ്യക്തമാക്കുന്നു.

കൊളംബിയയിൽ നിലവിലുള്ള നയപരിപാടികളിൽനിന്ന്‌ വ്യത്യസ്‌തമായ നിലപാടു സ്വീകരിക്കുന്ന സർക്കാർ അധികാരത്തിൽ എത്തിയേക്കുമെന്ന റിപ്പോർട്ടുകൾ യുഎസ് സർക്കാരിനെ അസ്വസ്ഥമാക്കിയിട്ടുണ്ട്‌. യുഎസ് സതേൺ കമാൻഡ് മേധാവി ലോറ റിച്ചാർഡ്‌സൺ കൊളംബിയൻ ജനറൽ ലൂയിസ് നവാരോയുമായി  മാർച്ചിൽ നടത്തിയ കൂടിക്കാഴ്ചയിൽ തങ്ങളുടെ ആശങ്ക വ്യക്തമാക്കിയിരുന്നു.  വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുമായുള്ള സമാനതകളാണ്‌ എതിരാളികൾ പെട്രോയ്‌ക്കെതിരെ തിരിച്ചുവിടുന്നത്‌. രാജ്യത്തിന്റെ സാമ്പത്തികമാതൃക മാറ്റുമെന്നും വൻഭൂവുടമകൾക്ക് നികുതി വർധിപ്പിക്കുമെന്നുമുള്ള പെട്രോയുടെ നിർദേശങ്ങൾ രാജ്യത്തെ കുത്തകകളെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്‌. കൊളംബിയയുടെ കൂടുതൽ സമ്പത്ത് ദരിദ്രർക്കായി മാറ്റാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ കൊളംബിയയെ മറ്റൊരു വെനസ്വേലയാക്കി മാറ്റുമെന്നാണ്‌ വിമർശകരുടെ വാദം. 

ഫുട്ബോൾ ലോകത്തെ ആദ്യ രക്തസാക്ഷിയായ ആന്ദ്രേ എസ്കോബാറിന്റെ നാടെന്ന പ്രത്യേകത മാത്രമല്ല, രാഷ്‌ട്രാന്തരീയ മയക്കുമരുന്നു ലോബിയുടെ വിഹാരകേന്ദ്രംകൂടിയാണ്‌ കൊളംബിയ. എന്നാൽ, മലയാളികൾക്കേറെ പ്രിയപ്പെട്ട, ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ മധുരിക്കുന്ന ഓർമയായ ഗബ്രിയേൽ ഗാർഷ്യ മാർക്കേസിന്റെ ജന്മനാടുകൂടിയാണ്‌ ഇത്‌. തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വടക്കുപടിഞ്ഞാറുള്ള കൊളംബിയ തെക്കേഅമേരിക്കൻ രാജ്യങ്ങളിൽ വലുപ്പംകൊണ്ടും നാലാം സ്ഥാനത്താണ്. ജനസംഖ്യയിൽ ബ്രസീൽ കഴിഞ്ഞാൽ രണ്ടാമതും. വലുപ്പത്തിൽ ബ്രസീൽ അർജന്റീന, പെറു എന്നിവയാണ്  കൊളംബിയക്കു മുന്നിൽ .  കിഴക്ക് വെനസ്വേലയും ബ്രസീലും തെക്ക് ഇക്വഡോറും വടക്ക് അറ്റ്‌‌ലാന്റിക് സമുദ്രത്തിന്റെ ഭാഗമായ കരീബിയൻ കടലും പടിഞ്ഞാറ് പസഫിക് സമുദ്രമാണ്‌  കൊളംബിയയുടെ അതിരുകൾ. രണ്ട് സമുദ്രത്തിന്റെയും തീരത്തുള്ള തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏക രാജ്യം കൊളംബിയയാണ്. അമേരിക്കൻ ഭൂഖണ്ഡത്തിലെ അധിനിവേശത്തിന് തുടക്കമിട്ട ഇറ്റാലിയൻ നാവികൻ ക്രിസ്റ്റഫർ കൊളംബസിന്റെ നാമധേയമാണ്‌ ഈ രാജ്യത്തിനു നൽകിയത്‌.

മുകളിൽ മഞ്ഞയും നടുവിൽ നീലയും താഴെ ചുവപ്പുമാണ് കൊളംബിയൻ പതാകയുടെ നിറം. മഞ്ഞസ്വർണ സമൃദ്ധിയുടെയും നീല രണ്ട്‌ സമുദ്രവും ചുവപ്പ് സ്വാതന്ത്ര്യത്തിനായി പൊരുതിമരിച്ച രക്തസാക്ഷികളുടെ രക്തത്തെ പ്രതിനിധാനം ചെയ്യുന്നു.
രാഷ്ട്രത്തലവനും സർക്കാർ തലവനും പ്രസിഡന്റാണ്‌. ജനങ്ങൾ നേരിട്ടു തെരഞ്ഞെടുക്കുന്ന പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും കാലാവധി നാലു വർഷമാണ്‌. 2005 ഒക്ടോബർ 19ന് പാർലമെന്റ് പാസാക്കിയ ഭരണഘടനാ ഭേദഗതി അനുസരിച്ച് തുടർച്ചയായി രണ്ടു തവണയേ ഒരാൾക്ക് പ്രസിഡന്റാകാൻ കഴിയൂ. എന്നാൽ, മുഖ്യമന്ത്രിമാർ,  ഗവർണർമാർ തുടങ്ങിയവർക്ക് മൂന്നു വർഷം കാലാവധിയുള്ള ഒറ്റത്തവണ മാത്രമേ സ്ഥാനത്ത്‌ തുടരാനാകൂ. കോൺഗ്രസ് എന്ന പാർലമെന്റിന് രണ്ട് സഭയുണ്ട്. 166 അംഗ ജനപ്രതിനിധി സഭയും 102 അംഗ സെനറ്റും. നാലു വർഷം കൂടുമ്പോഴാണ് ഇതിന്റെയും തെരഞ്ഞെടുപ്പ്.

ഇത്തവണ പെട്രോ ജയിച്ചാൽ അത്‌ കൊളംബിയയുടെ മാത്രമല്ല, ലാറ്റിനമേരിക്കയുടെ ഇടതുപക്ഷ മുന്നേറ്റത്തിൽ പുതിയ അധ്യായമാകും എഴുതിച്ചേർക്കുക. ക്യൂബ, വെനസ്വേല, അർജന്റീന, ഇക്വഡോർ, ഉറുഗ്വേ, ചിലി, ബൊളീവിയ, നിക്കരാഗ്വ, പെറു, ഹോണ്ടുറാസ്‌ തുടങ്ങിയ രാജ്യങ്ങൾക്കു പിന്നാലെ കൊളംബിയകൂടി എത്തുന്നത്‌ ലാറ്റിനമേരിക്കയിൽ അത്‌ പുരോഗതിയുടെ പുത്തൻ ഉദയമാകും സൃഷ്ടിക്കുക. അതുകൊണ്ട്‌ പെട്രോയുടെ വിജയം അമേരിക്കയുടെ അസ്വസ്ഥത കൂട്ടുമെന്ന്‌ ഉറപ്പ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top